Image

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

Published on 05 April, 2021
പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)
യുഎസ് അടക്കം ലോകത്തെ മിക്ക രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്ന വലിയൊരു സമൂഹമാണ് ഇന്ത്യന്‍ പ്രവാസികള്‍. ജോലി, പഠനം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി വിദേശത്തെത്തി, പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കിയവരും ഏറെ. Non Resident Indian (NRI), Overseas Citizens of India (OCI) എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഇവര്‍, ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടാക്കി നല്‍കുന്ന നേട്ടം വളരെ വലുതാണ്. കേരളത്തെ ഇന്നു കാണുന്ന നിലയില്‍ കെട്ടിപ്പടുക്കാനും പ്രവാസികള്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യ പക്ഷേ, വോട്ടെടുപ്പിന്റെ കാര്യം വരുമ്പോള്‍ പ്രവാസികളെ അവഗണിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണ്. പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ പോസ്റ്റല്‍ വോട്ട് പോലുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിലും നിരാകരിക്കപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യാന്‍ മാത്രമായി നാട്ടില്‍ പോകുക സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയായതിനാലും, ലീവ് ലഭിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലും ഇത്തവണയും ഭൂരിപക്ഷം പ്രവാസി വോട്ടുകളും രേഖപ്പെടുത്താതെ തന്നെ പോകും. പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണെങ്കിലും, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തീര്‍ത്തും അവഗണിക്കുന്ന ഒരു വിഷയവുമാണ് പ്രവാസികളുടെ വോട്ടവകാശം.

തങ്ങളുടെ സംസ്ഥാനവും, രാജ്യവും ഭരിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ മറ്റേതൊരു പൗരനെയും പോലെ പ്രവാസികള്‍ക്കും അവകാശമുണ്ടെന്ന സത്യത്തെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരുകള്‍, പ്രവാസക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഓരോ തവണയും വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും, വോട്ടെടുപ്പ് എന്ന വളരെ പ്രാധാന്യമേറിയ വിഷയത്തില്‍ അലംഭാവം കാട്ടുന്നത് പതിവാണ്. ഇതിനെതിരായ പ്രതിഷേധം പ്രവാസികളില്‍ പ്രകടവുമാണ്. ഇത്തരത്തില്‍ ഒരു വോട്ടെടുപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും വോട്ട് രേഖപ്പെടുത്തണമെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും എന്നതാണ് സത്യം. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മീഷനില്‍ വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ എണ്ണം 118,000 ആണ്. ഇതില്‍ തന്നെ 89,000 പേരും കേരളത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത് ആകെ വോട്ടര്‍മാരില്‍ 25,000 പേര്‍ മാത്രമാണെന്നതാണ് വസ്തുത. പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി വിജയത്തെപ്പോലും ഇത് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇനിയും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വോട്ടവകാശം ഉള്ളവര്‍ ലക്ഷക്കണക്കിന് വിവിധ രാജ്യങ്ങളിലുണ്ട്.

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാളിയായ ഡോ. ഷംസീര്‍ വയലില്‍ 2014-ല്‍ സുപ്രീം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. VPS Health Care-ന്റെ സ്ഥാപകനും, ചെയര്‍മാനുമായ ബിസിനസുകാരനാണ് ഡോ. ഷംസീര്‍. ഈ കേസിന്റെ മേലുള്ള വാദം ഇപ്പോഴും നടന്നുവരികയാണ്. ഇതിനിടെ ഇന്ത്യയിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ സുനില്‍ അറോറയുമായി ഡോ. ഷംസീര്‍ ഡല്‍ഹിയില്‍ വച്ച് ഒരു ചര്‍ച്ച നടത്തുകയും, പ്രവാസികളുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ച അദ്ദേഹം, ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ETPBS) വഴി പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം നടപ്പില്‍ വരുത്താനായി നീതിന്യായ മന്ത്രാലയും, വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചന നടത്തിവരികയാണെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ എന്നു മുതല്‍ പദ്ധതി നടപ്പിലാക്കിത്തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ ഇപ്പോഴും വോട്ടിങ് ദിവസം നേരിട്ട് ഹാജരായുള്ള വോട്ട് രേഖപ്പെടുത്തലിന് പ്രാമുഖ്യം നല്‍കുന്നതാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ പ്രധാന വിലങ്ങുതടിയായി വര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍, സായുധ സേനാംഗങ്ങള്‍, പോലീസുകാര്‍, വിദേശത്ത് പോസ്റ്റിങ് ലഭിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി ഏതാനും വിഭാഗത്തിന് മാത്രമാണ് നിലവില്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ലഭ്യമാക്കുന്ന രീതി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1950ലെ The Representation of the People Act പ്രകാരം, വോട്ടവകാശമുള്ളത് നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമാണ്. എന്നാല്‍ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ 2011ല്‍ ഈ നിയമം ഭേദഗതി ചെയ്യുകയും, NRI-ക്കാരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്തിയാല്‍, അവര്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന അവസ്ഥ വരികയും ചെയ്തു.

ഇതിനു ശേഷം ഇക്കാര്യത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ട് 2018ല്‍ പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടവകാശം നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും, നിയമസഭയില്‍ ബില്‍ പരാജയപ്പെട്ടതോടെ നിയമനിര്‍മ്മാണം നീണ്ടു. ഇച്ഛാശക്തിയുള്ളൊരു ഭരണകൂടത്തിന് എളുപ്പത്തില്‍ നടപ്പില്‍ വരുത്താവുന്ന ഒരു സംവിധാനമാണ് ഇതെന്നിരിക്കിലും, ഇനി വരുന്ന തെരഞ്ഞെടുപ്പിലെങ്കിലും വോട്ട് ചെയ്യാമെന്ന പ്രതീക്ഷയോടെ, ഇത്തവണയും കാത്തിരിപ്പ് തുടരുകയാണ് പ്രവാസി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക