Image

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

Published on 09 April, 2021
ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ  ഇ- മലയാളിയുടെ പ്രണാമം

അക്ഷരങ്ങളുടെ  ലോകം അനശ്വരമാണ്. അവിടെ എഴുത്തുകാർ ചിരജ്ഞീവികളും. ഇന്നേക്ക് ഒരു വർഷം മുമ്പ് (April 9th) നമ്മെ ദു:ഖത്തിലാഴ്ത്തികൊണ്ട് നമ്മുടെ പ്രിയ എഴുത്തുകാരൻ ശ്രീ പടന്നമാക്കൽ വിട പറഞ്ഞു.  ഇ-മലയാളിയുടെ താളുകളിൽ വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മികവാർന്ന ലേഖനങ്ങൾ എഴുതി വായനക്കാരുടെ ജ്ഞാനതൃഷ്ണ ശമിപ്പിച്ച ആ അതുല്യ എഴുത്തുകാരന്റെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് അക്ഷരങ്ങളുടെ ഒരു നിറപറ വച്ച് അദ്ദേഹത്തെ സ്മരിക്കാം.
അറിവുകൾ ആർജ്ജിക്കുന്നത് ഒരു കഴിവ്  തന്നെ. പക്ഷെ മറ്റുള്ളവർക്ക് അത് പകർന്നുകൊടുക്കാനുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണമെന്നില്ല. അത് തന്നെയുമല്ല ഓരോ വിഷയവും അവതരിപ്പിക്കുമ്പോൾ അത് വായനക്കാരന്റെ കൗതുകം ഉണർത്തി അവന്റെ ബുദ്ധിശേഖരത്തിലേക്ക് അതിനെ ഫലപ്രദമായി എത്തിക്കുക എന്നതും അപൂർവ സിദ്ധിയാണ്. ശ്രീ പടന്നമാക്കൽ തന്റെ അറിവിന്റെ കനി എല്ലാവര്ക്കും നൽകി. അതിന്റെ മാധുര്യമേറ്റുവാങ്ങിയവർ ആ അനുഭൂതി മറ്റുള്ളവരുമായി പങ്കിട്ടു. ഒരു വിശ്വവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന അറിവുകളുടെ ഒരു നിധി അദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നു.

ശ്രീ പടന്നമാക്കലിന്റെ ലേഖനങ്ങൾ ഓരോന്നായി ഇ മലയാളിയിലേക്ക് വന്നുകൊണ്ടിരുന്നു.  അതിനെ ആയിരവും പതിനായിരവുമായി വായനക്കാർ സ്വീകരിച്ചു.  വളരേ ചുരുങ്ങിയ ലേഖനങ്ങൾകൊണ്ട് തന്നെ വായനക്കാരെ ആകൃഷ്ടരാക്കാനുള്ള അസാമാന്യപ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു. സർഗ്ഗശക്തി ഓരോ ആശയവികസനരീതിയിൽ ജ്വലിച്ചു  നിന്നു. ക്രിയാത്മക സൗന്ദര്യം നിഴലടിക്കുന്ന രചനകൾ അമേരിക്കൻ മണ്ണിൽ മലയാളത്തിന്റെ മുഴുവൻ ഭംഗിയും ഭാവവും വിടർത്തി നിന്ന്. ഒരു വായനക്കാരനും ഒരിക്കൽ ശ്രീ പടന്നമാക്കലിനെ വായിച്ചാൽ പിന്നെ വായിക്കാതിരിയ്ക്കില്ല. ഭാഷയുടെ സൗകുമാര്യവും ശൈലി വിശേഷങ്ങളും ഒരു പോലെ സമന്വയിപ്പിച്ചാണ് അദ്ദേഹം രചനകർമ്മം നിർവഹിക്കുന്നതെന്നു മനസ്സിലാക്കാൻ സാധിക്കും.

ഇമലയാളിയുടെ ഒരു അഭ്യുദയ കാംക്ഷിയായിരുന്നു അദ്ദേഹം. നല്ല വായനക്കാരനും. അദ്ദേഹം വായിച്ച കൃതികളെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങൾ കമന്റ് കോളത്തിൽ എഴുതിയിരുന്നു.  പല ലേഖകന്മാരേയും നേരിട്ട് വിളിച്ചും മറ്റു വാർത്താമാധ്യമങ്ങൾ ഉപയോഗിച്ചും അദ്ദേഹം പ്രോത്സാഹന അഭിപ്രായങ്ങൾ  നൽകിയിരുന്നു.പുസ്തകങ്ങളുടെ ലോകത്ത് (ലൈബ്രറി) ജോലി ചെയ്തതുകൊണ്ടാവണമെന്നില്ല അദ്ദേഹം പുസ്തകപ്രേമിയായത്.  അദ്ദേഹത്തിൽ ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു. അറിവുകൾ അദ്ദേഹത്തിൽ കൂമ്പാരം കൂടിയപ്പോൾ അവ ആവിഷ്‌കരിക്കുക തന്നെയെന്ന അദ്ദേഹത്തിന്റെ തീരുമാനം ഭാഷക്ക് വിലമതിക്കാൻ കഴിയാത്ത ഉപഹാരമായി.  വിശ്രമജീവിതം സാഹിതീസപര്യയിൽ വിനിയോഗിച്ച അദ്ദേഹത്തിനു എന്തൊക്കെ സ്വപ്നങ്ങൾ, ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന്  അറിയില്ല.പലപ്പോഴും നല്ല എഴുത്തുകാരെ പെട്ടെന്ന് മരണം കീഴടക്കുന്നു.

ഇ-മലയാളിയുടെ എഴുത്തുകാർക്കുള്ള വാർഷിക പുരസ്കാരങ്ങളിൽ ഒരിക്കൽ ലേഖനത്തിനുള്ള അവാർഡ് ശ്രീ പടന്നമാക്കലിനായിരുന്നു.  അർഹതയുള്ള അംഗീകാരം എന്ന് ഒറ്റ ശബ്ദത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരും വായനക്കാരും യോജിച്ച ആ സംഭവത്തിനുശേഷം 2019 ലെ വാർഷിക അവാർഡ് ദാന ചടങ്ങിൽ മുഖ്യപ്രഭാഷകനായി ശ്രീ പടന്നമാക്കലിനെ തിരഞ്ഞെടുത്തിരുന്നു. വളരെ ഉന്മേഷവാനായി ആ ദൗത്യം നിർവാഹിക്കാൻ അദ്ദേഹം തയാറെടുക്കുമ്പോഴാണ് ലോകത്തെ മുഴുവൻ പേടിപ്പെടുത്തികൊണ്ട് കൊറോണ എന്ന മഹാമാരിയുടെ ആവിർഭാവം. ആ അസുഖം നമ്മുടെ പ്രിയ എഴുത്തുകാരനെ ആക്രമിച്ചുകൊണ്ടുപോയി  മരണദേവനെ ഏൽപ്പിച്ചു. നമ്മുടെ ഇടയിൽ നിന്നും ആ ജീവചൈതന്യം നഷ്ടപ്പെട്ടു. ഒരു വസന്തകാലാരംഭത്തിലായിരുന്നു അതെന്നു നമ്മെ ചിന്തിപ്പിക്കുന്നു. പൂക്കളായും, ഇളങ്കാറ്റായും, ഇളം മഞ്വെയിലായും അദ്ദേഹം വീണ്ടും വീണ്ടും അദ്ര്‌ശ്യനായി പ്രത്യക്ഷപെടാനായിരിക്കും പ്രകൃതിയിൽ മുളപൊട്ടുകയും, പ്രകൃതി തളിർക്കുകയും ചെയ്യുന്ന പുഷ്പമാസത്തിൽ വിട പറഞ്ഞത്.
എല്ലാവരുമായി സൗഹൃദബന്ധങ്ങൾ കാത്തുസൂക്ഷിച്ച നല്ല വ്യക്തിയായിരുന്നു ശ്രീ പടന്നമാക്കൽ. എഴുത്തുകാരുടെ ലോകത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ മറ്റു മേഖലകളിലെ വ്യക്തികളുമായും സ്നേഹത്തോടെ ഇടപെട്ടിരിക്കും.  നല്ല വ്യക്തികൾ അവരുടെ നന്മ അവർക്ക് ചുറ്റും നിറക്കുന്നു. നന്മയിൽ നിന്നും നന്മയുണ്ടാകുന്നു.

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ദുഖാർത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് സമാധാനം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും  ചെയ്യുന്നു.

ശുഭം

(ഇ-മലയാളിക്ക് വേണ്ടി തയ്യാറാക്കിയത് സുധീർ പണിക്കവീട്ടിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക