Image

വഴി (കവിത: ഇ.കെ രാജവര്‍മ്മ)

Published on 23 October, 2020
വഴി (കവിത: ഇ.കെ രാജവര്‍മ്മ)
വഴി പല വഴി......
നേര്‍വഴി, വളഞ്ഞ വഴി
നടപ്പ് വഴി, ഇടുങ്ങിയ വഴി
ഇടവഴി, എളുപ്പവഴി
കുറുക്കു വഴി, കറക്ക് വഴി
കൈവഴി, താവഴി.
പലവഴിയിലൊരു വഴി പെരുവഴി
വഴിയില്ലാത്ത വഴി നാള്‍വഴി
പോകാനൊരു വഴി, വരാനൊരു വഴി
പോകേണ്ട വഴി വേറെ, എത്തുന്നതു വേറെ വഴി.
ഒരു വഴിക്കു പോകുന്നവര്‍, വഴിയേ പോകുന്നവര്‍
ഒരു വഴിയിലുമെത്താത്തവര്‍, ഒരു വഴിയുമില്ലാത്തവര്‍
വഴി തേടുന്നവര്‍, വഴി മുടക്കികള്‍
വഴി തേടി അലയുന്നവര്‍, ഒരു വഴിയുമറിയാത്തവര്‍
ഒരു വഴിക്ക് പോകുന്നവര്‍ പലര്‍, പലവഴിക്കുമെത്തുന്നവര്‍ ചിലര്‍.
ഒരു വഴിക്ക് പല വഴി, പല വഴിക്കൊരു വഴി
പല വഴിക്ക് പോകുന്നവരെത്തുന്നതൊരു വഴി,
ഒരു വഴിക്ക് പോകുന്നവരെത്തുന്നത് പല വഴി.
അലയുന്നു പെരുവഴിയില്‍, പൊലിയുന്നു പെരുവഴിയില്‍.
എന്താണൊരു വഴി?
എന്തിനും ഏതിനും ഒരു വഴി,
ഒരു പോംവഴി, ഇല്ലെങ്കില്‍ പെരുവഴി.
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന് മതം
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നും മതം
പണമുണ്ടാക്കാന്‍ വഴി കഠിനം, പണം കളയാന്‍ വഴി എളുപ്പം.
പഴിക്കാന്‍ പലവഴി, പഴിതീര്‍ക്കാനൊരു വഴി
പിഴക്കാന്‍ പല വഴി, പുലരാന്‍ ഒരു വഴി
പറക്കാന്‍ പലവഴി, കറക്കാന്‍ പലവഴി
തകര്‍ക്കാന്‍ പലവഴി, തുടരാന്‍ ഒരു വഴി.
കള്ളന് പലവഴി, പോലീസിന് ഒരുവഴി
പിടിച്ചാല്‍ പഴി വഴി, ഒളിക്കാന്‍ പല വഴി
ശുപാര്‍ശ പാര്‍ട്ടി വഴി, അല്ലെങ്കില്‍ ജയിലഴി.
ഇണങ്ങാന്‍ പല വഴി, പിണങ്ങാന്‍ പല വഴി
ഒന്നിച്ചാല്‍ ഒരു വഴി, അകന്നാല്‍ പല വഴി
ഓര്‍മ്മിക്കാനൊരു വഴി, മറക്കുക എളുപ്പ വഴി.
ആധാരത്തിലൊരു വഴി, വഴിയാധാരമാകാന്‍ പല വഴി
മരിക്കാന്‍ പല വഴി,
മരിച്ചാല്‍ ഒരു വഴി.
ഏതുവഴിക്കുപോയാലും അവസാനം ഒരു വഴി
വഴിമുട്ടുമ്പോള്‍ ജീവിതവുമൊരു വഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക