Image

കമലാ ഹാരീസിനെപ്പറ്റി ചിത്രകഥാ പുസ്തകം (മീട്ടു)

Published on 21 October, 2020
കമലാ ഹാരീസിനെപ്പറ്റി ചിത്രകഥാ പുസ്തകം (മീട്ടു)
സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് ടൈഡൽ വേവ് കോമിക്സ്  പുറത്തിറക്കിയിട്ടുള്ള 'ഫീമെയിൽ ഫോഴ്സ്
സീരീസിന്' മികച്ച  സ്വീകാര്യതയാണ് കഴിഞ്ഞ പതിനൊന്ന്  വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രകഥാ ശൈലിയിൽ രാഷ്ട്രീയക്കാരുൾപ്പെടെയുള്ള പ്രമുഖരുടെ ജീവിതങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും   ഒരുപോലെ ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്യാവുന്ന അവതരണമാണ് പ്രധാന  സവിശേഷത.

ഇന്ത്യൻ അമേരിക്കൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ നോമിനിയുമായ കമല ഹാരിസിന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ കോമിക് ബുക്ക്  ഫീമെയിൽ ഫോഴ്സ് സീരീസിന്റെ ഏറ്റവും പുതിയ പതിപ്പായി അവതരിപ്പിക്കുന്നു.  ഇലക്ഷന് മുന്നോടിയായാണോ ഇങ്ങനൊരു നീക്കമെന്ന് തോന്നാമെങ്കിലും ഒക്ടോബർ 21 ന് കമലയുടെ ജന്മദിനത്തോടനുബന്ധമായാണ് പുസ്തകം ഇപ്പോൾ ഇറങ്ങുന്നതെന്നാണ് പ്രസാധകർ പറയുന്നത്. 

22 പേജുകളിൽ മൈക്കിൾ ഫ്രിസലിന്റെ രചനയിൽ ജുആൻ ബർഗോസ് വരച്ച ചിത്രങ്ങളും ചേർത്ത്  ഡിജിറ്റലായും പ്രിന്റായും  പുസ്തകം വിപണിയിലെത്തും.   പ്രശസ്ത കോമിക് ബുക്ക് ആർട്ടിസ്റ്റായ  ഡേവ് റയാൻ ഒരുക്കിയിരിക്കുന്ന കവർ പേജ്  എടുത്തുപറയേണ്ട പ്രത്യേകതയാണ്. 

"വായനക്കാരെ പ്രചോദിപ്പിക്കുന്ന റോൾ മോഡലുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലോകത്ത് മാറ്റം കൊണ്ടുവരുന്നതിനായി നിരവധി വെല്ലുവിളികൾ നേരിട്ട അസാധാരണ വ്യക്തിത്വങ്ങളിൽ നിന്ന് പഠിക്കേണ്ടതും  പകർത്തേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്." ഈ ചിന്തയിൽ നിന്നാണ് ഡാരൻ  ജി. ഡേവിസ് ഫീമെയിൽ ഫോഴ്സ് എന്ന സീരീസിന് തുടക്കം കുറിച്ചത്. 

ആഞ്ജലീന ജോളി, ഹിലരി ക്ലിന്റൺ , ജസ്റ്റീസ് സോണിയ സോട്ടോമേയർ, മിഷേൽ ഒബാമ, രൂത്ത് ബാഡർ ഗിൻസ്ബർഗ് , കൊണ്ടാലിസ  റൈസ്, ചേർ എന്നിവരുടെ കോമിക് ബുക്കുകളാണ് ഈ സീരീസിന്റെ ഭാഗമായി മുൻപ് പുറത്തിറങ്ങിയിട്ടുള്ളത്. 

ചിത്രകഥാരംഗത്തു നിന്നും അല്ലാതെയുമുള്ള പ്രശസ്ത എഴുത്തുകാരുടെ രചനാവൈഭവവും അതിനൊത്ത ചിത്രീകരണവും ചേർന്ന് അവരുടെയെല്ലാം ജീവിതങ്ങൾ കഥപോലെ ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു. 

' തലമുറകളെ പ്രചോദിപ്പിക്കുകയും ഇന്ന് കാണുന്ന സംസ്കാരം രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്ത കരുത്തരായ സ്ത്രീകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക ക എന്നതായിരുന്നു  ഞങ്ങളുടെ ആവശ്യം. കുട്ടികൾക്കും മുതിർന്നവർക്കും അവരെ മാതൃകയാക്കാം. വായനയോട് താല്പര്യമില്ലാത്തവർക്കു  പോലും ജീവചരിത്രം ചിത്രകഥയായി വരുമ്പോൾ താല്പര്യം ഉണ്ടാകും. " ഡേവിസ് വിശദീകരിച്ചു.

'ഏറെ ആസ്വദിച്ചാണ് ഞാൻ ഈ  പുസ്തകത്തിനുവേണ്ടി പ്രവർത്തിച്ചത്. കമല ഹാരിസ് ഏവരെയും ആകർഷിക്കുന്ന വ്യക്തിത്വമാണ്. രാഷ്ട്രീയ രംഗത്ത് അവർ  കാഴ്ചവച്ച പ്രതിഭ കൊണ്ടാണ്  തികച്ചും സ്വാഭാവികമായി  ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.  ഇനിയെന്ത് എന്നത്  അമ്പരപ്പിക്കുന്ന ഒന്നാണ്. സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും,  ബാലറ്റിൽ എത്തിനിൽക്കുന്ന  ജീവിതയാത്ര കൊണ്ടവർ  പുതിയവഴി വെട്ടിത്തെളിച്ചിരിക്കുകയാണ്.' രചയിതാവായ  ഫ്രിസൽ അഭിപ്രായപ്പെട്ടു.  

' വാർത്തകളിലൂടെ നമ്മളൊരാളെ അറിയുമ്പോൾ മാനസികമായ അടുപ്പം അവിടെ ഉണ്ടാകുന്നില്ല. കമല  ഹാരിസിന്റെ ചിത്രകഥ വായനക്കാർക്ക് അവരോടുള്ള അകലം നീക്കി, വ്യക്തിപരമായ അടുപ്പം  ഉടലെടുക്കാൻ സഹായകമാകും. ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് ഞങ്ങൾ പറയുന്നത്. പക്ഷെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി വൈകാരികമായ തലം പകർന്നുനൽകാനാണ് ശ്രമിച്ചിട്ടുള്ളത്. ' ചിത്രങ്ങൾ വരച്ച  ബർഗോസ് തന്റെ ആശയം പങ്കുവച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക