Image

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

(സലിം : ഫോമാ ന്യൂസ് ടീം ) Published on 25 March, 2021
ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

മലയാളി  വ്യവസായികളെ  വാണിജ്യ വ്യാപാര വിഷയങ്ങളിൽ സഹായിക്കുന്നതിനും , വ്യവസായ രൂപീകരണ നടത്തിപ്പിനും മറ്റും  നിയമോപദേശങ്ങൾ  നൽകുന്നതിനും, മലയാളികളിൽ   വ്യവസായ താല്പര്യം  വളർത്തുന്നതിനും   ഫോമാ രൂപം നൽകിയ ബിസിനസ് ഫോറാത്തിന്റെ മേഖല സമിതികളുടെ പ്രവർത്തനങ്ങൾക്ക് മാർച്ച് 27 ശനിയാഴ്ച രാവിലെ ഈസ്റ്റേൺ സമയം 11 മണിക്ക് തിരശ്ശീല ഉയരും. 


ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ,നിക്ഷേപകകർക്കിടയിൽ കുറഞ്ഞ കാലം കൊണ്ട്  ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക സ്ഥാപനമായി മാറിയ  മണപ്പുറം ഫിനാൻസിന്റെ  മേധാവിയും, ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ബുദ്ധികേന്ദ്രവുമായ ശ്രീ വി. .പി.നന്ദകുമാർ, ഏഷ്യൻ -അമേരിക്കൻ രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന സമുദ്രോല്പന്ന കയറ്റുമതി രംഗത്തെ നിരവധി സ്ഥാപനങ്ങളുടെയും ചോയ്സ് സ്കൂളിന്റെയും തലവനായ ശ്രീ ജോസ്  തോമസ്,  ബാംഗ്ലൂർ കേന്ദ്രമായുള്ള പ്രമുഖ ജോൺ ഡിസ്റ്റിലെറീസിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറുമായ പോൾ ജോൺ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ആശംസകൾ അർപ്പിക്കും. 


നികുതി സംബന്ധമായ നിയമ വശങ്ങൾ, വ്യാപാര രൂപീകരണത്തിന്റെ നടപടി ക്രമങ്ങൾ, ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്കുള്ള നിയമ നടപടിക്രമങ്ങളും, അനുബന്ധ വിഷയങ്ങളും തുടങ്ങി നിരവധി മേഖലകളിൽ വ്യാപാര വാണിജ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളെ സഹായിക്കുക, വ്യവസായ-വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒരു അന്തർദ്ദേശീയ കൂട്ടായ്മ, വിവിധ മേഖലകളിൽ വ്യാപരിക്കുന്ന വ്യവസായികളെയും പ്രൊഫഷണലുകളെയും  ഒരേവേദിയിൽ എത്തിക്കുന്നതിനും പരസ്പര സഹായത്തോടെ യോചിച്ചു പ്രവർത്തിക്കാൻ മലയാളികളുടെ ഒരു വ്യാപാര സമൂഹം കെട്ടിപ്പെടുക്കുക, പരസ്പരം അറിയേണ്ട വ്യാപാര-വാണിജ്യ സംബന്ധ വിഷയങ്ങളിൽ ഉപദേശങ്ങൾ നൽകുക, സർവോപരി മലയാളി വ്യവസായികളെ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫോമയുടെ ബിസിനസ് ഫോറം രൂപീകൃതമായത്. 


മേഖലാ സമിതികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ, പ്രാദേശികമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വാണിജ്യ-വ്യവസായ രംഗത്തുള്ളവർക്കും, പുതുതായി വ്യവസായം ആരംഭിക്കുന്നവർക്കും, കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കഴിയും. 


ടിജോ ജോസഫ്- ന്യൂ ഇംഗ്ളണ്ട് റീജിയൻ, ജോസ് വർഗീസ്- ന്യൂയോർക്ക് മെട്രോ റീജിയൻ, പി.ടി.തോമസ്- എമ്പയർ റീജിയൻ, ജെയിംസ് ജോർജ്- മിഡ്- അറ്റ്ലാന്റിക് റീജിയൻ, ജോജോ ആലപ്പാട്ട്- ക്യാപിറ്റൽ റീജിയൻ, ഡോക്ടർ. ബിജോയ് ജോൺ- സൗത്ത് ഈസ്റ്റ് റീജിയൻ, ജോസ് ഫിലിപ്പ്-സൺഷൈൻ റീജിയൻ, പ്രിമുസ് ജോൺ കേളന്തറ-ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്,-സെൻട്രൽ റീജിയൻ, ലോസൺ ബിജു തോമസ്- സതേൺ റീജിയൻ, ബിനോയ് മാത്യു വെസ്റ്റേൺ റീജിയൻ,  ജിയോ ജോസ്-അറ്റ്-ലാർജ് റീജിയൻ എന്നിവരാണ് മേഖല ബിസിനസ്സ് ഫോറത്തിന് നേതൃത്വം കൊടുക്കുന്നത്. 


ചടങ്ങിൽ  എല്ലാ മലയാളികളും, വ്യവസായികളും, വ്യവസായ തല്പരരായവരും, സൂം മീറ്റിംഗ്‌ : 985  035  372 53  എന്ന ലിങ്കിലൂടെ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്‌ഥിച്ചു.

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക