Image

കെ എച് എന്‍ എ അരിസോണ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 2023 ല്‍ ഹ്യൂസ്റ്റനില്‍

അനില്‍ ആറന്മുള Published on 13 March, 2021
കെ എച് എന്‍ എ അരിസോണ കണ്‍വന്‍ഷന്‍   ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 2023 ല്‍ ഹ്യൂസ്റ്റനില്‍
ഹ്യൂസ്റ്റണ്‍: കെ എച് എന്‍ എ അരിസോണ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ ഫിനിക്‌സില്‍ പൂര്‍ത്തിയായതായി പ്രസിഡണ്ട് ഡോ. സതീഷ് അമ്പാടി പ്രസ്താവിച്ചു. കെ എച് എന്‍ എ ടെക്‌സസ് റീജിയന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. റീജിയണല്‍ വൈസ്‌പ്രെസിഡെന്റ് സോമരാജന്‍ നായര്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫ്രന്‍സില്‍ കെ എച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റീ ബോര്‍ഡ് ഭാരവാഹികള്‍ കൂടാതെ ഹ്യൂസ്റ്റണ്‍ ഡാളസ് ഒക്കലഹോമ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുത്തു. 

2021 ഡിസംബര്‍ 30, 31 ജനുവരി ഒന്ന്, രണ്ട്   തീയതികളില്‍ ആരിസോണയിലെ ഫിനിക്‌സില്‍ നടക്കുന്ന കണ്‍വെന്‍ഷനായി  പഞ്ചനക്ഷത്ര റിസോര്‍ട് ആണ് വേദിയാകുന്നത്. അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുടുംബങ്ങള്‍ക്ക് നവ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കാനായി നടന്‍ കലകളുടെ ഒരു മേള തന്നെ ഒരുക്കുകയാണ് സതീഷ് അമ്പാടിയും സഹപ്രവര്‍ത്തകരും. പൂര നഗരിയെ പുന:സൃഷ്ടിക്കാന്‍ എത്തുന്ന മട്ടന്നൂരും സംഘവും ഭക്ഷണശാലയില്‍ രുചിക്കൂട്ടുകള്‍ വാരിവിതറാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. പോരെ പൂരം.

എന്തായാലും കെ എച് എന്‍ എകണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഫിനിക്‌സ് നല്‍കുന്ന അനുഭവം വ്യതിരിക്തമാവും എന്നതിന് സംശയം ഇല്ല. ഒപ്പം നേറ്റീവ് ഇന്ത്യന്‍ ഗ്രാമാന്തരങ്ങളിലൂടെ ഗ്രാന്‍ഡ് കാന്യനിലേക്കു ഒരു യാത്രയും. അതുകഴിഞ്ഞു ലാസ്വേഗാസിലെത്തി തളര്‍ച്ച മാറ്റി പുതുവത്സരാഘോഷവും കഴിഞ്ഞു മടക്കയാത്ര. ഇടയില്‍ സംഗീത നൃത്ത മത്സരങ്ങളും സത്സംഗങ്ങളും പതിവ് പോലെ. 

കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ട്രെഷറര്‍ ഡോ. ഗോപാലന്‍ നായര്‍ പറഞ്ഞു. സെകട്ടറി ഡോ. സുധിര്‍ പ്രയാഗ, രാജീവ് ഭാസ്‌കരന്‍, ടി എന്‍ നായര്‍,  ശ്രീമതി ഗിരിജ രാഘവന്‍, കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ സുധിര്‍ കൈതവന എന്നിവര്‍ സംസാരിച്ചു. 

2023 ലെ കണ്‍വന്‍ഷന്‍ ശ്രി സോമരാജന്‍ നായരുടെ നേതൃത്വത്തില്‍ ഹ്യൂസ്റ്റനില്‍ നടത്താനും ടെക്‌സസ് റീജിയന്‍ ഏകകണ്ഠമായി തീരുമാനിച്ചു. നിരവധി തവണ കേരളം ഹിന്ദു സൊസൈറ്റി, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള സോമരാജ്ന്‍ നായര്‍ കെ എച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് അംഗം, ഡയറക്ടര്‍ ബോര്‍ഡ് അംഗം,  2003 ലെ ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ എച് എന്‍ എ അരിസോണ കണ്‍വന്‍ഷന്‍   ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 2023 ല്‍ ഹ്യൂസ്റ്റനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക