പല മഹാമാരികളിലൂടെ മനുഷ്യര്‍ കടന്നുപോയെങ്കിലും ലോകം അവസാനിച്ചില്ല. ഓരോ മഹാമാരികള്‍ പ്രത്യക്ഷപ്പെടുമ്പോഴും ലോകാവസാനം അടുത്തുവെന്നു മനുഷ്യന് ഭയവിഹ്വലനായി ചിന്തിക്കുന്നു. അപ്പോഴൊന്നും ലോകം അവസാനിച്ചില്ലെങ്കിലും അത്തരം വ്യാധികള്‍ ഒത്തിരിപേരുടെ ജീവന് അപഹരിച്ചുവെന്നത് ദു:ഖകരം. 1918 ല്‍ സ്പാനിഷ് ഫ്ലൂ എന്ന ഇപ്പോഴത്തെ കൊറോണ വൈറസ് പോലെയുള്ള പടര്‍ച്ചവ്യാധി അമ്പത് മുതല്‍ നൂറു മില്യണ്‍ ആളുകളെ ലോകവ്യാപകമായി കൊന്നൊടുക്കി. പ്രകൃതി ദുരന്തങ്ങള്‍, പടര്‍ച്ചവ്യാധികള്‍, യുദ്ധം എന്നിവയുണ്ടാകുമ്പോള്‍ മനുഷ്യര്‍ ആദ്യം ചിന്തിക്കുന്നത് ലോകം അവസാനിക്കാന്‍ പോകുകയാണോ? അതോ ഇതെല്ലാം സംഭവിക്കുന്നത് ദൈവം കോപിക്കുന്നതുകൊണ്ടാണോ? ജീവിക്കാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം അവനെ കൂടുതല്‍ ദൈവവിശ്വാസിയാക്കുന്നു.
എല്ലാ മതങ്ങളിലും മനുഷ്യര്‍ ദൈവത്തെ അന്വേഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. നിരീശ്വരവാദി എന്ന് പറയാവുന്ന നമ്മുടെ ഒരു കവി ഈശ്വരനെക്കുറിച്ച് എഴുതിയത് ഇങ്ങനെ. മാനം നിറയെ, മാണിക്യം കൊണ്ടോരു മണിമാളികയുണ്ടോ അവിടെ മണ്ണിലെ മനുഷ്യന്റെ ജാതകം നോക്കുന്ന മാലാഖാമാരുണ്ടോ, ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം.., കണ്ടിട്ടുള്ളവരില്ലല്ലോ. വിശുദ്ധ തോമാശ്ലീഹയോട് യേശുദേവന് പറയുന്നതും നമ്മള് കേള്‍ക്കുന്നു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്. വേദങ്ങളില്‍ ഏറ്റവും പഴയ വേദമായ ഋഗ്വേദത്തില്‍ "പണ്ഡിതര്‍ ഒരു ദൈവത്തെ പല പേരില്‍ വിളിക്കുന്നു" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മസൂത്രത്തിലും ദൈവം ഏകനാണ് രണ്ടാമതൊന്നില്ലെന്നു വ്യകത്മായി പറയുന്നുണ്ട്. എന്നിട്ടും നമുക്ക് ചുറ്റും നിറയെ വിഗ്രഹങ്ങള്‍ അവര്‍ക്കൊക്കെ ഓരോരോ പേരുകള്‍. ഹിന്ദുക്കള്‍ ലോകത്തിലെ എല്ലാം ദൈവമാണെന്ന് പറയുന്നു, മുസ്ലീമുകള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പറയുന്നു.
ഇപ്പോള്‍ നമ്മളെ ഭയപ്പെടുത്തുന്ന കൊറോണ വൈറസ്സുകളെക്കുറിച്ച് 2018 ല്‍ അതായത് 1918 ലെ ഫഌവിന്റെ നൂറാം വാര്‍ഷികത്തില്‍ അമേരിക്കയ്ക്ക് സൂചന കിട്ടിയിരുന്നുവെന്നു മാധ്യമങ്ങളില്‍ കാണുന്നു. ഒരു പക്ഷെ അത് ഗൗരവമായി കണക്കാക്കി മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ ഈ വിഷമാവസ്ഥ വരികില്ലായിരുന്നു എന്ന് വെറുതെ സമാധാനിക്കാം. അദൃശ്യനായ ഒരു ശത്രുവിനോട് പൊരുതി ജയിക്കുക എന്ന സാഹസമാണ് ഇന്ന് എല്ലാവരെയും അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ എല്ലാവരും വാര്‍ത്തകള്‍ സശ്രദ്ധം കേള്‍ക്കുന്നു. ഇബമലയാളിയില് ശ്രീ ആന്‍ഡ്രുസ് എഴുതിയപോലെ വ്യാജവാര്‍ത്തകള്‍ കേട്ട് വഞ്ചിതരാകാതിരിക്കുക. മറ്റുള്ളവരെ ഭയപ്പെടുത്തിയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും ക്രൂരമായി ആനന്ദിക്കുന്നത് ചിലരുടെ വാസനാവൈകൃതമാണ്.
ഇന്നു ലോകം ഒരു അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പരിഭ്രാന്തരാകുന്ന മനുഷ്യരില്‍ ഭൂരിഭാഗവും രക്ഷയ്ക്കായി അദൃശ്യനായ ദൈവത്തിലേക്ക് തിരിയുന്നതു നമ്മള് കാണുന്നു. അതേസമയം അമ്പലങ്ങള്‍, പള്ളികള്‍, മറ്റു ആരാധനാലയങ്ങള്‍, ആള്‍ദൈവങ്ങളുടെ താമസസ്ഥലങ്ങള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. ദേവാലയങ്ങളില്‍ രക്ഷകന് ഉണ്ടെങ്കില്‍ പിന്നെ അവിടം സന്ദര്‍ശിക്കുന്നതില്‍ എന്തിനു ഭയപ്പെടണം.? മനുഷ്യരാശിക്ക് ഇതൊരു പാഠമാണ്. ഈ സമയവും കടന്നുപോകുമെന്ന പ്രത്യാശ മനുഷ്യനുണ്ട്. അവന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നത് ശാസ്ത്രമാണ്. ശാസ്ത്രം അതിനായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. എന്നാല്‍ ജീവന് തിരിച്ചുകിട്ടുമ്പോള്‍ മനുഷ്യര്‍ ഓടുന്നത് അവര്‍ വിശ്വസിക്കുന്ന ആരാധനാലയങ്ങളിലേക്കാണ്. ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് വാസ്തവമെങ്കിലും എന്തിനാണ് ആ പുണ്യം പുരോഹിതന് കൊണ്ടുകൊടുക്കുന്നത്. ഈ മഹാമാരി ഒഴിഞ്ഞുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ബോധോദയമുണ്ടായി അവന്റെ മതഭ്രാന്തും, അവന് തന്നെ സൃഷ്ടിച്ചിട്ടുള്ള ദൈവങ്ങളെയും മൂന്നു വട്ടം തള്ളിപ്പറയാനുള്ള ധൈര്യം അവന് സമ്പാദിക്കുമെന്നു വെറുതെ വ്യാമോഹിക്കാം .
മനുഷ്യന് കണ്ടുപിടിച്ച സകല ആയുധങ്ങളും മരുന്നും കൊറോണയുടെ മുമ്പില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണ്. ഭാവിയില്‍ ഇതിനും മരുന്ന് കണ്ടുപിടിക്കാന്‍ സമര്‍ത്ഥനാണ് മനുഷ്യന്. പക്ഷെ അപ്രതീക്ഷിതമായി ആക്രമിച്ച ഈ വിഷാണു അവനെ തോല്‍പ്പിച്ചുകളഞ്ഞു. അവന് കൈകൂപ്പുന്ന ദൈവം അമ്പലത്തിലോ, പള്ളിയിലോ അല്ല അവന്റെ ഹൃദയത്തില്‍ തന്നെ എന്ന് മനസ്സിലാക്കി അവന് പ്രാര്‍ത്ഥിച്ചു.അതിന്റെ ഫലം കണ്ടുകൊണ്ടിരിക്കുന്നു. കൂട്ടത്തോടെ ഒരു സ്ഥലത്ത് ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനയല്ല. ഓരോ വ്യക്തിയും അവന്റെ കുടുംബവും ഒന്നിച്ച് അവരവരുടെ വീട്ടില്‍ വച്ച് നടത്തുന്ന പ്രാര്‍ത്ഥന. അത് ദൈവം കേള്‍ക്കും എന്ന വിശ്വാസം അവനുണ്ട്. എങ്കില്‍ പിന്നെ വീണ്ടും നല്ല കാലങ്ങള്‍ വരുമ്പോള്‍ എന്തിനു സ്വന്തം സമ്പാദ്യം കല്ലുകളിന്മേലും നേര്‍ച്ചപാത്രങ്ങളിലും മോതിരവിരലുകളിന്മേലും ഒഴുക്കി കളയുന്ന വിഡ്ഢിത്വത്തിനു മുതിരുന്നു.
കൈകള്‍ കഴുകികൊണ്ടിരിക്കണം ഈ വൈറസിന്റെ ബാധയില്ലാതിരിക്കാന്‍ എന്നതും ഒരു പ്രതീകമാണ്. പീലാത്തോസ് കൈകഴുകി കൊണ്ട് താന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കില്ലെന്ന് സ്ഥാപിച്ചു. അങ്ങനെ കൈ കഴുകുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് നിങ്ങള്‍ പിന്മാറുന്നു എന്ന ഒരു അര്‍ത്ഥവും പറയാം. ഒരു പക്ഷെ ഈ അണുബാധ മനുഷ്യരുടെ ദുഷ്പ്രവര്‍ത്തികൊണ്ട് ദൈവം വരുത്തിയതാണെങ്കിലും ഞങ്ങള്‍ ഉത്തരവാദിയല്ലെന്നു പറഞ്ഞു മനുഷ്യരെ കൊണ്ട് കൈകഴുകിപ്പിക്കുന്നു ദൈവം. ശുദ്ധമായ കൈകള്‍ നമ്മള് തെറ്റുകുറ്റങ്ങളില്‍ നിന്നും വിമുക്തരാണെന്നുകൂടി അര്‍ത്ഥതമാക്കുന്നു. സത്യമായ ഒരു പരാശക്തിയെ മനസ്സിലാക്കാതെ കണ്ട മണ്ണിലും, മരക്കമ്പുകളിലും, പരമമായ ആ ചൈതന്യത്തെ സങ്കല്‍പ്പിച്ച് വിവരമില്ലാത്തവരെ കൊള്ളയടിക്കുക എന്ന ദുഷ്കര്‍മ്മം ചെയ്തവരും അവരുടെ കള്ളപ്രലോഭനങ്ങളില്‍പ്പെട്ടു മൂഢരായി ജീവിതം നയിച്ചവരും ഇപ്പോള്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഈ സാഹചര്യം ബുദ്ധിപൂര്‍വം തിരിച്ചറിഞ്ഞു ആത്മസാക്ഷാത്കാരം നേടേണ്ടതാണ്.
മഹാമാരികള്‍ മനുഷ്യനെ എന്നും അലട്ടിയിട്ടുണ്ട്. പണ്ട് കാലങ്ങളില്‍ മനുഷ്യര്‍ ചെറിയ ചെറിയ സമൂഹങ്ങളായി ഒരിടത്ത് കഴിഞ്ഞിരുന്നത്കൊണ്ട് അത് അവരുടെ സമൂഹങ്ങളില്‍ ഒതുങ്ങി നിന്നു. ഇന്ന് മനുഷ്യര്‍ക്ക് യഥേഷ്ടം എവിടെയും സഞ്ചരിക്കാമെന്നായപ്പോള്‍ വ്യാധികള്‍ അവന് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്നു. ഇന്ന് ശാസ്ത്രം മനുഷ്യന് തുണയായിട്ടുണ്ട്. എന്നാലും മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആരോ പറഞ്ഞുവച്ച കാര്യങ്ങള്‍ പാലിക്കാനും അതില്‍ വിശ്വസിക്കാനും തുടങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്പിനെ പ്ലാഗ് എന്ന രോഗം ബാധിച്ചപ്പോള്‍ അന്നത്തെ മനുഷ്യര്‍ ദൈവത്തില്‍ ആശ്രയം തേടി സ്വന്തം ശരീരം ചമ്മട്ടി കൊണ്ട് അടിച്ച് പശ്ചാത്താപവിവശരായി നിരത്തിലൂടെ നടന്നു. അങ്ങനെ ചെയ്താല്‍ ദൈവം മാപ്പു കൊടുത്ത് അസുഖം മാറ്റുമെന്ന അന്ധവിശ്വാസം. ഭാഗ്യം, ഇന്നത്തെ മനുഷ്യന് അത്തരം ദണ്ഡന മുറകള്‍ക്കൊന്നും തയ്യാറാകുന്നില്ല. പഴയകാലത്തും മഹാമാരികള്‍ വരുമ്പോള്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞിരുന്നു. അത് ഒരു പരിധി വരെ അസുഖം പടരാതിരിക്കാന്‍ സഹായിച്ചു.
ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ പഴയകാല അനുഭവങ്ങള്‍ പാഠമാകുന്നു. ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കണിശമായി ജനങ്ങള്‍ പാലിക്കണം. അന്ധവിശ്വാസങ്ങളെ പടിയടച്ച് പിണ്ഡം വച്ച് കളയണം. ശുചിത്വപാലനവും, കുത്തിവയ്പ്പും, രോഗാണുനാശകമായ ഔഷധങ്ങളുമായി ശാസ്ത്രം മുന്നേറുന്നു. എന്നിട്ടും മനുഷ്യന് മരിച്ച ഇന്നലകളിലെ വിഡ്ഢിത്വങ്ങള്‍ പാടി അവന്റെ സമയവും, ധനവും നഷ്ടപെടുത്തുന്നത് എത്രയോ ദയനീയം. കൊറോണ വൈറസുകള്‍ മനുഷ്യന് ചിന്തിക്കാന്‍ ഒരു അവസരം നല്കുന്നു. നിസ്സഹായനായി വീട്ടിനുള്ളില്‍ കഴിയുന്ന മനുഷ്യനു ഇത് യുക്തിയുക്തം ചിന്തിക്കാനുള്ള അവസരമാണ്. കാലം മുന്നേറിയപ്പോള്‍ ആരും കാളവണ്ടിയിലും കുതിരവണ്ടിയിലും യാത്ര ചെയ്യുന്നില്ല. പിന്നെന്തിനു പണ്ടത്തേ പനയോലക്കെട്ടുകള്‍ പരതി അതിലേക്ക് തിരിച്ചുപോകുന്നു. ഇന്ന് ജീവിക്കുക. ഇന്നലെ കഴിഞ്ഞുപോയി.
കൊറോണ വൈറസുകള്‍ കുറേപേരുടെ ജീവന് അപഹരിക്കും. അത് വളരെ സങ്കടകരം തന്നെ. മനുഷ്യന് കണ്ടുപിടിച്ച ഒരു ആയുധത്തിനും, മരുന്നിനും ഈ ഭീകരനെ നശിപ്പിക്കാന്‍ കഴിയുന്നില്ല. നിസ്സാരമെന്നു തോന്നുന്ന വെള്ളവും സോപ്പും അതിനെ നശിപ്പിക്കുന്നു. മരുന്നില്ലാത്ത ഈ മഹാവ്യാധി എല്ലാവരും ശുചിത്വം പാലിക്കുക എന്ന സന്ദേശം നല്കുന്നു. കൈ കഴുകികൊണ്ടിരിക്കുക. ഒപ്പം മനസ്സും. മനസ്സിലെ എല്ലാ ദുഷ്ടതകളും കഴുകിക്കളയുക. നന്മയുടെ നേര്‍വഴികള്‍ ഉള്ളപ്പോള്‍ എന്തിനു തിന്മയുടെ കുടിലമായ കുറുക്കുവഴികള്‍ അന്വേഷിക്കുന്നു. എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവം കേള്‍ക്കുന്നുവെന്നു വിശ്വസിക്കുന്നു. രോഗം മാറിയാലും അത് തുടരുക. കൊറോണ വൈറസുകളുടെ പ്രത്യേകത അത് കിരീടവും ചൂടി രാജപദവിയില്‍ ആണ് വരുന്നത് എന്നാണു. അതെ, ഹേ മനുഷ്യാ നീ നിന്നെ തന്നെ തിരിച്ചറിയുക. ദൈവം നിന്നില്‍ വസിക്കുന്നു. കൊറോണ നല്കുന്ന പാഠം അതാണ്.
ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക. ഈ സമയവും കടന്നുപോകും. (This, too, shall pass) നല്ല വാര്‍ത്തകള്‍ (Glad tidings) വേഗം കേള്‍ക്കുമാറാകും.
ശുഭം