Image

ഫോമാ വനിതാ ദേശീയ സമിതി:പുതിയ കമ്മറ്റി,പുത്തന്‍ പ്രതീക്ഷകള്‍

(ഫോമാ ന്യൂസ് ടീം ) Published on 09 January, 2021
ഫോമാ വനിതാ ദേശീയ സമിതി:പുതിയ കമ്മറ്റി,പുത്തന്‍ പ്രതീക്ഷകള്‍
ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം 2021 ജനുവരി -9 നു ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 നു തിരുവനന്തപുറം മേയര്‍ കുമാരി  ആര്യ രാജേന്ദ്രന്‍  നിര്‍വഹിക്കുന്നതോടെ, വരുംകാലയളവിലെ കര്‍മ്മപരിപാടികള്‍ക്ക്  തുടക്കം കുറിക്കും.

വനിതകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി വിവിധ കര്‍മ്മ പദ്ധതികള്‍ക്കാണ് സമിതി രൂപം കൊടുത്തിട്ടുള്ളത്. ആഗോളവത്കരണത്തിന്റെ പ്രതിഫലനമെന്നോണം, വികസിത-വികസ്വര രാഷ്ട്രങ്ങള്‍ പുരോഗമന-ജനാധിപത്യ വികസനത്തിന്റെ ഭാഗമെന്നോണം ജന്‍ഡര്‍ ബജറ്റിനെ കുറിച്ച്  ചര്‍ച്ച ചെയ്യുകയോ, ബഡ്ജറ്റില്‍ തുക വകയിരുത്തകയോ ചെയ്യുന്ന കാലത്തിലാണ് നാമിപ്പോള്‍.  സ്ത്രീകളുടെ സാമൂഹ്യ-സാംസ്‌കാരിക നവോത്ഥാന പ്രക്രിയക്ക് കൃത്യമായ, അനുയോജ്യമായ  ധനവിനിയോഗമാണ് ഇത്തരം വകയിരുത്തലുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കിലും, ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗര പിതാവും, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വൈസ് പ്രസിഡന്റും വനിതകള്‍ ആയി വാഴ്ത്തപ്പെട്ട കാലത്തിലാണ് നമ്മെളെന്നത് അഭിമാനകരമാണെങ്കിലും,  സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഈ കാലത്തും അവഗണിക്കാന്‍ കഴിയാത്തത്ര ഗൗരവമുള്ളതാണ് എന്ന്  തിരിച്ചറിഞ്ഞ്,  സ്ത്രീ ശാക്തീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായ ഫോമയുടെ വനിതാ വിഭാഗമെന്ന നിലയില്‍  ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക് മുന്‍കൈയെടുക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മറ്റിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.

മധ്യവയസ്‌കരായ  സ്ത്രീകള്‍ കുടുംബങ്ങളുടെയും കൊച്ചുമക്കളുടെയും ലോകത്തില്‍ മാത്രമായി ഒതുങ്ങിപ്പോവാതെ, വീട്ടമ്മവല്‍ക്കരണത്തിന്റെ സമവാക്യങ്ങളില്‍ നിന്നും വേര്‍പെടുത്തി, അവരെ കര്‍മനിരതരാക്കാനും, അവരുടെ ജീവിതത്തില്‍ ഊര്‍ജസ്വലതയുടെ വെളിച്ചം നിറച്ചു കൂടുതല്‍ സന്തോഷ പ്രദമാക്കാനും ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ വനിതാ സമിതി ലക്ഷ്യം വെക്കുന്നു.  

വിദ്യാഭാസം  ഒരു വ്യക്തിയുടെ സര്‍വ്വതോന്‍മുഖമായ വികാസത്തെയാണ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെ വികാസം മാത്രമല്ല വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രത്യുത സമൂഹത്തിന്റെ വികാസവും അത് ലക്ഷ്യം വെക്കുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസ മുന്നേറ്റമുള്ള രാഷ്ട്രങ്ങള്‍ പുരോഗതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈ യാഥാര്‍ഥ്യം മുന്നില്‍ കണ്ടാണ് വനിതാ സമിതി വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്.  

സാംസ്‌കാരിക രംഗങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വികസനങ്ങളുടെ വിധിനിര്‍ണ്ണയ  പ്രക്രിയയില്‍ വനിതകളും ഭാഗഭാക്കാകുക എന്നത് പരമപ്രധാനമാണ്. ആയതിനാല്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി അവരുടെ പ്രതിഭകളെ പരിപോഷിപ്പിക്കാനും ആശയ സംവാദത്തിനും, ചരിത്രത്തിന്റെ പട്ടുതൂവാലകളില്‍ അടയാളപ്പെടുത്തലുകള്‍ തീര്‍ക്കാനും കഴിയുന്ന കലാപരിപാടികളും, വേദികളും ഒരുക്കാന്‍ ഈ കമ്മറ്റി പ്രതിജ്ഞാബദ്ധമായിരിക്കും.  

ഝാന്‍സി റാണിയുടെയും, ഉമയമ്മ റാണിയുടെയും,, ഇളയിടത്തു തമ്പുരാട്ടിയുടെയും, എന്തിനു, സിരിമാവോ ഭണ്ടാരനായകെയുടെയും, ഇന്ദിരാഗാന്ധിയുടെയും, പിന്‍തലമുറയില്‍ പെട്ട വീരാംഗനകള്‍  കൊളോണിയലിസത്തിലെ അസമത്വങ്ങളോട് കലഹിച്ചുകൊണ്ടാണ് പുത്തന്‍ രാഷ്ട്രീയ-സാംസ്‌കാരിക  ചിന്താധാരകള്‍ക്ക് നേതൃത്വം നല്‍കിയത്. അവര്‍ ഈ നൂറ്റാണ്ടിലെ വനിതകള്‍ക്ക് ആവേശകരമായ സന്ദേശങ്ങള്‍ നല്‍കിയാണ് മണ്മറഞ്ഞത്. അവര്‍ നല്‍കിയ ഊര്‍ജ്ജവും, സാരോപദേശങ്ങളും ഉള്‍ക്കൊണ്ടു, പുരോഗതിയുടെ നവീന സംസ്‌കൃതിക്ക് ഉരകല്ലാകുക എന്നത് ചെറുതല്ലാത്ത സംഭാവനയാണെന്ന് വിശ്വസിക്കുന്നു. 

സമൂഹത്തിലും, കുടുംബത്തിലും ഒരു സ്ത്രീയുടെ മഹനീയതയുടെ അളവുകോല്‍ അവളുടെ സംഭാവനകളെക്കാള്‍ വിനിയോഗിക്കപ്പെടുന്ന സമയത്തെ അടിസ്ഥാനമാക്കിയാകുമ്പോഴാണ് അസാരസ്യങ്ങള്‍ രൂപപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ മഹനീയത ഉയര്‍ത്തിപ്പിടിച്ചും, സ്ത്രീകളുടെ സംഭാവനകളെ പരിഗണിച്ചും  ഊഷ്മളതയുടെ സമവാക്യങ്ങള്‍ എഴുതിചേര്‍ക്കുന്ന നിയമസഹായം നല്‍കുന്നതിനും ഈ  കമ്മറ്റി ഊന്നല്‍ നല്‍കുന്നു.  

സാമൂഹ്യമാറ്റത്തിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ലിങ്കായ : 963 0120 7650  ല്‍ ചേര്‍ന്ന്  എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നും, വരുംകാല പ്രവര്‍ത്തനങ്ങളില്‍ ഫോമയോടൊപ്പം കൈകോര്‍ത്ത്  വനിതാ ദേശീയ സമിതിയുടെ പ്രവര്‍ത്തന പങ്കാളികളാകാന്‍  വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫോമാ വനിതാ ദേശീയ സമിതി:പുതിയ കമ്മറ്റി,പുത്തന്‍ പ്രതീക്ഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക