Image

ഓക്സിജൻ സിലിണ്ടർ  എവിടെ കിട്ടും? എവിടെയാണ്  പിഴച്ചത്? (ജോളി അടിമത്ര, ഉയരുന്ന ശബ്ദം)

Published on 24 April, 2021
ഓക്സിജൻ സിലിണ്ടർ  എവിടെ കിട്ടും? എവിടെയാണ്  പിഴച്ചത്? (ജോളി അടിമത്ര, ഉയരുന്ന ശബ്ദം)

"കുഞ്ഞേ, ഓക്സിജൻ സിലിണ്ടർ  എവിടെ കിട്ടും?. നേരത്തെ വാങ്ങി വയ്ക്കുന്നതല്ലേ ബുദ്ധി,   എത്ര നാൾ കേടാവാതിരിക്കും ? ", കോട്ടയത്തെ ഞങ്ങളുടെ കുടുംബ സുഹൃത്തായ  വയോധിക  രാവിലെ എന്നെ വിളിച്ചു ചോദിച്ചതാണിത്. മക്കൾ മൂവരും വിദേശത്താണ്. പണത്തിന് പഞ്ഞമില്ല, ഏകാന്തതയ്ക്കും. വന്നു പോകുന്ന ഒരു അടുക്കളസഹായി മാത്രമാണ് തുണ. ഒറ്റപ്പെട്ടു കഴിയുന്ന അമ്മച്ചി ഒന്നര വർഷത്തിനിടെ പുറത്തിറങ്ങിയത് രണ്ടോ മൂന്നോ തവണ മാത്രം. പള്ളിയിൽ പോയിട്ടും ഒന്നര വർഷം കഴിഞ്ഞു. 

വാക്സിൻ ആദ്യ ഡോസെടുത്തു കഴിഞ്ഞു അവർ. മരണത്തെയല്ല അവർക്കു ഭയം, കോവിഡ് പിടിപെട്ടാൽ  അന്ത്യനിമിഷങ്ങളിൽ മക്കളെ ഒരു നോക്കു കാണാനോ അവർക്ക് അടുത്തിരിക്കാനോ കഴിയില്ലല്ലോ എന്ന സങ്കടം മാത്രം. രാവിലെ പത്രം വായിച്ച് ടി വി വാർത്തകളും കണ്ടതോടെ അമ്മച്ചിയുടെ ആശങ്ക പെരുകി. ശ്വാസം കിട്ടാതെ പിടയുന്ന രോഗിയുടെ സ്ഥാനത്ത് താനാണെങ്കിലോ എന്നോർത്ത് വിളിച്ചതാണ്.
ആകുലതകളുടെ ഈ നെരിപ്പോടിലേക്കാണ് പെട്രോളൊഴിച്ച് ആളിക്കത്തിക്കുന്ന തരം വാർത്തകൾ പരക്കുന്നത്.

' O ' നഗരമായ കോട്ടയത്തെ അന്തേവാസിയാണ് ഞാൻ. വ്യാഴാഴ്ച കോവിഡ് രോഗികൾ- 2485.  വെള്ളിയാഴ്ച  1986. ഇത്തിരി കുറഞ്ഞതിൽ ആശ്വസിച്ചിരിക്കുമ്പോൾ ദാ, ശനിയാഴ്ച -2062 !

സാംസ്കാരിക പാരമ്പര്യമേറെയുള്ള ജില്ലയാണ്. അക്ഷര സാക്ഷരതയിൽ പൂർണ്ണത കൈവരിച്ച് ശ്രദ്ധിക്കപ്പെട്ട നഗരം. കോവിഡ് രോഗികൾ പെരുകിയതിനു പിന്നാലെ ഇവിടെ രണ്ടുനാൾ മുമ്പ് നടന്ന  ചന്തയെ തോൽപ്പിക്കുന്ന ബഹളം ഓർമിക്കുന്നു.

നാണം കെട്ട കാഴ്ച. കൊറോണ പ്രതിരോധ വാക്സിനേഷൻ കേന്ദ്രമായ ബേക്കർ മെമ്മോറിയൽ സ്കൂളിൽ അതിരാവിലെ  സ്ഥാനം പിടിച്ചവർ ആയിരങ്ങളായിരുന്നു. നിയന്ത്രിക്കാൻ രണ്ടു പോലീസുകാർ മാത്രം.
 മുൻഗണന അനുസരിച്ച് ടോക്കൺ കിട്ടാത്തതിനെ ചൊല്ലി തർക്കം മുറുകി. കൈയ്യാങ്കളിയിലെത്തുന്ന സ്ഥിതി.

വാക്സിൻ എടുക്കാനാവാതെ മടങ്ങിയവർ നൂറു കണക്കിനു ആളുകൾ..

ജനം വല്ലാതെ പരിഭ്രാന്തരാകുകയാണ്. വാക്സിനേഷൻ എടുത്തില്ലെങ്കിൽ കോവിഡ് വന്ന്  മരിക്കും എന്ന ഭീതി വലയ്ക്കുന്നു.  വയോജനങ്ങളാണ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ നോവിക്കുന്ന കാഴ്ച. നടക്കാൻ ആയാസപ്പെട്ട്  പ്രമേഹവും രക്തസമ്മർദ്ദവും കീഴ്പ്പെടുത്തിയ വൃദ്ധജനങ്ങൾ മണിക്കൂറുകൾ ക്യൂ നിന്ന് നിരാശരായി മടങ്ങേണ്ടി വരുന്ന ഗതികേട്.

വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് കോവിഡുമായി മടങ്ങേണ്ടി വരുന്ന സ്ഥിതിയാണ് മറ്റൊന്ന്. ശാരീരിക അകലം പാലിക്കാതെ, മാസ്ക് കൃത്യമായി ധരിക്കാതെ ആയിരങ്ങൾ തിങ്ങി നിറയുന്ന സെൻററുകൾ.. സമാന കാഴ്ചയായിരുന്നു തിരുവനന്തപുരത്തും എറണാകുളത്തും.
കൈയ്യുറ ധരിക്കാതെ ഓരോ വ്യക്തികൾക്കും ടോക്കൺ കൈയ്യിൽ വച്ചു കൊടുക്കുന്ന പോലീസുകാർ. ഇപ്പോ വാക്സിൻ എടുത്തില്ലെങ്കിൽ മരിക്കുമെന്ന ചിന്തയാണ് ഓരോ മുഖങ്ങളിലും. സംസ്ഥാനം മൊത്തത്തിലുള്ള കാഴ്ചയാണിത്. ആരാണിതിനു കാരണക്കാർ ?. ചൂണ്ടുവിരൽ നീളുക മാധ്യമങ്ങൾക്കു 
നേരെയാണ് .

ടെലിവിഷനിൽ 'ബ്രേക്കിംഗ് ന്യൂസ് ' അതിവേഗം മിന്നിമറയുന്നു. 'ദില്ലിയിൽ പ്രാണവായു കിട്ടാതെ 25 കൊറോണ രോഗികൾ പിടഞ്ഞു മരിച്ചു', 'ഓക്സിജൻ കിട്ടാനില്ല, കടുത്ത ക്ഷാമം', 'ഓക്സിജന് വിലക്കയറ്റം ', വാക്സിന് കടുത്ത ക്ഷാമം,'സ്ഥിതി അതിരൂക്ഷം... ' വാക്കുകൾകൊണ്ട് അമ്മാനമാടി ബ്രേക്കിംഗ് ന്യൂസുണ്ടാക്കാൻ  ഓരോ ചാനലും മത്സരിക്കുമ്പോൾ സാധാരണക്കാരൻ്റെ ആത്മവിശ്വാസത്തിൻ്റെ നെഞ്ചത്ത് ആണിയടിച്ചു കയറ്റി പരിഭ്രാന്തി പരത്തുകയാണെന്ന് ദയവായി ഓർത്തിരുന്നെങ്കിൽ !. ഓക്സിജൻ സിലിണ്ടർ പുറത്തു നിന്നു വാങ്ങി ആസ്പ്പത്രിയിലേക്ക് ഓടുന്ന ബന്ധുക്കളുടെയും ശ്വാസം കിട്ടാതെ പിടയുന്നവരുടെയും ജഡങ്ങൾക്കു ചുറ്റുമിരുന്ന് മാറത്തടിച്ച് വിലപിക്കുന്നവരുടെയും ലൈവ് ചിത്രങ്ങൾ കൂടിയാവുമ്പോൾ സംഗതിയേറ്റു. 

ചാനൽ റേറ്റിംഗ് കുതിച്ചു കയറുന്നതിൻ്റെ കണക്കെടുപ്പ്.. പിറ്റേന്ന് പത്രങ്ങളും ഇതേ ആഘോഷം തുടരുന്നതോടെ പ്രതീക്ഷകളുടെ അവസാന ഇഷ്ടികയും ഇളകി വീഴുകയായി. ഏറെ പരിഭ്രാന്തരാവുന്നത് വയോജനങ്ങളാണ്. കേരളത്തിൽ  ഡൽഹി ആവർത്തിക്കുമോ എന്ന ഭീതി. മക്കൾ വിദേശത്ത്. വിമാനമില്ല, അവർക്ക് വരാനാവില്ല. ആരും തുണയ്ക്കില്ല. മഹാവ്യാധി പിടിച്ചാൽ ഒറ്റപ്പെട്ടു പോകും എന്ന ഭയം വേട്ടയാടുകയായി.
എന്തിനേ ഈ കടുംകൈ..

വാക്സിനെടുത്തതു കൊണ്ട് രോഗം വരില്ലെന്ന ഉറപ്പു പറയുന്നേയില്ല.

'ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും, എന്നാൽ പിന്നെ ചിരിച്ചിട്ടു മരിച്ചു കൂടെ ' എന്ന പാട്ടു പോലെയാണ് സ്ഥിതി. വാക്സിനെടുത്താലും രോഗം വരാം ,എടുത്തില്ലെങ്കിലും വരാം.. എടുത്താലും സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസർ തേച്ചോണ്ടിരിക്കണം, ത്രീ ലെയർ മാസ്ക് ഇട്ടേ മതിയാവൂ,
ഇടയ്ക്കിടെ സോപ്പിട്ടു കൈകൾ കഴുകുകയും വേണം.. എന്നാൽ ഇതൊക്കെ ചെയ്ത് കഴിവതും വീടിനുള്ളിൽ അടങ്ങിയൊതുങ്ങിയിരുന്ന് ജീവൻ രക്ഷിച്ചു കൂടെ? തിരക്കു കുറയുമ്പോൾ വാക്സിനെടുക്കയും വേണം. അതാരും ചിന്തിക്കുന്നില്ല.

തമ്മിത്തല്ല് മുറുകുമ്പോൾ...

നാണം  കെട്ട  കാഴ്ചകളാണ് രാജ്യത്ത് കാണാനുള്ളത്. വാക്സിൻ ക്ഷാമത്തിന് കേരളത്തിൻ്റെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി മുറുകുന്ന പോര്. പണം കൊടുത്ത് വാക്സിൻ വാങ്ങണമെന്നും പറ്റില്ലെന്നും രണ്ടു തട്ടിൽ.  പണം നൽകി വാക്സിൻ വാങ്ങിക്കോളാമെന്ന് മുഖ്യമന്ത്രി  നിലപാട് മാറ്റി.. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള കേന്ദ്രത്തിൻ്റെ തർക്കം. പുറത്തുള്ള രാജ്യങ്ങൾക്കു നൽകുന്നതിനേക്കാൾ കൂടുതൽ വില വാങ്ങി സ്വന്തം രാജ്യത്തിന് വാക്സിൻ വിൽക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ നിലയ്ക്കു നിർത്താൻ എന്തു കൊണ്ട് കഴിയുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.

ഇന്ദ്രപ്രസ്ഥത്തിലും പോരു മുറുകുന്നു. പ്രധാനമന്ത്രിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി  പൊരിഞ്ഞ യുദ്ധം. അതിനിടെ വാക്സിൻ്റെ വില പലയിടത്ത് പലതായി. ജനത്തെ കൊള്ളയടിക്കുന്ന സ്വകാര്യ ആസ്പത്രികൾ. രൂക്ഷമാകുന്ന ഓക്സിജൻ ക്ഷാമം. പണവുള്ളവൻ പ്രാണവായു വിലയ്ക്കു വാങ്ങുമ്പോൾ ദരിദ്ര നാരായണന്മാർ ഈയാംപാറ്റകളെപ്പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുന്ന കാഴ്ച. അപ്പോഴതാ പുര കത്തുമ്പോൾ വാഴവെട്ടാനായി ചൈന എത്തുന്നു. ഇതു വരെ ഇന്ത്യയുടെ അതിരുമാന്തി ആക്രാന്തം കാണിച്ചു തമ്മിലടിച്ച് കൊന്നും ചത്തും കഴിഞ്ഞ ചൈന പ്രാണവായു ഇഷ്ടം പോലെ തരാമെന്ന വാഗ്ദാനവുമായി എത്തിക്കഴിഞ്ഞു.

ദില്ലിയിലെ കൂട്ടച്ചിതയുടെ തീച്ചൂട് രാജ്യത്തിനു പുറത്തേക്കും  പടരുകയാണ്. മൈതാനത്തിൽ മൃതശരീരങ്ങൾ നിരയായി ദഹിപ്പിക്കുന്ന ദയനീയകാഴ്ച. കെടുകാര്യസ്ഥതയുടെ പേരിൽ ഇന്ത്യ രാജ്യാന്തരങ്ങളിൽ അപഹസിക്കപ്പെടുകയാണോ ? എവിടെയാണ് പിഴച്ചത് ?
തിരഞ്ഞെടുപ്പു മാമാങ്കമാണോ മഹാവ്യാധി ഇത്ര ഭയാനകമാകാൻ കാരണം ?.

തൃശൂർ പൂരവും നിയന്ത്രണ വിധേയമായിരുന്നെങ്കിലും സാമൂഹിക അകലവും മാസ്കും ഇല്ലാതെയാണ് മേളപ്പെരുക്കം നടന്നത്. ഒരിക്കൽ ലോക രാജ്യങ്ങൾ പോലും ആദരവോടെ തല കുനിച്ചിരുന്നു കേരളത്തിൻ്റെ ആരോഗ്യമന്ത്രിയുടെ മികവിൽ. എന്നിട്ടിപ്പോൾ എവിടെയാണ് നമ്മൾക്ക് പിഴച്ചത്? അമിതമായ ആത്മവിശ്വാസമോ, ഭയമില്ലായ്മയോ, അറിവില്ലായ്മയോ..  

രോഗം ലേശം പത്തിയsക്കിയപ്പോഴേക്കും വിവാഹങ്ങൾ പൊടിപൊടിച്ചു തുടങ്ങി, വിനോദയാത്രകൾ പെരുകി, ഷോപ്പിംഗ് മാമാങ്കമായി മാറി, വിഷുവും ഈസ്റ്ററും തകർത്ത് ആഘോഷിച്ചു.
ഇപ്പോഴിതാ രാജ്യം വീണ്ടുമൊരു  ലോക് ഡൗണിൻ്റെ വക്കിലെത്തി നിൽക്കുന്നു. ഇനിയൊരു ലോക് ഡൗൺ താങ്ങാൻ നമ്മുടെ കേരളത്തിനാവുമോ.?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക