Image

ബ്രിട്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ദിവസേന മരണം 200, രോഗികള്‍ 26,000-ലേറെ

Published on 22 October, 2020
ബ്രിട്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ദിവസേന മരണം 200, രോഗികള്‍ 26,000-ലേറെ
ലണ്ടന്‍ : ദിവസേന രോഗികളാകുന്നവരുടെ എണ്ണം 26,000 കടക്കുകയും പ്രതിദിന മരണസംഖ്യ ശരാശരി ഇരുന്നൂറായി ഉയരുകയും ചെയ്തതോടെ ബ്രിട്ടനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിയര്‍3 ലോക്ഡൗണ്‍ പ്രാബല്യത്തിലാകുന്ന മാഞ്ചസ്റ്ററിനു പിന്നാലെ ശനിയാഴ്ച മുതല്‍ സൗത്ത് യോര്‍ക്ക് ഷെയറിലും ടിയര്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍  സര്‍ക്കാര്‍ തീരുമാനിച്ചു. ലിവര്‍പൂളിലും ലാങ്ക്‌ഷെയറിലും ഒരാഴ്ച മുമ്പേ ടിയര്‍3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടതല്‍ പ്രദേശങ്ങള്‍ ടിയര്‍3 സോണില്‍ ആകുന്നതോടെ 73 ലക്ഷത്തിലേറെ ആളുകളുടെ സാധാരണ ജീവിതം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. യോര്‍ക്ക് ഷെയറിലെ പത്തുലക്ഷത്തോളം ആളുകളെയാണ് ശനിയാഴ്ച മുതലുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ ബാധിക്കുക. സൗത്ത് യോര്‍ക്ക്‌ഷെയര്‍, ബാണ്‍സ്ലി, ഡോണ്‍കാസ്റ്റര്‍, റോതര്‍ഹാം ഷെഫീല്‍ഡ് എന്നീ കൗണ്‍സിലുകള്‍ നിയന്ത്രിത മേഖലയിലാകും. രോഗവ്യാപനവും മരണനിരക്കും ഏറ്റവും കൂടിയ പ്രദേശങ്ങളെയാണ് വെരി ഹൈ റിസ്ക് കാറ്റഗറിയില്‍ പെടുത്തി ടിയര്‍3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഇത്തരം പ്രദേശങ്ങളില്‍ സ്വന്തം വീട്ടുകാരോ സപ്പോര്‍ട്ട് ബബിളോ അല്ലാത്ത ആരുമായും നേരിട്ടുള്ള കൂടിക്കാഴ്ചയോ സമ്പര്‍ക്കമോ അനുവദിക്കില്ല. സ്വകാര്യ ഇടങ്ങളിലോ, പബ്ബുകളിലോ, പാര്‍ക്കിലോ ബീച്ചിലോ കണ്‍ട്രി സൈഡിലോ, കാട്ടിലോ ഒന്നും ആറുപേരില്‍ കൂടുതലുള്ള സംഘങ്ങള്‍ക്ക് അനുമതി ഉണ്ടാകില്ല.

ഭക്ഷണം വിതരണം ചെയ്യുന്ന പബ്ബുകള്‍ക്കും ബാറുകള്‍ക്കും മാത്രമാകും തുറക്കാന്‍ അനുമതി. ഇവിടങ്ങളില്‍ ഭക്ഷണത്തിന്റെ ഭാഗമായി  മാത്രം മദ്യവും വിളമ്പാം. ജോലിക്കോ, പഠനത്തിനോ യൂത്ത് സര്‍വീസിനോ മറ്റൊരാളുടെ സംരക്ഷണത്തിനോ ആയി മാത്രമേ യാത്രചെയ്യാന്‍ അനുമതി ഉണ്ടാകൂ. കസീനോകള്‍, ബിംഗോ ഹാളുകള്‍, ബെറ്റിങ് ഷോപ്പുകള്‍, അഡല്‍ട്ട് ഗെയിമിംങ് സെന്ററുകള്‍, സോഫ്റ്റ് പ്ലേ ഏരിയകള്‍ എന്നിവയെല്ലാം അടയ്ക്കും. കാര്‍ബൂട്ട് സെയിലുകള്‍ അനുവദിക്കില്ല.

നവംബര്‍ 11നുശേഷം സാഹചര്യം വിശകലനം ചെയ്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമോ എന്ന് തീരുമാനിക്കും. മാഞ്ചസ്റ്ററില്‍ പ്രാദേശിക ഭരണകൂടത്തിന്റെയും മേയര്‍ ആന്‍ഡി ബര്‍ണമിന്റെയും എതിര്‍പ്പുകളെ മറികടന്നാണ് സര്‍ക്കാര്‍ ടിയര്‍3 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളായത് 26,688 പേരാണ്. മരിച്ചത് 191 പേരും. രണ്ടാഴ്ച മുമ്പ് ശരാശരി എഴുപതായിരുന്ന മരണസംഖ്യയാണ് പെട്ടെന്ന് ഉയര്‍ന്ന് ഇരുന്നൂറിന് അടുത്തെത്തയത്. യൂറോപ്പില്‍ കോവിഡിന്റെ രണ്ടാംവരവ് ഏറ്റവും പ്രതീകൂലമായി ബാധിക്കുന്ന രാജ്യമായി മാറുകയാണ് ബ്രിട്ടന്‍ എന്നാണ് കവിഞ്ഞ ഒരാഴ്ചത്തെ  കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക