Image

പ്രവാസിയുടെ തുടിപ്പുകള്‍ (ബെന്നി മാളിയേക്കല്‍)

ബെന്നി മാളിയേക്കല്‍ Published on 21 May, 2020
പ്രവാസിയുടെ തുടിപ്പുകള്‍ (ബെന്നി മാളിയേക്കല്‍)
അമ്മയില്‍ നിന്നും പിരിഞ്ഞ കുട്ടിയുടെ അവസ്ഥ, ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥ, സഹോദരങ്ങളില്‍ നിന്നും വേര്‍പെട്ട് ഒറ്റക്ക് ജീവിക്കുന്ന ഏകാന്തയുടെ വേദന, ഇതൊക്കെ കടിച്ചമര്‍ത്തി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവനാണ് ഒരു പ്രവാസി. അവന്റെ വീട്ടില്‍ ഒരു കര്‍മ്മം നടന്നാല്‍ അതില്‍ പങ്കുവഹിക്കുവാന്‍ കഴിയാതെ, കൊടും ചൂടത്തും, തണുപ്പത്തും കഠിനമായി അദ്ധ്വാനിക്കുമ്പോഴും, അവന്റെ ഉറ്റവര്‍ എന്നും ആനന്ദിക്കണം എന്ന ഒറ്റ വികാരമേ അവന്റെ മനസ്സിലുള്ളൂ. ഓണവും, വിഷുവും, ബക്രീദും, ഈദും, ഈസ്റ്ററും, ക്രിസ്തുമസ്സും, കൂടെപ്പിറപ്പുകളുടെ അഭാവം അകറ്റാന്‍, കൂടെ താമസിക്കുന്ന മമ്മതിനേയും, ഗോപാലനേയും, ജോസിനേയും കൂട്ടുപിടിച്ച് മറുനാട്ടില്‍ ആഘോഷിക്കുമ്പോള്‍, അവന്റെ മനസ്് എന്നും അവന്റെ കൊച്ചുഗ്രാമത്തിലായിരിക്കും.

മണലാരണ്യത്തില്‍ മണിമാളികകള്‍ ആ രാജ്യത്തിനുവേണ്ടി കെട്ടിപൊക്കുമ്പോഴും, യൂറോപ്പില്‍ ആതുരസേവനം ചെയ്യുമ്പോഴും, അമേരിക്കയില്‍ കമ്പ്യൂട്ടറിന്റെ മുമ്പിലിരിക്കുമ്പോഴും അവന്റെ ചിന്ത മുഴുവനും അവന്റെ കൊച്ചുകേരളത്തേക്കുറിച്ചായിരിക്കും. നാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും, പ്രളയത്തില്‍ നാടും വീടും ഒലിച്ചു പോകുന്നതറിയുമ്പോഴും എന്റെ ഉറ്റവര്‍ക്ക് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവനാണ് പ്രവാസി.

എന്റെ ചെറുപ്പം മുതലെ കേട്ടുകൊണ്ടിരുന്ന ഒരു മുദ്രാവാക്യമുണ്ട് ജയ് ജവാന്‍, ജയ് കിസാന്‍ അതിനോടൊപ്പം ഒരു മുദ്രാവാക്യം കൂടികൂട്ടിചേര്‍്ക്കുവാന്‍ ആഗ്രഹിക്കുന്നു. ജയ് പ്രവാസി. ഒരു പക്ഷെ രാഷ്ട്രീയനേതാക്കള്‍ ഈ മുദ്രാവാക്യം കൂട്ടിചേര്‍ക്കുന്നതിനോട് വൈമുഖ്യം കാണിച്ചേക്കാം, കാരണം പ്രവാസിക്ക് ഒരിക്കലും ഓട്ടവകാശം ഇല്ലല്ലോ. തന്നെയുമല്ല അവര്‍ക്ക്, വെട്ടാനും, കുത്താനും, കൊലവിളിക്കാനും, മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുവാനും വാലാട്ടികളായ അണികളെ മതിയല്ലോ.
ഇക്കഴിഞ്ഞ 73 വര്‍ഷങ്ങള്‍ നമ്മുടെ നാട് ഇടതും വലതും പങ്കിട്ട് ഭരിച്ചിട്ട് എന്തുനേടി എന്ന് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നും. കട്ടുമുടിച്ച ചരിത്രമല്ലാതെ എന്താണ് ഇവര്‍ക്ക് പറയുവാനുള്ളത്. പാര്‍ലമെന്റില്‍ വന്നിരുന്ന് പരസ്പരം തെറിവിളിക്കാനും തമ്മിലടിക്കാനും ബഹുമിടുക്കരാണെന്ന് പല ആവര്‍ത്തി തെളിയിച്ചുകഴിഞ്ഞു. കൂട്ടായി ആലോചിച്ച് നല്ല നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മുടെ ഭരണാധികാരികള്‍ അമ്പേ പരാജയപ്പെട്ടുപോയിരിക്കുന്നു.

വിവാഹചടങ്ങുകള്‍ക്കും, മൃതസംസ്‌ക്കാര ചടങ്ങുകള്‍ക്കും, അണികളുമൊപ്പം ചീറിപാഞ്ഞു വന്ന് വെളുക്കെ ചിരിച്ച് ഫോട്ടോക്കു പോസു ചെയ്യുന്ന ഇവരുടെ മിടുക്ക് എടുത്തു പറയേണ്ട ഒരു കാര്യമാണ്. മൂത്രപ്പുരയുടേയും, ബസ് സ്റ്റോപ്പുകളുടെയും ഷെഡിനുമുകളില്‍ സ്ഥലം എം.എല്‍.എ., എം.പി. വക ഫണ്ടില്‍ നിന്നും എന്ന് ആനമുഴുപ്പില്‍ എഴുതി വക്കുവാന്‍ ഇവറ്റകള്‍ക്ക് ഒരു നാണവുമില്ല. ഭരിക്കുന്ന കക്ഷി കട്ടുമുടിക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷം ചൂട്ടുപിടിക്കുന്ന കാഴ്ചയല്ലെ നമ്മള്‍ കാണുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഈ ദിവസങ്ങളില്‍ 20 ലക്ഷം കോടി പുനരധിവാസത്തിനായ് അനുവദിച്ചു എന്നും അതില്‍ 1300 കോടിയോളം കേരളത്തിനു കൊടുക്കുമെന്നും ഒക്കെ കേട്ടു. ഈ കോടികള്‍ ഒന്നുംതന്നെ പാവപ്പെട്ടവന്റെ പട്ടിണിമാറ്റുവാന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ല. ആരുടെ ഒക്കെ കീശകളിലേക്കു പോകുമെന്നും ആരും അറിയാനും പോകുന്നില്ല.

80- കളില്‍ വരെ നമ്മുടെ നാട്ടില്‍ ധാരാളം കര്‍ഷകരും, കൃഷിഭൂമികളും ഉണ്ടായിരുന്നു. ആ കര്‍ഷകരെ സഹായിക്കുവാന്‍ എന്ന ഭാവേന ഏതാണ്ട് 250-ല്‍ ഏറെ കൃഷിസംരക്ഷണ വകുപ്പുകളും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും രൂപം പ്രാപിച്ചു. അന്നു തുടങ്ങിയതാണ് നമ്മുടെ കര്‍ഷകരുടെ നാശം. ഘട്ടം ഘട്ടമായി കൃഷിസ്ഥലങ്ങള്‍ ഇല്ലാതായി, കര്‍ഷകര്‍ ദാരിദ്ര്യത്തിലേക്കും, കടക്കെണിയിലേക്കും, ആത്മഹത്യയിലേക്കും കൊണ്ടെത്തിച്ചു. ഇത്ര എല്ലാം കൃഷി സംരക്ഷണ വകുപ്പുകള്‍ ഉണ്ടായിട്ടും നമ്മുടെ കര്‍ഷകരെ എന്തുകൊണ്ട് രക്ഷപ്പെടുത്താനായില്ല, നമ്മുടെ കൃഷി സ്ഥലങ്ങള്‍ എന്തുകൊണ്ട് അഭിവൃദ്ധിപ്പെട്ടില്ല എന്നത് പരിതാപകരമല്ലേ. പുതിയ കൃഷി സംമ്പ്രദായങ്ങളും, മേന്‍മയുള്ള വിത്തുകളും, കീടനാശിനികളും എന്തുകൊണ്ട് ലഭ്യമായില്ല.? പ്രകൃതിദുരന്തം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു നേരെ അതിനുവേണ്ടി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ണുകള്‍ ഇറുക്കി അടക്കുകയല്ലേ ചെയ്യുന്നത്? കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന വിളവുകള്‍ക്ക് എ്ന്തുകൊണ്ട് താങ്ങുവില നല്‍കുന്നില്ല. ഓരോ വര്‍ഷവും കര്‍ഷകര്‍ക്കായി അനുവദിച്ചിട്ടുള്ള കോടാനുകോടികളില്‍ ചില്ലികാശുപോലും കൊടുക്കാതെ അവരെ ചതിച്ചുകൊണ്ടല്ലേ ഓരോ സര്‍ക്കാരും മുന്നോട്ടു പോകുന്നത്? ഇങ്ങനെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കേണ്ടിയ നമ്മുടെ പത്രമാദ്ധ്യമങ്ങള്‍ രാഷ്ട്രീയ മുതലാളികളില്‍ നിന്നും ഔദാര്യം വാങ്ങി എല്ലാം മറച്ചുവക്കുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസിലാക്കണം.

സോഷ്യല്‍ മീഡിയാ വഴിയും, പ്രവാസി മാദ്ധ്യമങ്ങള്‍ വഴിയും  ഓരോ വ്യക്തികളും അവരുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ ഇനിയും അമാന്തം കാണിക്കരുത്. അങ്ങനെ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച്, അനീതിക്കും കൊള്ളക്കും എതിരെ അണിനിരക്കേണ്ട സമയം ഇതാണ് ഇപ്പോഴാണ്.

തരിശായ കൃഷിഭൂമികള്‍, അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ എല്ലാം നമുക്ക് തിരിച്ചുകൊണ്ടുവരണം. മാത്രവുമല്ല ആരെങ്കിലും ഏതെങ്കിലും പ്രസ്ഥാനവുമായി വന്നാല്‍ അവരെ പ്രോത്സാഹിപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കണം ഇപ്പോള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുവാന്‍ വേണ്ടിയ എല്ലാ മാര്‍ഗ്ഗങ്ങളും നമ്മള്‍ ഉപയോഗിക്കണം.

നമ്മള്‍ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏത് പ്രതിസന്ധികളേയും തരണം ചെയ്യും എന്ന് നമ്മള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു. നമുക്ക് ഒരു പുതിയ കേരളം എന്തുകൊണ്ട് പണിതുകൂട? ഇത്രയും നാള്‍ നമ്മളെ ഭരിച്ചുമുടിച്ച നേതാക്കന്മാരേ വേണ്ട എന്ന് ദൃഢനിശ്ചയം എടുക്കാം. പുതിയ ഒരു ഇളംതലമുറയെ നമുക്കു കണ്ടെത്താം. അവര്‍ ചെയ്യുന്ന ഓരോ ചെറുതും വലുതുമായ കാര്യങ്ങള്‍ അതാതു സമയങ്ങളില്‍ ജനങ്ങള്‍ അറിയുവാനുള്ള സംവിധാനം ഇപ്പോഴുമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ജനസേവകരാണ്, ആയതിനാല്‍ ഇതുവരെ നമ്മളെ കൊള്ളയടിച്ചവരുടെ സ്വത്തുക്കള്‍ മുഴുവന്‍ ഖജനാവിലേക്ക് കണ്ടുകെട്ടുക. അവര്‍ക്കു ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അമിതമായ പെന്‍ഷന്‍ നിറുത്തലാക്കുക. ഒരു കേരളം, ഒരു പെന്‍ഷന്‍ എന്ന നിയമം നടപ്പിലാക്കുക.
നാടിന്റെ വികസനത്തിനുവേണ്ടി കൊച്ചി എയര്‍പോര്‍ട്ടുമാതൃകയില്‍ ജനപങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ കൊണ്ടുവരേണ്ടിയത് ഇന്നിന്റെ ആവശ്യമാണ്. ഉദാ: കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ നീണ്ടു കിടക്കുന്ന അറബിക്കടലിന്റെ തീരം വഴി ദേശീയ പാതയും റെയില്‍വേയും, ജലപാതയും നമ്മുടെ ഇന്നത്തെ യാത്രാക്കുരുക്കുകള്‍ ഒഴിവാക്കാന്‍ സാധിക്കും എന്നു മാത്രമല്ല ടൂറിസ മേഖലയ്ക്ക് വളരെ ഉപകാരമാവുകയും ചെയ്യും.

വിദേശികളായ സഞ്ചാരികള്‍ക്ക് സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ സാധാരണ നമ്മുടെ നാട്ടുമ്പുറത്തെ ജീവിതരീതികളും ആഘോഷങ്ങളുമാണ് ഇഷ്ടം എന്ന് എനിക്ക് അനുഭവത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ ടൂറിസം അതിന് നല്ല ഒരു ഉദാഹരണമാണ്. ഞങ്ങള്‍ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന ഭവനങ്ങള്‍ ആയതിലേക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. അതുവഴി ഗ്രാമവാസികള്‍ക്ക് ഒരു ജീവിതമാര്‍ഗ്ഗം തുറന്നുകൊടുക്കുവാന്‍ കഴിയും. നമ്മുടെ അമ്പലങ്ങളിലേയും പള്ളികളിലേയും ഉത്സവങ്ങള്‍ വിദേശികള്‍ക്ക് ഒരു വേറിട്ട കാഴ്ചയാവും എന്നതില്‍ സംശയമില്ല. നമ്മുടെ സംസ്‌ക്കാരവും, ആചാരങ്ങളും അവര്‍ നേരിട്ട് കണ്ടാസ്വദിക്കട്ടെ.

എരിവും, പുളിയും കുറച്ചുള്ള നാടന്‍ ഭക്ഷണവും, നാടന്‍ കള്ളും, നാടന്‍ കലകളും വിദേശികളെ വളരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. ഒരു പുതുമകളും ഇല്ലാത്ത പുതുമയാണ് നമ്മുടെ പുതുമ., പിന്നെ നമ്മുടെ പരിസരങ്ങളും, വഴിയോരങ്ങളും, പുഴയും, നദിയും ഒക്കെ ഒന്നു വൃത്തിയാക്കിയാല്‍ എത്ര സുന്ദരമാണ് നമ്മുടെ കേരളം.
നമുക്കു ലഭിക്കുന്ന മഴവെള്ളത്തിന്റെ എത്ര അംശം നമ്മള്‍ സംരഭിക്കുന്നുണ്ട്. അതിന്റെ ഒരു 50 ശതമാനം എങ്കിലും ഉപയോഗിച്ചാല്‍ നമ്മുക്ക് കുടിവെള്ള ക്ഷാമമോ, ജലപ്രളയമോ ഒരിക്കലും ഉണ്ടാവുകയില്ല. ചെറിയ ചെറിയ ഡാം വളരെ നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂ. പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട്, സംരക്ഷിച്ചുകൊണ്ട് ഒത്തിരികാര്യങ്ങള്‍ നമ്മുക്കു ചെയ്യാം.

പാതിരാമണല്‍ പോലെയുള്ള ധാരാളം തുരുത്തുകളും, കായല്‍ രാജാവായിരുന്ന മുരിക്കന്റെ പാഠശേഖരങ്ങള്‍ പോലെയുള്ള തരിശു കൃഷിസ്ഥലങ്ങളും ഒന്നുമിനുക്കി എടുത്താല്‍, ഒരു മലയാളിയും വിദേശത്തു പോയി കഷ്ട്ടപ്പെടേണ്ടി വരുകയില്ല. അദ്ധ്വാന ശീലരായ മലയാളി ദുരഭിമാനം കളഞ്ഞ്, അരയും തലയും മുറുക്കി ഇറങ്ങിയാല്‍ ആര്‍ക്കും അവനെ തോല്‍പ്പിക്കുവാന്‍ കഴിയുകയില്ല. വിദേശത്തുപോയാല്‍ എന്തുപണിയും ചെയ്യാന്‍ മടികാണിക്കാത്തവന്‍ അതേ ജോലി സ്വന്തം നാട്ടില്‍ ചെയ്യുന്നതിന് എന്തിനു നാണിക്കണം.

ജലപ്രളയത്തേയും, നിപ്പയേയും ഡങ്കിപനിയേയും തോല്‍പിച്ച നമ്മള്‍ കൊറോണയേയും തോല്‍പിക്കും. അതുപോലെ രാഷ്ട്രീയ കൊള്ളക്കാരേയും നമ്മള്‍ ഇനി മുതല്‍ ഭയക്കരുത്. നമ്മുടെ കര്‍ഷകരോടൊപ്പം നമുക്കോരോരുത്തര്‍ക്കും അണിനിരക്കാം. നമ്മുടെ പ്രാവസികളെ പുനരധിവസിക്കുന്നതിന് പുതിയ പദ്ധതികള്‍ തുടങ്ങാം, ഉദാ: ട്രക്കിങ്ങ്, ടൂറിസം, വാട്ടര്‍ ടൂറിസം, തീരദേശ ടൂറിസം, ഗ്രാമീണ ടൂറിസം അങ്ങനെ അനന്തമായ മേഖലകള്‍ നമ്മുടെ മുന്നിലുണ്ട്. കള്ളവും ചതിയുമില്ലാത്ത പുതിയ ഒരു കേരളത്തെ വിഭാവന ചെയ്യാം. ഏവര്‍ക്കും നന്മകള്‍ ആശംസിച്ചുകൊണ്ട് ഒരു എളിയ പ്രവാസി.
ജയ് ജവാന്‍, ജയ് കിസാന്‍, ജയ് പ്രവാസി.
ബെന്നി മാളിയേക്കല്‍.

പ്രവാസിയുടെ തുടിപ്പുകള്‍ (ബെന്നി മാളിയേക്കല്‍)
Join WhatsApp News
M. A. George 2020-05-21 14:25:07
ഈ സ്വപ്ന പദ്ധതി കേരളത്തിനു െവളിയിൽ വിഭാവന ചെയ്യൂ. വിജയിക്കും. കർണാടകത്തിലോ തമിഴ് നാട്ടിലോ ഗോവയിലോ ആകാം. കേരളത്തിലെ പരട്ട രാഷ്ട്രീയം നിങ്ങളുടെ ആശയത്തെ സ്വാഗതം െചയ്യും, പക്ഷെ അധികകാലം അതിനു ജീവനുണ്ടാകില്ല. മനസമാധാനത്തോടെ ജീവിക്കണെങ്കിൽ കേരളം വിട്ട് ഇൻവെസ്റ്റ് െചയ്യുക. നാടിനോട് സ്നേഹമില്ലായ്മ അല്ല, ഭയം കൊണ്ട് പറയുന്നതാണ്.
നെച്ചൂരാൻ 2020-05-21 15:39:05
കഷ്ടപ്പെട്ട കാശ് കളയാൻ ഉണ്ടെങ്കിൽ "ദൈവത്തിന്റെ നാട്ടിലേക്ക് സ്വാഗതം"!
JACOB 2020-05-22 09:10:26
Do not get bank loans if there is no sure way to pay it off on schedule. Banks have rules and regulations they have to follow. No not start any business with other partners. Malayalees have a habit of cheating in business, do it on your own. Organic farming looks good. The first thing to do is see the movie "VARAVELPPU." That will give a good idea about business failures in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക