Image

മൃദുമൊഴി 5: കസേരകള്‍ നാം തലയില്‍ ചുമക്കണോ ? (മൃദുല രാമചന്ദ്രന്‍)

മൃദുല രാമചന്ദ്രന്‍ Published on 24 April, 2021
 മൃദുമൊഴി 5: കസേരകള്‍ നാം തലയില്‍ ചുമക്കണോ ? (മൃദുല രാമചന്ദ്രന്‍)
'വഴിയരികിലെ തട്ടുകടയില്‍ നിന്ന് മന്ത്രി ചായ കുടിച്ചു!'

' പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ സഹായിച്ചു ജില്ലാ കളക്ടര്‍!'

ചില സമയത്ത് നാം ആഘോഷിക്കുന്ന ചില പത്ര തലക്കെട്ടുകള്‍ ആണ് ഇതൊക്കെ.ഒരു ദിവസം ഒരു പാട് പേര്‍ ചായ കുടിക്കുന്ന തട്ടുകടയില്‍ നിന്ന് , അവരില്‍ ഒരാള്‍ ആയി മന്ത്രി ഒരു ചായ കുടിക്കുന്നത് എന്താണ് ഇത്ര പറയാന്‍ ഉള്ളത് ?

നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ ചെയ്യുന്ന പണി ഒരു അല്‍പ്പ നേരം ജില്ലാ കളക്ടര്‍ കൂടി ചെയ്താല്‍ അതില്‍ എന്താണ് ഇത്ര വിശേഷം ?

കാരണം ചില പ്രത്യേക കസേരകളില്‍ ഇരിക്കുന്നവര്‍ ചിലതൊക്കെ ചെയ്യാന്‍ പാടില്ല എന്നും, ചിലതൊക്കെ ചെയ്‌തേ തീരൂ എന്നും മുന്‍ നിശ്ചിതമായ ചില കണക്കുകള്‍ ഉണ്ട് നമുക്ക്...

ചില കസേരകള്‍ നിഷ്‌കര്‍ഷിക്കുന്ന ചില പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ട് എന്ന് നാം കരുതുന്നു. അവിടെ ഇരുന്ന് കൊണ്ട് തമാശ പറയാനോ, പൊട്ടി ചിരിക്കാനോ പാടില്ല. അവിടെ ഇരുന്ന് കൊണ്ട് മനുഷ്യരെ നോക്കി സ്‌നേഹത്തോടെ, അലിവോടെ ചിരിക്കാനും, മിണ്ടാനും പാടില്ല. അവിടെ ഇരുന്ന് കൊണ്ട് കനിവാല്‍ നനഞ്ഞു, കണ്ണു നിറയ്ക്കാന്‍ പാടില്ല.അവിടെ ഇരുന്ന് കൊണ്ട് ആളുകളെ ചേര്‍ത്തു പിടിക്കാന്‍ പാടില്ല.

ചില കസേരകള്‍ക്ക് മുന്‍പില്‍ ആരും കാണാത്ത മറവുകള്‍ ഉണ്ട്.കാണില്ലെങ്കിലും അതിനെ കടന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചലിക്കുക എന്നത് ബുദ്ധിമുട്ട് ആണ്.

അര്‍ത്ഥഗര്‍ഭമായ ചില മൂളലുകള്‍, അല്‍പ്പം മാത്രം മിഴി ഉയര്‍ത്തിയുള്ള നോട്ടങ്ങള്‍, അളന്ന് തൂക്കിയ മൂന്നോ, നാലോ വാക്കുകള്‍ -അത്രയേ വേണ്ടൂ!അത്രയേ പാടൂ! അതിന് അപ്പുറത്തേക്ക് പോയാല്‍ ,അത് പദവിയുടെ മഹിമക്ക് പോരാത്തത്  ആകുന്നു.
അവര്‍ മുറി തൂക്കുന്നവരോടും, ചെടി നനയ്ക്കുന്നവരോടും , ചായ കൊണ്ട് തരുന്നവരോടും മിണ്ടാന്‍ പാടില്ല, അവരുടെ പേരറിയാന്‍ പാടില്ല.

ചില കസേരകള്‍ മരം കൊണ്ടോ, ഇരുമ്പ് കൊണ്ടോ അല്ല ഉണ്ടാക്കുന്നത്.അത് സ്ഥാന വലിപ്പങ്ങളും, അധികാര ചിഹ്നങ്ങളും കൊണ്ട് കൊത്തി ഉണ്ടാക്കുന്നതാണ്.

പക്ഷെ ഓര്‍ത്തു നോക്കൂ, ആ കസേരകള്‍, അധികാര മഹത്ത്വങ്ങള്‍ ഉദ്ഘോഷിക്കുന്ന കസേരകള്‍ , എത്ര കനപ്പെട്ടത് ആണെങ്കിലും തകര്‍ന്നു പോകും.ആ കസേരയില്‍ നിന്ന് ഇറങ്ങുന്നതോടെ, അത് ഉണ്ടാക്കിയ മായാ സാമ്രാജ്യങ്ങള്‍ മാഞ്ഞു പോകും.

പക്ഷെ ഒരു ചെറുചിരി, ഒരു നല്ല വാക്ക്, കൈ നീട്ടി വിരല്‍ത്തുമ്പില്‍ ഒരു തലോടല്‍ , ഉയരത്തിലെ കസേരയില്‍ നിന്ന് അധികാരം കുടഞ്ഞു മാറ്റി എണീറ്റ് കേവല മനുഷ്യനാകല്‍...

ഒരിക്കലും ഉടഞ്ഞു പോകാത്ത മനുഷ്യ സ്‌നേഹത്തിന്റെ സിംഹാസനങ്ങളിലേക്ക് നിങ്ങള്‍ കയറിയിരിക്കുകയാണ്.സ്ഥാനഭ്രംശങ്ങള്‍ക്ക്  തകര്‍ത്തു കളയാന്‍ പറ്റാത്ത സ്‌നേഹശ്രീ നിങ്ങള്‍ക്ക് സ്വന്തമാവുകയാണ് .

അധികാരത്തിന്റെ കനത്ത മുദ്രകളുടെ മഷിപ്പാടുകളെക്കാള്‍ ചിരംജീവിത്വം ഹൃദയം നിറഞ്ഞ് ഒഴുകുന്ന കരുണക്ക് ആകാമല്ലോ...

 മൃദുമൊഴി 5: കസേരകള്‍ നാം തലയില്‍ ചുമക്കണോ ? (മൃദുല രാമചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക