Image

മെല്‍ബണില്‍ ഓണാഘോഷങ്ങളുടെ പെരുമഴക്കാലം

റെജി പാറയ്ക്കന്‍ Published on 31 August, 2012
മെല്‍ബണില്‍ ഓണാഘോഷങ്ങളുടെ പെരുമഴക്കാലം
മെല്‍ബണ്‍: മഹാബലിയെ എതിരേല്‍ക്കാന്‍ മെല്‍ബണും ഒരുങ്ങി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്കാണ് തുടക്കം കുറിച്ചു.

മെല്‍ബണിലെ സൗത്ത് മൊറാംഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഹാളില്‍ വിവിധ പരിപാടികളോടെ ആരംഭിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

സെപ്റ്റംബര്‍ ഒന്നിന് (ശനി) സ്പ്രിംഗ്‌വേല്‍ ഹാളില്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കും. കേരളത്തില്‍ നിന്നും കലാഭവന്‍ നവാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. 

മെല്‍ബണിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് കോംപ്ലക്‌സ് ഫൗണ്ടന്‍ ഗേറ്റ് സ്ഥിതി ചെയ്യുന്ന നരേവാറന്‍ അയല്‍ക്കൂട്ടത്തിന്റെ പ്രഥമ ഓണാഘോഷങ്ങളും നടക്കും. നരേവാറന്‍ അയല്‍ക്കൂട്ടത്തിലെ ഏതാണ്ട് 50-ല്‍പരം മലയാളി കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക മത്സരങ്ങള്‍, പൂക്കളം എന്നിവ ഉണ്ടായിരിക്കും.

ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്‌സ് ഹാളില്‍ രാവിലെ മുതല്‍ ക്‌നാനായ കമ്യൂണിറ്റി ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷവും നടക്കും. വടംവലി, കബഡി, 23-ല്‍ പരം വിഭവങ്ങളോടു കൂടിയ ഓണസദ്യ, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. 

രണ്ടിന് (ഞായര്‍) മെല്‍ബണിലെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ ഓണാഘോഷങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, അമ്മന്‍കുടം, കുട്ടികളുടെ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് ചാരുതപകരും.

എട്ടിന് (ശനി) ഡാന്റിനോഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ കേളിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിക്കും. തിരുവാതിര, വള്ളംകളി, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ്, ഓണസദ്യ എന്നിവ കേളി ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. ക്ലയിറ്റണിലെ മലയാളി കൂട്ടായ്മ മൈത്രിയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്താന്‍ സംഘാടകര്‍ തയാറെടുക്കുന്നു.

മെല്‍ബണിലെ ഏറ്റവും അവസാനത്തെ ഓണം സെപ്റ്റംബര്‍ അവസാനവാരം ഫ്രങ്ക്ാക്സ്റ്റണില്‍ നടക്കും. ഫ്രാക്സ്റ്റണ്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷമാണ് നടത്തുന്നത്.

തിരുവാതിര, വള്ളംകളി, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത്, കുട്ടികളുടെ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ ഇവയെല്ലാം സംഘാടകര്‍ ഒരുക്കുന്നുണ്ട്.

ചുരുക്കത്തില്‍ മെല്‍ബണ്‍ മലയാളികള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം കൈവന്നിരിക്കുന്നു. 



മെല്‍ബണില്‍ ഓണാഘോഷങ്ങളുടെ പെരുമഴക്കാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക