ന്യു യോർക്ക്: നിയമനടപടിയുമായി മുന്നോട്ടു പോകുന്നതിന്റെ ആദ്യഘട്ടമായി ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ പ്രസിഡന്റ് അനിയൻ ജോർജിനും സെക്രട്ടറി ടി. ഉണ്ണികൃഷ്ണനും വക്കീൽ നോട്ടീസ് അയച്ചു. മൻഹാട്ടനിലുള്ള അറ്റോർണി മോഷേ സി. മിർസ്ഖി ആണ് 'സീസ് ആൻഡ് ഡെസിസ്റ്' നോട്ടീസ് അയച്ചിരിക്കുന്നത്.
ഫോമായുടെ പേര് ദുരുപയോഗം ചെയ്തു എന്ന അവാസ്തവമായ പ്രചാരണം സംബന്ധിച്ചും അത് പോലെ കൃത്യമല്ലാത്തതും രഹസ്യവുമായ ആഭ്യന്തര സന്ദേശം ഫോമായുടെ ചട്ടം ലംഘിച്ച് മീഡിയക്ക് നൽകുകയും ചെയ്തതും സംബന്ധിച്ചാണ് ഈ നോട്ടീസ് എന്ന കത്തിൽ പറയുന്നു.
ഫെബ്രുവരി 22, 23 തീയതികളിൽ ഈ സന്ദേശം പല മലയാളം ഡിജിറ്റൽ മീഡിയകളിലും വന്നു. അതോടൊപ്പം ജോസ് എബ്രഹാമിന് നൽകിയ കോൺഫിഡൻഷ്യൽ കത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. അന്വേക്ഷണവിധേയമായി ഫോമായുടെ എല്ലാ സ്ഥാനങ്ങൽ നിന്നും സസ്പെൻഡ് ചെയ്യുന്നു എന്നതായിരുന്നു കത്തിൽ. ഇത് എന്റെ കക്ഷിയുടെ സ്വകാര്യതയുടെ ലംഘനമാണ്.
കഴിഞ്ഞ 12 വർഷമായി ഫോമയെ അത്യന്തം ബഹുമാനത്തോടും മാന്യതയോടും കൂടി ജോസ് എബ്രഹാം സേവിക്കുന്നു. ജോസ് എബ്രഹാമിന്റെ സാമൂഹിക സൽപേര് ഹനിക്കുന്നതിനും പൊതുമാധ്യമത്തിലൂടെ കുറ്റകരമായ അപവാദപ്രചാരണവും ആണ് നടത്തിയത്. ഇത് മൂലം ജോസ് എബ്രഹാമിന്റെ സൽപ്പേരിനു ഗുരുതരവും പരിഹരിക്കാൻ പറ്റാത്തതുമായ ക്ഷതമുണ്ടായി. നിങ്ങളുടെ സംഘടനാ നേതാക്കൾ നടത്തിയ പ്രസ്താവനകൾ നിയമ സംരക്ഷണമുള്ളതല്ലെന്നു മാത്രമല്ല അപവാദവും മാനനഷടം ഉണ്ടാക്കുന്നതുമാണ് . മറ്റൊരാളെപ്പറ്റി അപവാദം പറയുന്നതും പ്രസിദ്ധീകരിക്കുന്നതും നിയം നടപടി എടുക്കാവുന്ന കാര്യമാണ്. ഇതിനു പുറമെ 501 സി പ്രകാരം നോൺ പ്രോഫിറ്റ് സ്റ്റാറ്റസുള്ള ഫോമായുടെ ഈ നടപടി ഐ.ആർ.എസിനെ വേണ്ടി വന്നാൽ അറിയിക്കുകയും അത് വഴി നോൺ പ്രോഫിട്ട സ്റ്റാറ്റസ് നഷ്ടപ്പെടുകയും ചെയ്തേക്കാം.
ഈ നടപടികൾ മൂലം തനിക്കുണ്ടായ നഷ്ടം കണക്കിലെടുക്കുന്നതിനിടയിൽ ജോസ് എബ്രഹാമിനെപ്പറ്റിയോ ബിസിനസിനെപ്പറ്റിയോ കൂടുതൽ അപവാദമോ പചാരണമോ നടത്തരുതെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു. അത് പോലെ ഇത് സംബന്ധിച്ച സംഘടനയുടെ സോഷ്യൽ മീഡിയയിലുള്ള പോസ്റ്റുകൾ നീക്കം ചെയ്യണം. മാധ്യമങ്ങളിലുള്ള ആക്ഷേപകരമായ പ്രസ്താവനകൾ നീക്കം ചെയാൻ മാധ്യമങ്ങളോട് ആവശ്യപ്പെടണം. കൂടാതെ പരസ്യമായ ക്ഷമാപണവും നടത്തണം.
തന്റെ പേരിനുണ്ടായ കളങ്കം ഗൗരവപൂർവം കണക്കിലെടുക്കുന്നുവെങ്കിലും ഈ പ്രശ്നം കോടതിക്ക് പുറത്തു പരിഹരിക്കാനാവുമെന്ന് ജോസ് എബ്രഹാം കരുതുന്നു.
അതിനു താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുമെന്ന് ഫോമാ എഴുതി അറിയിക്കണം. അഞ്ച് ദിവസത്തിനുള്ളിൽ ജോസ് എബ്രഹാമിന് എതിരായ കാര്യങ്ങൾ ഫോമയുടെ സോഷ്യൽ മീഡിയയിൽ നിന്ന് നിന്നു നീക്കുക. ഫോമായുടെ പേരും മറ്റും ദുരുപയോഗം ചെയ്തുവെന്ന പ്രചാരണം മറ്റു മാധ്യമങ്ങളിൽ നിന്നും നീക്കുക. അത് പോലെ ജോസ് എബ്രഹാമിന്റെ സ്വകാര്യത ലംഘിച്ചതിനും ഫോമാ നിയമാവലി ലംഘിച്ചതിനും എഴുതി തയ്യാറാക്കിയ ക്ഷമാപണം നൽകുക.
മാർച്ച് വെള്ളിയാഴ്ച 5 മണിക്കകം ഈ കാര്യങ്ങൾ അനുസരിക്കാമെന്നറിയിക്കുന്ന മറുപടി തനിക്കു ലഭിക്കണമെന്ന് അറ്റോർണിയുടെ കത്തിൽ പറയുന്നു. ഫോമാ മറുപടി നല്കാതിരിക്കുകയോ പ്രചാരണം തുടരുകയോ ചെയ്താൽ നിങ്ങൾക്കെതിരെയും മറ്റു എക്സിക്യുട്ടിവിനെതിരെയും നഷ്ടപരിഹാരത്തിനും കോടതിച്ചെലവിനും മറ്റുമായി നിയമനടപടികൾ തുടരുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഫിലിപ് ചെറിയാൻ
2021-03-02 20:02:56
ഫോമയിൽ ഉണ്ടായ നടപടികളുമായി ബന്ധപെട്ടു മുതിർന്ന നേതാക്കളുമായി സംസാരിച്ചു. പലരും പല അഭിപ്രായങ്ങൾ പറഞ്ഞതിൽ നിന്നും ഞാൻ ഈ കുറിപ്പെഴുതുന്നു. എന്റെ പേർസണൽ അഭിപ്രായം മാത്രം. ഫോമയുടെ മുൻ സെക്രട്ടറി ജോസ് എബ്രഹാമിനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വന്ന വാർത്തകൾ നാം കേട്ടു. അത് കത്തിപ്പടർന് കേരളത്തിലെ ഒരു വലിയ വാർത്തയായും നാം കണ്ടു. കേരള രാഷ്രീയത്തിൽ പോലും ചലനങ്ങൾ ശ്രടിച്ചു. മാധ്യമങ്ങളിലെ പോലും വലിയ വാർത്തയായി അത് മാറി. ഏഷ്യനെറ്റ് പോലുള്ള വലിയ ചാനലിൽ പോലും വലിയ തരംഗമായി മാറി. ഇവിടെ എന്റെ ചോദ്യും ജോസ് അത്രയും വലിയ ഒരു കുറ്റം ചെയ്തുവോ? ജോസ് സെക്രട്ടറി ആയിരുന്നപ്പോളും, സ്ഥാനം കഴിഞ്ഞപ്പോളും ചിലരുടെ ഒക്കെ ദൃഷ്ടിയിൽ അദ്ദേഹം ഒരു കരട് തന്നെ. ആരുടെയും ഇഷ്ടത്തിനോ പ്രലോഭങ്ങൾക്കൊക്കോ, സ്ഥാനത്തിരിക്കുമ്പോൾ തന്നെ, വഴങ്ങുന്ന വ്യക്തി അല്ലെന്നു അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അതെന്നെകാൾ അതിൽ ഏർപ്പെട്ടിട്ടുള്ള ഏവർക്കും വ്യക്തം. ന്യൂ യോർക്ക് എംപിയെർ റീജിയനിൽ ചില പുതിയ അസോസിയേഷനുമായി അല്ലെങ്കിൽ അതിനുള്ള രെജിസ്റ്റേഷനുമായുണ്ടായ ചില വിഷയങ്ങളിൽ ഒന്ന് മാത്രം. ജോസ് എബ്രഹാം എന്നും അഭിമാനിക്കാവുന്ന ഫോമയുടെ സെക്രട്ടറി തന്നെ. ഇന്ന് അദ്ദേഹം ഒരു കുറ്റവാളിയെ പോലെ മറ്റുള്ളവർ ചിന്തിക്കാം. അത് ശരിയാണോ? സംരംഭം വിജയിച്ചു എങ്കിൽ ജോസ് ഫോമയുടെ സെക്രട്ടറി എന്ന് പറഞ്ഞു ഈ തള്ളി പറഞ്ഞവർ തന്നെ, അദ്ദേഹത്തെ തോളിൽ ഏറ്റി കൊണ്ട് വരുന്നതെ നാം കണ്ടേനേം. കേരളത്തിൽ പോലും അതൊരു വലിയ പ്രൊജക്റ്റ് തന്നെ. അവിടെ മത്സ്യ തൊഴിലാളികൾക്കുണ്ടാകുന്ന ഗുണ ദോഷ വശങ്ങളെ പറ്റി സംസാരിച്ചിട്ട് ഇനി എന്ത് കാര്യം. ജോസിന്റെ ചോദ്യും, അദ്ദേഹം ഫോമയുടെ ലോഗോ ഉപയോഗിച്ചോ, ലെറ്റർ പാഡ് ഉപയോഗിച്ചോ, സീൽ ഉപയോഗിച്ചോ, ഫോമയുടെ പേരിൽ പണപിരിയോ അല്ലെങ്കിൽ ഇൻവെസ്റ്മെന്റോ നടത്തിയോ, ആർകെങ്കിലും പണം ഫോമയുടെ നഷ്ടമായോ, ഇല്ല. ആർക്കു വേണക്കെങ്കിലും ബിസിനസ് തുടങ്ങാം. അത് ഫോമയുടെ സ്ഥാനം വഹിക്കുന്നത് ആയിക്കൂടെന്നില്ല. ജോസിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞത് പ്രഫൈലിൽ അദ്ദേഹം ഫോമാ സെക്രട്ടറി എന്നെഴുതിയിരുന്നു. ഫോമാ സെക്രട്ടറി ആയിരുന്നില്ലേ? അല്ലെന്നെഴുതണമായിരുന്നോ? ഇതിനു മുൻപും എക്സിക്യൂട്ടീവ് സ്ഥാനം വഹിച്ചിട്ടുള്ള പലരും പല വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ക്യാപിറ്റോൾ വരെ എത്തിയ പ്രശ്നങ്ങളും നാം കണ്ടു. അതൊക്കെ നാം പരിഹരിച്ചിട്ടില്ലേ? അതിനൊന്നും കൊടുക്കാത്ത വില, ഇവിടെ എന്തിനു? നാമൊരാൾക്കു ഒരു പ്രശ്നം വരുമ്പോൾ, ഒന്നിച്ചു നിൽക്ക അല്ലെ വേണ്ടത്? ചുറ്റും കൂടി ആക്രമിക്കുന്നത് നല്ല പ്രവർത്തി ആണോ? ജോസ് നിരപരാധി എന്ന് കാണുമ്പോൾ, അല്ലെങ്കിൽ അങ്ങനെ വന്നാൽ അദ്ദേഹത്തിനുണ്ടായ മാന നഷ്ടം നികത്താവുന്നതിനപ്പുറം. ഏഴു ലക്ഷം മലയാളികൾ, അമേരിക്കയിലുണ്ട്. അതിലൊരാൾ ഒരു ബിസിനസ് തുടങ്ങാൻ മുൻപോട്ടു വന്നു. കാലകേടിനു അദ്ദേഹം ഫോമയുടെ സെക്രട്ടറി ആയതു കൊണ്ട് മാത്രം ഈ കോലാഹലങ്ങൾ. ഫോമയിലുള്ള മറ്റു സുഹൃത്തുക്കളെ പോലെ എനിക്ക് ജോസും. ഫോമാ ഉൾപ്പെടാത്ത ഒരു കാര്യത്തിൽ, ഫോമാ എന്തിനു ജോസിനെതിരെ പ്രതികരിക്കണം. എത്രയും വേഗം, നിജ സ്ഥിതി മനസിലാക്കി, ഇതിനൊരു പരിഹാരം എത്രയും വേഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു.