ജോര്‍ജ് മത്തായി, 71, ഡാളസ്

Published on 24 September, 2021
ജോര്‍ജ് മത്തായി, 71, ഡാളസ്
ഡാളസ്: അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ദനുമായ ജോര്‍ജ് മത്തായി, 71, ഡാളസില്‍ അന്തരിച്ചു. പാമ്പാടി തരകന്‍ പറമ്പില്‍ കുടുംബാംഗമാണ്.

സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റായി മൂന്നു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ജോര്‍ജ് മത്തായി 2009 മുതല്‍ മത്തായി ആന്‍ഡ് അസോസിയേറ്റ്‌സ് റെഗുലേറ്ററി കണ്‍സള്‍റ്റന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ആയിരുന്നു.

ഓക്ലഹോമ കോര്‍പറേഷന്‍ കമ്മിഷന്റെ സി.പി.എ. ചീഫ് ഓഫ് എനര്‍ജി, സി.പി.എ. ഫണ്ട് അഡ്മിനിസ്റ്റ്രെറ്റര്‍ എന്നീ നിലകളില്‍ 1980 മുതല്‍27 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു.

1978 മുതല്‍ 1980 വരെ ന്യു യോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസില്‍ മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റായിരുന്നു.

ജി.ഐ.എം. കണ്‍സള്‍ട്ടന്റ്‌സ് എന്ന പേരില്‍ ഒരു പബ്ലിക് റിലേഷന്‍സ്, അഡ്വേര്‍ടൈസിംഗ് കമ്പനി അതിനു മുന്‍പ് രണ്ടു വര്‍ഷത്തിലേറേ ന്യു യോര്‍ക്കില്‍ നടത്തി.

1974 മുതല്‍ 1976 വരെ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ പത്രം ഇന്ത്യാ എബ്രോഡിന്റെ മനേജിംഗ് എഡിറ്ററായി. 1970-ല്‍ ആണു പത്രം സ്ഥാപിതമായത്. ആദ്യത്തെ ഫുള്‍ ടൈം എഡിറ്ററായിരുന്നു. 5000 കൊപ്പിയില്‍ നിന്ന് സര്‍ക്കുലേഷന്‍ 25000 കോപ്പിയായി വര്‍ധിപ്പിക്കുന്നതിനു പ്രധാന പങ്കു വഹിച്ചു. ഇന്ത്യാ എബ്രോഡിനു പ്രൊഫഷണലിസം കൈ വന്നത് ഈ കാലത്താണ്.

അക്കലത്ത് ജോര്‍ജ് മത്തായി എഴുതിയ ഒരു വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഒരു ശാഖയില്‍ വലിയൊരു കണ്ടെയ്‌നര്‍ വന്നു. ആ സമയ്ത്താണു കമ്പനി ഉടമയുടെ ഭാര്യയെ കാണാതാകുന്നത്. ശാഖയിലെ ജീവനക്കര്‍ തമശയായി ഉടമയുടെ ഭാര്യ കണ്ടെയ്‌നറിലുണ്ടെന്നു പറയുക പതിവായി. സഹികെട്ട് ലോക്കല്‍ മാനേജര്‍ കണ്ടെയ്‌നര്‍ തുറന്നു. അതില്‍ ഉടമയുടെ ഭാര്യയുടെ മ്രുതദേഹം ഉണ്ടായിരുന്നു!. ഒരു പക്ഷെ ഇന്ത്യാക്കാര്‍ക്കിടയില്‍ ആദ്യ കൊലപാതം ഇതായിരുന്നിരിക്കാം.

ഡാലസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ (1972-74) ദി ചീഫ്റ്റന്‍ എന്ന സ്റ്റുഡന്റ് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു.

1980-ല്‍ ന്യു യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്റ്റ്രേഷനില്‍ മാസ്റ്റേഴ് ബിരുദം നേടി.

ഇന്ത്യ പെന്റകൊസ്റ്റല്‍ ചര്‍ച്ച് എഡ്യുക്കെഷനല്‍ ആന്‍ഡ് വെല്ഫയര്‍ സൊസൈറ്റി കോ ചെയര്‍ ആയിരുന്നു.

കണ്ണുനീരില്ലാത്ത വീട്, മനസെ വ്യാകുലകമാകരുതെ എന്നീ ക്രിസ്ത്യന്‍ ഭക്തിഗാന ആല്ബങ്ങള്‍രചിച്ചു പുറത്തിറക്കി. ഉപദേശിയുടെ മകന്‍ എന്ന മലയാളം സിനിമയും നിര്‍മ്മിച്ചു. തന്റെ ആത്മകഥ 'ഉപദേശിയുടെ മകന്‍' ആസ്പദമാക്കിയായിരുന്ന്നു അത്. കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയതും ജോര്‍ജ് മത്തായി തന്നെയാണ്.

വിവിധ സാഹിത്യ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിനു ഓക്ലഹോമ സ്റ്റേറ്റിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് പബ്ലിക്ക് സര്‍വീസ് അവാര്‍ഡ് 2007-ല്‍ ലഭിചു.

അദ്ദേഹം സെക്രട്ടറി ആയിരുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്കും അദ്ദേഹാത്തെ ആദരിച്ചിട്ടുണ്ട്.

ഭാര്യ ഐറീന്‍. മക്കള്‍: പാര്‍ക്കര്‍ സിറ്റി കൗണ്‍സിലര്‍ ഡോ. ഡയാന എബ്രഹാം, പ്രസില്ല തോമസ്. മരുമക്കള്‍: ജോണ്‍സണ്‍ ഏബ്രഹാം, ഡാളസ്; ഷിബു തോമസ്, ഒഹായൊ. കൊച്ചുമക്കള്‍: ഗബ്രിയേല ഏബ്രഹാം, അനബെല്ല എബ്രഹാം, അരിയന തോമസ്, കെയറിസ് തോമസ്, സോഫിയ തോമസ്.

സഹോദരര്‍: ഗ്രേസി ഫിലമോന്‍, ഡാളസ്; റവ. ഡോ.സാമുവല്‍ മത്തായി, ഭോപ്പാല്‍; ലീലാമ്മ ഉമ്മന്‍, ഒക്ലഹോമ; കുഞ്ഞമ്മ ദാനിയല്‍, ഡാളസ്; സൂസമ്മ ചെറിയാന്‍, ഇന്ത്യ; ഗ്ലോറി ചെറിയാന്‍, ഫ്‌ലോറിഡ

സംസ്‌കാരം ഡാളസില്‍ നടത്തും. വിവരങ്ങള്‍ പിന്നാലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക