Image

ഈദ്‌ ആശംസകള്‍: റമദാന്‍ വ്രതത്തിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഈദുല്‍ ഫിത്വര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 31 August, 2011
ഈദ്‌ ആശംസകള്‍: റമദാന്‍ വ്രതത്തിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഈദുല്‍ ഫിത്വര്‍
വിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിലെ (ഇസ്ലാം കാര്യങ്ങള്‍) നാലാമത്തേതായ റമദാന്‍ വ്രതത്തിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ സമാഗതമായിരിക്കുകയാണ്‌. സല്‍ക്കര്‍മ്മങ്ങളെല്ലാം സത്യവിശ്വാസത്തില്‍നിന്ന്‌ പ്രഭവം കൊള്ളണമെന്ന്‌ ഉത്‌ബോധിപ്പ്‌ക്കുന്ന വിശുദ്ധ ഖുര്‍-ആന്റെ ആദര്‍ശസംഹിതയെ അന്വര്‍ത്ഥമാക്കുകയാണ്‌ ഈദിന്റെ ഉഷസ്സ്‌.

മതം ആവേശപ്പെടലുകളുടെയും അവകാശവാദങ്ങളുടെയും അധമതലത്തിലേക്ക്‌ വഴുതി വീഴുന്ന ഇക്കാലത്ത്‌ ഈദുല്‍ ഫിത്വറിന്റെ സന്ദേശത്തിന്‌ വര്‍ദ്ധിച്ച പ്രസക്തിയുണ്ട്‌. ദൈവഭക്തിയും ജീവിത സൂക്ഷ്‌മതയും ഹൃദയത്തിലാണ്‌ കുടികൊള്ളുന്നതെന്ന്‌ പഠിപ്പിച്ച വിശുദ്ധ റമദാന്‍ വ്രതാനുഷ്‌ഠാനത്തിന്റെ വിജയകരമായ പര്യവസാനത്തെയാണ്‌ ഈ ദിനം സാര്‍ഥമാക്കുന്നത്‌. വ്യക്തിയുടെ ആന്തരികസംസ്‌ക്കരണമാണ്‌ മതത്തിന്റെ ധാര്‍മ്മിക പ്രക്രിയകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌.

ഹൃദയവിമലീകരണം വഴി സംജാതമാകുന്ന ജീവിതവിശുദ്ധിക്ക്‌ രണ്ട്‌ മുഖ്യനന്മകള്‍ സാക്ഷാത്‌ക്കരിക്കാനാകും. ഏകനായ ദൈവത്തെ വണങ്ങിയും അവന്‌ വഴങ്ങിയും അവന്റെ മുമ്പില്‍ ജീവിതം സമര്‍പ്പിച്ചും ജീവിതലക്ഷ്യത്തെ സാധൂകരിക്കുക. അതിന്റെ പരിണിതഫലമെന്നോണം എല്ലാ മനുഷ്യരോടും ദയയോടെയും സ്‌നേഹവായ്‌പോടെയും വര്‍ത്തിക്കുക. നന്മ ചെയ്യാനുള്ള വിശ്വാസിയുടെ മനസ്സിന്‌ റമദാന്‍ ശക്തി പകരുന്നു.

പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ ഈദ്‌ഗാഹിലും പള്ളികളിലും വിശ്വാസികള്‍ കൂട്ടമായി എത്തുന്നു. ഈദ്‌ നമസ്‌ക്കാരം നിര്‍വ്വഹിച്ചും ഈദ്‌ ഖുത്തുബ ശ്രവിച്ചും ദൈവീക സ്‌മരണയില്‍ മുഴുകിയും റമദാനു ശേഷം വീണ്ടും പാപമോചനത്തിനായി തേടിയും അല്ലാഹുവിനു മുമ്പില്‍ വിശ്വാസപരമായ വിധേയത്വത്തിന്റെയും കര്‍മ്മപരമായ ദാസ്യത്തിന്റേയും ജീവിത പ്രതിജ്ഞ അവര്‍ ആവര്‍ത്തിക്കുന്നു. സകാത്തില്‍നിന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ദിനാചരണം തുടങ്ങുന്നതുതന്നെ. നിര്‍ബ്ബന്ധ ദാനമായ സകാത്തിനു പുറമെയുള്ള ഫിത്വര്‍ സകാത്ത്‌ എല്ലാ വീടുകളിലും പെരുന്നാള്‍ എത്തിക്കുന്നു. അതുവഴി കഷ്ടപ്പെടുന്നവരും പാവപ്പെട്ടവരും അവരുടെ കുഞ്ഞുങ്ങളും മറ്റുള്ളവരെപ്പോലെ ഈ ആഘോഷത്തില്‍ പങ്കാളികളായിത്തീരുന്നു. ഉള്ളവന്റെ സമ്പത്തില്‍നിന്ന്‌ ഇല്ലാത്തവനുള്ള പങ്ക്‌ നല്‍കപ്പെടുന്നതിലൂടെ സാമ്പത്തിക സാഹോദര്യത്തിന്റെ സ്‌നേഹാന്തരീക്ഷമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.

പെരുന്നാള്‍ നമ്മുടെ മനസ്സുകള്‍ക്ക്‌ നന്മ പകരുന്നു. സൗഹൃദവും സന്തോഷവും അനുസ്യൂ തം വിഹരിക്കുന്നു. മനുഷ്യനന്മയാണ്‌ ഓരോ മതത്തിന്റെയും അടിസ്ഥാനം. ഭഗവത്‌ഗീഥയും ബൈബിളും ഖുര്‍-ആനുമൊക്കെ മാനുഷിക ഐക്യത്തിന്റെ കാഹളമാണ്‌ മുഴക്കുന്നത്‌. വിദ്വേഷം വളര്‍ത്തല്‍ ഒരു മതത്തിന്റേയും ധര്‍മ്മമേ അല്ല. മതവിശ്വാസികളായാലും അല്ലാത്തവരായാലും അന്യോന്യം അറിയാനും ആദരിക്കാനും കഴിയണം. മതപ്രമാണങ്ങള്‍ക്കനുസരിച്ച്‌ തയ്യാറാകുകയും മനുഷ്യരെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന ചിന്ത ഉള്‍ക്കൊള്ളുകയും ചെയ്‌താല്‍ ഇന്ന്‌ കാണുന്ന എല്ലാ കുഴപ്പങ്ങളും തീരും. അകന്നുപോയ മനസ്സുകളെ ഒന്നിപ്പിക്കാന്‍ ഓരോ ആഘോഷവും ഉത്സവവും ഉപകരിക്കുമാറാകണം.

ദാനധര്‍മ്മങ്ങള്‍ നടത്തുക, ഈദ്‌ ആശംസകള്‍ കൈമാറുക, ലോകജനതയുടെ അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുക, ഈദ്‌ സല്‍ക്കാരങ്ങള്‍ നടത്തി അമുസ്ലീം സഹോദരങ്ങളെ അതില്‍ പങ്കെടുപ്പിക്കുക എന്നിങ്ങനെ അനേകം കാര്യങ്ങള്‍ ആരാധനയായിത്തന്നെ ഇസ്ലാം അനുശാസിക്കുന്നു. ചുറ്റുമുള്ള ലോകത്തെ ഇത്തിരിനേരം മറന്ന്‌ ആസ്വാദനങ്ങള്‍ക്ക്‌ മുന്‍പില്‍ നിരുപാധികം കീഴടങ്ങാനുള്ള ദിനമല്ല ഈദുല്‍ ഫിത്വര്‍. മറിച്ച്‌, വ്രതത്തിന്റെ അച്ചടക്കം നല്‍കിയ പുതിയ കരുത്തും സ്വേഛകള്‍ക്കുമേല്‍ നേടിയ വിജയവുമായി ജീവിതത്തെ വര്‍ദ്ധിതമായ ആത്മവിശ്വാസത്തോടെ നേരിടാന്‍ തയ്യാറാണെന്ന്‌ മനുഷ്യന്‍ പ്രഖ്യാപിക്കുന്ന അവസരമാണ്‌ ഈദുല്‍ ഫിത്വര്‍.

ലോകമൊട്ടുക്കുള്ള എല്ലാ മലയാളികള്‍ക്കും ഈദ്‌ ആശംസകള്‍ നേരുന്നു.
ഈദ്‌ ആശംസകള്‍: റമദാന്‍ വ്രതത്തിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഈദുല്‍ ഫിത്വര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക