Image

അണ്ണാ ഹസാരെയെ ഭരണകൂടം ഭയക്കുന്നതെന്തിന്‌?

Published on 24 August, 2011
അണ്ണാ ഹസാരെയെ ഭരണകൂടം ഭയക്കുന്നതെന്തിന്‌?
അണ്ണാ ഹസാരെക്ക്‌ മുമ്പില്‍ പകച്ചുനില്‍ക്കുന്ന ഭരണകൂടത്തെ കാണുമ്പോള്‍ തോന്നുന്നത്‌ അവര്‍ വിതച്ചത്‌ കൊയ്യുന്നു എന്ന ചിന്തയാണ്‌. ഗാന്ധിയന്‍ ചിന്തയുടെ പരിവേഷങ്ങളുമായി അണ്ണാഹസാരെ ലോകത്തിലെ മുന്‍നിര ശക്തിയാകാന്‍ കൊതിക്കുന്ന ഒരു ഭരണകൂടത്തെ നിരാഹാരം എന്ന സമരായുധം കൊണ്ട്‌ വരച്ച വരയില്‍ നിര്‍ത്തുന്നു. ഈ സമരത്തിലേക്ക്‌, സമരത്തിന്‌ കിട്ടുന്ന വലിയ ജനപിന്തുണയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്‌ ഭരണകൂടം തന്നെയാണെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം.

ഇവിടെ ശ്രദ്ധേയമായ ഒരു വിഷയമുണ്ട്‌. പത്ത്‌ വര്‍ഷമായി മണിപ്പൂരില്‍ ഇറോം ശര്‍മ്മിള സമരം നടത്തുന്നത്‌ ഒരു വിഷയമായി പോലും കരുതാത്ത ഭരണകൂടം എന്തിനാണ്‌ അണ്ണാ ഹസാരെയെ പേടിക്കുന്നത്‌?.

സമീപകാലത്ത്‌ സംഭവിച്ച മറ്റൊരു യാഥാര്‍ഥ്യവും നമുക്ക്‌ മുമ്പിലുണ്ട്‌. ഭാരതത്തിന്റെ സംസ്‌കാരം തന്നെയെന്ന്‌ കരുതപ്പെടുന്ന ഗംഗാനദിയില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ മാതൃസദന്‍ എന്ന ആശ്രമത്തിലെ സ്വാമി നിഗമാനന്ദ എന്ന ഒട്ടും പ്രശസ്‌തനല്ലാത്ത സന്യാസി 68 ദിവസം നിരാഹരം കിടന്നു. ഒരു ഭരണകൂടവും ഈ നിരാഹാരം കണ്ടാതായി പോലും നടച്ചില്ല. സ്വാമി നിഗമാനന്ദക്ക്‌ പിന്നില്‍ ആള്‍ക്കട്ടവും ഉണ്ടായില്ല. അവസാനം 68 ദിവസം നീണ്ട നിരാഹാരത്തിനൊടുവില്‍ സ്വാമി നിഗമാനന്ദ കഴിഞ്ഞ ജൂണ്‍ 13നാണ്‌ ആശുപത്രിയില്‍ മരണപ്പെടുന്നത്‌. ഒരു സര്‍ക്കാരും, ഒരു ഭരണാധികാരിയും, ഒരു മാധ്യമവും കണ്ടെന്ന്‌ നടിക്കാത്ത ഈ സംഭവം നടന്നിട്ട്‌ മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളു.

ഇങ്ങനെ എത്രയെത്ര സമരങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ പുശ്ചിച്ച്‌ തള്ളുന്നു. ചെറുതും വലുതുമായ സമരങ്ങളുടെ കണക്കെടുത്താല്‍ ഭാരതം എന്ന്‌ ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന സാധാരണക്കാരന്റെയും കര്‍ഷകന്റെയും സമര ഭൂമികയാണ്‌. സമരങ്ങളെല്ലാം സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങള്‍ക്ക്‌ നേരെയും.

എന്നാല്‍ ഇങ്ങനെ പലസമരങ്ങള്‍ക്ക്‌ നേരെയും കണ്ണടക്കുന്ന ഭരണകൂടം എന്തുകൊണ്ട്‌ അണ്ണാഹസരെ ഭയക്കുന്നു എന്നതാണ്‌ പ്രധാന ചോദ്യം. ഉത്തരം ലളിതമാണ്‌. മറ്റു സമരമുഖങ്ങള്‍ വാര്‍ത്തയായി എത്തുമ്പോള്‍ അത്‌ ബാധിക്കാതെ വരുന്ന ജനസമൂഹം അതിനെ വാര്‍ത്ത മാത്രമായി കാണുന്നു എന്നതാണ്‌ സത്യം. ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌ മാധ്യമലോകത്തിന്റെ ഉപഭോക്താക്കളായ ജനസമൂഹം പൊതുവില്‍ കര്‍ഷക സമരങ്ങളിലേക്ക്‌ , അല്ലെങ്കില്‍ ഭരണകൂട ഇരകളുടെ സമരങ്ങളിലേക്ക്‌ എത്തി നോക്കാറില്ല. ഒരു ബഹൂഭൂരിപക്ഷം ഇത്തരം പ്രശ്‌നങ്ങളില്‍ പരിതപിക്കാറുണ്ടെന്ന്‌ മാത്രം.

എന്നാല്‍ അഴിമതി എന്ന പ്രശ്‌നത്തെ അണ്ണാഹസാരെ ഉയര്‍ത്തിക്കാടുമ്പോള്‍, വിദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം തിരിച്ചെടുക്കണമെന്ന ആവശ്യം നിരത്തുമ്പോള്‍ ഭാരതത്തിലെ മധ്യവര്‍ത്തി സമൂഹം അത്‌ തങ്ങളുടെ പ്രശ്‌നമായി കാണുന്നു. അതോടെ മധ്യവര്‍ത്തി സമൂഹത്തെ ആശ്രയിച്ച്‌ നിലനില്‍ക്കുന്ന മാധ്യമങ്ങളും ചാനലുകളും അണ്ണാഹസാരെയുടെ സമരത്തെ വിഷയമാക്കുന്നു.

ഇവിടെ അണ്ണാഹസാരെയുടെ സമരം ഇറോം ശര്‍മ്മിളയുടെയോ, നിഗമാനന്ദയുടെയോ സമരത്തേക്കാള്‍ ഒട്ടും മുകളിലല്ല. അതുപോലെ തന്നെ ഒട്ടും താഴെയുമല്ല. ഈ സമരങ്ങള്‍ക്കൊകെ പോസീറ്റീവായ ഉദ്ദേശലക്ഷ്യങ്ങളാണ്‌ ഉള്ളത്‌. അണ്ണാഹസരെയുടെ നിലപാടുകളും ആശയങ്ങളും ഏറ്റവും കൂടുതല്‍ ജനകീയമായി സ്വീകരിക്കപ്പെട്ടു എന്നു മാത്രം.

എന്തുകൊണ്ട്‌ ഈ ജനകീയത ഹസാരെയുടെ സമരന്തിനുണ്ടായി എന്നതാണ്‌ അടുത്ത ചോദ്യം. ഇവിടെയും ഉത്തരം ലളിതമാണ്‌. നമ്മുടെ ഭരണകൂടങ്ങള്‍ പൊതുവില്‍ അഴിമതി നിറഞ്ഞതാണെന്ന യാഥാര്‍ഥ്യം മധ്യവര്‍ത്തി ജനസമൂഹം വിശ്വസിക്കുന്നു. എല്ലാ നീതികേടുകളുടെയും അടിസ്ഥാനം അഴിമതിയും അഴിമതി കാണിക്കാനുള്ള വ്യഗ്രതയുമാണെന്ന്‌ അവര്‍ തിരിച്ചറിയുന്നു.

അധികാരം എവിടെയുണ്ടോ അവിടെ അഴിമതി നടക്കുന്നു എന്ന ചിന്ത അധികാര കേന്ദ്രമായ ഭരണകൂടത്തിനെതിരെ ഒരു വികാരം സൃഷ്‌ടിക്കാന്‍ കാരണമാകുന്നു.

ഈ വികാരം ശക്തിപ്പെടുത്താന്‍ യു.പി.എ സര്‍ക്കാരിന്റെ സമീപകാല അഴിമതികള്‍ ഒരു വലിയ ഘടകമാകുകയും ചെയ്‌തു. ടുജി സ്‌പ്‌കട്രം അഴിമതി, ആദര്‍ശ്‌ ഫ്‌ള്ളാറ്‌ കുഭകോണം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി തുടങ്ങി വന്‍ കൊള്ളയുടെ ചരിത്രമാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ഇപ്പോഴുള്ളത്‌.

പെട്രോളിന്‌ വില ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍, അവശ്യവസ്‌തുക്കളുടെ വില അനുദിനം കുതിച്ചു കയറുമ്പോള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ്‌ നഷ്‌ടപ്പെടുന്നത്‌. വിലവര്‍ദ്ധന എന്ന പ്രതിഭാസം ഏറ്റവുമധികം ബാധിക്കുന്ന മധ്യവര്‍ത്തി സമൂഹത്തെ തന്നെയാണ്‌. അതുകൊണ്ടാണ്‌ ഇന്ന്‌ അണ്ണാഹസാരെയ്‌ക്ക്‌ മധ്യവര്‍ത്തി സമൂഹത്തിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്‌. ഏറ്റവും ഗൗരവമായി നീരീക്ഷിക്കേണ്ട വസ്‌തുത അണ്ണാഹസാരെയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌ ഇന്റര്‍നെറ്റ്‌ ഗ്രൂപ്പുകളിലാണ്‌ എന്നതാണ്‌. ട്വിറ്റരും ഫേസ്‌ബുക്കും ചാനലുകളേക്കാള്‍ കൂടുതലായി അണ്ണാഹസാരെയെ ചര്‍ച്ച ചെയ്യുന്നു.

ഇവിടെ ഭരണകൂടത്തിനെതിരെ പ്രത്യേകിച്ചൊരു രൂപം കിട്ടാതെ നിന്ന അമര്‍ഷമാണ്‌ അണ്ണാഹസാരെക്ക്‌ പിന്‍ബലമാകുന്നത്‌. അണ്ണാഹസാരെ പറയുന്നത്‌ ശരിയെന്ന്‌ ജനം വിശ്വസിക്കുന്നു. കാരണം അണ്ണാഹസാരെയുടെ വാക്കുകളില്‍ ധാരളം ശരികളുണ്ട്‌ എന്നത്‌ തന്നെ.

മറ്റൊരു വസ്‌തുത ഭാരതത്തിലെ മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ കടുത്ത നിലപാടുകളിലേക്ക്‌ പോകാന്‍ താത്‌പര്യമില്ലാത്തവരാണ്‌ എന്നതാണ്‌. ശരാശരി ജീവിത രീതികളിലേക്ക്‌ കടുത്ത സമര്‍ദ്ദങ്ങള്‍ അനുഭവപ്പെട്ടപ്പോഴാണ്‌ അവന്‍ മനസില്‍ പ്രതിഷേധം രൂപപ്പെടുത്തിയത്‌. എന്നാല്‍ സമരം ഒരു ആഘോഷമാക്കാന്‍ ജനങ്ങള്‍ക്ക്‌ താത്‌പര്യമില്ല എന്നത്‌ ബാബാരാംദേവിന്റെ വിഷയത്തില്‍ നാം കണ്ടതാണ്‌. ബാബാരാംദേവിനെ പിന്തുണച്ച്‌ രംഗത്തിറങ്ങാന്‍ അണ്ണാഹസാരെയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച സാധാരണക്കാര്‍ ആരും തന്നെ എത്തിയിരുന്നില്ല. ബാബാ രാംദേവിന്റെ സമരം തുടങ്ങിയത്‌ പോലെ തന്നെ അവസാനിക്കുകയും ചെയ്‌തു.

എന്നാല്‍ ഹസാരെയുടെ സമരത്തിന്‌ ഉണ്ടാവുന്ന ജനപിന്തുണ തീര്‍ച്ചയായും ഒരു മാധ്യമ സൃഷ്‌ടിയല്ല. ജനപിന്തുണ ഇനി ഹസാരെക്കാവും ലഭിക്കുക എന്ന മനസിലാക്കുന്ന മാധ്യമങ്ങള്‍ ഹസാരെയെ പിന്തുണക്കാന്‍ പോകുന്നത്‌ തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ മധ്യവര്‍ഗ സമൂഹം അല്ലെങ്കില്‍ `മിഡില്‍ക്ലാസ്‌' ആണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്നു. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടി അണ്ണാഹസാരെയെ അവര്‍ ഏറ്റവും വലിയ വാര്‍ത്തയാക്കുന്നു.

എന്നാല്‍ വാര്‍ത്തകളുടെ ആഘോഷത്തില്‍ മാത്രം നില്‍ക്കുന്നതല്ല ഒരിക്കലും അണ്ണാഹസാരെയുടെ സമരവും സമരം മുമ്പോട്ടു വെക്കുന്ന ആശയങ്ങളും. ഹസാരെയ്‌ക്ക്‌ പിന്തുണയുമായി കേരളത്തില്‍ വരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉപവാസങ്ങളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു. ജനങ്ങള്‍ ഇവിടേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു എന്ന തിരിച്ചറിവ്‌ തന്നെയാണ്‌ ഹസാരെ ഭയക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്‌. അതുകൊണ്ടു തന്നെ ഹസാരെയുടെ സമരത്തിന്‌ വരും ദിവസങ്ങളില്‍ കൂടുതല്‍ ജനകീയമായ സാധ്യതകളാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക