Image

കൊറോണക്കാലത്തെ ഒരു പ്രണയകഥ: സുധീർ കെ.എസ്, തായ്ലൻറ്

Published on 06 April, 2020
കൊറോണക്കാലത്തെ ഒരു പ്രണയകഥ: സുധീർ കെ.എസ്, തായ്ലൻറ്


രവി ഗെറ്റപ്പ്... ഞാൻ  പത്തു  മിനിറ്റിനുള്ളിൽ  റെഡി ആവും... 
രവി  ഉറക്കച്ചടവോടെ ജനാലയുടെ കർട്ടൻ  മാറ്റി വെളിയിലേക്കു നോക്കി, നേരം ഇനിയും  പുലർന്നിട്ടില്ല, ഡിസംബർ മാസത്തിലെ കുളിർ നിരത്തിന് മേൽ അലസമായി ഒരു വില്ലീസ് പട്ടു പോലെ പുതച്ചു കിടന്നിരുന്നു... അവൻ കമ്പിളി  പുതപ്പു തലയിലേക്ക് വലിച്ചിട്ടു, ഒരു സർപ്പത്തെപ്പോലെ ഉള്ളിലേക്ക്  വീണ്ടും  ചുരുണ്ടു... നീലിമ റെഡി ആയി വന്നപ്പോൾ കണ്ടു  രവി  ഇനിയും എഴുന്നേറ്റിട്ടില്ല  എന്ന്.. അവൾക്കു  ദേഷ്യം തോന്നി.. അവൾ അവൾ അവന്റെ കമ്പിളിപുതപ്പു  വലിച്ചു മാറ്റി ഉറക്കെ പറഞ്ഞു സാലേ ഉഡോ ,spoild kid.... 
രവി മടിയോടെ  കണ്ണുകൾ തുറന്ന്  കിടക്കയിൽ  എഴുന്നേറ്റിരുന്നു.. അവനും  ദേഷ്യം വന്നു... ഇടക്കിടയ്ക്ക് അവളവനെ സാല എന്ന് വിളിക്കുന്നത്‌  അവനിഷ്ടമല്ലായിരുന്നു.. അപ്പോഴൊക്കെ  അച്ഛൻ  പറഞ്ഞതോർത്തു  അവൻ ദുഖിച്ചു .. അച്ചന് അവൻ  ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ കല്യാണം  കഴിക്കുന്നത്‌ തീരെ  ഇഷ്ടമായിരുന്നില്ല. അവരുടെയൊക്കെ കൾച്ചർ  വേറെയാണെന്നും നമുക്ക് ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്നും ഒക്കെ എപ്പോഴും പറയുമായിരുന്നു... 
നീലിമ ഫുൾ  റൈഡേഴ്‌സ് ഔട്ഫിറ്റിൽ  ആയിരുന്നു.. ഹെൽമെറ്റ്‌ മടിയിൽ വച്ചു സോഫയിൽ ഇരുന്ന്,  രവി അലസമായി ബാത്റൂമിലേക്കു പോവുന്നത്  നോക്കി പതിയെ പുഞ്ചിരിച്ചു. മനസ്സിൽ പറഞ്ഞു, കുഴിമടിയൻ... ബാത്രൂമിലേക്ക്  കയറും മുൻപവൻ തിരിഞ്ഞ് അവളെ ഒന്ന്  നോക്കി, നീലിമ പറഞ്ഞു.. വേഗം.. വേഗം.. വീ  ആർ  ഗെറ്റിങ്  ലേറ്റ്‌ ... 
ഒരു മലയാളി പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ ഒരു നല്ല ചൂടുകാപ്പി  രാവിലെ കിട്ടിയിരുന്നേനെ എന്ന് മനസ്സിൽ കരുതിക്കൊണ്ടു അലസമായി അവൻ ബാത്‌റൂമിന്റെ കതകടച്ചു. നീലിമയുടെ അച്ചൻ വാങ്ങിക്കൊടുത്ത പുതിയ യമഹയുടെ സ്പോർട്സ് ബൈക്ക് പാർക്കിങ്ങിൽ നിന്നിറക്കുമ്പോഴേക്കും അവൻ ഉഷാറായിക്കഴിഞ്ഞിരുന്നു. അവന്റെ  സ്പോർട്സ് ബൈക്കിനോടുള്ള ഇഷ്ടം അവൾക്കു നന്നായറിയാമായിരുന്നു 
നിരത്തിൽ നിന്നും വിട്ട് ഹൈവേയിലേക്കു കയറിക്കഴിഞ്ഞപ്പോളേക്കും  RZF 321 CC ബൈക്കിന്റെ  താളങ്ങൾ അവനു മെരുങ്ങിക്കഴിഞ്ഞിരുന്നു. അവന്റെ ദൃഢമായ വിരലുകൾക്കുള്ളിൽ ലിക്വിഡ് കൂൾഡ്  ഫോർസ്‌ട്രോക് എൻജിന്റെ  ഞരമ്പുകൾ  കത്തിക്കയറുന്നത് അവൾ അറിഞ്ഞു. നീലിമയുടെ  സിൽക്‌പോലുള്ള  മുടിയിഴകൾ ഹെൽമെറ്റിന് വെളിയിൽ 200കിലോമീറ്റർ സ്പീഡിൽ പായുന്ന ആ ബൈക്കിനു ഒപ്പമെത്താനായി മത്സരിച്ചു പറന്നുകൊണ്ടിരുന്നു.  വേഗത്തിന്റെ  പുതിയ രസങ്ങൾ  അവരുടെ ഉള്ളിൽ നിറഞ്ഞു. പൊല്യൂഷ്യൻ  ഇല്ലാത്ത, നേർത്ത തണുത്ത കാറ്റവരെ പൊതിഞ്ഞു നിന്നു... ഇലകളിൽ തത്തി നിന്നിരുന്ന തുഷാരകണികകൾ  കുതിച്ചു പായുന്ന ബൈക്കിന്റെ  കാറ്റേറ്റ്... കറുത്ത റോഡിലേക്ക്  വീണു ചിതറി. 
നീലിമ അവന്റെ വയറിനുചുറ്റും  കൈകൾ ചുറ്റി ഒന്നുകൂടെ ചേർന്നിരുന്നു. അവന്റെ ചുമലുകളിൽ താടിവെച്ചു പറഞ്ഞു... ഗോ.. ഫാസ്റ്റർ മാൻ... രവിയുടെ മനസ്സ് കുളിർന്നു.. തനിക്കു ചേരുന്ന പെണ്ണ് തന്നെ... 
പുലർച്ചയുടെ പുതിയ കിരണങ്ങൾ ദൂരെ കണ്ടുതുടങ്ങിയിരുന്നു. അവൻ ബൈക്ക് പതിയെ സ്ലോ ചെയ്തുകൊണ്ടു ഹെൽമെറ്റ്‌ ഊരി, നമുക്ക് മടങ്ങാം, വണ്ടി തിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു, വീട്ടിലെത്തിയാലുടൻ എനിക്കൊരു മസാല ചായ ഇട്ടുതരണം. 
അയ്യോ രവി.. നമ്മുടെ ചായപ്പൊടി തീർന്നു... നീലിമ പറഞ്ഞു. 
അവനു ദേഷ്യം വന്നു.. സാല.....  നിനക്കറിഞ്ഞുകൂടേ  റൈഡ്  കഴിഞ്ഞ്  എത്തിയാൽ എനിക്ക് ചായ വേണം എന്ന്.... 
നീലിമക്കറിയാമായിരുന്നു ഇങ്ങനെയുള്ള സമയങ്ങളിൽ നിശബ്ദത പാലിക്കുന്നതാണ്  
നല്ലതെന്ന്...  അവൾ പറഞ്ഞു.. ഞാൻ ഉബറിലു  വിളിച്ചു  പറയാം  നമ്മളെത്തുമ്പോളേക്കും അവർ ഡെലിവറി തരും. സോറി  ഡിയർ, പിന്നെ  ചായ മാത്രം മതിയോ... 
രവി ഉള്ളിൽ ചിരിച്ചു രാവിലെ സാല എന്ന് വിളിച്ചതിനു പ്രതികാരം ചെയ്തതിന്റെ സന്തോഷം. 
നീലിമ അവന്റെ  മനസ്സറിഞ്ഞു.. അവൾ അവനോടു ചേർന്നിരുന്നു... ചെവിയിൽ പതിയെ കടിച്ചുകൊണ്ട് പറഞ്ഞു ഇപ്പോൾ കണക്കു ക്ലോസായി. 
.... ഇനി ഹെൽമെറ്റ്‌ വച്ചോളു.... എനിക്ക് എന്റെ കൊച്ചുങ്ങൾക്കു  തലയില്ലാത്ത ഒരു അപ്പൻ വേണ്ട... ആ പച്ച ബൈക്കിന്റെ എൻജിൻ വീണ്ടും അവന്റെ  ഹൃദയത്തിന്റെ ആഹ്ലാദങ്ങൾ ഏറ്റുപിടിച്ചു... പുതിയ വേഗങ്ങളിലേക്കു  കുതിച്ചു. രവി പെട്ടെന്ന് ബൈക്ക്  സ്ലോചെയ്തു.  നീലിമാ  പോലീസ് ചെക്കപ്പ്  തുടങ്ങി... 
എവിടെ പോകുന്നു.. പോലീസിന്റെ പെട്ടെന്നുള്ള ചോദ്യത്തിന്  അവനു  മറുപടി പറയാനായില്ല. 
നീലിമയാണ്  മറുപടി പറഞ്ഞത്.. സാർ  ഞങ്ങൾ ഒരു മോർണിംഗ് റൈഡിനു പോയതാണ്... 
 SI  മുഴുമിക്കാൻ  സമ്മതിച്ചില്ല.. ബെസ്റ്റ് ഈ കൊറോണക്കാലത്തു തന്നെ വേണം റൈഡിനു പോവാൻ, ലോക്ക് ഡൌൺ ആണെന്ന് അറിഞ്ഞു കൂടായിരുന്നോ... 
സാർ അത് പിന്നെ... പുതിയ ബൈക്ക് വാങ്ങിച്ചിട്ടു രണ്ടാഴ്ചയായി.. ഒന്നോടിച്ചു നോക്കാൻ പറ്റിയില്ല... വെളുക്കും മുൻപ് എത്താം എന്ന് വിചാരിച്ചു.. നീലിമ കരയും പോലെ ആയി.. 
 SI തിരിഞ്ഞു പോലീസുകാരോട് പറഞ്ഞു.. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ... 
നിങ്ങൾക്കു 21ദിവസം കഴിഞ്ഞ് , സ്റ്റേഷനിലു വന്നു ഫൈൻ  അടച്ചിട്ടു ബൈക്ക് കൊണ്ട് പോകാം... 
രവിക്ക് തോന്നി നീലിമ അപ്പോൾ കരഞ്ഞു പോവും എന്ന്. അപ്പോഴാണവൻ പോലീസ് ജീപ്പിനു സമീപം നിന്ന ജോസഫ് സാറിനെ കണ്ടത്.. ജോസഫ് സാർ, CI ആണ്, അവരുടെ അപ്പാർട്‌മെന്റു കോംപ്ലക്സിൽ തന്നെയാണ് താമസിക്കുന്നത്. കൂടാതെ അവരുടെ റൈഡേഴ്‌സ് ക്ലബ്ബിലെ മെമ്പറുമാണ്.  രവി അങ്ങോട്ട്‌ നടന്നു.. ജോസഫ് sar,  അവൻ വിളിച്ചു. 
അയാൾ തിരിഞ്ഞു നോക്കി,  ഓ  രവി, എന്താ ഇവിടെ ?
സാർ ഒരു മിസ്റ്റേക്ക്  പറ്റി, പുതിയ ഒരു ബൈക്ക്  വാങ്ങിയിരുന്നു, ഒന്നോടിച്ചുനോക്കാൻ പറ്റിയില്ല, ഇന്ന് സൺ‌ഡേ  അല്ലെ, വെളുക്കും മുൻപ് തിരിച്ചെത്താം എന്ന് കരുതി പോയതാ, ചെക്കിങ് ഇത്ര രാവിലെ തുടങ്ങും എന്ന് പ്രതീക്ഷിച്ചില്ല, അവൻ കരയും പോലെ പറഞ്ഞു നിർത്തി. 
രവി ദിസ്‌ ഈസ്‌ എ  മിസ്റ്റേക്ക്... നിങ്ങൾ പുറത്തിറങ്ങാൻ പാടില്ലായിരുന്നു,.  
റിയലി സോറി സാർ. യമഹയുടെ പുതിയ മോഡൽ ആണ്.... രണ്ടാഴ്ചയായി വാങ്ങിച്ചിട്ടു ഒന്നോടിച്ചു നോക്കാൻ പറ്റിയില്ല, ഒരു  ടെംറ്റേഷൻ... 
ഓക്കേ.. വീണ്ടും റിപ്പീറ്റ് ചെയ്യരുത്... ഇപ്പോൾ പോയ്കൊള്ളു, അയാൾ ഒരു ചെറു ചിരിയോടെ  പറഞ്ഞു. താങ്ക്യു സാർ... അവൻ പറഞ്ഞു. തിരിച്ചു നടക്കുമ്പോൾ അയാൾ വിളിച്ചു.. രവീ ഓൺ റോഡ്  എത്രയായി ?  
അപ്പോഴാണ് അവൻ ഓർത്തത്‌.. വില എത്രയായി എന്ന്.. വില എത്രയായി എന്ന് നീലിമയോട് ചോദിച്ചില്ലായെന്ന് . അവൻ പറഞ്ഞു... സോറി സാർ,  ഇൻലോ ഗിഫ്റ്റ് തന്നതാണ്.. 
ഓഹോ അപ്പോൾ ഭാര്യ പറഞ്ഞിട്ട് റൈഡിനു  പോയതാണല്ലേ.. ഈ കൊറോണ കാലത്തു ഭാര്യമാർ പറയുന്നതുകേട്ട്‌ നടന്നാൽ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരും കേട്ടോ.... അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ട് SIയോട്  അവരെ വിട്ടേക്ക് എന്ന് കൈകൊണ്ട്  ആംഗ്യം  കാണിച്ചു.  
ഒരു വിഡ്ഢി  ചിരിയോടെ അവൻ തിരിച്ചു നടന്നു, ബൈക്ക് എടുക്കുമ്പോൾ പുറകിൽ എസ്. ഐ  പറയുന്നത് അവൻ കേട്ടു. നമുക്കൊന്നും ഇതുപോലുള്ള അമ്മായിയപ്പന്മാരെ കിട്ടിയില്ലല്ലോ. 
ഫ്ലാറ്റിലെത്തിയതും നീലിമ പൊട്ടിക്കരഞ്ഞു... അവനും സങ്കടം വന്നു.. താൻ ഇന്നലെ പറഞ്ഞിട്ടാണല്ലോ അവൾ ഇന്ന് റൈഡിനുപോവാൻ റെഡി ആയതും, തന്നെ സന്തോഷിപ്പിക്കാനായി അച്ഛനോട് പറഞ്ഞു തനിക്കു പുതിയബൈക്ക് ഗിഫ്റ്റ് തന്നതും. 
അവനവളെ ചേർത്ത്പിടിച്ചു.... സോറി മോളേ.. ഇന്ന് പുലർച്ചെ ചെക്കിങ് ഉണ്ടാവും എന്ന് നമ്മൾ കരുതിയില്ലല്ലോ.. കൊറോണകാലം  ഒന്ന് മാറിക്കോട്ടെ നമ്മുക്കൊരു ലോങ്ങ്‌ റൈഡിനു പോവാം, അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു,  അവളുടെ ചിതറി കിടന്ന മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ട് ചോദിച്ചു, എന്താണ് നീ ബൈക്കിൽ ഇരുന്നപ്പോൾ പറഞ്ഞത്, നിന്റെ കൊച്ചുങ്ങൾക്കു തലയില്ലാത്ത അപ്പൻ വേണ്ടെന്നോ... കരുത്തുറ്റ ബൈക്കിന്റെ ഇരമ്പൽ അവർക്കുള്ളിൽ നിറയുന്നതായി  അവരറിഞ്ഞു... നീലിമ അവന്റെ ഉറച്ച മസിലുകൾക്കുള്ളിൽ അമർന്നു നിന്ന്  കൈകളുയർത്തി  കഴുത്തിൽ കോർത്തു, അവൾ പതിയെ അവന്റെ ചെവിയിൽ പറഞ്ഞു, ഗോ ഫാസ്റ്റ് മാൻ, പെട്ടെന്ന്  ബാലൻസ് തെറ്റി രണ്ടാളും സോഫയിലേക്ക് വീണു... 
അപ്പോൾ ആരോ  കോളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടു, നീലിമ അവനെ തള്ളി മാറ്റി ചാടി എഴുന്നേറ്റു... ഓ യൂബർ ഡെലിവറി ബോയ് ആയിരിക്കും, നിന്റെ ചായ എത്തിക്കാണും, ചിരിച്ചുകൊണ്ട് പറഞ്ഞു.  ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ  നീലിമ ചോദിച്ചു എന്താണ് ജോസഫ് സാർ അവസാനം  പറഞ്ഞത്... " ഈ കൊറോണകാലത്തു ഭാര്യമാർ പറയുന്നതുകേട്ട്‌ നടന്നാൽ പോലീസ് സ്റ്റേഷനിൽ  കയറേണ്ടിവരും കേട്ടോ "എന്നാണ് സാർ പറഞ്ഞത്... 
എന്നിട്ട് നീ എന്ത് പറഞ്ഞു.. അവൾ ചോദിച്ചു... ശരിയാണെന്നു എനിക്കും തോന്നി... ചിരിച്ചുകൊണ്ടവൻപറഞ്ഞു. 
നീലിമക്ക് ദേഷ്യം വന്നു,  വേഗം എഴുനേറ്റു അകത്തേക്ക് നടന്നു പോവും വഴി അവൾ പറയുന്നത് കേട്ടു.. സാല .. ഇന്നുമുതൽ നീ ഹാളിൽ കിടന്നാൽ മതി.. ഈ കൊറോണ കാലത്തു സോഷ്യൽ ഡിസ്റ്റൻസും പാലിക്കണം....

Sudheer K S
S V city, Tower 4
Rama 3 Road 
Yannnawa
Bangkok
Thaialnd 10120
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക