Image

കോവിഡ് പോസിറ്റീവരില്‍ അസാധാരണ ലക്ഷണങ്ങള്‍

Published on 18 October, 2020
കോവിഡ് പോസിറ്റീവരില്‍ അസാധാരണ ലക്ഷണങ്ങള്‍
പാലക്കാട് : കോവിഡ് പോസിറ്റീവായ ചിലരില്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആരോഗ്യ വിദഗ്ധരെ കുഴക്കുന്നു. മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.  പാലക്കാട്ട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

അപൂര്‍വമായി മാത്രമേ ഇത്തരം ലക്ഷണങ്ങളോടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇവര്‍ക്കു മസ്തിഷ്ക ജ്വരത്തിനു മറ്റു കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചെത്തിയ വ്യക്തിക്കു ചികിത്സയ്ക്കിടെ കാലുകള്‍ തളര്‍ന്നതും പുതിയ ലക്ഷണമാണ്. ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.  പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. പനി, ജലദോഷം, തൊണ്ടവേദന, ഛര്‍ദി, ശ്വാസതടസ്സം, രുചിയും മണവും അനുഭവപ്പെടാതിരിക്കല്‍ തുടങ്ങിയവയാണു കോവിഡ് ലക്ഷണങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അസാധാരണ ലക്ഷണങ്ങളും കോവിഡ് ആയേക്കാമെന്ന സൂചനകളാണു പരിശോധനയില്‍ വ്യക്തമാകുന്നത്. ആരോഗ്യവകുപ്പ് ഇക്കാര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

കോവിഡ് ബാധിച്ച ചിലരില്‍ പക്ഷാഘാതത്തിന്റെയും ജ്വരത്തിന്റെയും സൂചനകള്‍ കണ്ടതായി നേരത്തെ, ജനിതക ശാസ്ത്രജ്ഞന്‍ ഡോ. ഷോബി വേളേരി വെളിപ്പെടുത്തിയിരുന്നു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ, ശാരീരിക അവശതകളുള്ള ചിലരില്‍ കോവിഡിനു ശേഷം രക്തവും തലച്ചോറും തമ്മിലുള്ള ബന്ധത്തില്‍ വ്യത്യാസം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

2017ലെ വൈദ്യശാസ്ത്ര നൊ ബേല്‍ ജേതാവായ ജെഫ്രി ഹാളിന്റെ ഗവേഷണ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണു ഡോ. ഷോബി. കോവിഡ് മനുഷ്യജീനുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചു ഗവേഷണം നടത്തുകയാണ് അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക