Image

ചൈനയുടെ നേസല്‍ സ്പ്രേ വാക്സീന്‍ നവംബറില്‍

Published on 15 September, 2020
ചൈനയുടെ നേസല്‍ സ്പ്രേ വാക്സീന്‍ നവംബറില്‍
കോവിഡ് പ്രതിരോധത്തിന് മൂക്കിലടിക്കുന്ന നേസല്‍ സ്പ്രേ വാക്സീന്‍ വികസിപ്പിക്കാനൊരുങ്ങി ചൈന. ചൈനയുടെ ആദ്യത്തെ നേസല്‍ സ്പ്രേ വാക്സീന്‍ നവംബറില്‍ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം ആരംഭിക്കും. 100 വോളന്റിയര്‍മാരിലാണ് ഇത് പരീക്ഷിക്കുക. ഇതാദ്യമായാണ് മൂക്കിലടിക്കുന്ന വാക്സീന്റെ പരീക്ഷണത്തിന് ചൈനയിലെ നാഷണല്‍ മെഡിക്കല്‍ പ്രോഡക്ട്സ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കുന്നത്.

ഹോങ്കോങ്ങും ചൈനയും തമ്മിലുള്ള സംയുക്ത വാക്സീന്‍ പരീക്ഷണ സംരംഭമാണിത് എന്ന പ്രത്യേകതയുമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങ്, ചൈനയിലെ സിയാമെന്‍ സര്‍വകലാശാല, ബീജിങ്ങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ നേസല്‍ സ്പ്രേ  വാക്സീന്‍ വികസിപ്പിക്കുന്നത്.

പരീക്ഷണം വിജയിച്ചാല്‍ കൊറോണ വൈറസ് മാത്രമല്ല എച്ച്1എന്‍1, എച്ച്3എന്‍2 തുടങ്ങിയ ഇന്‍ഫ്ളുവന്‍സ വൈറസുകളെയും മൂക്കില്‍ വച്ച് തന്നെ തടയാന്‍ ശരീരത്തിന് സാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ മൈക്രോ ബയോളജിസ്റ്റ് യുവന്‍ ക്വോക് യുങ്ങ് പറയുന്നു. നേസല്‍ സ്പ്രേ വാക്സീന്‍ മൂന്ന് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങല്‍ താണ്ടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.

പ്രതിരോധ കുത്തിവയ്പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേസല്‍ സ്പ്രേ വാക്സീന്‍ നല്‍കാനും വന്‍തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്ന് ചൈനയിലെ ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ സ്പ്രേ ആസ്മ, ശ്വാസം മുട്ടല്‍ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്ക് പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മൂക്കൊലിപ്പ് പോലുള്ള ചെറിയ പാര്‍ശ്വഫലങ്ങളേ ഇവയ്ക്കുണ്ടാവൂ എന്നാണ് ഇവിടുത്തെ ഗവേഷകരുടെ വിശ്വാസം. എന്നാല്‍ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന പ്രതിരോധ ശക്തിയുടെ കാലാവധിയേക്കാള്‍ ദൈര്‍ഘ്യമുണ്ടാകുമോ നേസല്‍ സ്പ്രേ  നല്‍കുന്ന പ്രതിരോധത്തിന് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക