Image

പാര്‍വ്വതി ഫേസ്ബുക്കിലല്ല പരാതി പറയേണ്ടത്, സംഘടനയില്‍ പറയണമെന്ന് ബാബുരാജ്

Published on 16 October, 2020
പാര്‍വ്വതി ഫേസ്ബുക്കിലല്ല പരാതി പറയേണ്ടത്, സംഘടനയില്‍ പറയണമെന്ന് ബാബുരാജ്

ഇടവേള ബാബു നടി ഭാവനയെ കുറിച്ച്‌ നടത്തിയ പരാമര്‍ശം കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയില്‍ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 


നടിമാരുടെ സംഘടനയും അമ്മയും തമ്മില്‍ കനത്ത പോരിലേക്ക് നീങ്ങുന്നതിനിടയില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യുട്ടിവ് അംഗവുമായ ബാബുരാജ്.


റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ സംസാരിക്കവെയാണ് അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്നും ഭാവനയിപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നും മരിച്ച്‌ പോയവര്‍ തിരിച്ച്‌ വരില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. 


ഇതേതുടര്‍ന്ന് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാര്‍വതിക്ക് പിന്‍തുണയുമായി സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച്‌ കൊണ്ട് രേവതി, പദ്മപ്രിയ എന്നിവര്‍ കത്തയച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വന്‍ വിവാദിലെത്തി നില്‍ക്കുന്നത്.


അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും തുടര്‍ന്ന് നടന്ന പാര്‍വതിയുടെ രാജിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം ചേരുന്നതെന്നും ബാബുരാജ് പറഞ്ഞു.


 ഇടവേള ബാബുവിന്റെ മറുപടി ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിക്കാനാണെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാബുരാജ് വ്യക്തമാക്കുന്നു. 


താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. ബുധനാഴ്ച നടിയുമായി സംസാരിച്ചിരുന്നെന്നും കാരണം അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. 


ഇപ്പോള്‍ സംഭവിച്ചത്, ഈ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായം നഷ്ടപ്പെട്ടു എന്നതാണ്. പാര്‍വതി എന്തെങ്കിലും ഔപചാരിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാല്‍ ഞങ്ങള്‍ എന്താണ് പറയുകയെന്നും ബാബു രാജ് പറഞ്ഞു. 


സംഘടനയുടെ പുറത്തുള്ള പരാതികള്‍ പരിശോധിക്കേണ്ട എന്നത് പുതിയ ബൈലോയില്‍ തീരുമാനിച്ചിട്ടുള്ളതാണ്. സംഘടനയുടെ പുറത്ത് പരാതി ഉന്നയിച്ചാല്‍ പിന്നെ അത് സംഘടനയില്‍ പറയേണ്ട കാര്യമില്ല. അത് കൊണ്ടാണ് എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക