Image

ആഘോഷിക്കപ്പെടുന്ന നുണകളിലൊന്ന് (കവിത: അർച്ചന ഇന്ദിര ശങ്കർ)

Published on 18 October, 2020
ആഘോഷിക്കപ്പെടുന്ന നുണകളിലൊന്ന് (കവിത: അർച്ചന ഇന്ദിര ശങ്കർ)
സ്വാതന്ത്ര്യം
ഒരു പറഞ്ഞു പറ്റിക്കലാണ്
ആർക്കാണിവിടെ സ്വാതന്ത്ര്യം
ധനമുള്ളവരുടെ സ്വാതന്ത്ര്യം
ദരിദ്രർക്കുണ്ടോ ?
എച്ചിലില കൊതിയോടെ
കൊത്തിവലിക്കും തെരുവുനായിനുണ്ടോ
ഗുണമേറിയ പെറ്റ് ഫുഡോ 
കൊഴുത്തൊരു ഇറച്ചിക്കഷ്ണമോ
പ്രാതലെന്നു തിരഞ്ഞെടുക്കാനൊരു
സ്വാതന്ത്ര്യം.
പെണ്ണൊരുത്തിക്കു പുറത്തിറങ്ങാൻ
വാങ്ങണം അനുവാദം 
ഭിത്തിയിൽ തൂങ്ങിയാടുന്ന
പെൻഡുലം ക്ലോക്കിലെ സൂചിയോടിരന്നിട്ട് .
അധികാരവർഗ്ഗം കട്ട
കനക കണക്ക് തിരക്കാനുണ്ടോ
അടിമയ്ക്കു സ്വാതന്ത്ര്യം.
ഇരുമ്പ് കൂടിനു
വെളിയിൽ പറക്കാനുണ്ടോ
പറവ ചിറകിനു സ്വാതന്ത്ര്യം.
എഴുതിയാൽ ദേശദ്രോഹം
ആടിയാൽ കുലദ്രോഹം
ആരാധിക്കാനോ ദൈവത്തിനെ 
കാണിക്കണം പോലും
ലിംഗസർട്ടിഫിക്കറ്റും
മതത്തിൻ മായാപ്പാടും.
പ്രസംഗമത്സരവേദിയിൽ
ആവേശഭരിതയായ്
ഉച്ചത്തിൽ ഉരുവിട്ട വാക്കോ  
സ്വാതന്ത്ര്യം ? 
ഉയർന്ന ധ്വജത്തിൻ മുന്നിൽ
വണങ്ങി ബാല്യം നുണഞ്ഞ
മധുരമോ സ്വാതന്ത്ര്യം ?
ആണ്ടേക്കൊരിക്കൽ ഓർമ്മപെടുത്താൻ
ആഗസ്ത് പതിനഞ്ചു
മുടങ്ങാതെയെത്തുന്നതോ
സ്വാതന്ത്ര്യം ?
വഞ്ചിക്കപെടുന്നു നാം
സ്വാതന്ത്ര്യമധുരം കപടമധുരമത്
കാണിച്ച് വഞ്ചിപ്പൂ
ആരോ നമ്മളെ...
നുണയാണീ സ്വാതന്ത്ര്യം
കളവാണീ ആഘോഷം
വഞ്ചിതരാവും നാം പാരതന്ത്രർ


2.- സപ്തസ്വരമയമെൻ ഭൂമി

സസ്യസമൃദ്ധി നിറയും ധരണി
സമുദ്രസമ്പത്ത് വിളയും ഭൂമി
സായാഹ്നങ്ങൾ മനോഹരമാക്കും 
സാഗരനീലിമ മിഴിവേകുമിടം
സായൂജ്യ ശാന്തി വിളങ്ങുമിടം

രിപുക്കളില്ലാ മൈത്രീ ബന്ധം
രീതികൾ പലവിധമെങ്കിലുമൊരുമ
രാസകേളി നടമാടും മയൂഖവും
രാജസിംഹാസനത്തിലമരും പോലർക്കനും
രാകേന്ദു കിരണങ്ങൾ ചിരിക്കും രജനിയും

ഗഗനനീലിമ ചാരുത ചൊരിയും
ഗഗനചാരികൾ ചിറകടിച്ചുയരും
ഗാംഭീര്യമതികളായ് ഗിരികൾ മേവും
ഗാഥകളുയരും കോകിലനാദത്താൽ
ഗദ്ഗദം മൂളും നദിയലയൊഴുകിടും.

മാമരക്കൊമ്പിൽ ചാഞ്ചാടി ചാടും
മലയണ്ണാർക്കണ്ണൻ മോഹനലീലകളാടീടും
മലരിന്റെ മാറിൽ ചേർന്നൊട്ടിയങ്ങനെ
മധുവുണ്ണും മുലപ്പാൽ പോൽ ശലഭങ്ങളും
മഴനൂലാൽ ബന്ധിതരാം വിണ്ണുമീ മണ്ണും.

പാവനമാം പുണ്യ പാരിടമിത് ,
പർവ്വതം ശിരസ്സുയർത്തി നിൽക്കും,
പവ്വങ്ങൾ നിറകവിഞ്ഞൊഴുകും.
പച്ചയുടയാട ചുറ്റി പുൽമേടുകൾ
പവിത്രമാം മഞ്ഞിൻ തീർത്ഥം തൂവും.

ധമിനിയാം നദികളിൽ  നീർനിണമൊഴുകും
ധനുസ്സിൽ സപ്തവർണ്ണങ്ങൾ നിറച്ചിടും 
ധന്യയായിടും മണ്ണ് പുതുമഴ മുത്തുമ്പോൾ
ധ്വജം പോൽ വീശുമുയരത്തിലോലകൾ
ധരണീ നീ മാസ്മരിക മനോഹരി.

നിബിഡമായ് വൃക്ഷലതാധി വിളങ്ങിടും
നിഖിലം നിധികൾ നിറഞ്ഞ വനങ്ങളും
നിരുപമസൗന്ദര്യമൊളിപ്പിക്കും ചിലന്തിതൻ
നികേതനം നിത്യാധ്വാനത്തിനുദാഹരണം
നികുഞ്ജവാസത്തിൽ നിന്നും വന്നവർ നമ്മളും


3.ജല്പനങ്ങൾ

മുമ്പെന്നോ ഒന്നിച്ചു നടന്ന വഴികളിലെ
പലവർണ്ണ വൃക്ഷങ്ങൾ പൊഴിച്ച
കരിയില വിരിപ്പിട്ട പാതകൾ,
മഞ്ഞ വെട്ടത്തിൽ ചിരിച്ചിരുന്ന
മാറാലക്കൂട്ടങ്ങൾ
വിജനപാതകളിൽ കൊഴിഞ്ഞുവീണ
മഴയടരുകളിലൊളിച്ച വെയിൽപ്പൂക്കൾ,
എരിഞ്ഞു കത്തും ചിതപ്പൂക്കളിൽ
തേൻ നുകർന്നു നീറിയ തുമ്പിയാത്മാക്കൾ,
കാറ്റിൽ കൂടുതേടി പറന്ന
സ്വപ്നച്ചിറകുകൾ,
കാല്പാടേറ്റ് കരഞ്ഞ മണൽത്തരികൾ
കടൽ മാറിലേക്ക് കിതച്ചോടിയ
നിണം വാർന്ന പുഴഞരമ്പുകൾ,
തൊണ്ടയിൽ കുരുങ്ങിയ വാക്കുകളിൽ
ഇടറിപിടഞ്ഞ കവിതക്കുഞ്ഞുങ്ങൾ,
കല്ലറകൾ തേടിയ രക്തപുഷ്പങ്ങൾ,
പച്ചയും കറുപ്പും പൂവിട്ട വാടികകൾ,
നിശബ്ദ സംഗീതമാസ്വദിച്ച
രാത്രിയാമങ്ങൾ,
വികാരങ്ങൾക്ക് അളവുകോൽ പരതിയ
മണ്ണിലെചതിവേരിറങ്ങിയ കുഴികൾ,
ഭ്രാന്ത ജല്പനങ്ങൾ മാത്രം
പാടി നടന്ന വേഴാമ്പലുകളൊടുവിൽ
ദാഹം കുടിച്ച് ആത്മഹത്യ ചെയ്തു.
വ്യർത്ഥമാം കുളിരുകൾ പിന്നെയും
ആർത്തലച്ചു പെയ്തിറങ്ങി,
അവസാനമീ വൈകിയ വേളയിൽ
ഒറ്റയ്ക്കാണെന്നൊരു
തിരിച്ചറിവിൻ കവാടത്തിൽ മാത്രം
തുരുമ്പിച്ച സത്യം കൊത്തി വച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക