-->

America

ലോന്‍-ജൈനസ് ( The centurion)- (കഥ : ജോസഫ് എബ്രഹാം )

ജോസഫ് എബ്രഹാം

Published

on

ലോന്‍-ജൈനസ്   തന്റെ മുന്നിലിരിക്കുന്ന   ചെറുപ്പക്കാരനോട്   കഥയുടെ ബാക്കി  ഭാഗം കൂടി   പറയുവാന്‍ തുടങ്ങി. 

''എനിക്കു ചുറ്റുമപ്പോള്‍ കനത്ത ഇരുട്ടായിരുന്നു.  ലോകത്തിന്റെ  അന്ധകാരം മുഴുവനുമപ്പോള്‍   എന്റെമേല്‍  ചൂഴ്ന്നു  നിന്നിരുന്നു. തോല്‍ ഊറയ്ക്കിടുന്ന പണിശാലയിലെ ദുര്‍ഗന്ധവും അവിടെ തളംകെട്ടിയിരുന്നു. ചുറ്റുമുള്ള ഇരുട്ടിനെ വകഞ്ഞുമാറ്റി ഞാന്‍ കൈകള്‍കൊണ്ടവിടം  തപ്പിനോക്കി. കൈയില്‍ ഈര്‍പ്പമുള്ള എന്തോ പറ്റിപിടിച്ചു. അതെന്താണെന്നറിയാന്‍  കൈകള്‍ മണത്തു  നോക്കി. വല്ലാത്ത ദുര്‍ഗന്ധമുള്ള കുഴഞ്ഞ ചെളിയായിരുന്നു കയ്യില്‍ പറ്റിപ്പിടിച്ചത്. കൈ 
ശക്തമായി കുടഞ്ഞുകൊണ്ട്  അഴുക്കിനെ കുടഞ്ഞുകളയാന്‍ നോക്കി.  നൂറ്റാണ്ടുകളുടെ  ദുര്‍ഗന്ധം  കനച്ച  അവിടുത്തെ വായുവില്‍ എനിക്കു  ശ്വാസം മുട്ടാന്‍ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ തുരങ്കത്തിന്റെ അപ്പുറത്തു നിന്നെന്നപോലെ ദൂരെ നിന്നും അല്പം വെളിച്ചം അരിച്ചരിച്ചു  കണ്ണുകളെ തേടിയെത്തി. പതിയെ പരിസരമെല്ലാം അവ്യക്തമായി തെളിഞ്ഞുവന്നു. ഞാന്‍  ഏതോ ഗുഹയിലാണെന്നപ്പോള്‍  മനസ്സിലായി.  ഇരുട്ടില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍  എന്റെ  അടുത്തേക്ക് സമീപിച്ചുകൊണ്ടിരുന്നു.  ഒരു ആയുധത്തിനായി ചുറ്റു കൈകള്‍ പരതിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.    എന്റെ  
അടുക്കലേക്കു  നടന്നടുക്കുന്നത്   ഒരു   സിംഹമാണെന്ന കാര്യം   നട്ടെല്ലിലൂടെ പാഞ്ഞുപോയ ഭയത്തിന്റെ ഇടിമിന്നലിലൂടെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു തൊട്ടടുത്തത്.  ഭയന്നുപോയ എന്റെ വായില്‍ നിന്നും കരച്ചില്‍ പോലും  പുറത്തേക്ക് വരാതെ മരവിച്ചു നിന്നു. ആ ഭീകര ജീവി എന്റെ തൊട്ടു മുന്നിലായി  നിലയുറപ്പിച്ചു. അതെന്റെ  മുഖത്തേക്കുറ്റുനോക്കി. നോക്കി നില്‍ക്കെ  അതിന്റെ കണ്ണുകളില്‍ രൌദ്രഭാവം തിളങ്ങി. സിംഹം അതിന്റെ കൈകൊണ്ട് എന്നെ അടിച്ചു വീഴ്ത്തി  പിന്നെ അതിന്റെ കൂര്‍ത്ത നഖങ്ങളാല്‍ എന്റെ  ശരീരത്തെ മാന്തി കീറുവാന്‍ തുടങ്ങി. വിചിത്രമെന്നു പറയട്ടെ  ആ മൃഗം  എന്റെമേല്‍ 
ചാടിവീഴുകയോ എന്നെ കടിച്ചു കുടയുകയോ  ചെയ്യുന്നില്ല.  നഖമുപയോഗിച്ചു   ശരീരം മുഴുവന്‍  കീറിമുറിക്കുകയാണ് ചെയ്യുന്നത്.

വലിയ വേദനകൊണ്ടലറിവിളിച്ചു കുതറി മാറുവാന്‍ നോക്കിയപ്പോള്‍ ആ ജന്തു അതിന്റെ കാലുകള്‍ കൊണ്ടെന്നെ   ചവിട്ടിപ്പിടിച്ചു,  പിന്നെ വീണ്ടും ദേഹം  മാന്തി കീറുവാന്‍ തുടങ്ങി. കഠിനമായ വേദന, അസ്ഥികള്‍ പൊട്ടുന്നതുപോലെ സഹിക്കാനാവാത്ത വേദന.  ആ കടുത്ത വേദനയിലായിരുന്ന നിമിഷങ്ങളില്‍ കണ്ണിനു മുന്നിലായി   തലേന്നു രാത്രി പ്രിത്തോറിയത്തില്‍ വച്ചുനടന്ന സംഭവങ്ങള്‍ ഓരോന്നായി തെളിഞ്ഞുവരാന്‍ തുടങ്ങി.

കൂര്‍ത്ത അസ്ഥികഷ്ണങ്ങളും, ഇരുമ്പാണികളും ബലമുള്ള ചരടില്‍ അങ്ങിങ്ങായി ഘടിപ്പിച്ച ആയുധമായ  'ചമ്മട്ടി' കൊണ്ട് ബലശാലികളായ പട്ടാളക്കാര്‍ അടിക്കുന്നു. മാംസത്തില്‍ ആഴത്തില്‍ തുളച്ചുകയറിയ ചമ്മട്ടി പറിച്ചെടുക്കുമ്പോള്‍ രക്തവും മാംസവും നാലുപാടും ചിതറി തെറിക്കുന്നു... ശരീരം മുഴുവന്‍ ഉഴുതുമറിച്ച വയല്‍പോലെ.... ചാലിലൂടെ എന്നപോലെ രക്തമൊഴുകുന്നു.... ഒരു സ്തംപത്തില്‍ നടുവ് വളച്ചു ബന്ദിച്ചു നിര്‍ത്തപ്പെട്ട സുന്ദരനായ ഒരു യുവാവ്... അയാള്‍ വേദനയോടെ അലറി കരയുകയും പ്രാണവേദനയാല്‍  വിറകൊള്ളുകയും ചെയ്യുന്നു.... ഇരകിട്ടിയ വേട്ടപ്പട്ടിയുടെ ആവേശത്തോടെ ശിക്ഷ നടപ്പിലാക്കുന്ന പടയാളികള്‍... മാംസം 
അടര്‍ന്നു മാറിയപ്പോള്‍ വെളിപ്പെട്ടുവന്ന  ചോരയില്‍ കലങ്ങിയ അസ്ഥികള്‍ ..

കഠോരമായ ആ കാഴ്ച വീണ്ടും കണ്ടപ്പോള്‍  ഞാന്‍ എന്റെ    ശരീരത്തിലേക്ക് നോക്കി. പടയാളികള്‍ അടിച്ചു തകര്‍ത്ത ആ ചെറുപ്പകാരന്റെ ശരീരത്തില്‍ ഏറ്റ മുറിവുകള്‍ പോലെ എന്റെ  ശരീരവും ആ ഹിംസ്രമൃഗം തകര്‍ത്തിരിക്കുന്നു. സഹിക്കാന്‍ ആവാത്ത വേദന.. ശരീരം മുഴുവനും രക്തത്തില്‍ കുളിച്ചിരിക്കുന്നു... ഇതാ എന്റെ മരണം ആസന്നമായിരിക്കുന്നു... കണ്ണുകള്‍ താനെ അടഞ്ഞുപോകുന്നു..... ഞാന്‍  മരണത്തിന്റെ കയത്തിലേക്ക്  മുങ്ങികൊണ്ടിരിക്കുകയായിരുന്നു.

എപ്പോഴെന്നറിയില്ല ഭയപ്പാടോടെ ഞാന്‍  പതിയെ കണ്ണുതുറന്നു നോക്കി. ഞാനപ്പോള്‍        എന്റെ  കിടക്കയിലായിരുന്നു.  ആശ്വാസമായി ഞാന്‍   മരിച്ചിട്ടില്ല ! ആരോ എന്നെ   രക്ഷിച്ചു വീട്ടില്‍ എത്തിച്ചിരിക്കുന്നു. മുറിവുകള്‍ കാണുവാനായി ഞാന്‍  കൈകളിലേക്ക്  കണ്ണോടിച്ചു. അവിശ്വസനീയമായിരുന്നത്.  എന്റെ  കൈകളിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ  ഒറ്റമുറിവും ഇല്ല!   കിടക്കയില്‍നിന്നു ചാടി താഴെ ഇറങ്ങി ഞാന്‍  അടിമുടി പരിശോധിച്ചു.  ഇല്ല യാതൊരു കുഴപ്പവുമില്ല. വെറുതെ ഭയപ്പെട്ടതാണ് എല്ലാം ഞാന്‍  കണ്ട  ഒരു ഭീകര സ്വപ്നമായിരുന്നു.  പക്ഷെ 
ആ കാഴ്ചകള്‍,  ഭീകരമായ വേദനകള്‍ എല്ലാം അപ്പോഴും കണ്മുന്‍പില്‍ എന്നപോലെ എന്നെ  ഭയപ്പെടുത്തി.'' 

 ' സഹോദരാ എനിക്കിപ്പോള്‍ രാത്രിയെ ഭയമാണ്. എല്ലാവരും എന്റെ  സമനില തെറ്റിയതാണെന്ന് പറയുന്നു. ആരും എന്നെ വിശ്വസിക്കുന്നില്ല. ആര്‍ക്കും ഒരു പ്രിതിവിധിയും പറയാനില്ല. എന്റെ വേദന പങ്കുവെയ്കാന്‍ എനിക്കാരുമില്ല. എന്തായാലും ചെറുപ്പക്കാരാ താങ്കളെ ഇപ്പോള്‍ കണ്ടുമുട്ടിയത് ഭാഗ്യമായി.  ഒരുപക്ഷേ താങ്ങള്‍ക്കും  ഈ പ്രഹേളികയ്ക്കുത്തരം പറയുവാന്‍ കഴിയില്ലായിരിക്കും പക്ഷെ  എനിക്ക് 
ഈ കാര്യമെല്ലാം താങ്കളുമായി ഒന്നു പങ്കുവെച്ചു അല്പമെങ്കിലും ആശ്വാസം നേടാന്‍ കഴിയുമല്ലോ.  ഞാന്‍ എല്ലാം വിശദമായിത്തന്നെ പറയാം''. 
ആ  ചെറുപ്പക്കാരന്‍  ലോന്‍-ജൈനസിന്റെ  അടുക്കലേക്കു കൂടുതല്‍ ചേര്‍ന്നിരുന്നു.         ലോന്‍-ജൈനസ്  തന്റെ പൂര്‍വകാലം ഓരോന്നായി  അയാളുടെ മുന്‍പില്‍ ഇഴവിടര്‍ത്തി.

റോമാ രാജ്യത്തിലെ  അത്ര കേഴ്വിപെടാത്ത  'ലാന്‍സിയാണോ' എന്ന ഗ്രാമത്തിലായിരുന്നു  അയാളുടെ ജനനം. കുടുംബത്തിലെ ദാരിദ്ര്യംമൂലം  ചെറുപ്പത്തിലെ തന്നെ അയാള്‍  സീസറിന്റെ പട്ടാളത്തില്‍ ചേര്‍ന്നു.  പിന്നെ പല പല  നാടുകള്‍ ചുറ്റിയുള്ള പട്ടാളസേവനം. യുദ്ധങ്ങള്‍, കൊള്ളകള്‍, 
പലായനങ്ങള്‍, അതികഠിനമായ കാലാവസ്ഥകള്‍ ഇവയിലെല്ലാം ഉരുകി അയാളുടെ യെവ്വനവും കൊഴിഞ്ഞുപോയി.  ഒടുവില്‍ അയാളുടെ  ദീര്‍ഘകാല സേവനം മാനിച്ചുകൊണ്ട്  ശതാധിപനായി ജോലികയറ്റം നല്‍കികൊണ്ടുള്ള സീസറിന്റെ കല്പന വന്നു.  അയാളെ യുദ്ധമുഖത്തുനിന്നും മാറ്റി ജെറുസലേമിലെ ക്രമസമാധാനപാലന  ചുമതലക്കാരനാക്കി നിയമിച്ചു.

'' സഹോദരാ അങ്ങനെ ഞാന്‍ ജെറുസലേമില്‍ എത്തി. യുദ്ധഭൂമിയെക്കാള്‍ അത്ര എളുപ്പമായിരുന്നില്ല ക്രമസമാധാന മേഖല. യുദ്ധത്തില്‍ ശത്രുക്കള്‍ മാത്രമേയുള്ളൂ അവരെ നമുക്ക് പരാജയപ്പെടുത്തുകയോ കൊല്ലുകയോ 
ചെയ്താല്‍ മതി. പക്ഷെ നാട്ടില്‍ ശത്രുക്കളില്ല പകരം പ്രജകളാണ്.  അവരെ കൈകാര്യം ചെയേണ്ടത് ബലപ്രയോഗത്തിലൂടെ മാത്രം പോര രാജ്യതന്ത്രങ്ങളിലൂടെയും വേണം.  ഈ ജൂതന്മാരെ കൈകാര്യം ചെയ്യുക എന്നതത്ര എളുപ്പമല്ല. ഭയങ്കര കൌശലക്കാരും കുഴപ്പക്കാരുമാണ് അവമ്മാര്‍. അവരില്‍ കുറച്ചുപേര്‍ക്ക് സീസറിന്റെ അധിനിവേശ ഭരണത്തോട് എതിര്‍പ്പായിരുന്നു. തീവ്രവാദികളും കലാപകാരികളുമായ  അവര്‍ ഇടയ്ക്കിടെ നാട്ടില്‍  കലാപങ്ങള്‍  ഉണ്ടാക്കികൊണ്ടിരുന്നു.

ജൂത കലാപകാരികളുടെ നേതാക്കളായിരുന്നു തീവ്രവാദികളായ  ബറാബാസും,  ഇസ്‌കറിയോത്ത യൂദായും.  അവര്‍ക്കു പുരോഹിതരുടെയും 
പരീശന്മാരുടെയും രഹസ്യമായ പിന്തുണയും ഉണ്ടായിരുന്നു. ഇവര്‍ സദാ അവരുടെ അനുയായികളെയും ജനങ്ങളെയും  കലാപത്തിനു  പ്രേരിപ്പിച്ചുകൊണ്ടിരുന്നു.  ഒന്നും പറയണ്ട ചങ്ങാതി....  ഈ ജൂത  തീവ്രവാദികളെ അടിച്ചൊതുക്കുക, സീസറിനെതിരെയും റോമാസാമ്രാജ്യത്തിനെതിരെയും കലാപം നടത്തുന്ന  രാജ്യദ്രോഹികളെ  കുരിശേറ്റുക, കലാപം മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുക, ഗൂഡാലോചനകള്‍ കണ്ടെത്തി കൈകാര്യം ചെയ്യുക തുടങ്ങി വളരെയേറെ തലവേദന പിടിച്ച ഒരുപിടി പണികളായിരുന്നു ജെറുസലേമില്‍ എന്നെയും കാത്തിരുന്നത്. എവിടെയെങ്കിലും ഒന്നു പിഴച്ചാല്‍  സീസറിന്റെയും ഗവര്‍ണറുടെയും  കോപത്തിനു  പാത്രമാകും.  പിന്നെ പറയേണ്ടല്ലോ  കാര്യങ്ങള്‍ ? 

അങ്ങിനെയിരിക്കെയാണ് 'യേഷ്വാ' എന്നു പേരുള്ള ഒരു ചെറുപ്പകാരനെ പിടിച്ചുകൊണ്ടു കുറെ ജൂതന്മാര്‍  വന്നത്.  അവരില്‍ നല്ലൊരു പങ്കും  കലാപകാരികളായ തീവ്രവാദികളായിരുന്നു. അവര്‍ക്കയാളെ  കുരിശില്‍ തറച്ചുകൊല്ലണം അതിനായി പീലാത്തോസിന്റെ കല്‍പ്പന വേണം.

കലാപകാരികള്‍ക്ക് 'യേഷ്വാ'യോട്  മുന്‍വിരോധം തന്നെയുണ്ടായിരുന്നു.  'യേഷ്വാ'യായിരുന്നു  കലാപകാരികളെ തൂക്കിലേറ്റാനുള്ള  കൊലമരമായ കുരിശുണ്ടാക്കി തന്നിരുന്നത്.  അതിന്റെ പേരില്‍ 'യെഷ്വാ'യെ 
അപായപ്പെടുത്താന്‍  ബറാബാസും ഇസ്‌കരിയോത്ത യൂദായും പലവുരു  പദ്ധതിയിട്ടിരുന്നു. ഒന്നു രണ്ടുപ്രാവശ്യം 'യോഷ്വാ'യെ അവരുടെ ആളുകള്‍   ദേഹോപദ്രവം ചെയ്യുകയും ചെയ്തിരുന്നു. 

പീലാത്തോസ് 'യോഷ്വാ' യെ വിചാരണ നടത്തിയെങ്കിലും മരണശിക്ഷ വിധിക്കാനുള്ള കുറ്റമൊന്നും കണ്ടില്ല. പക്ഷെ ജനകൂട്ടം വഴങ്ങിയില്ല.  അവര്‍ക്ക് 'യോഷ്വാ'യെ  വധിക്കണമായിരുന്നു. എങ്കിലും  പീലാത്തോസ്  വഴങ്ങിയില്ല.  അദ്ദേഹം നീതിമാനായിരുന്നു. ന്യായം വിട്ടു  ഒന്നും ചെയ്യുന്ന ആളായിരുന്നില്ല മഹാനായ റോമന്‍ ഗവര്‍ണര്‍ പീലാത്തോസ്.

അപ്പോഴേക്കും  എന്റെ ചാരന്മാര്‍ ചില ഗുരുതരമായ വൃത്താന്തവുമായി  വന്നെത്തി. കലാപകാരികള്‍ അവസരം വിനിയോഗിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞിരുന്നു. 'യോഷ്വാ'യെ വധിക്കാന്‍ ഉത്തരവു നല്‍കിയില്ലെങ്കില്‍  ഇടഞ്ഞുനില്‍ക്കുന്ന ജനം മുഴുവനെയും സ്വാധീനിച്ചു വന്‍തോതില്‍ കലാപം അഴിച്ചുവിടാനിടയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍  സ്ഥിതിഗതികള്‍ അനിയന്ത്രിതമായിതീരും. ഞാന്‍ ഉടന്‍ തന്നെ പീലാത്തോസിനെ  വിവരം  അറിയിച്ചു. 

കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ പീലാത്തോസു പറഞ്ഞു,
'ഒരു നിരപരാധിയുടെ രക്തം കൊണ്ടനേകരുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിയുമെങ്കില്‍ അങ്ങിനെ തന്നെ നടക്കട്ടെ '. 

ഒരു കലാപം ഒഴിവാക്കികൊണ്ട്  നടത്തിയ ക്രമസമാധാന നിര്‍വഹണത്തില്‍   പീലാത്തോസ് എന്നെ അഭിനന്ദിക്കുകയും   മുപ്പതു വെള്ളിക്കാശു ശമ്പളം കൂടുതല്‍ നല്‍കാന്‍   ഉത്തരവാകുകയും  ചെയ്തു.

 ഉച്ചകഴിഞ്ഞ സമയം 'യോഷ്വാ'യെ കുരിശില്‍ തറച്ചു.   ഹോ ..  എന്റെ അന്നത്തെ ജോലി അങ്ങിനെ ഒരുവിധം കഴിഞ്ഞു.  തലേന്ന് രാത്രിമുതല്‍ തുടങ്ങിയ ജോലിയാണ്. എത്ര കുറ്റവാളികളുടെ  ക്രൂശിക്കല്‍ ഞാന്‍ നടത്തിയിരിക്കുന്നു. പക്ഷെ അതുപോലെ തലവേദന പിടിച്ചതു അടുത്ത കാലത്തുണ്ടായിട്ടില്ല.

 ഒരു മൂന്നു കൊല്ലം മുന്‍പ്  ഇച്ചിരെ കുഴപ്പം പിടിച്ച ഒരു കുരിശേറ്റല്‍ ഉണ്ടായിരുന്നു.  അത് ജൂത തീവ്രവാദിയായിരുന്ന ശിമയോന്റെ  വധശിക്ഷയായിരുന്നു.  അന്നീ ശിമയോനെ  തറയ്ക്കാനുള്ള  കുരിശു പണിതു തന്നത് ഈ 'യോഷ്വാ'യുടെ പണിപ്പുരയില്‍ നിന്നായിരുന്നു.  അന്നു കലാപകാരികള്‍ ഒത്തിരി കുഴപ്പങ്ങളുണ്ടാക്കി. പട്ടണത്തില്‍ കലാപവും  കൊള്ളിവപ്പും നടത്തി.  അന്നു കലാപം  ഉണ്ടാക്കിയവരുടെ  നേതാവായിരുന്ന  തെമ്മാടി  'ബറാബാസി'നെ അതുകഴിഞ്ഞ്  രണ്ടുകൊല്ലം കഴിഞ്ഞിട്ടേ  പിടികൂടാന്‍ പറ്റിയുള്ളൂ.

 പക്ഷെ ഇതങ്ങനെയുള്ള  കുഴപ്പങ്ങള്‍ പിടിച്ചതായിരുന്നില്ല പക്ഷെ  എന്തൊരു ജനക്കൂട്ടമായിരുന്നു അവരില്‍ ആര്‍ത്തലച്ചുകരയുന്നവരും, അവഹേളിക്കുന്നവരും!. സാധാരണയായി കുരിശില്‍ തറച്ചു കൊല്ലുന്നത് കാണാന്‍  അധികം ആരും അങ്ങിനെ  വരാറില്ല.  പക്ഷെ ഇതെന്തൊരു  ജനക്കൂട്ടമായിരുന്നു. തലേന്ന്  രാത്രിമുതല്‍ ! ...

 ജനക്കൂട്ടത്തെ എങ്ങിനെയെങ്കിലും ഒന്നു പിരിച്ചുവിട്ടിരുന്നെങ്കില്‍ വീട്ടില്‍ പോയി വിശ്രമിക്കാമായിരുന്നു.  കുരിശില്‍ കിടക്കുന്നവര്‍ ഒന്നോ രണ്ടോ 
ദിവസം അങ്ങിനെ കിടക്കും. ആദ്യ മണിക്കൂറുകളില്‍ തന്നെ കൈകകള്‍ തോളില്‍ നിന്നും വിട്ടു പോയിട്ടുണ്ടായിരിക്കും. പിന്നെ അവരുടെ കാലിന്റെ ബലത്തിലാണ് ശ്വാസം എടുക്കുന്നത്. പതുക്കെ കാലിന്റെ പേശികള്‍ തളര്‍ന്നു  ഉയര്‍ന്നു നിന്ന് ശ്വാസം എടുക്കാന്‍ പറ്റാതെ ശ്വാസംമുട്ടി ചത്തു പൊക്കോളും.  വല്ല ബന്ധുക്കളോ, ചാര്‍ച്ചക്കാരോ വന്നാല്‍ അവര്‍ക്ക് ശവശരീരം വിട്ടുകൊടുക്കാം.  അല്ലെങ്കില്‍ വല്ല വിജനപ്രദേശത്തും കൊണ്ടുപോയി അടക്കംചയ്യാന്‍ ഊരുതെണ്ടി  നടക്കുന്ന നടോടികളോട്  പറയാം.

കാര്യങ്ങളെക്കുറിച്ചിങ്ങനെ ആലോചിച്ചു നില്‍കുമ്പോഴാണ്  ഏതാനും ജൂത പ്രമാണികള്‍ അടുത്ത് വന്നത്.  പിറ്റേന്ന്  അവരുടെ പവിത്രമായ സാബത് ദിനമാണ് അന്നേദിവസം മൃതശരീരം കുരിശില്‍ കിടക്കാന്‍ പാടില്ല പോലും. അതുകൊണ്ട് അന്നു തന്നെ കുറ്റവാളികളുടെ മരണം ഉറപ്പാക്കി ജഡം കുരിശില്‍ നിന്നും താഴെയിറക്കണമെന്നവര്‍ ആവശ്യപ്പെട്ടു. ഇനിപ്പൊ  അതിന്റെ പേരില്‍ മറ്റൊരു കലാപവും പൊല്ലാപ്പും വേണ്ടാന്നു വിചാരിച്ചു. ഞാന്‍  പടയാളികളെ വിളിച്ചു  പറഞ്ഞു, 'കുരിശില്‍ കിടക്കുന്നവരുടെ കണംകാലുകള്‍ കുന്തം കൊണ്ട് തല്ലി ഒടിക്കാന്‍'. അങ്ങിനെ 
ചെയ്താല്‍ അവര്‍ക്കു പിന്നെ കാലില്‍ കുത്തിനിന്നു ശ്വാസം എടുക്കാന്‍ പറ്റാതെ ശ്വാസംമുട്ടി ഉടന്‍തന്നെ  മരിച്ചുകൊള്ളും.

പടയാളികള്‍  മറ്റുരണ്ടു പേരുടെ കാലുകള്‍  തല്ലിയൊടിച്ചുവെന്നും, 'യേഷ്വാ' മുന്‍പേ മരിച്ചതിനാല്‍ അതിന്റെ  ആവശ്യമില്ലാന്നും വന്നു പറഞ്ഞു.  കാര്യങ്ങള്‍ എല്ലാം കൃത്യമായി നടന്നോ എന്നുറപ്പാക്കേണ്ടത്  ശതാധിപനായ എന്റെ ഉത്തരവാദിത്വമാണ്. 'യേഷ്വാ' മരിച്ചുവോ എന്നുറപ്പാക്കണം. മരിക്കാതെ ഒരാളെ കുരിശില്‍ നിന്നും ഇറക്കിപോയാല്‍ അതു വലിയ പ്രശ്‌നമായി തീരും. കുരിശു മരണത്തിനു വിധിക്കപ്പെട്ടവന്‍ കുരിശില്‍ കിടന്നു തന്നെ മരിക്കണം. കുരിശില്‍ നിന്നിറക്കിയ ആളിന് ജീവന്‍  ഉണ്ടെങ്കില്‍ പിന്നെ മറ്റുതരത്തില്‍ വധിക്കാന്‍ പറ്റില്ല. റോമന്‍ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. അയാളെ വീണ്ടും കുരിശില്‍ തറച്ചു വധിക്കാനും പറ്റില്ല. അങ്ങിനെ വലിയ സങ്കീര്‍ണ നിയമപ്രശ്‌നങ്ങള്‍ വരാന്‍ ഇടയാക്കാതിരിക്കുക  എന്നതെന്റെ ഉത്തരവാദിത്തമാണ്.

ഞാന്‍ കയ്യിലിരുന്ന കുന്തംകൊണ്ടു  'യേഷ്വാ'യുടെ  പാര്‍ശ്വത്തില്‍  കുത്തിനോക്കി. ശരിയായിരുന്നു  അയാളുടെ  ശരീരം പ്രതികരിക്കുന്നില്ല. ജീവന്റെ ലക്ഷണമൊന്നുമില്ല. ഞാന്‍ തല ഉയര്‍ത്തി നോക്കി മരണം  ഉറപ്പാക്കി,  പിന്നെ കുന്തം വലിച്ചൂരി. എന്തോ ഒരു ദ്രാവകം എന്റെ മുഖത്തു വീണതുപോലെ തോന്നി. ഞാന്‍ ഒരു കയ്യില്‍ കുന്തം പിടിച്ചിട്ടു മറു കൈ കൊണ്ട് എന്റെ മുഖം തുടച്ചു.  ശരിയാണ് അല്പം  രക്തവും വെള്ളവും  കുന്തം വലിച്ചൂരിയ മുറിവില്‍ നിന്നും  എന്റെ വലതു  കണ്ണില്‍ മേല്‍ പതിച്ചതാണ്. 

 ആ നിമിഷം എന്റെ വലതുകണ്ണ് ചുട്ടു പൊള്ളുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ വീണ്ടും എന്റെ കൈകൊണ്ടു കണ്ണിന്മേല്‍ അമര്‍ത്തി തുടച്ചു.  അപ്പോള്‍ എന്റെ തലയില്‍ ഒരു വിസ്‌ഫോടനം നടന്നു. ഭൂമി കുലുങ്ങതുപോലെയും പാറകള്‍ പൊട്ടി അടരുന്നതുപോലെയും  എനിക്കനുഭവപ്പെട്ടു. ബോധരഹിതനായി ഞാന്‍ നിലംപതിച്ചു. അപ്പോള്‍ നടന്നതിന്റെ പൊരുളുകള്‍ എന്താണെന്ന് എനിക്കറിയില്ല.  ഒന്നുമാത്രം 
എനിക്കറിയാം വര്‍ഷങ്ങളായി തീരെ കാഴ്ച മങ്ങിയിരുന്ന  എന്റെ വലതു കണ്ണിനിപ്പോള്‍  ഇടതു കണ്ണിനെക്കാള്‍  തെളിച്ചമുണ്ട്. 

എല്ലാം ആ നശിച്ച വെള്ളിയാഴ്ച രാത്രിയില്‍ തുടങ്ങിയതാണ്.  ഇപ്പോള്‍ ആറേഴു മാസമായി. പല വീടുകള്‍ ഞാന്‍ മാറി താമസിച്ചു. സ്ഥലങ്ങള്‍ മാറി താമസിച്ചു. റോമില്‍ നിന്നും മന്ത്രവാദികളെ വരുത്തിച്ചു പല പ്രിധിവിധികളും ചെയ്തു.  എന്നിട്ടും എല്ലാ രാത്രികളിലും അതേ കാഴ്ചകളും, സിംഹത്തിന്റെ ആക്രമണവും അതികഠിനമായ വേദനയും ആവര്‍ത്തിക്കുന്നു. നേരം പുലരുമ്പോള്‍ എല്ലാം വീണ്ടും  പഴയപടി.  ഞാന്‍ 
ഉറങ്ങാതെ  ഇരുന്നു നോക്കി.  പക്ഷെ അപ്പോഴും അതേ അനുഭവം ആവര്‍ത്തിക്കുന്നു. 
അന്നുമുതല്‍ ഈ നിമിഷംവരെ എനിക്കുറങ്ങുവാന്‍ കഴിഞ്ഞിട്ടില്ല. എല്ലാദിവസവും രാത്രി ഞാന്‍ ഈ കൊടിയ പീഡനത്തിലൂടെ കടന്നുപോകുന്നു.  എനിക്കുമാത്രം അനുഭവിക്കാന്‍ കഴിയുന്ന പീഡനം.  എങ്ങിനെയാണ് എനിക്കിതില്‍ നിന്നും  വിമോചനം ലഭിക്കുക?  കുഞ്ഞേ  ദയവായി നീ എന്തെകിലും പറഞ്ഞാലും''.   തന്റെ  സമീപമിരുന്നുകൊണ്ട്   ക്ഷമയോടെ അയാളുടെ  വാക്കുകള്‍ക്ക് ചെവിനല്‍കിയ  ചെറുപ്പക്കാരനോട് ലോന്‍-ജൈനസ്   അപേക്ഷിച്ചു. 

ആ യുവാവ് കരുണ തുളുമ്പുന്ന മുഖത്തോടെ ലോന്‍-ജൈനസിന്റെ   നേര്‍ക്കല്‍പ്പനേരം നോക്കിനിന്നു; പിന്നെ ഒരു  പുഞ്ചിരിയോടെ എഴുന്നേറ്റു.  ലോന്‍-ജൈനസ്   യുവാവിന്റെ  മുഖത്തേക്കുതന്നെ  ഉറ്റുനോക്കിക്കൊണ്ട്  മനസ്സില്‍ ചിന്തിച്ചു.  ഈ ചെറുപ്പക്കാരനും  അന്നു പ്രിത്തോറിയത്തില്‍ ചമ്മട്ടി ശിക്ഷ ഏറ്റുവാങ്ങിയ യുവാവിനും ഒരേ മുഖമാണല്ലോ ?  ലോന്‍-ജൈനസിന്റെ   മനോവ്യാപാരം  മനസ്സിലായിട്ടെന്നവണ്ണം ആ യുവാവ്  അയാളുടെ  കയ്യില്‍ പിടിച്ചെഴുന്നെല്‍പ്പിച്ചു,  പിന്നെ അപ്പോഴും ചുണ്ടില്‍ നിന്നും മായാത്ത മന്ദഹാസത്തോടെ  അയാളുടെ  കൈയ്യും  പിടിച്ചുകൊണ്ട്  മുന്നോട്ടു നടക്കുവാന്‍ തുടങ്ങി.

Facebook Comments

Comments

  1. പീലാത്തോസ്

    2020-04-06 15:04:21

    പീലാത്തോസ് നീതിമാനും മഹാനുമായിരുന്നുവന്നു ശതാധിപൻ പറയുന്നു। ഒരു കലാപവും അതുവഴി ഉണ്ടാകുന്ന അനേകരുടെ ജീവഹാനിയും തടയാൻ ഒരു നിരപരാധിയെ ബലികൊടുക്കാമെന്ന രാഷ്ട്ര തന്ത്രം। അതുതന്നെയാണ് ഇന്നും നടക്കുന്നത്। യേശുവിനോടു യഹൂദ പുരോഹിതർക്ക് മാത്രമല്ല zealots കൾക്കും വിരോധം ഉണ്ടായിരുന്നു അതും വധശിക്ഷയ്ക്കുള്ള കാരണമായി എന്നുള്ള വ്യാഖ്യാനം കഥയുമായി ചേർന്ന് പോകുന്നുണ്ട്। കുരിശുമരണത്തിലെ ശാസ്ത്രീയ നിരീക്ഷണങ്ങൾ കൗതുകം ജനിപ്പിച്ചു। കഥയുടെ തുടക്കം വളരെ വ്യത്യസ്തത പുലർത്തുകയും ഒരു ക്‌ളാസ്സിക് ടച്ച് തോന്നിക്കുകയും ചെയ്തു। ഈ വിശുദ്ധ വാരത്തിൽ വായിക്കാൻ പറ്റിയത് തന്നെ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

View More