Image

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

Published on 07 April, 2021
രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

ഒരു മനുഷ്യൻ ജനിച്ചുവീഴുന്നതിനോടൊപ്പം അവന്റെ മതവും പിറന്നുവീഴുന്നു.  അവന് ലഭിക്കുന്ന മതം അവന്റെ മാതാപിതാക്കളുടെ മേൽവിലാസത്തിലാണ്. ഇത് യുഗാന്തരങ്ങളായി നടന്നുപോരുന്ന ഒരു സാമൂഹിക നടപടിയാണ്. ഇന്നൊരു സുപ്രഭാതത്തിൽ എല്ലാവരും മതം ഉപേക്ഷിക്കുക എന്നത് പ്രായോഗികമായ ഒന്നല്ല. മനുഷ്യമനസ്സുകൾ  അവരുടെ മതവിശ്വാസങ്ങളിൽ വേരൂന്നിയിരിക്കുന്നു. ഇന്ന് ലോകത്തിൽ എണ്ണമറ്റ മതങ്ങളും വിശ്വാസങ്ങളുമുണ്ട്. മതം മനുഷ്യനെ പ്രപഞ്ച ശക്തിയിൽ അല്ലെങ്കിൽ ഈശ്വരനിൽ  വിശ്വസിക്കാനും  അവനെ നന്മയിലേക്ക് നയിക്കാനും വേണ്ടി മനുഷ്യർതന്നെ ഉണ്ടാക്കിത്തീർത്ത  വിശ്വാസമാണ്.  എന്നാൽ ഇന്നുകണ്ടുവരുന്നത് മതങ്ങൾ പരസ്പര വൈരാഗ്യങ്ങൾക്ക് മൂർച്ചകൂട്ടുന്ന ഒരായുധമായിട്ടാണ്‌. ഒന്ന് ചിന്തിച്ചാൽ ഈ മതത്തിന്റെ പേരിലല്ലേ  ലോകത്ത് ഏറ്റവും കൂടുതൽ രക്തപ്പുഴ ഒഴുകിയിരിക്കുന്നത്?   ഓരോ മതത്തിന്റെയും ഉദ്ദേശശുദ്ധിയെ അറിഞ്ഞും അതിലെ നന്മകളെ മാത്രം പിന്തുടർന്നു ജനങ്ങൾക്ക് ജീവിക്കാൻ കഴിയുമെങ്കിൽ ഇത്തരം ചോരപുഴകൾ മതമെന്ന വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ ഒഴിവാക്കാവുന്നതാണ്.  മനുഷ്യന്റെ അറിവ് വർദ്ദിക്കുന്നെങ്കിലും  മതങ്ങളെ ഇന്നും അവർ പരസ്പരം വെട്ടിമരിക്കാനുള്ള  ആയുധങ്ങങ്ങളായി ഉപയോഗിക്കുന്നു എന്നിടത്താണ്  മതങ്ങൾ  മനുഷ്യന് ശാപമായി മാറുന്നത് 

മിയൻമാറിൽനിന്നുള്ള റോഹിൻഗ്യകളുടെ അഭയാർത്ഥി പ്രവാഹം ഇന്നു പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമായി അവശേഷിക്കയാണ്.  ഇവിടെയും വില്ലനായി വർത്തിക്കുന്നത് മതം തന്നെയാണെന്നുള്ളതാണ് പ്രത്യക്ഷത്തിൽ കാണാമെങ്കിലും അവർക്ക് പൗരത്വം കൊടുക്കാതെ മിയൻമാർ വിട്ടുപോകാൻ പറയുന്നത് അവർ ബംഗാളികൾ ആണെന്ന ന്യായത്തിലാണ്. അതേസമയം അവിടെയുള്ള ബുദ്ധമതവിശ്വാസികൾക്ക് ഇങ്ങനെ രാജ്യം വിട്ടു പോകേണ്ടിവരുന്നില്ലെന്നതും ശ്രദ്ധേയമാണ്.  ജനിച്ച വീണ മണ്ണിൽ നിന്നും അഭയം തേടി മറ്റു രാജ്യങ്ങളിലേക്ക് മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളാൽ പലായനം ചെയ്യേണ്ടിവരുന്നത് വളരെ ദയനീയവും സങ്കടകരവുമാണ്. എന്തുകൊണ്ടാണ് റോഹിൻഗ്യകൾ അഭയാർത്ഥികൾ ആയത്?. ‘

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ രോഹിൻഗ്യകൾ ഇൻഡോ ആര്യൻ വംശജരായ മുസ്ലിം വിശ്വാസികളാണ്. റോഹിങ്കകൾ മിയൻമാറിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന റഖൈൻ എന്ന പ്രദേശത്ത് ജീവിക്കുന്ന ഹിന്ദുമതക്കാരും, മുസ്ലിം മതക്കാരും അടങ്ങുന്ന ന്യുനപക്ഷമാണ്. റഖൈൻ ഇപ്പോൾ ദരിദ്രമായ ഒരു ചേരിപ്രദേശമാണ്. ഈ പ്രദേശം മുമ്പ് ആറാക്കൻ എന്നറിയപ്പെട്ടിരുന്നു. ബർമീസ് ഭാഷയിൽ ഇവർ റുയി ഹാങ്ങ്ഗ്യ എന്നും ബംഗാളി ഭാഷയിൽ റോഹിങ്ക എന്നും അറിയപ്പെടുന്നു.  റോഹങ്ക എന്ന   വാക്ക് വന്നത് റഖാങ്ക അല്ലെങ്കിൽ റോഷൻഗ  എന്ന വാക്കുകൾ ആറാക്കൻ എന്ന പ്രദേശത്തിനും ഉപയോഗിച്ചിരുന്നതുകൊണ്ടാണത്രെ. ബുദ്ധമതക്കാർ അവരെ റോഹിങ്കകൾ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവരെ അവർ ബംഗാളികളായി തന്നെ കാണുന്നു. മിയാൻമാറിലെ മുഖ്യ മതം ബുദ്ധമതമായതുകൊണ്ട് ഇവർ ന്യുനപക്ഷമാണ്. മതത്തിന്റെ പേരിൽ ലോകത്തിൽ ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനങ്ങളാണ് ഇവരെന്ന് മാധ്യമങ്ങൾ പറയുന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാർ ലോകത്തിന്റെ നാനാഭാഗത്തും പോയി കോളനികൾ സ്ഥാപിച്ച് ഭരണം നടത്തിയതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായി. അതിലൊന്നാണ് റോഹിങ്കളുടെ കാര്യത്തിൽ സംഭവിക്കുന്നതായി കാണുന്നത്. ഇന്ന് മിയാൻന്മാർ എന്നറിയപ്പെടുന്ന ബർമ്മ ബ്രിട്ടീഷ് അധീനതയിലായിരുന്നു. 1948 ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് (അധികവും ബംഗ്ലാദേശിൽ നിന്നും) ജോലിക്കാരെ ബർമ്മയിൽ കുടിയേറ്റി പാർപ്പിച്ചിരുന്നു. ഇന്ത്യയും ബര്മയും ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നതുകൊണ്ട് ഈ കുടിയേറ്റം ആഭ്യന്തരമായിരുന്നു. എന്നാൽ ഈ കുടിയേറ്റം തദ്ദേശവാസികൾക്ക് സ്വീകാര്യമായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇവരെ പൗരന്മാരായി അംഗീകരിക്കാൻ ബർമ്മക്കാർ തയ്യാറായില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നടന്ന ഈ കുടിയേറ്റം അനധികൃതമാണെന്നു ബുദ്ധമതത്തിനു പ്രാധാന്യമുണ്ടായിരുന്ന ഗവണ്മെന്റ് വിലയിരുത്തി.  എന്നാൽ  ഒന്നൊന്നര സഹസ്രാബ്ദക്കാലമായി മിയൻമാറിന്റെ  പടിഞ്ഞാറ് ഭാഗത്തുള്ള രാഖൈൻ പ്രദേശത്ത് താമസിക്കുന്ന ദേശവാസികളാണെന്നു അവർ അവകാശപ്പെടുമ്പോൾ മിയൻമറിലെ ജനങ്ങളും ഭരണവും അവരെ കൊളോണിയൽ കാലത്തും പിമ്പും ബംഗ്ളാദേശിൽ നിന്നും കുടിയേറിയവരാണെന്നു വാദിക്കുന്നു.  മനുഷ്യാവകാശ കാവൽക്കാരും യു എൻ ഉദ്യോഗസ്ഥരും റോഹിങ്കകൾക് നേരെയുള്ള അതിക്രമത്തെ വംശീയ ശുദ്ധീകരണം എന്നാണു വിശേഷിപ്പിക്കുന്നത്.  മനുഷ്യത്വത്തിന്‌ നേരെയുള്ള ക്രൂരമായ  ഈ സമീപനം വംശഹത്യ എന്ന നിലയിലേക്ക് അധഃപതിക്കുമെന്നും അവർ സൂചന തരുന്നു. എന്നാൽ ഗവണ്മെന്റ് ഈ ആരോപണം നിഷേധിക്കുകയാണ് പതിവ്.

മുസ്ലീമുകളെ ലക്ഷ്യമാക്കി കലാപങ്ങൾ ഉണ്ടായതുപോലെ ബുദ്ധമതക്കാരും അവരുടെ അക്രമത്തിനിരയായിട്ടുണ്ടെന്നു സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആങ് സാൻ സ്യുച്ചി പറഞ്ഞതായി പത്രങ്ങൾ റിപ്പോർട്ട്  ചെയ്തിരുന്നു. അതുകൊണ്ട് രണ്ട് സമൂഹങ്ങളിലും ഭീതിയും അരക്ഷിതത്വവും ഉണ്ടാകുന്നു. അത് വളരെ കുഴപ്പം പിടിച്ച ഒരു പ്രശ്നമാണെന്നും പെട്ടെന്ന് പരിഹാരം കണ്ടെത്തതാണ് കഴിയില്ലെന്നും അവർ അധികാരത്തിലുള്ളപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയതിന് വിവിധ കാലയളവുകളിലായി   ഇരുപത് വർഷത്തോളം വീട്ടുതടങ്കലിൽ അവർക്ക് കഴിയേണ്ടി വന്നു. അട്ടിമറിയിലൂടെ രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ പട്ടാളഭരണത്തിൽ നിന്നും ഭാഗികമായി ജനാധിപത്യം കൊണ്ടുവന്നവരാണിവർ. റോഹിങ്കളുടെ പ്രശ്നത്തിൽ സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താൻ ഇവർക്കും  കഴിഞ്ഞില്ല.

ഒരു സുപ്രഭാതത്തിൽ അല്ലെങ്കിൽ നിരന്തരമായി പീഡിപ്പിച്ചുകൊണ്ട് ഒരു ജനതയുടെ ഭൂമി അവരിൽ നിന്നും ബലമായി പിടിച്ചെടുക്കുന്നത്തിനു ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. അത് മിക്കപ്പോഴും യുദ്ധം മൂലമായിരിക്കാം. എന്നാൽ ഒരു ജനതയുടെ വിശ്വാസം, ഭാഷ, ആകാരം, നിറം എന്നിവ അവരുടെ ഭൂമി നഷ്ടപ്പെടാൻ കാരണമാകുന്നത് ഈ പരിഷ്കൃത യുഗത്തിൽ ലജ്‌ജാകരമാണ്. 

കുറേക്കാലമായി നമ്മൾ പത്രങ്ങളിലൂടെയും മറ്റു മീഡിയകളിലൂടെയേയും പാലസ്റ്റീൻ ജനതയുടെ വിലാപങ്ങൾ  അറിഞ്ഞു. പാലസ്റ്റീനിലേക്കുള്ള ജൂതന്മാരുടെ പ്രവാഹം കണ്ട് അത് യൂറോപ്യൻ അധിനിവേശമാണെന്നു തെറ്റിദ്ധരിച്ച അറബികൾ അവരുമായി യുദ്ധമായി. അന്ന് അധികാരം കയ്യാളിയിരുന്ന ബ്രിട്ടീഷ്കാർക്ക് അത് നിയന്ത്രിക്കാൻ കഴിയാതെ യുണൈറ്റഡ് നേഷൻസ് രണ്ട് രാഷ്ട്രമായി അതിനെ  തിരിച്ചു. 1948l ൽ ഇസ്രായേൽ എന്ന രാഷ്ട്രം രൂപപ്പെട്ടു. രണ്ടായിരം വർഷത്തിൽ ആദ്യമായി ഒരു ജൂതരാഷ്ട്രം.

ആറാക്കാൻ ചന്ദ്രവംശ ഭരണത്തിൻ കീഴിലായിരുന്നുവെന്നും അന്ന് അവിടെ ഹിന്ദുമതക്കാരും ബുദ്ധമതക്കാരും മാത്രമേ ഉണ്ടായിരുന്നുവെന്നും ഏഴാം നൂറ്റാണ്ടോടുകൂടി അറബ് കച്ചവടക്കാരുടെ വരവോടെ അവിടെ മുസ്‌ലിം മതം പരന്നുവെന്നും അതുകൊണ്ട് റോഹിങ്കൻ മുസ്‌ലിങ്ങുകൾക്ക് ആ മണ്ണിൽ അവകാശമില്ലെന്നും ബുദ്ധമതക്കാർ ന്യായവാദങ്ങൾ കൊണ്ടുവരുമ്പോൾ ലോകത്തിന്റെ നാനാഭാഗത്തും ഇന്നു കുടിയേറിയ പല ഭാഷക്കാർ, ജാതിക്കാർ, വംശക്കാർ എന്നിവർക്കിടയിൽ അത് ഭീതി പരത്താം.

ഇത്തരത്തിലുള്ള പല സാഹചര്യങ്ങളിലും തോന്നുന്ന ഒരു സംശയമാണ്  മതമാണോ ഒരാളുടെ ജന്മഭൂമി നിശ്ചയിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ മുസ്‌ലിം മതം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഹിന്ദു/ബുദ്ധ മതക്കാരല്ലേ മതപരിവർത്തനം ചെയ്തിട്ടുണ്ടായിരിക്കുക.     

നമ്മുടെ ഇന്ത്യയിലും 1947 ആഗസ്റ്റ് 15 നു വിഭജനം ഉണ്ടായപ്പോൾ എത്രയോ പേർക്ക് അവരുടെ ജന്മഭൂമി നഷ്ടപ്പെട്ടു. മതത്തിന്റെ പേരിൽ പിരിഞ്ഞുപോയവരും അവർ ജനിച്ചുവീണ മണ്ണിൽ നിന്നും വേർപെടുന്ന വേദന അനുഭവിച്ചു.

ഓരോരുത്തരുടെയും മൗലികാവകാശങ്ങൾ മനസ്സിലാക്കുകയും അവയെ മാനിക്കുകയും ചെയ്തു ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ ലോകം സമാധാനപൂർവ്വമായേക്കും.  ജാതി-മത-വർണ്ണ-വംശ-വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യ സമൂഹത്തിനു ഒത്തോരുമിച്ച് ജീവിക്കാൻ കഴിയുന്ന നല്ല നാളെകൾ പുലരണമെങ്കിൽ ഇന്ന് നമ്മൾ അനീതിക്കും, അക്രമങ്ങൾക്കും എതിരെ ശബ്ദമുയർത്തണം. ലോകസമാധാനം നിലനിർത്തുന്നതിന് ഭാരതത്തിലെ ഋഷിവര്യന്മാർ പറഞ്ഞപോലെ വസുധൈവ കുടുംബഗം, ലോകാസമസ്താ സുഖിനോ ഭവന്തു എന്നീ മഹത്തായ ചിന്തകൾക്ക് ഊന്നൽ നൽകേണ്ടിയിരിക്കുന്നു.    

മതങ്ങൾ നിലനിൽക്കുന്നത്  സ്ഥലകാലങ്ങളിലല്ല വെറും മനുഷ്യമനസ്സുകളിലാണ്.  ഈ ബോധം മനുഷ്യർ നിലനിർത്തിയാൽ   ഒരുതരി മണ്ണിനുവേണ്ടി കഷ്ടപ്പെടുന്ന   മനുഷ്യന്റെ അവസ്ഥക്ക് എന്ന് മാത്രമല്ല ഓരോ മതത്തിനുവേണ്ടിയും  സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന മനുഷ്യന്റെ ചിന്തകളും  അതിനുവേണ്ടി പരസ്പരം നടക്കുന്ന കലാപങ്ങളും ഒഴിവാക്കാൻ കഴിഞ്ഞേക്കാം.

Join WhatsApp News
രോഹിങ്കകളുടെ അവസ്ഥ 2021-04-08 02:14:19
രോഹിങ്കകളുടെ അവസ്ഥ വളരെ കഷ്ടം തന്നെയാണ്, അവർക്കു രാജ്യം നഷ്ടപ്പെടുന്നു, അവർ വംശീയ ഹത്യയുടെ ഇരകൾ ആകുന്നു, വംശീയ ശുദ്ധിയുടെയും. ഇന്ത്യയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കുറേപേർ സുരഷിതർ ആണ്. അവരുടെ അവസ്ഥയെപ്പറ്റി ശ്രീ.കോരസൻ വർഗീസ് എഴുതിയിരുന്നു. ഇത്തരം ഹീനത കാണുമ്പോൾ പ്രതികരിക്കാൻ ആവാതെ മറ്റൊന്നും ചെയ്യുവാൻ ആവാതെ നമ്മൾ ഉറക്കം കളയുന്നു. കഷ്ടത അനുഭിവിക്കുന്നവരെ സഹായിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ മാത്രമേ നമ്മുടെ കൈകളും കഴിവും എത്രയോ ബലഹീനമാണ് എന്ന് നമ്മൾ മനസ്സിലാക്കുകയുള്ളു. റോഹിങ്കകളെപ്പോലെ കഷ്ടത അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷരുടെ അവസ്ഥ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാൻമ്മാർ!. അവർ കഷ്ട്ടം അനുഭവിക്കുന്നത് അവരുടെ കുറ്റങ്ങൾ കൊണ്ടല്ല. നമ്മൾ സുഭിക്ഷതയിൽ ജീവിക്കുന്നത് പൂർണ്ണമായും നമ്മുടെ കഴിവുകൊണ്ടുമല്ല. എല്ലാം സാഹചര്യങ്ങൾ നിമിത്തമാണ്. നമ്മുടെ ജീവിതകാലത്തു സഹായിക്കാൻ സാധിക്കുന്നവരെ നമ്മളാൽ ആവുംവിധം സഹായിക്കുക. സഹാനുഭൂതി അർഹിക്കുന്ന ഒരു സമകാലീന ദുരന്തം പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജ്യോതി ലക്ഷ്മിയോടുള്ള സ്നേഹവും ആദരവുകളും അർപ്പിക്കുന്നു. -ആൻഡ്രു.
റോഹിങ്ക മലയാളി: 2021-04-08 09:31:54
റോഹിങ്ക മലയാളി: അമേരിക്കയിലെ വെള്ള വർഗീയ വാദികൾ കൂടുതൽ ശക്തി പ്രാപിച്ചാലും, ട്രംപ് വീണ്ടും പ്രസിഡണ്ട് ആയി വന്നിരുന്നു എങ്കിലും അമേരിക്കയിൽ ഇന്ന് താമസിക്കുന്ന ഇന്ത്യക്കാരും മലയാളികളും ട്രമ്പൻ മലയാളികളും റോഹിങ്കകളെപ്പോലെ അറബിക്കടലിൽ ഒഴുകി നടക്കും.
American Mollakka 2021-04-08 22:20:33
അസ്സലാമു അലൈക്കും ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ സാഹിബാ . അവശത അനുഭവിക്കുന്ന ഒരു ജനതയുടെ വേദന മനസ്സിലാക്കി അതെഴുതാൻ മനസ്സുണ്ടായതിൽ പടച്ചോന്റെ കൃപ ഇങ്ങേക്കുണ്ടാകും. നല്ല നല്ല രചനകൾ ഉൾപ്പെടുത്തുന്ന ഇമലയാളിയുടെ താളുകളിൽ ഈ ലേഖനത്തിന്റെ സ്ഥാനം ബലുത് തന്നെ. ഇമലയാളിക്കും നമ്പ്യാർ സാഹിബാക്കും ഖൽബിൽ നിന്നൊരു മുബാറക്ക്. ഇനിയും ഇതേപോലെ ബിസയങ്ങൾ എയ്‌തുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക