Image

ക്ഷുഭിത യുവത്വത്തിന്റെ കഥയുമായി യുവം  നിറഞ്ഞോടുന്നു

അനിൽ ആറന്മുള  Published on 28 February, 2021
ക്ഷുഭിത യുവത്വത്തിന്റെ കഥയുമായി യുവം  നിറഞ്ഞോടുന്നു

ഹ്യൂസ്റ്റൺ: രാഷ്ട്രീയക്കാരും അവർ  നയിക്കുന്ന ഗവൺമെന്റുകളും സൃഷ്ടിക്കുന്ന അസമത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നിറവിൽ ശ്വാസം മുട്ടുന്ന യുവാക്കളുടെ പ്രതികരണത്തിന്റെ കഥ പറയുന്ന യുവം എന്ന മനോഹര ചിത്രം അമേരിക്കയിൽ വിജയകരമായി പ്രദർശനം തുടങ്ങി. 

അമേരിക്കയിൽ നാടക-സീരിയൽ രംഗത്തു പ്രശസ്തനായ ജോണി മക്കോറ നിർമമാണം നിർവഹിച്ച യുവം സംവിധാനം ചെയ്തത് പിങ്കു പീറ്റർ എന്ന നവാഗത സംവിധായകനാണ്. കഥയും തിരക്കഥയും അദ്ദേഹം തന്നെ. 
വിദ്യാഭ്യാസമോ ജോലിചെയ്യാനുള്ള മനസോ ഉള്ളതുകൊണ്ട് കേരളത്തിൽ ഒരുത്തനും ജീവിക്കാൻ കഴിയില്ല എന്ന സത്യം ഒരുമടിയുമില്ലാതെ മൂന്ന് യുവ വക്കീലന്മാരിൽ കൂടി പിങ്കു  പറഞ്ഞു വെക്കുന്നു. വസുധയുടെ വസ്ത്രമുരിയുന്ന രാഷ്ര്ടീയക്കാർക്കെതിരെ തിരിയുന്ന അവർ അന്തിമ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കുന്നു. അശക്തരായ  അസംതൃപ്തരായ  ജനത്തിന് അവസാന ആശ്രയം കോടതി ആണെന്ന് വിശ്വസിക്കുന്ന ഒരു ന്യായാധിപൻ കൂടി അവരോടൊപ്പം ചേരുമ്പോൾ ജനങ്ങളും സ്വാതന്ത്ര്യം ആസ്വദിക്കുന്നു.

ഇത് പറയാൻ സംവിധായകൻ കയ്യിലെടുത്ത് കേരളത്തിലെ വെള്ളാനയായ KSRTC ആണെന്നത് കൗതുകം ജനിപ്പിക്കുന്നു. KSRTC യിലെ അഴിമതി തുറന്നു കാട്ടുന്ന യുവം ആ സ്ഥാപനം എങ്ങനെ നഷ്ടത്തിലായി എന്ന് കൃത്യമായി പറയുന്നു. രക്ഷിക്കാൻ എന്ത് ചെയ്യണമെന്നും. പക്ഷെ രാഷ്ട്രീയക്കാരും യൂണിയനും ആ സ്ഥാപനം രക്ഷപെടരുത് എന്നും. അഹങ്കാരികളായി ജോലിചെയ്യുന്നവർ റിട്ടയർ ചെയ്യുമ്പോൾ ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയിൽ അഭയം തേടുന്നു. 

വർത്തമാനകാല കേരളത്തിന്റെ ഭീകര മുഖം ഈ ചിത്രം വരച്ചു കാട്ടുന്നു. ഇവിടെ എന്തിനും "നമുക്കെന്തു ചെയ്യാനാ" "ഇതൊരിക്കലും നടക്കില്ല" എന്ന് പറയുന്ന യുവത്വത്തോട് സംവിധായകൻ പറയുന്നു "എങ്ങനെങ്കിലും അമേരിക്കയിലോ യുറോപ്പിലോ പോടാ  എന്നിട്ടു ഫേസ്ബുക്കിലും വാട്സാപ്പിലും ഇവിടെ ഇങ്ങനാ എന്ന് എഴുതി പരിതപിക്ക്. പക്ഷെ ഒരുത്തൻ മുണ്ടു മടക്കി കുത്തി ഇത് ഞാൻ നടത്തി കാണിക്കും എന്ന് ശപഥം ചെയ്താൽ അത് നടന്നിരിക്കും. ഓർത്തോ. അതാ കേരളം". പക്ഷെ അങ്ങനെ ഇറങ്ങാൻ ഒരാളുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം. എറണാകുളത്തെ 2020 എന്ന സംഘടന പോലെ. 

ജനാധിപത്യം എന്നത് അസംഘടിതരായ ജനത്തിനുമേൽ രാഷ്ട്രീയക്കാർ എന്ന ഒരുകൂട്ടർ അടിച്ചേൽപ്പിക്കുന്ന ആധിപത്യമാണെന്നും ചെറുപ്പക്കാർ ഉണർന്നാലേ ഇനിയൊരു ഈ മോചനം ഉണ്ടാവു എന്നും ഈ ചിത്രം നമ്മെ ഓർമപ്പെടുത്തുന്നു.  ഈചിത്രത്തിലൂടെ മലയാള സിനിമക്ക് നിവിൻ പോളിയെപ്പോലെ ഉണ്ണി മുകുന്ദനെ പോലെ ഒരു ക്ഷോഭിക്കുന്ന അമിത് എന്ന ഒരു നായകനെ സമ്മാനിക്കുന്നു. നായകനും നായികയും പുതുമുഖങ്ങളാണെങ്കിലും നെടുമുടി വേണു, സായി കുമാർ, ഇന്ദ്രൻസ് , കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി തുടങ്ങി ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 

ആദ്യ സംരംഭം തന്നെ ഇങ്ങനെ വിജയിച്ചതിൽ അമേരിക്കൻ മലയാളി കലാകാരൻ ജോണി മക്കോറക്കും അഭിമാനിക്കാം 

ക്ഷുഭിത യുവത്വത്തിന്റെ കഥയുമായി യുവം  നിറഞ്ഞോടുന്നു
Join WhatsApp News
Ramadas 2021-02-28 22:49:33
ഒരു നല്ല theme and message ഉള്ള മൂവി ആണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക