Image

മലയാളം ടെലിവിഷന്‍ പ്രക്ഷേപണം ഓഗസ്റ്റ്‌ 31 മുതല്‍ ആരംഭിക്കുന്നു

Published on 23 August, 2011
മലയാളം ടെലിവിഷന്‍ പ്രക്ഷേപണം ഓഗസ്റ്റ്‌ 31 മുതല്‍ ആരംഭിക്കുന്നു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനമായി `പ്രവാസി മലയാളി'കളുടെ സ്വന്തം ചാനല്‍ മലയാളം ടെലിവിഷന്‍ ഓഗസ്റ്റ്‌ 31-ന്‌ ആറുമണിക്ക്‌ പ്രക്ഷേപണം ആരംഭിക്കുന്നു. എല്ലാ ദിവസവും 6 മുതല്‍ 10 വരെയുള്ള പ്രക്ഷേപണം അടുത്ത ദിവസം രാവിലെ 7 മുതല്‍ 11 വരേയും കാണാം.

നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കായി അമേരിക്കയില്‍ നിന്ന്‌ തുടങ്ങുന്ന ചാനലില്‍ വൈവിധ്യങ്ങളായ പരിപാടികളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയിലേയും കാനഡയിലേയും മലയാളി സമൂഹത്തിലെ സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കുന്നതും, കൂടാതെ എല്ലാ സംഘടനകളുടെ പരിപാടികള്‍ക്കും മുന്‍ഗണന നല്‍കുന്നതുമായ നിരവധി പരിപാടികള്‍ക്കാണ്‌ രൂപം നല്‍കുന്നത്‌. കൂടാതെ നാട്ടിലെ പ്രോഗ്രാമുകളും, സീരിയലുകളും പ്രതിദിന വാര്‍ത്തയും, തമാശ പ്രോഗ്രാമുകളും, സംഗീത നൃത്ത പരിപാടികളും അടങ്ങിയ സമ്പൂര്‍ണ്ണ ചാനലായിരിക്കുമിത്‌. `വീട്ടമ്മ' പ്രോഗ്രാമില്‍ ഒരു സെലിബ്രിറ്റി ഗസ്റ്റും ഉണ്ടാകും.

ബി.വി.ജെ.എസ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ നൂതന സംരംഭമായ മലയാളം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും റീജിയണല്‍ ഡയറക്‌ടേഴ്‌സിനെ നിയമിച്ചുവരുന്നു.

മലയാളം ഐ.പി.ടി.വി സംവിധാനത്തിലൂടെ റോക്കു ബോക്‌സ്‌ വഴിയായിരിക്കും മലയാളം ടെലിവിഷന്‍ പ്രക്ഷേപണം നടത്തുക. മലയാളം ഐ.പി.ടി.വിക്ക്‌ ആയിരക്കണക്കിന്‌ പ്രേഷകര്‍ നിലവിലുള്ളതാണ്‌.

മലയാളം ഐ.പി.ടി.വി സംവിധാനത്തില്‍ക്കൂടി മലയാളം ടെലിവിഷന്‌ പുറമെ മലയാളം സിനിമയ്‌ക്ക്‌ മാത്രമുള്ള ഒരു ചാനല്‍, അമേരിക്കയില്‍ നടക്കുന്ന പ്രോഗ്രാമുകള്‍ പൂര്‍ണ്ണമായി എപ്പോള്‍ വേണമെങ്കിലും കാണാവുന്ന വീഡിയോ-ഓണ്‍-ഡിമാന്റ്‌ സംവിധാനം ഐ.പി.ടി.വിയുടെ മാത്രം പ്രത്യേകതയാണ്‌.

കേരളത്തിലെ പ്രമുഖ എല്ലാ ചാനലുകളും മലയാളം ഐ.പി.ടി.വിയിലൂടെ ലഭ്യമാണ്‌. സാറ്റലൈറ്റ്‌ വഴി ലഭിക്കുന്നതിനേക്കാളും മികച്ച ക്വാളിറ്റിയാണ്‌ ഈ സംവിധാനത്തിനുള്ളത്‌.

മലയാളം ടെലിവിഷന്റെ സി.ഇ.ഒ ബേബി ഊരാളില്‍, ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, സി.എഫ്‌.ഒയും പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ്‌, എം.ഡി. സുനില്‍ ട്രൈസ്റ്റാര്‍ കൂടാതെ മറ്റു ഭാരവാഹികളും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യാ പ്രസ്‌ക്ലബ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍, അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ ജോര്‍ജ്‌ ജോസഫ്‌, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറി മധു രാജന്‍, ട്രഷറര്‍ സജി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌ എന്നിവരും ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ അംഗങ്ങളും ഈ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രോഗ്രാമുകളുടെ ഒരു അവലോകനവും അവര്‍ നടത്തി. ഓഗസ്റ്റ്‌ 31-ന്‌ `വീട്ടമ്മ' എന്ന വനിതകള്‍ക്കായുള്ള പ്രോഗ്രാമിലും കൂടാതെ അമേരിക്കയിലെ ഓണക്കാഴ്‌ചകളുടെ ദൃശ്യങ്ങളുമായിരിക്കും തുടക്കം. സമകാലീന ജീവിതം, കുക്കിംഗ്‌ തുടങ്ങി വിവിധ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണിത്‌. നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഓണക്കാഴ്‌ചകള്‍ ആദ്യ ഓണദിവസം മുതല്‍ തിരുവോണം വരെ എല്ലാ ദിവസവും വൈകുന്നേരം പ്രത്യേകമായി അവതരിപ്പിക്കുന്നതായിരിക്കും. 6.30-ന്‌ പൂര്‍ണ്ണമായും മലയാളം ടെലിവിഷനുവേണ്ടി കേരളത്തില്‍ നിന്നും തയാറാക്കുന്ന `പാരഡിയും കോമഡിയും പിന്നെ ഞങ്ങളും' എന്ന പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്‌. പേരുപോലെതന്നെ ചിരിക്കാനുള്ള പരിപാടി. വോഡാഫോണ്‍ കോമഡി സ്റ്റാര്‍ പരിപാടിയിലൂടെ പ്രശസ്‌തരായവര്‍ അവതരിപ്പിക്കുന്നതാണിത്‌.

7 മണിക്ക്‌ അമേരിക്കന്‍ റൗണ്ടപ്പ്‌. അമേരിക്കയിലേയും ഇന്ത്യയിലേയും മലയാളികളുടെ അന്നന്നത്തെ വാര്‍ത്തകള്‍ അടങ്ങിയ അമേരിക്കന്‍ റൗണ്ടപ്പ്‌ നോര്‍ത്ത്‌ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ എല്ലാ ഹൃദയത്തുടിപ്പുകളും ഉള്‍പ്പെടുത്തി വാര്‍ത്താ പ്രാധാന്യമുള്ള കാര്യങ്ങളായിരിക്കും അവതരിപ്പിക്കുക. ഒരു ശരാശരി അമേരിക്കന്‍ മലയാളി എല്ലാ ദിവസവും അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും വാര്‍ത്തകളുമുണ്ടാകും ഈ അമേരിക്കന്‍ റൗണ്ടപ്പില്‍. വിവാദപരമായ കാര്യങ്ങളും വാര്‍ത്തയില്‍ വിശകലനം ചെയ്യുന്നതായിരിക്കും. ആദ്യ ദിനത്തില്‍ തന്നെ നാട്ടിലെ വാര്‍ത്തകള്‍ക്കു പുറമെ ഇവിടെ ടാക്‌സ്‌ അടയ്‌ക്കേണ്ടതു സംബന്ധിച്ച പുതിയ നിയമം ചര്‍ച്ച ചെയ്യുന്നു.

8 മണിക്ക്‌ `രാഗാര്‍ദ്രം' എന്ന സംഗീത പരിപാടിയാണ്‌. കലാ നായര്‍ ആണ്‌ ഇതിന്റെ അവതാരിക. 8.30-ന്‌ മലയാളം സിനിമയിലേയും സീരിയല്‍ രംഗത്തേയും നടീ നടന്മാര്‍ അഭിനയിച്ച സീരിയല്‍ `ഇവിടം സ്വര്‍ഗ്ഗമാണ്‌' പ്രക്ഷേപണം ആരംഭിക്കുകയാണ്‌. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും.

9-മണിക്ക്‌ പ്രവാസികളും, അമേരിക്കന്‍ മലയാളികളും തങ്ങളുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും പങ്കുവെയ്‌ക്കുന്നു. പ്രവാസി ശബ്‌ദം എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ പ്രോഗ്രാമിന്റെ അവതാരകര്‍ ജോസ്‌ ഏബ്രഹാം, മധു കൊട്ടാരക്കര, ഗണേഷ്‌ നായര്‍, അനിയന്‍ ജോര്‍ജ്‌, ജിന്‍സ്‌മോന്‍ സഖറിയ തുടങ്ങിയവരാണ്‌. ആദ്യദിനം തന്നെ പോള്‍ കറുകപ്പള്ളി, രാജു മൈലപ്ര, മനോഹര്‍ തോമസ്‌ തുടങ്ങി ഒരുപറ്റം പ്രമുഖ മലയാളികളുമായുള്ള സംവാദമാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രവാസി ശബ്‌ദം നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികളുടെ ശബ്‌ദമായി മാറ്റൊലിക്കും എന്ന്‌ ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

9.30-ന്‌ മറ്റൊരു സീരിയല്‍ `മര്‍മ്മരം' തുടങ്ങുന്നു. കെ.പി.എ.സി ലളിതയും മറ്റും അഭിനയിച്ചതാണിത്‌. ഓരോ ദിവസവും വ്യത്യസ്‌തങ്ങളായ പ്രോഗ്രാമുകളും കൂടാതെ തുടര്‍ സീരിയലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നോര്‍ത്ത്‌ അമേരിക്കയിലെ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ആരംഭിക്കുന്ന `അമേരിക്കന്‍ സല്ലാപം' പ്രേഷകര്‍ക്ക്‌ ഫോണില്‍കൂടി പാട്ടുകള്‍ റിക്വസ്റ്റ്‌ ചെയ്യാനും കൂടാതെ രസകരമായ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനുമുള്ള ഒരു പ്രോഗ്രാമാണ്‌. വിളിക്കേണ്ട നമ്പര്‍: 732 465 1041. പ്രശസ്‌ത ഗായിക ശാലിനി, ആഗീ, റോഷി എന്നിവരാണ്‌ ഇതിന്റെ അവതാരകര്‍.

എല്ലാ പാട്ടുകള്‍ക്കും ആസ്വാദനശേഷിയുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി തയാറാക്കുന്ന പ്രോഗ്രാമാണ്‌ `തിരൈ മലര്‍' തമിഴ്‌ പാട്ടുകളുടെ ഒരു നിര തന്നെ ഇതില്‍ അവതരിപ്പിക്കുന്നു.

`സന്ധ്യമയങ്ങും നേരം' എന്ന പ്രോഗ്രാമിലൂടെ ഗ്രാമാന്തരീക്ഷത്തിന്റേയും ഗൃഹാതുരത്വത്തിന്റേയും ഓര്‍മ്മകള്‍ അയവിറക്കുന്നു- അമേരിക്കന്‍ മലയാളികള്‍. ജോര്‍ജ്‌ തുമ്പയില്‍, അനിയന്‍ ജോര്‍ജ്‌, ഷീലാ ശ്രീകുമാര്‍ കൂടാതെ നിരവധി പ്രമുഖ വ്യക്തികള്‍ ഈ പ്രോഗ്രാം കൈകാര്യം ചെയ്യുന്നു.

ഗ്രാമാന്തരീക്ഷത്തില്‍ തയാറാക്കിയ `നാര്‍മടിപ്പുടവ' എന്ന സീരിയല്‍, രക്തരക്ഷസ്‌ എന്നീ സീരിയലുകളും പ്രക്ഷേപണം ആരംഭിക്കുന്നതാണ്‌.

അമേരിക്കയിലുടനീളമുള്ള സ്റ്റേജ്‌ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയ `ഓണ്‍ സ്റ്റേജ്‌' എന്ന പരിപാടി ആഴ്‌ചകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അമേരിക്കയിലെ പ്രൊഫഷണല്‍ കലാകാരന്മാര്‍ ഒറ്റക്കെട്ടായി നടത്തിയ `സംഗീത സാന്ത്വനം' എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരിക്കും.

എല്ലാ ആഴ്‌ചയിലും ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എന്നീ സംഘടനകള്‍ക്കായി ഒരു മണിക്കൂര്‍ സമയം നീക്കിവെച്ചിരിക്കുകയാണ്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലില്‍.

ഫൊക്കാനയുടെ ഹൂസ്റ്റണ്‍ കിക്ക്‌ഓഫ്‌, ഫോമയുടെ കാര്‍ണിവല്‍ ഗ്ലോറി എന്നിവയായിരിക്കും ആദ്യദിനങ്ങളില്‍ കാണിക്കുക.

യുവജനങ്ങള്‍ക്കായി നിരവധി പ്രോഗ്രാമുകള്‍ അണിയറയില്‍ തയാറാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. `ജനറേഷന്‍ ഗ്യാപ്‌' ഏറ്റവും ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഒരു പരിപടിയായിരിക്കും. ആഗീ വര്‍ഗീസാണ്‌ ഇതിന്റെ അവതാരിക.

`സിനിമ സിനിമ'- മലയാള സിനിമകളെക്കുറിച്ചുള്ള ഒരു അവലോകനമായിരിക്കും.

അമേരിക്കയിലെ പ്രൊഫഷണല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തിയ `മ്യൂസിക്‌ മന്‍സില്‍' എന്ന പ്രോഗ്രാം മലയാളം ടെലിവിഷന്റെ സ്റ്റുഡിയോയില്‍ തയാറാക്കിയതാണ്‌.

പുതിയ കലാകാരന്മാരേയും കലാകാരികളേയും കണ്ടെത്തുന്നതിനായി ആരംഭിച്ച `ടാലന്റ്‌ ഹണ്ട്‌' എന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഈ പരിപാടിയും പ്രക്ഷേപണം ആരംഭിക്കുന്നു.

എല്ലാ ഡാന്‍സ്‌ അക്കാഡമികളേയും സംഘടിപ്പിച്ചുകൊണ്ട്‌ എല്ലാ ആഴ്‌ചയും ഒരു ഡാന്‍സ്‌ സ്‌കൂളിന്റെ പരിപാടി അവതരിപ്പിക്കുന്നതാണ്‌.

സംഗീതാത്മകമായ പരിപാടികളുടെ ഒരു നീണ്ടനിരതന്നെ ഈ ചാനലില്‍ ഉള്‍പ്പെടുത്തും. മ്യൂസിക്‌ ബീറ്റ്‌സ്‌, സിനി ബിറ്റ്‌സ്‌, മന്ദാരം തുടങ്ങിയ നിരവധി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഒരാഴ്‌ചത്തെ അമേരിക്കന്‍ റൗണ്ടപ്പ്‌ ക്രോഡീകരിച്ച്‌ `വീക്ക്‌ ഇന്‍ റിവ്യൂ' എന്ന വാര്‍ത്താധിഷ്‌ഠിത പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ശനിയാഴ്‌ചകളിലും, ഞായറാഴ്‌ചകളിലും രാവിലെ 7 മുതല്‍ വൈകിട്ട്‌ 10 മണി വരെ നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തുന്നതാണ്‌.

മലയാളം ടെലിവിഷന്റെ ആവിര്‍ഭാവത്തോടുകൂടി നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ചിരകാലാഭിലാഷം പൂര്‍ത്തിയാവുകയാണെന്ന്‌ നിരവധി ആള്‍ക്കാര്‍ പറഞ്ഞു.

മലയാളം ടെലിവിഷനിലേക്ക്‌ പ്രോഗ്രാമുകള്‍ തയാറാക്കാന്‍ താത്‌പര്യമുള്ളവര്‍ mtvusanews@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.

മലയാളം ടെലിവിഷനിലേക്ക്‌ പ്രവര്‍ത്തിക്കുവാന്‍ താത്‌പര്യമുള്ളവര്‍ mtvusanews@gmail.com എന്ന ഇമെയിലിലോ, ടെലഫോണിലോ ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍നമ്പര്‍: 1 -732 648 0576.

മലയാളം ടെലിവിഷനില്‍ പരസ്യങ്ങള്‍ ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ 732 648 0576 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌.
മലയാളം ടെലിവിഷന്‍ പ്രക്ഷേപണം ഓഗസ്റ്റ്‌ 31 മുതല്‍ ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക