Image

രാജീവ് വധക്കേസ്: പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു

Published on 30 August, 2011
രാജീവ് വധക്കേസ്: പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ.

പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ എട്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 20 വര്‍ഷത്തോളമായി തടവ് അനുഭവിക്കുകയാണെന്നും ഇതിനുശേഷമുള്ള വധശിക്ഷ നീതീകരിക്കാനാകില്ലെന്നുമാണ് പ്രതികളായ ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ വാദം. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിച്ചതിനെയും പ്രതികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ അടുത്ത മാസം ഒന്‍പതിന് നടക്കാനിരിക്കെയാണ് വിധി.

ചെന്നൈയിലെ ശ്രീപെരുമ്പതൂരില്‍ 1991 മെയ് 21 നാണ് രാജീവ് ഗാന്ധി ബെല്‍റ്റ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 1998 ല്‍ കേസിലെ 29 പ്രതികള്‍ക്കും പ്രത്യേക വിചാരണക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 1999ല്‍ സുപ്രീംകോടതി ഇവരില്‍ നാലു പേരുടെ വധശിക്ഷ മാത്രം ശരിവച്ചു. എന്നാല്‍ കേസില്‍ പ്രതിയായിരുന്ന നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ഈ മാസം 11 നാണ് രാഷ്ട്രപതി ഇവരുടെ ദയാഹര്‍ജി തളളിയത്. 2000 ത്തിലാണ് പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. 11 വര്‍ഷത്തോളം ഹര്‍ജി പരിഗണിക്കാതിരുന്ന കാര്യവും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക