Image

പെറ്റമ്മ (കവിത: നസീമ മുസ്തഫ)

Published on 12 October, 2020
പെറ്റമ്മ (കവിത: നസീമ മുസ്തഫ)
നാവിൻ തുമ്പിൽ നിന്നാദ്യം
ഉതിരുന്ന നിർമ്മല
തേജസ്സാണമ്മയെന്നും
അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യമൂറുന്ന
കുഞ്ഞിളം ചുണ്ടിലും
പാൽ പുഞ്ചിരി
കുഞ്ഞിളം ചുണ്ടുകൾ പുഞ്ചിരി
തൂകുമ്പോൾ  അമ്മ തൻ ആനന്ദം
താരാട്ടാകും പകരം വെയ്ക്കുവാൻ
മറ്റൊന്നുമില്ലാത്ത കറയറ്റ
സ്നേഹമാണമ്മയെന്നും അകതാരിലൂറുന്ന
സ്നേഹവാത്സല്യങ്ങൾ
തഴുകി തലോടുന്ന തെന്നലമ്മ!
പെറ്റമ്മ തന്നുടെ ലാളനമേൽക്കാത്ത
നൊമ്പരമെന്തുണ്ടീ ജീവിതത്തിൽ
കാണാതിരിക്കുമ്പോൾ പരിഭവം ചൊല്ലിയും
കൺമുന്നിൽ എത്തുമ്പോൾ
സ്വാന്തന മേകിയും കരുണതൻ
കടലായി തീർന്നിടുന്നു
അമ്മ തൻ വാത്സല്യം 
ഒരുമയായ് തീരുകിൽ കൂടെപ്പിറപ്പുകൾ
ഒന്നായ് തീരും നല്ലവർ മക്കളായ്
കൂടെയുണ്ടാകുമ്പോൾ  അമ്മ തൻ
മോഹങ്ങൾ സഫലമാകും
ഒരുപാടു സ്നേഹവും അതിലേറെ
നന്മയും പകർന്നു തന്നിട്ടുള്ളോരെൻ്റെയമ്മ
നിഴൽ പോലെ നിന്നമ്മ
നിനയ്ക്കാത്ത നേരത്ത് നിത്യമാം
നിദ്രയിലാണ്ടുപോയി
അമ്മതൻ വേർപാട് നൊമ്പരമായിന്ന്
ഉള്ളിൻ്റെ ഉള്ളിൽ തുളുമ്പി നിൽപ്പൂ!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക