Image

എല്ലാം തകിടം മറിഞ്ഞെന്ന് കാണിക്കാനുള്ള ചില ഡോക്ടര്‍മാരുടെ ശ്രമം;കളമശ്ശേരി വിവാദം തള്ളി മുഖ്യമന്ത്രി

Published on 22 October, 2020
എല്ലാം തകിടം മറിഞ്ഞെന്ന് കാണിക്കാനുള്ള ചില ഡോക്ടര്‍മാരുടെ ശ്രമം;കളമശ്ശേരി വിവാദം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്ന പ്രചരണമുണ്ടാക്കുന്നതിന് വേണ്ടി ചില ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൊച്ചി മെഡിക്കല്‍ കോളേജ് നല്ല രീതിയിലുളള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം അവിടെ നടത്തിയിട്ടുണ്ടെന്നുളളതാണ് ഇതുവരെയുളള അനുഭവം. ഒരു തെറ്റിദ്ധാരണാജനകമായ പോസ്റ്റുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. അവിടെ ഉളളവര്‍ തന്നെ പറയുന്നു അത് വസ്തുതാപരമല്ലെന്ന്. കൃത്യമായ തെളിവുകളോടെയാണ് അവര്‍ പറയുന്നത്. മാത്രമല്ല സാധാരണ സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ നോക്കി നില്‍ക്കുന്നവര്‍പോലും ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സാങ്കേതികപരമായി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.

പറഞ്ഞ കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍, അതേറ്റെടുക്കാന്‍ സന്നദ്ധരാകുന്ന ചിലരുണ്ട്. അതിന്റെ ഭാഗമായി പിന്നീട് ചിലര്‍ രംഗത്ത് വരുന്നതാണ് കാണുന്നത്. അത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക