Image

ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ വീണ്ടും നിയമക്കുരുക്കില്‍

Published on 10 July, 2012
ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ വീണ്ടും നിയമക്കുരുക്കില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിംഗിന് പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ഇംഗ്ലിഷ് പാസാകണം എന്ന നിയമക്കുരുക്കില്‍പ്പെട്ട് കഴിയുകയാണ്. നാളിതുവരെ നാട്ടില്‍ നഴ്‌സിംഗ് കഴിഞ്ഞ് ഇവിടെ പോസ്റ്റ് ബിഎസ്‌സി പഠിക്കുന്നവര്‍ക്ക് ഐഇഎല്‍ടിഎസ് എന്ന കടമ്പ ഇല്ലായിരുന്നു. കൂടാതെ നാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചവരെ പോലും ഈ ഇംഗ്ലിഷ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജൂലൈ, നവംബര്‍ ബാച്ചുകളില്‍ ബല്ലാറാട്ട്, എസിയു, ലാട്ട് ടോബ്, ഡീക്കിന്‍, വിക്‌ടോറിയ, മോണാവ്, വില്യം ലൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, സിഡ്‌നി എസിയു തുടങ്ങിയ കോളജുകളില്‍ ധാരാളം മലയാളി കുട്ടികള്‍ പഠിക്കുന്നുണ്ട്.

ഇതില്‍ ഏറെയും പെണ്‍കുട്ടികളാണ്. നാട്ടിലെ ഭീമമായ കടബാധ്യതകളും പേറിയാണ് ഇവര്‍ ഈ കോഴ്‌സിന് ചേര്‍ന്നത്. ഇവര്‍ക്ക് കൊടുത്ത സിഇഒയില്‍ ഇംഗ്ലീഷ് പാസാകണം എന്നുള്ള നിബന്ധനയും ഇല്ലാതിരിക്കെ നഴ്‌സിംഗ് ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ നല്‍കാതിരിക്കുന്നതിനെതിരെ സമര പരിപാടികള്‍ ആരംഭിക്കുവാന്‍ വിദ്യാര്‍ഥികള്‍ ആലോചിക്കുന്നുണ്ട്. ഈ പ്രശ്‌നം ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഒഐസിസി ഓസ്‌ട്രേലിയയുമായും വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ടു. ഭാവിപരിപാടികള്‍ ആലോചിക്കുവാന്‍ ഉടന്‍ യോഗം വിളിച്ചുകൂട്ടുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469877507, 0433828571.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക