Image

ഭാരതം ലജ്ജിച്ച ദിവസം, ഒക്ടോബർ 14, 1956

സുധീർ പണിക്കവീട്ടിൽ Published on 14 October, 2020
ഭാരതം ലജ്ജിച്ച ദിവസം, ഒക്ടോബർ 14, 1956

ഭാരതത്തിന്റെ ത്രിവർണ്ണ പതാകയിൽ അശോകചക്രം കൂട്ടിച്ചേർക്കുമ്പോൾ ഒരു പക്ഷെ ഡോക്ടർ ബാബ ഭീംറാവു  രാംജി അംബേകർ അറിഞ്ഞിരുന്നില്ല അദ്ദേഹവും അശോകനെപോലെ ഒരു നാൾ ബുദ്ധമതം സ്വീകരിക്കുമെന്ന്.  സ്വതന്ത്രഭാരതത്തിന്റെ  ഭരണഘടനയുടെ ശില്പിയും പിതാവുമായ അദ്ദേഹം മധ്യപ്രദേശിലെ  മഹു എന്ന ഗ്രാമത്തിൽ "മഹർ" എന്ന ജാതിയിൽ സാമൂഹ്യസാമ്പത്തിക വിവേചനങ്ങൾക്ക് വിധേയരായ പാവപ്പെട്ട മാതാപിതാക്കളുടെ പതിനാലാമത്തെ സന്താനമായി  പിറന്നു. പിന്നീട്  അദ്ദേഹത്തിന്റെ കുടുംബം മഹാരാഷ്ട്രയിലെ മുംബായിലേക്ക് കുടിയേറിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ജാതിവ്യവസ്ഥമൂലം ക്ലേശകരമായിരുന്നു.  ക്ലാസ്സ് മുറിയിൽ ഇരിക്കാൻ അനുവാദമില്ലായിരുന്നു. ക്ലാസ്സ് മുറിക്ക് പുറത്ത് വീട്ടിൽ നിന്നും കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന ഒരു ചാക്ക് സഞ്ചിയുടെ മുകളിലിരുന്ന് വിദ്യ ആരംഭിച്ചു. അത് പിന്നെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പിന്നീട് ലണ്ടൺ സ്‌കൂൾ ഓഫ് എക്‌ണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നും ഡി. എസ് സി നേടുന്നവരെ എത്തിച്ചേർന്നു. വിധിയുടെ മൗനവിനോദം. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് കടുത്ത ജാതി വിവേചനം  അനുഭവിച്ചതായി അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  സ്‌കൂളിലെ കിണറിൽ നിന്നും വെള്ളം കോരാൻ അനുവാദമില്ലാതിരുന്നതിനാൽ അവിടത്തെ ഒരു ശിപായി കോരിക്കൊടുത്തെങ്കിൽ മാത്രമേ വെള്ളം കിട്ടുമാറുണ്ടായിരുന്നുള്ളു.  അദ്ദേഹം എഴുതി " ശിപായി ഇല്ല, വെള്ളവുമില്ല".

ഹിന്ദുയിസം എന്ന മതമോ ധർമ്മമോ അതോ ജീവിതരീതിയോ മനുഷ്യരെ എല്ലാവരെയും തുല്യരായി കാണുന്നതിൽ വിശ്വസിക്കുന്നില്ല.  അതുകൊണ്ട് അവർ അനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞു.  ഒരാളുടെ കർമവും പുനർജന്മവും അനുസരിച്ചാണ് ഓരോ ശിശുവും പിറന്നുവീഴുന്നതെന്നു ശ്രുതിയും സ്മൃതികളും പ്രസ്താവിക്കുന്നു. ഛാന്ദോഗ്യ ഉപനിഷത്  5 .10 .7  പ്രകാരം ഭൂമിയിൽ സത്കർമ്മങ്ങൾ ചെയ്യുന്നവർ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ ആയി ജനിക്കും.  ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർ നായയെ, പന്നിയോ ചണ്ടാളനോ ആയി  പാപജന്മങ്ങളായി ജനിക്കുന്നു. കൃസ്തുവിനു 1200 വർഷങ്ങൾക്ക് മുമ്പ് വരെ ജാതിവ്യവസ്ഥ ഭാരതത്തിൽ ഉണ്ടായിരുന്നില്ലത്രെ. അന്ന് നിലവിലുണ്ടായിരുന്നത് വർണ്ണ വ്യവസ്ഥയായിരുന്നു.  വർണ്ണവ്യവസ്ഥ സമൂഹത്തിലെ നാല് അനിവാര്യ ആവശ്യങ്ങളെ മുൻ നിർത്തിയായിരുന്നു.  അതായത് അറിവ് (ബ്രാഹ്മണൻ) പ്രതിരോധം/രാജ്യസുരക്ഷ (ക്ഷത്രിയൻ) ധനം/ആസ്തി (വൈശ്യൻ) സേവനം (ശൂദ്രൻ. ഇത് കൈകാര്യം ചെയ്തിരുന്നവർക്ക് ആ ആനുകൂല്യം  ജന്മം കൊണ്ട് കിട്ടിയ ഔദാര്യമല്ലായിരുന്നു.   നാല്  വിഭാഗക്കാരും തുല്യരായിരുന്നു. പിന്നീടാണ് ജന്മം കൊണ്ട് നേടുന്ന ജാതി സമ്പ്രദായം വന്നതും  മനുഷ്യരെ വേർതിരിക്കാനും അവനെ ഓരോ തട്ടുകളിലാക്കാനും തുടങ്ങിയത്.  അന്നുമുതൽ ഭാരതത്തിന്റെ പവിത്രമായ മണ്ണിൽ ജാതിഭൂതങ്ങൾ ‘തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുമായി’ നടക്കുന്നു.

ഭരണഘടനാ എഴുതിയുണ്ടാക്കിയ ഡോക്ടർ അംബേദ്‌കർ ജാതിയും തൊട്ടുകൂടായ്മയും നിയമപരമായി നിരോധിച്ചെങ്കിലും അത് കടലാസ്സിൽ മാത്രമായി അവശേഷിച്ചു. മനുഷ്യമനസ്സുകൾക്ക് അതുൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ജാതീയമായ വിവേചനം നിറുത്തലാക്കാനുള്ള ഡോക്ടർ അംബേദ്കറുടെ ശ്രമങ്ങൾ ഗാന്ധിജി തടഞ്ഞതായി കാണുന്നുണ്ട്. ചില കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഗാന്ധിജി മഹാത്മാവാണോ എന്ന് സംശയം തോന്നാം. ഡോക്ടർ അംബേദ്‌കർ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഗാന്ധി മഹാത്മാവല്ലെന്നു.  പട്ടിക ജാതിക്കാർക്ക് അവരുടേതായ ഒരു നിയോജകമണ്ഡലം വേണമെന്ന അഭിപ്രായം ഡോക്ടർ അംബേദ്കറിനുണ്ടായിരുന്നു. എന്നാൽ ആ ഉദ്ദേശ്യം നിരാഹാരം അനുഷ്ടിച്ച്കൊണ്ട് ഗാന്ധി മഹാൻ നിഷ്ഫലമാക്കി. അന്ന് ഗാന്ധി അതിനു എതിര് നിന്നില്ലായിരുന്നെങ്കിൽ ഇന്നും അവശേഷിക്കുന്ന ജാതിവിവേചനം ഇത്രത്തോളം ഉണ്ടാകുകയില്ലെന്ന് ഡോക്ടർ അംബേദ്‌കറിന്റെ അനുയായികൾ വിശ്വസിക്കുന്നു. അവര്ണരെയും പട്ടികജാതിക്കാരെയും സഹായിക്കാനായി ഗാന്ധിജി പരിശ്രമിക്കുമെന്നു ഡോക്ടർ അംബേദ്കറിന് ഉറപ്പു നൽകിയിരുന്നതായി കാണുന്നു. അവർണ്ണർക്ക് അമ്പലപ്രവേശന അനുമതിക്കായി പ്രവർത്തിച്ചിരുന്ന നവോത്ഥാനനായകരെ അദ്ദേഹം അനുകൂലിച്ചിരുന്നു.  തൊട്ടുകൂടായ്മയും ജാതിയും ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആശിക്കയും ആ ആശയം പ്രസംഗിക്കുകയും ചെയ്തു.  തൊട്ടുകൂടായ്മ കൽപ്പിച്ച് അകറ്റി നിർത്തുന്നവരെ പരിഗണിക്കുന്നില്ലെങ്കിൽ അവർ മറ്റു മതങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.  അദ്ദേഹത്തിന്റെ ജാതിയിൽപ്പെട്ട പന്ത്രണ്ട് കുടുംബങ്ങൾ ആ സമയം മതപരിവർത്തനം നടത്തി മുസ്‌ലിം മതം സ്വീകരിച്ചിരുന്നു.  സഹിഷ്ണുതയുണ്ടെന്ന് അഭിമാനിക്കുന്ന ഹിന്ദുമതം ജാതിയുടെ പേരിൽ ആളുകളെ അകറ്റി നിറുത്തുന്നത് അവർക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം അറിയിച്ചുകൊണ്ടിരുന്നു.

ജാതിവ്യവസ്ഥയുടെ തിക്തഫലങ്ങൾ ബാല്യകാലം മുതൽ അനുഭവിച്ച ഡോക്ടർ അംബേദ്‌കർ ഹിന്ദുമത രീതികളോട് തൃപ്തനായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന പദവികളിൽ നിയോഗിതനായിട്ടും ജാതി എന്ന വാൽ പൊക്കിപിടിച്ചുനടക്കുന്നവരുടെ അവഹേളനം അദ്ദേഹത്തിന് അസഹ്യമായിരുന്നു. ഗീത വാക്യങ്ങളോട് അദ്ദേഹം തൃപ്തനായിരുന്നില്ല.  ഋഗ്വേദത്തിലെ പുരുഷസൂക്തം ജാതിസമ്പ്രദായം രൂപം നൽകുന്നതായി കാണാം.  ഭഗവത്ഗീത  അത് സ്ഥിരീകരിച്ചതായി വ്യാഖാനങ്ങളുടെ സ്വാധീനമില്ലാതെ വായിക്കുമ്പോൾ അനുഭവപ്പെടും.  ദളിത് പ്രയോഗം ഗീതയിൽ കാണുന്നില്ല.  ദളിത് എന്ന സംസ്കൃത വാക്കിനു അർഥം അടിച്ചമർത്തപ്പെട്ടവർ അല്ലെങ്കിൽ തകർക്കപ്പെട്ടവർ എന്നാണു. ഗീതയിലെ ചാതുർവർണം തൃഗുണങ്ങളെ (സത്വ, രജസ്, തമസ് ) ആസ്പദമാക്കിയെന്നു പറയുമ്പോൾ ഡോക്ടർ അംബേദ്‌കർ ചോദിക്കുന്നു എങ്ങനെ മൂന്നു ഗുണങ്ങളെ നാല് ഗുണങ്ങളിൽ പെടുത്തുമെന്ന്. ബുദ്ധിപരവും വികാരപരവുമായ ചിന്തകളിലൂടെ അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് അകന്നുകൊണ്ടിരുന്നു. യുദ്ധമുണ്ടായാൽ കുലസ്ത്രീകൾ പിഴച്ചുപോകും തന്മൂലം വർണസങ്കരമുണ്ടാകുമെന്ന അർജുനന്റെ ഭയം വർണ്ണ മഹത്വത്തിന്റെ കൊട്ടിഘോഷിക്കലാണെന്നും ഗീത അതുകൊണ്ട് ജാതിവ്യവസ്ഥ അനുകൂലിക്കുന്നുവെന്നും പാശ്ചാത്യ ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 13 , 1935  നാസിക്കിലെ യോള എന്ന സ്ഥലത്ത് വച്ച് ഡോക്ടർ അംബേദ്‌കർ പതിനായിരത്തോളം വരുന്ന ആൾക്കൂട്ടത്തോട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ജാതി വ്യവസ്ഥ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നുവെന്നു പ്രകടമാണ്. "സ്വയം സഹായമാകുക, അവനവനിൽ വിശ്വാസമർപ്പിക്കുക. സ്വന്തം കാലിൽ നിന്ന് അഭിവൃദ്ധിക്കായി പൊരുതുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ശേഷം നിങ്ങളുടെ പോരാട്ടം തുടരുക. സവർണ്ണരുടെ പെരുമാറ്റത്തിൽ സ്നേഹത്തോടെ അവർക്ക് നമ്മോട് സഹകരിക്കാൻ കഴിയില്ലെന്നുള്ള നിർണ്ണയത്തിൽ നമ്മൾ എത്തിക്കഴിഞ്ഞു.  നമ്മളുടെ പ്രതിഷേധങ്ങളെ അവർ അവഗണിക്കുന്നു. 

 അതുകൊണ്ട് നമ്മൾ തീരുമാനം എടുക്കുന്നു നമ്മൾ ഹിന്ദുമതത്തിൽ നിന്നും മാറിപ്പോകുന്നു.  നമ്മുടെ ഉന്നതിക്ക് വേണ്ടി പരിശ്രമിച്ചും  സ്വയം സഹായിച്ചും നമ്മൾ ജീവിതം തുടരും.” അദ്ദേഹം പ്രസ്താവിച്ചു.  "ഞാൻ ഒരു ഹിന്ദുവായി മരിക്കുകയില്ല.
സഹാനുഭൂതി, സ്വാതന്ത്ര്യം, സമത്വം ഇവ മൂന്നും ഒരാൾക്ക് അയാളുടെ മതത്തിൽ നിന്ന് കിട്ടണം. ഹിന്ദുമതത്തിലെ അവർണ്ണ വിഭാഗത്തിന് അത് കിട്ടുന്നില്ല. ദളിതരുടെ വിമോചനം മതപരിവർത്തനത്തിലൂടെ മാത്രമേ സാധ്യമാകു എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഡോക്ടർ അംബേദ്‌കർ ഹിന്ദുമതം ഉപേക്ഷിക്കുന്നുവെന്നറിഞ്ഞ കൃസ്ത്യൻ മിഷനറിമാരും, ഇസ്‌ലാം മതപുരോഹിതരും സിക്ക് മതപുരോഹിതരും അദ്ദേഹത്തെ അവരുടെ മതത്തിലേക്ക് ക്ഷണിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ ബുദ്ധമതം ബലപ്പെട്ടു വന്നുകൊണ്ടിരുന്നു. നാസിക്കിൽ വച്ച് (oct 14, 1956) ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് പ്രസംഗിച്ച ആശയം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് നാസിക്കിൽ വച്ച് തന്നെ അദ്ദേഹം ബുദ്ധമതം സ്വീകരിക്കാൻ തീരുമാനിച്ചു. ർ എസ എസ് എന്ന സംഘടനാ ജന്മം കൊണ്ട നഗരി എന്ന പ്രത്യേകത ഈ സ്ഥലത്തിനുണ്ട്. അതറിഞ്ഞിട്ടാണോ ഡോക്ടർ  അംബേദ്‌കർ തന്റെ മതപരിവർത്തന ചടങ് ഇവിടെ വച്ച് നടത്താൻ തീരുമാനിച്ചത് എന്നറിയില്ല. വേറൊരു പ്രത്യേകത അന്ന് വിജയദശമി തിഥിയുടെ അവസാന ദിവസമായിരുന്നു. 

ദളിത് വിഭാഗത്തിൽ ജനിച്ചുപോയി എന്നുള്ളതുകൊണ്ട് മഹാനായ ഈ മനുഷ്യന് മതപരിവർത്തനം ചെയ്യേണ്ടിവന്ന ദുരന്തമുണ്ടായി.  അതെ അറുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം ഡോക്ടർ ഭീംറാവു റാംജി അംബേദ്‌കർ ബർമ്മയിൽ നിന്നും വന്ന ബുദ്ധ ഭിക്ഷുവിന്റെ പരികർമ്മത്തിൽ ബുദ്ധമതം സ്വീകരിച്ച്. അദ്ദേഹത്തടോപ്പം ആ ചടങ്ങിൽ മൂന്ന് ലക്ഷത്തിലേറെ ദളിതർ ബുദ്ധമതം സ്വീകരിച്ചു. ഓങ്കാരം മുഴങ്ങിയിരുന്ന, ഗായത്രി മാത്രം മുഴങ്ങിയിരുന്ന, ഓം നമശ്ശിവായ മുഴങ്ങിയിരുന്ന, ഹരേ കൃഷ്ണ മുഴങ്ങിയിരുന്ന ആർഷഭാരത അന്തരീക്ഷത്തിൽ ബുദ്ധം ശരണം ഗച്ചാമി എന്ന മന്ത്രങ്ങൾ ഹർഷാരവത്തോടെ മുഴങ്ങി. ഭാരതാംബ ലജ്ജിച്ച് തലതാഴ്ത്തി നിന്നു . അവർ സാക്ഷ്യം വഹിക്കുന്നത് സ്വാര്ഥതാല്പര്യങ്ങൾ സംരക്ഷിക്കാൻ ആരോ എഴുതിവച്ച പനയോലക്കെട്ടുകളിലെ ജീർണ്ണിച്ച വാക്കുകൾ അക്ഷരംപ്രതി പാലിക്കാൻ തുനിഞ്ഞ അജ്ഞരായ മനുഷ്യരുടെ ഇരകൾ വേട്ടക്കാരനെ അവഗണിക്കുന്ന കാഴ്ചയാണ്. അതവരെ സന്തോഷിപ്പിക്കുമോ? വിവരം വയ്ക്കട്ടെ മനുഷ്യർക്കു എന്ന് പ്രകൃതിയും ചരാചരങ്ങളും ആശിച്ചുനിന്നുകാണും.  ജാതിയുടെ പേരിൽ വിവേചനം പാടില്ലെന്ന ഭരണഘടന തയ്യാറാക്കിയ വ്യക്തി തന്നെ ജാതിപീഡനം കൊണ്ട് മതം മാറുന്നതും ഭാരതപൗരന്മാർ അത്ഭുതംകൂറി നോക്കി നിന്നു.  നമുക്ക് ഓർക്കാം ഈ ദിവസം. ഇതേക്കുറിച്ച് കൂടുതൽ ചിന്തിക്കാം.  ജയ് ഹിന്ദ്.

ശുഭം

Join WhatsApp News
josukutty 2020-10-14 16:18:11
abolition of caste system will see the disintegration of hinduism എന്നാണ് ഡോ എസ് രാധാകൃഷ്ണൻ പറഞ്ഞതു. അതായതു ജാതി വ്യവസ്ഥ ഇല്ലാതെ ഹിന്ദു ജീവിത രീതിക്കു നില നില്പില്ല എന്ന്.
Sudhir Panikkaveetil 2020-10-14 16:42:59
ചില സാങ്കേതിക കാരണങ്ങളാൽ ലേഖനത്തിന്റെ ആദ്യത്തെ പാരഗ്രാഫ് വിട്ടുപോയിരിക്കുന്നു. താഴെ കൊടുക്കുന്നു. പത്രാധിപരെ അറിയിക്കുന്നു. വായനക്കാർ ശ്രദ്ധിക്കുക. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയിൽ അശോകചക്രം കൂട്ടിച്ചേർക്കുമ്പോൾ ഒരു പക്ഷെ ഡോക്ടർ ബാബ ഭീംറാവു രാംജി അംബേകർ അറിഞ്ഞിരുന്നില്ല അദ്ദേഹവും അശോകനെപോലെ ഒരു നാൾ ബുദ്ധമതം സ്വീകരിക്കുമെന്ന്. സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയുടെ ശില്പിയും പിതാവുമായ അദ്ദേഹം മധ്യപ്രദേശിലെ മഹു എന്ന ഗ്രാമത്തിൽ "മഹർ" എന്ന ജാതിയിൽ സാമൂഹ്യസാമ്പത്തിക വിവേചനങ്ങൾക്ക് വിധേയരായ പാവപ്പെട്ട മാതാപിതാക്കളുടെ പതിനാലാമത്തെ സന്താനമായി പിറന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം മഹാരാഷ്ട്രയിലെ മുംബായിലേക്ക് കുടിയേറിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ജാതിവ്യവസ്ഥമൂലം ക്ലേശകരമായിരുന്നു. ക്ലാസ്സ് മുറിയിൽ ഇരിക്കാൻ അനുവാദമില്ലായിരുന്നു. ക്ലാസ്സ് മുറിക്ക് പുറത്ത് വീട്ടിൽ നിന്നും കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന ഒരു ചാക്ക് സഞ്ചിയുടെ മുകളിലിരുന്ന് വിദ്യ ആരംഭിച്ചു. അത് പിന്നെ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും പിന്നീട് ലണ്ടൺ സ്‌കൂൾ ഓഫ് എക്‌ണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്നും ഡി. എസ് സി നേടുന്നവരെ എത്തിച്ചേർന്നു. വിധിയുടെ മൗനവിനോദം. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് കടുത്ത ജാതി വിവേചനം അനുഭവിച്ചതായി അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലെ കിണറിൽ നിന്നും വെള്ളം കോരാൻ അനുവാദമില്ലാതിരുന്നതിനാൽ അവിടത്തെ ഒരു ശിപായി കോരിക്കൊടുത്തെങ്കിൽ മാത്രമേ വെള്ളം കിട്ടുമാറുണ്ടായിരുന്നുള്ളു. അദ്ദേഹം എഴുതി " ശിപായി ഇല്ല, വെള്ളവുമില്ല".
Korason 2020-10-14 17:52:05
ഒരു ഒക്ടോബര് 14 ന്റെ ഓർമ്മപ്പെടുത്തൽ എന്തുകൊണ്ടും പ്രസക്തമാണ്. ജന്മം കൊണ്ട് ഓരോ കൂട്ടത്തിലേക്കു പിറന്നു വീഴുമ്പോൾ ആ ശിശു അറിയുന്നില്ല എന്താണ് അവന്റെ വിശ്വാസമെന്ന്, അവന്റെ നിറമെന്ന് , എന്താണ് അവന്റെ ദേവൻ എന്നും. മറ്റുള്ളവർ അവനിൽ ചാപ്പകുത്തുന്ന അവനറിയാതെ ചാർത്തപ്പെടുത്തുന്ന വിളിപ്പേരുകളുമായി ജീവിതം മുഴുവൻ അലയുകയാണ്. മറ്റുള്ളവരെ എന്തെങ്കിലും വിവേചനത്തിൽ വെറുക്കാൻ, അകറ്റിനിറുത്താൻ , ഇകഴ്ത്താൻ കൂട്ടുനിൽക്കുന്ന എല്ലാ മതങ്ങളും അർത്ഥമില്ലാത്ത കൂട്ടങ്ങളാണ് . ഒന്നിനുപകരം മറ്റൊന്ന് തിരഞ്ഞെടുക്കാനുള്ള ഓരോ മനുഷ്യന്റെ സ്വാതന്ത്ര്യവും പൊതുസമൂഹം അംഗീകരിക്കണം. മതം മാറാനും , മതം ഉപേക്ഷിക്കാനും മതത്തിന്റെ ദുഷിപ്പിനു നേരെ വിരൽ ചൂണ്ടാനും, മതം ആവശ്യം എന്ന് ചിന്തിക്കുന്നവർക്ക് വിശ്വസിച്ചു നിലയുറപ്പിക്കാനും ഓരോരുത്തരെയും ധൈര്യം നൽകാൻ ഭരണകൂടങ്ങൾക്കാവണം. കേവലം ഭരണത്തിനുവേണ്ടി മാത്രം മതം പറയുന്നവരെയും, നിർബന്ധിച്ചു മത പരിവർത്തനം ചെയ്യുന്നവരെയും നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടാവണം. തികച്ചും അനുയോജ്യമായ ലേഖനം ശ്രീ . സുധിർ സാർ. -കോരസ ൺ
vayankaran 2020-10-15 01:32:27
ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നേടുന്ന ഇന്നത്തെ തലമുറ ഒരു പക്ഷെ ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഗാന്ധി നമ്മൾ കരുതുന്ന പോലെ മഹാത്മാവ് അല്ലെന്നു കണ്ടെത്താം. അതായത് പണ്ടത്തെപോലെ പഠിപ്പിക്കുന്നത് മാത്രം പഠിച്ച് അതിൽ വിശ്വസിക്കാൻ പുതിയ തലമുറക്കാർ തായ്യാറാകുമോ?
Abraham Thomas 2020-10-15 16:21:52
Well written. When I joined Govt. Law College in Bombay in 1973, I was told about a real life incident concerning Dr. Ambedkar. Though he was a professor at the college, he was not allowed to drink water from the earthen pot kept for others. The college kept a separate 'kooja' for him and he was allowed to drink water from this kooja only.
Sudhir Panikkaveetil 2020-10-15 21:49:03
വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും കൃതജ്‌ഞത രേഖപ്പെടുത്തുന്നു.
S S Prakash 2020-10-17 07:25:35
who is daivam? Who made the religion and caste Stay away from the nonsense Everybody will be happy
Ninan Mathulla 2020-10-17 11:24:50
It is possible that people will interpret this article as part of the RSS agenda to depict Gabdhiji in the wrong light and to tarnish his image as Father of the nation. This will give an excuse to remove the picture of Gandhiji from public places and replace with RSS supporters. Right and wrong is relative. What was right 50 years ago is not right now. We have to consider the time Gandhiji lived- a society immersed in racism. He couldn't ignore this factor to keep people with him. Readers need to give the benefit of doubt to him as he is not alive now to defend himself. Such theories are coming up now as part of RSS propaganda. Gandhiji was always supportive of Harijan issues.
മലയാളി 2020-10-17 13:45:06
ചത്തു ജീവിച്ച മനുഷ്യ . ദൈവം ആരാണെന്നു സ്വയം ചോദിക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക