Image

കാവ്യരചനയിലെ ഭാവഭേദങ്ങള്‍ (വാസുദേവ് പുളിക്കല്‍)

Published on 03 April, 2020
കാവ്യരചനയിലെ ഭാവഭേദങ്ങള്‍  (വാസുദേവ് പുളിക്കല്‍)
അമേരിക്കയില്‍ വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണെന്ന്  ആരോ പറഞ്ഞത് അന്വര്‍ത്ഥമാകുന്ന രീതിയിലാണ് അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് കവികള്‍ പ്രത്യക്ഷപ്പെടുന്നത്. കവിത എഴുതാന്‍ സമയം കുറച്ചു  മതിയെന്നു കരുതുന്നതായിരിക്കാം ഇതിനു കാരണം. എന്നാല്‍ കവിത ആലോചനാമധുരവും കാവ്യാത്മകവും മറ്റും ആയിരിക്കണമെന്ന വസ്തുത ഈ നവീന കവികളില്‍ പലരും മറന്നു  പോകുന്നതായി കാണുന്നു. ഒരു കൊച്ചു കവിത ഇവിടെ ഉദ്ധരിക്കട്ടെ:

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടാന്തി മേഘങ്ങല്‍ പോലെ

ആലോചനാമധുരമായ ഒരു കവിത. ആദ്യത്തെ വരികള്‍ പ്രസ്താവനകളായി തോന്നാമെങ്കിലും അവസാന ഭാഗത്ത് ഭാവനയുയര്‍ന്ന് കവിത ആശയസമ്പുഷ്ടവും കാവ്യാത്മകവുമാകുന്നു. ഇന്നത്തെ കവികള്‍ പഴയകവികളെ അനുകരിക്കാന്‍ തായ്യാറല്ല. അവര്‍  എഴുതിയതു പോലെ എഴുതുന്നത് നാണക്കേടാണ് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഉപകാരപ്രദമായ കാര്യങ്ങളില്‍ മറ്റുള്ളവരുടെ മാതൃക അനുവര്‍ത്തിക്കുന്നത് ഒരിക്കലും തെറ്റവുകയില്ല.   കാല്പനികതയില്‍ നിന്നും അകന്നു പോയി ആധുനികതയിലേക്കു കൂപ്പുകുത്തിക്കൊണ്ടുള്ള  കാവ്യാവിഷ്കരണമാണ് അവരില്‍ നിന്നു വരുന്നത്. സ്വപ്നം ചിലര്‍ക്കു ചിലകാലമൊക്കണം എന്നു പറയുന്നതു പോലെ ഒരിക്കല്‍ അവരുടെ സ്വ്പനം സഫലമായെന്നു വാരാം. എന്റെ ഒരു കൂട്ടുകാരന്‍ കവിയുണ്ട്. ആധുനികതയിലേക്ക് വഴുതിപ്പോകാത്ത കവി. അദ്ദേഹം കവിതയെഴുതിയതിനു ശേഷം ഈണത്തിലും താളത്തിലും പാടി നോക്കും. എവിടെയേങ്കിലും പാകപ്പിഴകള്‍ അനുഭവപ്പെട്ടാല്‍ പദപ്രയോഗത്തില്‍ വ്യത്യാസം വാരുത്തി കവിത സുഗമമാക്കും. അതുകൊണ്ട് കാവ്യലോകത്തിനു സ്വീകാര്യമായ കവിതകള്‍ എഴുതാന്‍ അദ്ദേഹത്തിനു സാധിക്കുന്നു.
         
കവിതയില്‍ കാണാന്‍ കഴിയുന്നത് മൂന്നു ഉറവിടങ്ങളാണ്. ഒരു ലൗകികനേക്കാള്‍ കുറെക്കൂടി സരസനായ ഭാവനാസമ്പന്നനു ഭോഗാസക്തിയുണ്ടായി അയാള്‍ ഉത്തേജിതനായാല്‍ അയാള്‍ക്ക് ആലങ്കാരികമായ ചിന്ത ഉള്ളില്‍ പൊടിച്ചു വരും. അയാള്‍ക്ക് വൈകാരികമായ നൊമ്പരമുണ്ടായാല്‍ അപ്പോഴും ആത്മാലാപം കവിതാരൂപത്തില്‍ വന്നേക്കാം. സരസ്വതി ആത്മാവില്‍ മാത്രം വാഴുന്ന  സത്യാനന്ദ നിര്‍ത്ധരിയാണ്. സരസ്വതി  കടാക്ഷമുണ്ടാകുമ്പോള്‍ ഒരു  ജ്ഞാനോപാസകന്‍ - കാവ്യോപാസാകന്‍ സാഹിത്യ സപര്യകൊണ്ട് അടുത്തുപോയി അതില്‍ ആമഗ്നനായാല്‍ അവനില്‍ കവിത അയത്‌നമായി വന്ന് ലോകത്തെ പുളകമണിയിക്കും. അതിനെ വേണം ശുദ്ധമായ കവിതയായി കണക്കാക്കാന്‍.  ഒരു ഉദാഹരണം:

മാര്‍ഗ്ഗഴി തിങ്കളൊഴുക്കുന്ന ദുഗ്ദം
നുണയുന്ന രാവിന്റെ ഉള്‍പ്പുളകത്തിലും
ഗ്രാമതുളസികള്‍ കീര്‍ത്തനം പാടിയുണര്‍ത്തുന്ന
പുലരിതന്‍ കുംകുമ ചോപ്പിലും
പുള്ളുവന്‍ പാടുന്ന നാവേറിലും നിലം
പൂട്ടുന്ന കര്‍ഷകര്‍ പാടുന്ന പാട്ടിലും
ആതിരലാവില്‍ കുളിര്‍മ പുണര്‍ന്നൊരു
കൗമാര മോഹ തുടിപ്പിന്‍ പരപ്പിലും
കണ്ടു ഞാന്‍ കവിതയെ ഭാവാക്ഷരങ്ങളെന്‍
തൂലിക തുമ്പിലുതിര്‍ത്തുന്ന ദേവിയ
അന്നു തൊട്ടേ വരദായിനിയായെന്റെ
ഉള്ളിലെ കോവിലില്‍ വാഴുന്നു ദേവത.   
    
ഭോഗാസക്തിയാണ് അവനെ നിയന്ത്രിക്കുന്നതെങ്കില്‍ അവന്റെ ഭാവം മാറും. അവര്‍ കാവ്യാംഗനയെ പ്രാപിക്കാന്‍ പോലും ശ്രമിക്കുന്നത് ഞാന്‍ ഭാവനയില്‍ കാണുന്നു:

കാവ്യാംഗന മന്ദം മന്ദം ചാരത്തണഞ്ഞപ്പോള്‍
അവളൂടെ മാദകസൗന്ദര്യത്തില്‍ മയങ്ങിയ കവി
അവളെ വാരിപ്പുണരാന്‍ കൈകള്‍ നീട്ടവേ
കാവ്യാംഗന കുതറിമാറിയകന്നു നിന്നു.
കവി കാമപാരവശ്യം തുടര്‍ന്നപ്പോള്‍
 എങ്ങോ മറഞ്ഞവള്‍ പിന്‍വിളി കേള്‍ക്കാതെ
എങ്കിലുമവള്‍ കവിയുടെ ഹൃദയത്തില്‍ മന്ത്രിച്ചു:
കവേ, ബാഹ്യസൗന്ദര്യത്തിന്നടിമയാകാതെ
ആത്മസംയമനത്തിന്നേകാഗ്രതയില്‍ മുഴുകി
കവിത കുറിക്കൂ, എത്തിടാം ഞാനനുഗ്രഹവുമായ്
എന്നാല്‍ വന്നിച്ചവള്‍ കവിയുടെ മുന്നില്‍ വീണ്ടും
എരിഞ്ഞടങ്ങിയല്ലോയെന്നഭിലാഷത്തിന്‍ നാമ്പുകള്‍ 
കവിയുടെ വിലാപത്തിന്‍ ധ്വനികള്‍ മുഴങ്ങി.

മനുഷ്യനു കുറ്റങ്ങളും കുറവുകളും കാണും. അത് അവന്റെ അവശതയാലെന്നു കരുതിയാല്‍ മതി. കവിതയും അങ്ങനെ തന്നെ. മനസ്സിന്റെ മുകള്‍പ്പരപ്പില്‍ കുമിളയിട്ടു വരുന്ന വാക്കുകളെ ചേര്‍ത്ത് ഒരു ഈണത്തിനും താളത്തിനും കവിതയുണ്ടാക്കുന്നു. അയാളുടെ പരിമിതികള്‍ കണക്കിലെടുത്ത് കവിതയെ സമീപിച്ചാല്‍ കവിതയെ ഒരാശ്വാസ നിശ്വാസമയി എണ്ണാന്‍ കഴിയും. ഇവരുടേതില്‍ നിന്നു കുറച്ചു വ്യത്യസ്തമാണ് ബോധപൂര്‍വം ഭാഷാചതുരന്മാരയി കവിതാസപര്യയില്‍ അഭ്യാസം നടത്തിപ്പോരുന്നവരുടെ കവിത. ആശായാവിഷ്കാരം കഴിഞ്ഞാല്‍ പിന്നെ ആശയത്തിനു കാവ്യാത്മകത നല്‍കുന്നു. മനോഹരമായ കാവ്യകഞ്ചുകമണിഞ്ഞിരിക്കുന്ന കവിത വായനക്കാരനു സ്വീകാര്യമാകുന്നു.
സ്‌നേഹത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുന്ന  ഒരു കവിത ഉദാഹണരമായെടുക്കാം.

സ്‌നേഹത്തില്‍ നുന്നുദിക്കുന്നു ലോകം
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു
സ്‌നേഹത്താല്‍ ശക്തി ജഗത്തില്‍ സ്വയം
സ്‌നേഹം താനാനന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍ സ്‌നേഹ
വ്യാഹൃതി തന്നെ മരണം

എന്നാല്‍, തന്റെ കവിതയില്‍ കേട്ടു പഠിച്ച ചില പ്രയോഗങ്ങള്‍ ചേര്‍ത്തു വയ്ക്കുകയോ പ്രാസം, ശബ്ദാലങ്കാരം എന്നിവക്കായി കൃതൃമമായി നടത്തുന്ന ആവിഷ്കാരശില്്പങ്ങള്‍ വിരചിച്ചു വയ്ക്കുകയോ കവിത ഗംഭീരമാകുമെന്നു കരുതി ഖരപദങ്ങള്‍ വാരിച്ചൊരിയുകയോ ചെയ്താല്‍ വായനക്കാരനു രസഭംഗം വരുന്നു. അപ്പോള്‍ കവിതക്ക് കവി കാണാതിരുന്ന ദോഷങ്ങള്‍ തൊട്ടുകാണിച്ചുകൊണ്ട് സൗമ്യമായ ഒരു നിരൂപണം ആവശ്യമായി വരുന്നു. അത് കവിയെ പരിഹസിക്കുന്ന വിധത്തില്‍  വ്യക്തിപരമായ വിമര്‍ശനമായിരിക്കരുത്. കവിക്ക് എത്രയായാലും ആസ്വാദനപാടവം ഇല്ലാതിരിക്കില്ല. തെറ്റു മനസ്സിലായാല്‍ കവി തന്റെ രചനയെ ആവുന്നത്ര സ്വീകാര്യമാക്കാതിരിക്കില്ല.
         
കവികള്‍ സ്വന്തം കാവ്യഭാഷ രൂപീകരിച്ച് കവിതയെഴുതുമ്പോള്‍ കവിയുടെ വ്യക്തിമുദ്ര കവിതയില്‍ പതിയുന്നു, കവിത മൗലികമാകുന്നു. മൗലികതയെപറ്റി ഒരു കവി  കവി പറഞ്ഞതു  ശ്രദ്ധിക്കൂ. "ഞാന്‍ മറ്റുള്ളവര്‍ എഴുതിയതു വായിച്ചാല്‍ അവരുടെ ആശങ്ങളിലേക്കും  ആവിഷ്കരണത്തിലേക്കും ചായ്ഞ്ഞുപോയി എന്റ എഴുത്തിന്റെ മൗലികത നഷ്ടപ്പെട്ടാലോ എന്നു കരുതി ഞാന്‍ മറ്റുള്ളവര്‍ എഴുതിയതു വായിക്കാറില്ല'. വിചിത്രം! കവിതാമോഷണം, കഥാമോഷണം തുടങ്ങിയവ സാഹിത്യരംഗത്ത് നടക്കുന്നതായും അറിയുന്നുണ്ട്. ഒരു കവി ഒരു പത്രാധിപര്‍ക്കയച്ചു കൊടുത്ത കവിത വായിച്ചിട്ട് അദ്ദേഹം സഹപ്രവര്‍ത്തകരോടു പറഞ്ഞു: "ആശയ ഗാംഭീര്യവും ഭാവനാസമ്പന്നവുമായ നല്ല കവിത. ഈ കവിത പ്രസിദ്ധീരിക്കുന്നില്ല. കവിയെ അവഗണിക്കാം. ആശയം ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ അടുത്ത ലക്കം മുതല്‍ എഴുതുക.' അങ്ങനെ കവിത മോഷ്ടിക്കപ്പെട്ടു എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്. മറ്റുള്ളവര്‍ എഴുതിയത് വായിക്കുന്ന ശീലമിക്ലാത്ത കവിയെ മോഷണമെന്ന പ്രശ്‌നം ബാധിക്കുകയില്ല എന്നൊരു ഗുണമുണ്ട്.
         
അമേരിക്കയില്‍ ഈസ്റ്റ് വെസ്റ്റ് യുണിവേഴ്‌സിറ്റി എന്ന പേരില്‍ ശ്രീനാരായണഗുരുകുലം സ്ഥാപിച്ച ഒരു  യുണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഫീസില്ല, പരീക്ഷയില്ല, ഡിഗിയില്ല. കുട്ടികളുടെ മുതല്‍  മാനസിക വികസനത്തിനും സര്‍ഗ്ഗശക്തി വര്‍ദ്ധിപ്പിക്കാനുമുള്ള പരിപാടികള്‍ ഈ  യുണിവേഴ്‌സിറ്റിയുടെ ഉദ്ദേശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അതില്‍ നിന്ന് കവിതയെഴുതാന്‍ കഴിവുള്ള കുട്ടികളെ അവര്‍ക്ക് കാണാന്‍ കഴിയുന്നു. യുവഎഴുത്തുകാരെ വാര്‍ത്തെടുക്കാനുള്ള സംരംഭമായി കുട്ടികളുടെ മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് കുട്ടികളുടെ ക്രിയാത്മകമായ രചനയെ പ്രോത്സാഹിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.  ലോകത്തെവിടേയും കുട്ടികള്‍ക്ക് ഇങ്ങനെ എഴുതാന്‍ കഴിവുണ്ടെങ്കിലും ആ സര്‍ഗ്ഗശക്തിയെ ഉണര്‍ത്തിയെടുക്കാന്‍ ആരും മിനക്കെടുന്നില്ല. അമേരിക്കയില്‍ എഴുത്തുകാരുടെ സര്‍ഗ്ഗശക്തിയും മാനസികവികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാഹിത്യസംഘടനകളുണ്ട്. അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സാഹിത്യചര്‍ച്ചകളും മറ്റും സാഹിത്യകാരന്മാര്‍ പങ്കെടുക്കണം. അതില്‍ നിന്നു കവികള്‍ക്ക് കാവ്യാവിഷ്കരണത്തിനു ഉത്തേജനവും കാവ്യരചനയുടെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനുള്ള അവസരവും ലഭിക്കാതിരിക്കില്ല. അങ്ങനെ കവികള്‍ നല്ല നല്ല കവിതകള്‍ എഴുതി കാവ്യലോകത്തെ ധന്യമാക്കട്ടെ.
         
അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരില്‍  കവികള്‍ ആയിരുന്നു കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ ധാരാളം കവയിത്രികള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാലത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്ന നോവലിസ്റ്റ്, കഥാകൃത്ത്, കവി എന്നിങ്ങനെയുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ പ്രിയ എഴുത്തുകാരനോ/എഴുത്തുകാരിയോ ഒന്നുമില്ല. വായനക്കാര്‍ക്ക് പ്രിയമുള്ളതും അവര്‍ക്കു മനസ്സിലാകുന്നതും സാഹിത്യമേന്മയോടെ എഴുതാന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കണം. ആര്‍ക്കും മനസ്സിലാകാത്ത ഒരു രചന സാഹിത്യമേന്മയുള്ളതാകുമോ എന്നതു ഒരു ചോദ്യമാണ്. ഒരു പക്ഷെ ആര്‍ക്കും മനസ്സിലാകത്തത് ആയിരിക്കും ഉത്തമ കൃതി. 
****

Join WhatsApp News
Practice 2020-04-03 21:44:54
Now it's time to put your knowledge into practice.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക