Image

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

Published on 02 April, 2021
ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ
ദമ്മാം: നൂറ്റാണ്ടിൽ ഒരിക്കൽ  വരുന്ന പ്രളയങ്ങൾ, നിപ്പ, ഓഖി, കൊറോണ എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികളിലൂടെ കേരളസമൂഹം കടന്നു പോയപ്പോൾ, അതിനൊക്കെ എതിരായി മുന്നിൽ നിന്ന് നയിച്ച്,  കേരളജനതയെ സാമൂഹ്യക്ഷേമത്തിന്റെ ചിറകിനുള്ളിൽ നിർത്തി സംരക്ഷിച്ച ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം കേരളത്തിലെ ഓരോ സാധാരണക്കാരും ആഗ്രഹിക്കുന്നു എന്ന് സിപിഎം കാസർഗോഡ്  ജില്ലാ  സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ മുന്നണി കാസർഗോഡ്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വർഷവും കേരള സർക്കാരിന്റെ കരുതലും, വികസനവും ജനങ്ങൾ നേരിട്ടനുഭവിച്ചു.  ഇടതുപക്ഷത്തിന്റെ തുടർഭരണം ഉറപ്പായ ഈ ഘട്ടത്തിൽ, അത് തടയാനായി യു.ഡി.എഫ്-ബിജെപി സഖ്യം കേരളസമൂഹത്തിൽ കടുത്ത മതവർഗ്ഗീയതയാണ് പ്രചരിപ്പിക്കുന്നത്.  മത ജാതി സംഘടനകളെ കൂട്ട് പിടിച്ചുകൊണ്ട്,ലവ് ജിഹാദ്, ശബരിമല, വിശ്വാസസംരക്ഷണം, അന്യമതവിദ്വേഷം എന്നിങ്ങനെ പല അജണ്ടകൾ ഉപയോഗിച്ച്, ഇടതുപക്ഷത്തിന്റെ വികസന അജണ്ട ചർച്ച ചെയ്യപ്പെടാതെ മറയ്ക്കുവാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അതിനെ തിരിച്ചറിയാനുള്ള കഴിവ് കേരളജനതയ്ക്കുണ്ട്. അവർ തുടർഭരണത്തിനു അനുകൂലമായി വോട്ടു ചെയ്യുമെന്ന് ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

ഹനീഫ അറബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇടതുപക്ഷ നേതാക്കളായ പവനൻ മൂലക്കൽ, എൻ.കെ അബ്ദുൾ അസീസ് എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. ഉണ്ണികൃഷ്ണൻ സ്വാഗതവും, റഷീദ് കോട്ടപുറം നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക