Image

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

Published on 25 March, 2021
ബൃഹന്ദളം (കഥ: ഗീത നെന്മിനി)
അവൾ എന്തിന് ഇതു ചെയ്തു?ഈ ചോദ്യത്തിന്റെ കൊളുത്തിൽതൂങ്ങി  എന്റെമനസ്സ്പിടയുന്നു.പുറത്ത്തോരാത്തമഴ . വാളും പരിചയുമായി  യുദ്ധം ചെയ്യുന്ന  വീര വനിതയെ പോലെ ഇടിയും മിന്നലുമായി  തകർത്തു പെയ്യുന്നു..കൂ ടപ്പിറപ്പുപോലുള്ള  കൂട്ടുകാരി.ആത്മ സഖി ഹീര ...എന്തിന്, എന്തിന്  ആർക്കുംഒന്നും അറിയില്ലായിരുന്നു പോകാൻ കഴിഞ്ഞില്ല. ഈഅവസ്ഥയിൽ യാത്ര വേണ്ടെന്ന് പറഞ്ഞു ഡോക്ടർഅനുവദിച്ചില്ല . ഇന്ന് കിട്ടിയ രജിസ്റ്റർ  ചെയ്തയച്ച ഹീരയുടെ അമ്മയുടെ കത്ത്...തുറന്നപ്പോൾ മിന്നിയ കൊള്ളിയാനിൽ നെഞ്ചു പൊള്ളിപ്പോയി.. ഹീര   എന്ന   ഹിരൺമയി .  .. ഒന്നിച്ചു കളിച്ചു വളർന്ന ബാല്യം... ഒരു ദിവസം പോലും കാണാത്ത  ദിവസങ്ങൾ  ഉണ്ടായിട്ടില്ല... അന്നും അതിമനോഹരമായി എഴുതു മായിരുന്നു അവൾ   . കഥകൾ അവളിൽ മൊട്ടിട്ടു വിരിഞ്ഞു അതിശയകരമായ സുഗന്ധംപേറി ഇതൾ വിരിക്കുന്നത് ആനന്ദത്തോടെ കണ്ടുനിന്നു.സംഗീതവും നൃത്തവും ഒന്നിച്ചു പഠിച്ചെങ്കിലും  അവൾക്കു താല്പര്യമില്ലായിരുന്നു..എന്റെ കൂടെ വരാനായി മാത്രം  അവൾ താല്പര്യപ്പെട്ടു....അവൾ എഴുതിയ വരികളിലാണ് ഞാൻ  ആദ്യമായി നൃത്ത ചുവടുകൾ വെച്ചത്...സ്റ്റേജിൽകയറുന്നതിനു മുൻപേ ചിലങ്ക കെട്ടി തരുന്നത് അവളുടെ അവകാശമായി കണ്ടു..ഹീര   ഒരു പ്രലോഭനങ്ങളിലുംഅടിപതറാതെനിന്നു ...മികച്ചപ്രണയ കഥകൾ   എഴുതിയിരുന്നെങ്കിലും  ഒരു പ്രണയത്തിലും  വീണില്ല..അവൾക്കു പുരുഷ സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നില്ല... പരിധിവിട്ടു ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ  ഒരാഴ്ച യോളം  പിണക്കം  കാണിക്കുമായിരുന്നു.അവൾ അതിവേഗത്തിൽപ്രശസ്തയായി.. ഒരുപാടുപുരസ്കാര ങ്ങൾ അവളെ തേടിയെത്തി...ഹിരൺമയിഎന്റെ ഹീരയാണെന്നുപറയുമ്പോൾഅഭിമാനത്തിന്റെ കൊടുമുടിഏറുമായിരുന്നു  .. വിവാഹം കഴിഞ്ഞു ഡൽഹിയിലേക്ക് ചേക്കേറിയിട്ടും ഞങ്ങളുടെ  ബന്ധത്തിന്  മാറ്റു കുറഞ്ഞില്ല..ആഴ്ച്ചതോറും വരുന്ന എന്റെ സ്വന്തം പ്രഭേ  എന്ന് തുടങ്ങുന്ന കത്തുകൾ.. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന  ഫോൺ വിളികൾ...എന്തു കൊണ്ടോ എന്റെ ഭർത്താവിനെ  അവൾക്കിഷ്ട്ടമല്ലായിരുന്നു...  അകാരണമായ അപ്രിയം കാണിച്ചിരുന്നതുകൊണ്ട് പ്രകാശ് അവളെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്തിരുന്നില്ല... നാട്ടിൽ പോകുമ്പോഴാണ്  ഞങ്ങൾ കണ്ടിരുന്നത്.....അവളൊരു വിവാഹം കഴിച്ചു കാണാൻ അമ്മക്ക് മോഹമുണ്ടായിരുന്നെങ്കിലും  ഹീര വഴങ്ങിയിരുന്നില്ല.. വ്യത്യസ്ത മായ  കാഴ്ച്പ്പാടുകളുമായി അവൾ  വേറിട്ടുനിന്നു...  വിവാഹ ശേഷം ഡൽഹിയിൽ വന്നിട്ടും അവളുടെ കത്തുകൾ വന്നു കൊണ്ടേ യിരുന്നു  ഫോണിൽ സംസാരിക്കാൻ ഹീര ഇഷ്ടപെട്ടിരുന്നില്ല .. അക്ഷരങ്ങളായിരുന്നു പ്രിയം . ചില എഴുത്തുകൾ മനസ്സിലാവാറി ല്ലായിരുന്നു  .  അവൾ എഴുതിയതും ഉദ്ദേശിച്ചതും.....".ശലഭവും തുമ്പിയും ...... വെയിലും മഴയും പൂക്കളും തെന്നലും ഒരുമിച്ച് കാണാനും അനുഭവിക്കാനും ഉള്ള ഇഷ്ട്ടം അവരെ അടുപ്പിച്ചു  ...ചില പൂക്കളിൽ അവർ ഒന്നിച്ചു ചേർന്ന് ചാരുതയാർന്ന  നിറങ്ങൾ ചേർത്തു ചിത്രം വരച്ചു..ഇളവെയിൽ കൊള്ളണമെന്ന്പറഞ്ഞു വന്ന തുമ്പി തണൽ മരത്തിന്റെ കീഴെ നിന്ന് മാറിയില്ല.മഴ നനയാനുള്ള മോഹം പേറി കുടചൂടിയാണ്  വന്നത്... കാറ്റിൻകുളിർ വേണമെന്ന് പറഞ്ഞെങ്കിലും ജനാലകൾ അടച്ചുകളഞ്ഞു...പൂക്കൾ  തേടിവരും .ഇലകളിൽ  ഇരിപ്പാകും.....  ശലഭത്തിന്  വെയിലിൽ പുതു ചിറകുകൾ മുളക്കും.. കരിഞ്ഞുപോകുമെന്ന ഭയമില്ലാതെ മുകളിലേക്കു കുതിക്കും.... മഴയിൽ നൃത്തം ചെയ്യും ചിറകുകൾ തളർന്നു വീഴും.ജനാലകൾ തുറന്നു കാറ്റിൻ കൈകളിൽ അമ്മാ നമാടും.പൂക്കളിൽ രമിക്കും ഇലകളെ മറക്കും... അതെ തുമ്പിയും ശലഭവും  അത്രക്കടുത്ത വരായിരുന്നു.....ശലഭംമോഹിക്കുന്നതെന്തെന്നു  ഒരിക്കലും തുമ്പി അറിയുകയില്ല "..... ചില സമയങ്ങളിൽ അവളുടെ  വട്ട് എന്ന്  ഉള്ളിൽ വരച്ചിട്ടു........... ഫോൺ വിളികൾ  കുറഞ്ഞുവന്നു പക്ഷെ അവൾ കത്തുകൾ എഴുതികൊണ്ടേ ഇരുന്നു... എല്ലാ കത്തുകളും അവസാനിപ്പിക്കുമ്പോൾ ഹീര എഴുതുന്ന വരികളുടെ പ്രസക്തി   എനിക്കൊരിക്കലും മനസ്സിലായില്ല. "ഏതു വേനലിലും എനിക്കായി നനവ് സൂക്ഷിക്കുന്നവൾ,അവളുടെ വിരൽ തണുപ്പിൽ എന്റെ വേനൽ കറുപ്പുകൾ മായ്ക്കപെടുന്നു"  ആ വരികളിൽ ഒരുഅസാധാരണത്വം  അനുഭവപ്പെട്ടു...... പിന്നീട് അവൾ എഴുതുന്ന കത്തുകൾ മുഴുവൻ  ഇത്തരത്തിലുള്ളതായിരുന്നു..ഫോൺ ചെയ്താൽ എടുക്കുകയെ ഇല്ല.. പ്രണയ കഥകളുടെ റാണി യായി ഹിരൺ മയി  മുദ്ര വെക്കപ്പെട്ടു കഴിഞ്ഞിരുന്നു.. ഒരു  അനുഭവത്തിന്റെയും പിൻബലമില്ലാതെ അവൾ എങ്ങിനെ ഇത്ര മാധുര്യമുള്ള വരികൾ സൃഷ്ടിക്കുന്നുവെന്ന്   അതിശയിച്ചിരുന്നു......ഈ കത്തിലൂടെ ഉരുത്തി രിയുന്ന  ഹിരൺ മയി  എന്റെ ഹീരയല്ല... എത്ര ആവർത്തി വായിച്ചിട്ടും പിടികിട്ടാത്ത എന്തോ രഹസ്യം ഈ കത്ത് ഒളിപ്പിക്കുന്നുണ്ട്.....വായിക്കും തോറും   അമ്പത്താറ ക്ഷരങ്ങളും വിങ്ങി പൊട്ടി  കണ്ണുനീരൊലിപ്പിക്കുന്നു........,.....

"എന്റെ പ്രഭേ എന്റെ  സ്വന്തം  പ്രഭേ,  ഈ കത്ത് എന്റെ മരണമൊഴിയാണ്.. ഓരോ അക്ഷരങ്ങളും മനസ്സിൽ സ്വരുകൂട്ടി വെച്ചിരുന്ന പറയാനാവാതെ പോയ നൊമ്പരങ്ങളാണ്..ഓർക്കുന്നുണ്ടോ      നമ്മൾ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന കുട്ടിക്കാലം.. .. കളിചിരികൾ നിറഞ്ഞ ആ സൗ ഹൃദകാലത്തിൽ നിന്നും എന്റെ മനസ്സിൽ ഞാൻ പോലും അറിയാതെ വന്ന മാറ്റം... ഒരു ദിവസം പോലും നിന്നെ കാണാതിരിക്കാൻ എനിക്കാവില്ലായിരുന്നു.. അതെന്തുകൊണ്ടാണെന്നു  ഞാൻ തിരിച്ചറിഞ്ഞ ദിവസം..മുറ്റത്തെ പവിഴമല്ലി യുടെ  ചില്ലഉലച്ചപ്പോൾ തുരു തുരാ വീണ പൂക്കളിൽ കുളിച്ച് നീ  സുഗതകുമാരിയുടെ  അഴിവാ തിലൂടെ  പരുങ്ങി വന്നെത്തുന്നു  പവിഴമല്ലി പൂവിൻ പ്രേമം  പാടി  നൃത്തം വെച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു പതിനാറുകാരൻ ഉണർന്നു... നിന്റെ കൈ പിടിച്ചപ്പോൾ ഹൃദയം വിറ കൊണ്ടു..എന്നിൽ ഉറങ്ങികിടക്കുന്ന സ്വത്വം  ഒരു പുരുഷന്റേതാണെന്നു  അറിഞ്ഞു. ഹിരൺമയിയിൽ  ഒരു ഹിരണ്യ   കശിപു ഒളിഞ്ഞിരുപ്പുണ്ടെന്നു വേദനയോടെ മനസ്സിലാക്കി... പിന്നീട് തികച്ചും പ്രണയാതുരനായ ഒരു കാമുകൻ മാത്രമായി ഞാൻ... ഒരിക്കലും നീ അതറിഞ്ഞില്ല . നിനക്കോർമ്മ കാണും നിന്നോടടുക്കാൻ ശ്രമിച്ച കൂട്ടുകാരെ  ഞാൻ വെറുത്തു ..പ്രഭേ  നീ സ്നേഹിച്ച നിന്നെ സ്നേഹിച്ച രഞ്ജിത്ത് അരവിന്ദിനെ  നിന്നിൽ നിന്നകറ്റാൻ  ഒരുപാട്  കഷ്ട്ടപെടേണ്ടി വന്നു..... അവൻ എനിക്ക് മാത്രം അവകാശപെട്ട പ്രഭേ എന്ന വിളി  ആവർത്തിക്കുമ്പോൾ ഉള്ളിൽ തീ കത്തി.. അവനെ വെണ്ണീർ ആക്കാൻ കൊതിച്ചു തീജ്വാലകൾ ആളികത്തി..........
ചിലപ്പോഴൊക്കെ എന്റെ നിയന്ത്രണം  നിന്നിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.... പ്രഭേ  ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത്  എപ്പോഴാണെന്നറിയാമോ?നിന്റെ അശോകതെച്ചിപോലുള്ള പാദങ്ങളിൽ മൈലാഞ്ചി ഇട്ടുതരുമ്പോൾ,ചിലങ്ക കെട്ടി തരുമ്പോൾ  പ്രണയംഹൃദയത്തിൽ നിന്നും കരങ്ങളിലേക്കൊഴുകി  നിന്റെവിരലുകളിൽ  മുദ്രകൾ വരക്കുമ്പോൾ,ഉരുവിടാൻ മടിച്ച വാക്കുകളെ ചായക്കൂട്ടുകൾ ചേർത്തു കൈവെള്ളയിൽ ചിത്രങ്ങളിൽ മെനയുമ്പോൾ എന്നിലെ കാമുക ഹൃദയം പ്രേമം കൊണ്ടു തുടിച്ചു....... പതിനെട്ടുകഴിഞ്ഞപ്പോൾ എനിലെ സ്ത്രീ മുഴുവനായി മാഞ്ഞു കഴിഞ്ഞിരുന്നു... അനുരാഗത്തിന്റെ പ്രതി രോധിക്കാനാവാത്ത ചോദനകൾ എന്നിൽ ഉണ്ടാക്കിയ വിമ്മിഷ്ടം നിന്നിൽ നിന്നും ഒളിപ്പിക്കുക  ശ്രമകരമായിരുന്നു... നിനക്കെഴുതിയ കത്തുകൾ   നിന്നെ കൊണ്ടു തന്നെ വായിപ്പിച്ചു കേൾക്കുമ്പോൾ അനുഭവിച്ചിരുന്ന ആനന്ദം... പ്രണയത്തിന്റെ ഏറ്റവും പരമപദമേറി എഴുതിയ കത്ത്,അതുണ്ടാക്കിയ പ്രശ്നങ്ങൾ.ജീവനുള്ള വരികളിൽനിന്നെ തളച്ചിട്ട  ലിഖിതം  . "നോക്കുകയായിരുന്നു നിന്നെ ഞാൻ ..ദൈവമേ , എനിക്ക് നിന്നെ കാണാൻ  കഴിയുന്നില്ലല്ലോ..നിന്റെ നെറ്റിയിൽ എന്റെ പൊട്ട്.  തിലകചാന്തിൽ തുടിക്കുന്നത് അഭിനിവേശത്തിന്റെഅലരിപ്പൂ ചുവപ്പ് ...കണ്ണുകൾ കണ്ണാടികൾ, പ്രഭാതങ്ങളിൽ   രാഗ സൂര്യനും പ്രദോഷങ്ങളിൽ മോഹ ചന്ദ്രനും മാത്രം പ്രതിഫലിക്കുന്ന പ്രണയ ദർപ്പണങ്ങൾ..അധരങ്ങളിൽ മധുരം പാകം ചെയ്തു സൂക്ഷിച്ച പാനഭാജനങ്ങൾ,മുടിയിഴകൾ വാരിപുണരാൻ നീണ്ടു വരുന്ന സ്വർണനാഗങ്ങൾ,കുങ്കുമ ചുവപ്പ് തെളിയുന്ന കഴുത്ത്, അശോകതെച്ചി വി ടരുന്നപാദങ്ങൾ,എന്നിൽ നീ പരകായ പ്രവേശം ചെയ്തതെങ്ങിനെ?അപ്പോൾ നീ   നിന്നെ  എവിടെ ഒളിപ്പിച്ചു?... പ്രഭേ  ഈ കത്ത്  നിന്നിൽ സൃഷ്ടിച്ച  വികാരഭേദങ്ങൾ .രഞ്ജിത്തിന്റെ സ്വാധീനം എത്രത്തോളമെന്നു അന്ന് മനസ്സിലാക്കി.. എന്റെ അക്ഷരങ്ങളിൽ  അവനെ കണ്ടു മതിമറന്നു പോയ നിന്റെ മുഖം  ഒരിക്കലും മറക്കുകയില്ല..... വിദഗ്ദ്ധ നായ ചെസ്സ് ചാമ്പ്യൻ എന്നിൽ ഉണർന്നു..കരു നീക്കങ്ങൾ  രഹസ്യമായിരുന്നു... കളിക്കളം വിട്ടു രഞ്ജിത്ത് മടങ്ങുന്നത് വരെ എന്റെ കണ്ണും മനസ്സും വിശ്രമിച്ചില്ല.... അവൻപോയ ദിവസം   നിറഞ്ഞൊഴുകിയ  കണ്ണീർ തുടച്ച് തേങ്ങി നിന്ന നിന്നോട് സഹതാപം തോന്നി.. അതിലും എത്രയോ മേലെയായിരുന്നു പ്രഭേ  നിന്നോടുള്ള തീവ്രനുരാഗം..... പക്ഷെ എന്റെ ചുവടുകൾ പിഴച്ചു പോയത് നിന്റെ വിവാഹം   മുടക്കുന്നതിലായിരുന്നു... എന്തുകൊണ്ടാണെന്നറിയില്ല  പ്രകാശിൽ എന്റെ എതിരാളിയെ കണ്ടു ..ആദ്യമായി കണ്ട ദിവസം തന്നെ എല്ലാവരും ആഗ്രഹിച്ചപോലെ അയാളാവും  നിന്റെ വരൻ എന്ന് മനസ്സ് പറഞ്ഞു... മാത്രമല്ല പ്രകാശ് എന്നിലെ എന്നെ തിരിച്ചറിഞ്ഞെന്നു ചില സംസാരങ്ങൾ സൂചിപ്പിച്ചു.ഭയന്നു പോയി.അയാളെ ഇഷ്ട്ടപെട്ടില്ലെന്നു പലകുറി പറഞ്ഞിട്ടും നീ ചെവികൊണ്ടില്ല.. നിന്റെ വിവാഹം ദിവസം മരിച്ചുകളഞ്ഞാലോ എന്നുപോലും ചിന്തിച്ച ദിവസം . അമ്മയെ ഓർത്തു പിന്മാറി... കഴിഞ്ഞ ആറു മാസങ്ങൾ  നീ പോയശേഷമുള്ള രാപകലുകൾ ഒരു തീരുമാനത്തിലെത്താൻ ഉള്ള ഇടവേളയായിരുന്നു.... സ്ത്രീയുടെ  ഉടലും   പുരുഷന്റെ  ഉയിരുമുള്ളവൾ ജീവിക്കുക  ഉമിത്തിയിൽ ഇറങ്ങി നിൽക്കുന്നതുപോലെ  നീറി നീറി വെന്തുരുകിയാണ്.. ഈ ഭാരം ഇറക്കിവെക്കുന്നതിനു മുൻപ് നിന്റെ കൂടെ കുറച്ചു ദിവസം  കഴിയണമായിരുന്നു.. അതിനാണ് വരാനെഴുതിയത്..  ഗർഭിണിയായ നിന്നെ പ്രകാശ് വിടുമോയെന്ന സംശയവുമുണ്ടായിരുന്നു... പക്ഷെ നീ വന്നു.. രണ്ടാഴ്ച   ഹിര ൺ മയി  തടവിലാക്കപ്പെട്ടു.. പുറത്തുവന്ന   ഹിര ണ്യന്റെ ദിവസങ്ങൾ....എല്ലാം പറയണമെന്ന് മോഹിച്ചിട്ടും എന്തോ ഒരാശങ്ക വിലക്കി... പക്ഷെ നീ വേറൊരാളായി കഴിഞ്ഞിരുന്നു.. പ്രഭയിൽ  പ്രകാശ് മാത്രം നിറഞ്ഞു നിൽക്കുന്നു..എന്റെ  നഷ്ടം എന്നെന്നേക്കുമാണെന്ന് തിരിച്ചറിഞ്ഞു...എന്റെ സാമിപ്യത്തെക്കാൾ പ്രകാശിന്റെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലായി   ..പ്രഭയിൽ   പ്രകാശിനെ മാത്രമേ കാണാനായുള്ളു . അർദ്ധ നാരിശ്വര  സങ്കല്പം   ശിവനും ശക്തിയും ചേർന്നതാണ്.. ദൈവങ്ങൾക്ക് മാത്രംഅനുവദനീയം . മനുഷ്യനിൽ അംഗീകരിക്കാനാവാത്ത മഹാപരാധം. എന്റെ തെറ്റല്ല  ഒന്നും .ഈശ്വരന്റെ കുറ്റം..ഒരു  ശരീരത്തിൽ  രണ്ടു സ്വത്വം ചേർത്ത   ഈശ്വരന്റെ കുറ്റം..ഇതു ചോദിക്കാനാണ് ഞാൻ പോകുന്നത് പ്രഭേ ............കണ്ണുകൾ അടയുന്നു,സൗരയൂഥങ്ങളിൽ ചിതറി തെറിക്കുന്ന സൂര്യ ചന്ദ്രന്മാർ,,ആകാശം  കറുത്ത കമ്പിളിയുമായി  താഴ്ന്നു വരുന്നു ..കാറ്റിന്റെ ചൂളംവിളിയിൽ തലച്ചോറ്  മരവിക്കുന്നു  .അമ്മേ., എന്റെ അമ്മേ എന്റെ പാവം പാവം അമ്മേ...."...,..................എന്റെഹീര  . അവൾ എന്തിന് ഇതു ചെയ്തു.. ചോദ്യത്തിനുള്ള ഉത്തരംകിട്ടി. ജീവിതം  മുഴുവൻ  വേട്ടയാടുന്ന  ചോദ്യം.. അവളുടെ മരണമാകുന്ന   ഉത്തരം.... തോരാത്ത  മഴ വാളും പരിചയുമായി യുദ്ധം ചെയ്യുന്ന വീരവനിതയെ പോലെ തകർത്തു പെയ്യുന്നു...കണ്ണുനീരായി ഒഴുക്കി ഈ വേദന അവസാനിപ്പിച്ചു കളയാൻ  കഴിഞ്ഞിരുന്നെങ്കിൽ..
ബൃഹന്ദളം (കഥ: ഗീത നെന്മിനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക