Image

കൊച്ചുകുഞ്ഞ് ഉപദേശി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 26 May, 2018
കൊച്ചുകുഞ്ഞ് ഉപദേശി (ലേഖനം: സാം നിലമ്പള്ളില്‍)
സാധുക്കളില്‍ സാധുവായവന്‍, വീടിനെമറന്ന് ദൈവവേലക്കായി ഇറങ്ങിത്തിരിച്ചവന്‍, ഭാവനാസമ്പന്നന്‍, മറ്റൊരു സമുദായത്തില്‍ പിറന്നിരുന്നെങ്കില്‍ മലയാളത്തിലെ മഹാകവി ആയിത്തീരേണ്ടിയിരുന്നവന്‍, കൊച്ചുകുഞ്ഞ് ഉപദേശി. അദ്ദേഹം പാടിയ ക്രിസ്തീയഗീതങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ മായതെകിടക്കുന്നു. അനേകര്‍ ക്രിസ്തീയഗീതങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകള്‍പോലെ അര്‍ഥവത്തായവ ഇല്ലെന്നുതന്നെ പറയാം. അവയെല്ലാം അദ്ദേഹത്തിന്റെ ആത്മാവില്‍നിന്ന് ഒഴുകിവന്നവയായിരുന്നു. ഒരുകാലത്ത് ക്രിസ്തീയ ഭവനങ്ങളില്‍നിന്ന് മുഴങ്ങിക്കേട്ടിരുന്നതെല്ലാം അദ്ദേഹത്തിന്റെ പാട്ടുകളായിരുന്നു. സന്ധ്യാസമയത്ത് വീടിന്റെ ഉമ്മറത്തിരുന്ന് അമ്മയും മക്കളും, ഗൃഹനാഥന്‍ ഉണ്ടെങ്കില്‍ അദ്ദേഹവും, ചേര്‍ന്നിരുന്ന് ഉറക്കെപാടുന്ന പാട്ടുകള്‍ വഴിപോക്കര്‍കൂടി ശ്രദ്ധിച്ചിരുന്നു. ക്രൂശിന്മേല്‍, ക്രൂശിന്മേല്‍ കാണന്നതാരിതാ പ്രാണനാഥന്‍, പ്രാണനാഥന്‍ എന്‍പേര്‍ക്കായ് ചാകുന്നു.

അനേകം ഉപദേശിമാരില്‍ ഒരാളായിട്ടല്ല നമ്മള്‍ അദ്ദേഹത്തെ കാണുന്നത്. കാല്‍ക്കാശിന് വകയില്ലാതെ വീടുംനാടും മറന്ന് ദുര്‍ഘടമായ കുന്നുകള്‍ കയറിപ്പോകുന്ന പട്ടിണിപ്പാവത്തിന് ക്രിസ്തീയവിശ്വാസികള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ടാകാം. പക്ഷേ, അവര്‍ക്കും ഉണ്ടായിരുന്‌ല്ലോ ദാരിദ്ര്യവും കഷ്ടപ്പാടുകളും. പിന്നെ ഉപദേശിക്ക് കൊടുക്കാന്‍ സാധിക്കുന്നത് ഇടങ്ങഴി നെല്ലോ ഒരുമൂട് കപ്പയോ മാത്രമല്ലേയുള്ളു. അതൊന്നും സാധുവിന്റെ ദുരിതങ്ങള്‍ മാറ്റാന്‍ സഹായകമായിരുന്നില്ല. ദഃഖങ്ങളെല്ലാം സഹിച്ചുകൊണ്ട്, ആരോടുംപരാതിപ്പെടാതെ തന്റെ നാഥനായ യേശുവിനെ അദ്ദേഹം വാഴ്ത്തിപ്പാടി.. എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍ സാധുഞാനീ ഷോണിതന്നില്‍ ക്‌ളേശിപ്പാന്‍ കാര്യമേതുമില്ലെന്ന് അദ്ദേഹം ഉറക്കെപ്പാടി

കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതകഥ അദ്ദേഹത്തിന്റെ പാട്ടുകളില്‍കൂടി വായിച്ചറിയാം. ഒരുപാട് സങ്കടങ്ങള്‍ മനസില്‍പേറി നടന്നിരുന്നവനായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ എന്നില്‍ കനിഞ്ഞെന്നെ മാറോടണച്ചെന്റെ സങ്കടം തീര്‍ക്കണെയെന്ന് വിലപിച്ചത്.

ദൈവത്തിന്റെ പേരുംപറഞ്ഞ് ക്രിസ്തീയ ഭവനങ്ങളില്‍ സ്‌തോത്രംചൊല്ലിക്കൊണ്ട് പണപിരിക്കാന്‍ കയറിച്ചെല്ലുന്ന കള്ളഉപദേശിമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. പണവും ആഹാരവുംകിട്ടുന്ന ഭവനങ്ങളില്‍ മാത്രമേ അവര്‍ പ്രാര്‍ഥിപ്പാന്‍ പോകാറുള്ളു. എല്ലാവരേയുമല്ല ഞാനിവിടെ പരാമര്‍ശ്ശിക്കുന്നത്. സുവിശേഷവേല അധ്വാനമില്ലാത്ത ജീവിതമാര്‍ക്ഷമായി കൊണ്ടുനടക്കുന്ന ചില കള്ളഉപദേശിമാരെ എനിക്ക് നേരിട്ടറിയാം. വിദ്യാസമ്പന്നയും റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യപികയുമായ എന്റെ പെങ്ങള്‍ ഉപദേശിമാര്‍ക്ക് പണംകൊടുത്താല്‍ സ്വര്‍ക്ഷത്തിലേക്കുള്ള ടിക്കറ്റ് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ്. പെരുമണ്ണില്‍ തീവണ്ടിമറിഞ്ഞത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് പുള്ളിക്കാരി വിശ്വസിക്കുന്നത്. അവരുടെ ഈ ബലഹീനതയെ ചൂഷണംചെയ്യുന്ന ഏതാനും ഉപദേശിമാര്‍ ആഴ്ചതോറും അവരുടെവീട്ടില്‍ കയറിഇറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെപേരില്‍ പെങ്ങളും ഞാനുംതമ്മില്‍ വാക്കുതര്‍ക്കംവരെ ഉണ്ടായിട്ടുണ്ട്. എന്ത് ദൈവവേലയാണ് ഇവര്‍ ചെയ്യുന്നത്, ക്രിസ്തീയഭവനങ്ങള്‍ സന്ദര്‍ശ്ശിക്കുന്നതോ?

ആന്ധ്രപ്രദേശില്‍നിന്ന് സുവിശേഷവേക്കായി അമേരിക്കയിലെത്തിയ ഒരു ദൈവഭക്തനെ എനിക്ക് നേരിട്ടറിയാം. സുവിശേഷവേലചെയ്യാന്‍ പറ്റിയസ്ഥലം ആന്ധ്രയല്ലയോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. മറുപടി കിട്ടിയില്ല. അതിന്റെപേരില്‍ പിന്നീട് അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. അമേരിക്കയിലോട്ടും യൂറോപ്പിലേക്കും ദൈവവേലക്ക് പുറപ്പെടാന്‍ പാസ്‌പോര്‍ട്ടും എടുത്ത് റെക്കമെന്‍ണ്ടേഷനുവേണ്ടി ബിഷപ്പന്മാരുടെ അരമനകള്‍ കയറിയിറങ്ങുന്ന അച്ചന്മാര്‍ കുറച്ചൊന്നുമല്ല നാട്ടിലുള്ളത്. ഇവര്‍ കുപ്പായം ഊരിയിട്ട് ഒ1ആ വിസക്ക് അപേക്ഷിക്കകയല്ലേ ദൈവശിക്ഷ ഒഴിവാക്കാന്‍ നല്ലതെന്ന് മനസിലാക്കിയിരുന്നെങ്കില്‍.

ഇവിടെയാണ് സാധു കൊച്ചുകുഞ്ഞെന്ന യഥാര്‍ത്ഥ ദൈവഭക്തനെ നാം കാണുന്നത്. പട്ടിണിയും പരിവട്ടവുമായിരുന്നു ജീവിതത്തിലെങ്കിലും യേശുമഹാരാജസന്നിഥിയില്‍ തനിക്ക് ആനന്ദമുണെന്ന് പാടിക്കൊണ്ട് സുവിശേഷവേലചെയ്തിരുന്ന അദ്ദേഹം പണംപിരിച്ച് പ്രാര്‍ത്ഥിപ്പാന്‍ വീടുകള്‍ കയറിയിറങ്ങിയിട്ടില്ല. പക്ഷേ, വീട്ടില്‍ ഭാര്യയും മക്കളും പട്ടിണികിടക്കുമ്പോള്‍ സുവിശേഷവേലക്ക് ഇറങ്ങിപ്പുറപ്പെട്ടത് ശരിയായില്ലെന്നാണ് എന്റെ അഭിപ്രായം. ദൈവം നമ്മളെ ഭൂജാതരാക്കിയിരിക്കുന്നത് ചില കടമകള്‍ നിര്‍വഹിക്കാനാണ്. ആജോലി ചോയ്തതിനുശേഷംമതി സുവിശേഷവേല ചെയ്യാന്‍. ഉപദേശിക്കിവിടെ തെറ്റുപറ്റിയെന്നാണ് എനിക്കു തോന്നുന്നത്.

ദൈവം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണെന്ന് നൂറാംവയസ് ആഘോഷിച്ച പത്മഭൂഷണ്‍ മാര്‍ ക്രിസോസ്റ്റം തിരുമേനി അടുത്തിടെ പ്രസ്താവിക്കുകയുണ്ടായി. ദൈവം ഷിപ്രകോപിയാണെന്നോ നമ്മുടെ തെറ്റുകള്‍ക്ക് വലിയശിക്ഷ തരുന്നവനാണെന്നോ ഒക്കെയാണ് പലവൈദികരും നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ മനോഹരമായ ലോകത്തെ സൃഷ്ഠിച്ച ദൈവം സുന്ദരിമാരേയും സുന്ദരന്മാരേയും പക്ഷിമൃഗാദികളെയും സൃഷ്ഠിച്ചദൈവം ഒരു ബോറനായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. അദ്ദേഹം മഹാനായ കലാകാരനാണ്, ശാസ്ത്രഞ്ജനാണ്, ശില്‍പിയാണ്. പാട്ടും നൃത്തവും ഇഷ്ടപ്പെടുന്നവനാണ്. അതുകൊണ്ടാണല്ലോ അദ്ദേഹം പറഞ്ഞത് പാട്ടിനോടും നൃത്തത്തോടും തന്നെ ഘോഷിക്കണമെന്ന്. ദൈവത്തെ പുകത്തിക്കൊണ്ട് പാടിയ പാട്ടുകള്‍ കൊച്ചുകുഞ്ഞിനെ ചിരഞ്ജീവിയാക്കിയിരിക്കുന്നു.

ഹിന്ദു ഭക്തിഗാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്തീയഗീതങ്ങള്‍ക്ക് അര്‍ഥഭംഗിയും ചൈതന്യവും കുറവാണ് എന്നൊരു പരാതി പൊതുവെയുണ്ട്. അതിന്റെകാരണം കാവ്യഭാവനയുള്ളവരല്ല അതെല്ലാം എഴുതിയിട്ടുള്ളത് എന്നതാണ്. ഭാവനാവിലാസമില്ലാത്ത ഉപദേശിമാരും അച്ചന്മാരും മറ്റുമാണ് വിഷയം കൈകാര്യം ചെയ്തിരുന്നത്. മലയാളത്തിലെ മനോഹരങ്ങളായ ക്രിസ്തീയഗാനങ്ങള്‍ എഴുതിയിട്ടുള്ളത് വയലാര്‍ രാമവര്‍മ്മയും പി. ഭാസ്കരനും മറ്റുമാണ്. എന്നാല്‍ അവയൊക്കെ സിനിമാപാട്ടുകളായതിനാല്‍ അംഗീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറായിട്ടില്ല.

അര്‍ഥഭംഗിയുള്ള ഗാനങ്ങള്‍ എഴുതാനുള്ള വിഷയങ്ങള്‍ ധാരാളമായി ബൈബിളില്‍തന്നെ ഉള്ളപ്പോള്‍ എന്തിനാണ് എന്തതിശയമേ ദൈവത്തിന്‍സ്‌നേഹം, ദൈവം നിരുപമ സ്‌നേഹം മുതലായ പാട്ടുകളുടെ ആവശ്യം. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍തന്നെ നല്ല ഗീതങ്ങള്‍ എഴുതാനുള്ള വിഷയങ്ങള്‍ തരുന്നുണ്ടല്ലോ.

കച്ചവടത്തിനായി ക്രിസ്തീയഗീതങ്ങള്‍ എഴുതി യേശുദാസിനെയും ചിത്രയെയുംകൊണ്ട് പാടിച്ച് സിഡികള്‍ ഇറക്കുന്നവര്‍ ശ്രദ്ധിക്കുക. അര്‍ഥഭംഗിയില്ലാത്ത പാട്ടുകള്‍ ആരുപാടിയാലും കേള്‍ക്കാന്‍ ഇമ്പമുള്ളത് ആയിരിക്കുകയില്ല. ഇവയൊന്നും കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടിനോട് കിടപിടിക്കുന്നവയല്ല.

(ഉപദേശിയുടെ ജീവിതത്തെപറ്റി കൂടുതല്‍ അിറയാവുന്നവര്‍ എഴുതണമെന്ന് താത്പര്യപ്പെടുന്നു)

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക