Image

മെല്‍ബണില്‍ മലയാള സിനിമകളുടെ പൂക്കാലം

Published on 28 June, 2012
മെല്‍ബണില്‍ മലയാള സിനിമകളുടെ പൂക്കാലം
മെല്‍ബണ്‍: വ്യാജ സിഡികളുടെ വിതരണം നിലച്ചതോടു കൂടി ഓസ്‌ട്രേലിയയില്‍ എവിടെയും മലയാള സിനിമകളുടെ പ്രദര്‍ശനം തകൃതിയായി നടക്കുന്നു. മെല്‍ബണിലെ എല്ലാ ശനിയാഴ്ചകളിലും പുതിയ സിനിമകളുടെ പ്രദര്‍ശനം തുടര്‍ന്നുവരുന്നു.

ആദ്യകാലങ്ങളില്‍ മാസത്തില്‍ ഒരിക്കല്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് സിനിമ കൊണ്ടുവരികയും പ്രദര്‍ശിപ്പിക്കുകയും ആയിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ സിനിമാ പ്രദര്‍ശനം ഒരു ബിസിനസ് ആക്കി മാറ്റുകയാണ് ഇവിടുത്തെ മലയാളി ചെറുപ്പക്കാര്‍.

തുടക്കത്തില്‍ 12 ഡോളര്‍ ആയിരുന്നു ഒരു വ്യക്തിയുടെ ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ അത് 18 ഡോളര്‍ വരെ വര്‍ധിച്ചിരിക്കുന്നു. കൂടാതെ ചിലര്‍ മെല്‍ബണിലെ തിയറ്ററുകള്‍ രണ്ട് മാസം വരെ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് സിനിമ കൊണ്ടുവരുന്നവരുടെ കൈയ്യില്‍ നിന്നും നല്ല ഒരു തുക വാങ്ങി തിയറ്റര്‍ കൊടുക്കുന്നു. ഈ പ്രവണതയ്‌ക്കെതിരെ മലയാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മലയാളികള്‍ക്ക് ഒരു എന്റര്‍ടെയ്ന്‍മെന്റ് കൊടുക്കുന്ന നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഇടയില്‍ നിന്ന് മലയാളികളെ പാര പണിയുന്നവരും കുറവല്ല. എങ്കിലും ആഴ്ചയില്‍ ഒരു ദിവസം സിനിമാ കാണാനുള്ള പ്രവണത മലയാളികള്‍ക്കിടയില്‍ കാണുവാന്‍ സാധിക്കുന്നു.

മലയാള സിനിമ മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നാട്ടില്‍ ലക്ഷങ്ങള്‍ നല്‍കിയാണ് പ്രിന്റ് കൊണ്ടുവരുന്നത്. അമിതമായ ലാഭം പ്രതീക്ഷിച്ച് പല ചെറുപ്പക്കാരും ഈ ബിസിനസില്‍ ഇറങ്ങി കൈപൊള്ളുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് ഒരു മാസം ഒരു സിനിമ എന്ന പ്രായോഗികമായ ശൈലിയാണ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഒരു ദിവസം സിനിമ പ്രദര്‍ശിപ്പിക്കുന്നവര്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് മലയാളി അസോസിയേഷന്റെ മുതിര്‍ന്ന മുന്‍ ഭാരവാഹി പ്രതികരിച്ചത്. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക