Image

പാമ്പും കോണിയും - നിർമ്മല - നോവൽ 15

Published on 10 October, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ 15
ടോപ്പുകൾക്കിടയിലൂടെ തെയ്യാമ്മയുടെ കൈ കവിഞ്ഞൊഴുകി. സാലി അൽഭുതംകൊണ്ടു വിടർന്ന കണ്ണോടെ നോക്കിയിരുന്നു. ഒടുക്കം അവൾ ചോദിച്ചു:
- തെയ്യാമ്മ ഇതൊക്കെ ഇടുമോ ?
- ഓ... ഇട്ടോണ്ടു നടക്കാനൊന്നുമല്ല കൊച്ചേ, ഒന്നു കണ്ടു നോക്കാം എങ്ങനിരിക്കുന്നെന്ന്. ഫിറ്റിങ്റൂമിൽ കയറി ഇട്ടുനോക്കുന്നതിനു പൈസയൊന്നും കൊടുക്കണ്ടല്ലൊ.
സാലിക്ക് ചിരി വന്നു.
- എടയ്ക്കൊക്കെ നമ്മളു മദാമ്മയാണെന്നങ്ങു വിചാരിക്കണം!
സാലി അൽഭുതത്തോടെ കേട്ടു നിന്നു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ വന്നവരുടെ കഥ 
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു ...
     ....    ....

ഒടുക്കം തീരെ ആളില്ലാത്ത ആ ബസ്സ്റ്റേഷനിൽ ജോയിയെയും സാലിയെയും യാത്ര അയയ്ക്കാനായി കാറുനിറയെ ആളുകൾ വന്നു. പാതിരാത്രിയിലെ ആൾത്തിരക്ക് ബസ് ഡ്രൈവറെ അൽഭുതപ്പെടുത്തിയിരിക്കും. ബസ് പതുക്കെ സ്റ്റേഷനു പുറത്തേക്കു കടക്കുമ്പോൾ അകന്നു പോകുന്ന ഉയർത്തി വീശിയ കൈകൾ സാലിയെ ഭയപ്പെടുത്തി. പുതിയ സ്ഥലത്ത് ഒറ്റപ്പെട്ടു പോവില്ലേ? ജോയി പതിയെ പറഞ്ഞു:
- ഈ മനുഷ്യർക്കു വേറെ പണിയില്ലേ?
നല്ല കാര്യമല്ലേ ജോയിച്ചായാ. അവർക്കു നമ്മളോടു സ്നേഹമുള്ളതു കൊണ്ടല്ലേ ?
- സ്നേഹം അതൊക്കെ പുതിയതായിട്ടാരെങ്കിലും വരുമ്പോൾ അങ്ങോട്ടു പോകും
സാലിക്ക് ആ ഉത്തരം തീരെ ഇഷ്ടമായില്ല. രാവിലെ തന്നെ എൽസി നീളത്തിൽ കത്തികൊണ്ടു വരഞ്ഞ മുറിവിനൊരു ബാൻഡേഡ് പോലെയായിരുന്നു അവൾക്ക് ആ യാത്രയയപ്പു പാർട്ടി. നീറ്റൽ കുറഞ്ഞു. മുറിവു മറഞ്ഞിരിക്കുകയും ചെയ്തു.
അവർ എൽസി ആന്റിയെയും വിളിച്ചു കാണുമോ ? എന്ത് ഒഴികഴിവായിരിക്കും ആന്റി പറഞ്ഞിരിക്കുക. എന്നൊക്കെ സാലിയുടെ മനസ്സ് സ്വയം ചോദിച്ചു കൊണ്ടിരുന്നു.
ഉറങ്ങിയും ഉണർന്നുമുള്ള യാത്രയ്ക്കൊടുക്കം അവർ ഒന്റേറിയോ സംസ്ഥാനത്തിലെത്തി. വിശാലമായ ഒന്റോറിയോ . തണുപ്പും മഞ്ഞും കുറവാണ്. ജോലിസാധ്യതയും കുടിയേറ്റക്കാരും കൂടുതലുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യൻ കടകളും. ബസ് സ്റ്റാൻഡിൽ അവരെ കാത്തുനിന്നിരുന്നു ജോയിയുടെ കൂട്ടുകാരൻ. അയാളുടെ കാറിന്റെ പിൻസീറ്റിലിരുന്ന് സാലി ടൊറന്റോ കണ്ടു. ഒഴിഞ്ഞ അപ്പാർട്ടുമെന്റിൽ സാലി ഒറ്റപ്പെട്ടു നിന്നു. അപ്പാർട്ടുമെന്റിന്റെ മൂലയ്ക്ക് കാർഡ്ബോർഡ് പെട്ടിയിൽ ജോയിയുടെ പുതിയ ടി.വി. അവളെ എത്തി നോക്കി. അവർ കൂടെ കൊണ്ടുവന്ന ബാഗിൽനിന്നും അത്യാവശ്യ സാധനങ്ങളെടുത്ത് സാലി വീട്ടമ്മയായി. കൂട്ടുകാർ പോകുന്നതിനു മുമ്പ് പാലു കാച്ചാൻ സാലി നിർബന്ധിച്ചു. പാലുകാച്ചണം. എല്ലാവരും പോകുന്നതിനു മുമ്പ്. അവർക്കു വേറെ ആരാണുള്ളത്. കണ്ണു നിറയാതിരിക്കാൻ സാലി ബദ്ധപ്പെട്ടു.
ഒരേയൊരു സ്റ്റീൽ പാത്രം. അതു പാലുകാച്ചാൻ വേണ്ടി മാത്രം അവൾ കെ - മാർട്ടിൽനിന്നു വാങ്ങിയതാണ്. പിന്നെയുള്ളത് രണ്ട് അലൂമിനിയപ്പാത്രങ്ങളാണ്. പുതിയ സ്റ്റീൽ പാത്രത്തിൽ പാൽ തിളച്ചുമറിയുമ്പോൾ അടുക്കളയിൽ സാലി മാത്രമേ ഉണ്ടായിരുന്നുള്ള
ലിവിങ് റൂമിൽ ടി.വി കണക്ട് ചെയ്യുകയും ആന്റിന പല ദിശകളിലേക്കും തിരിച്ചു നോക്കി ചാനലുകൾ കണ്ടുപിടിക്കുകയും ചെയ്യുന്നതിന്റെ തിരക്കായിരുന്നു ജേയിക്ക്.
- ജോയിച്ചായാ.
അടുക്കളയിൽ നിന്നും പുതു വധുവിന്റെ കാതരശബ്ദത്തിൽ സാലി വിളിച്ചു. ലിവിങ് റൂമിലെ പുരുഷ ശബ്ദങ്ങൾക്കിടയിൽ അതു മുങ്ങിപ്പോയി. പ്രതീക്ഷയോടെ അവൾ വീണ്ടും വിളിച്ച
- ജോയിച്ചായാ ഒന്നു വരാമോ?
- എന്തു വേണം.
കുറച്ചു കഴിഞ്ഞ് ജോയി വിമുഖതയോടെ അടുക്കളയിലേക്കു വന്നു.
- ദേ പാലു തിളച്ചു
- അതിന്?
- ഇതൊന്നിളക്ക്. ഞാൻ കാപ്പിയുണ്ടാക്കാം.
ജോയിക്ക് അതത്രയ്ക്കു ദഹിച്ചില്ല. ഇതിലധികം ആളുകൾക്ക് തനിയെ ചോറും കറിയും വെക്കുന്ന ആളാണ് സാലി. ഇപ്പോൾ കാപ്പിയെടുക്കാനൊരു സഹായം? സാലി കാപ്പി കൂട്ടി പേപ്പർ കപ്പുകളിൽ പകർന്നു കൊടുത്തു. വീടു മാറ്റത്തിനു വേണ്ടി അവൾ പ്രത്യേകം ഉണ്ടാക്കിയ ഉപ്പേരിയും അച്ചപ്പവും വിളമ്പി.
ബഹളത്തിലുള്ള കാപ്പി കുടി കഴിഞ്ഞ് സുഹൃത്തുക്കൾ പോയപ്പോൾ അപ്പാർട്ട്മെന്റിൽ നിറഞ്ഞ നിശ്ശബ് സാലിയെ വിമ്മിട്ടപ്പെടുത്തി. ജോയി അപ്പോൾ ഉൽസാഹത്തിൽ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു.
- എത്ര ദിവസമായി പണി ചെയ്യുന്നതാണ്. ഈ ജോയിച്ചായന് ഒന്നിരിക്കണമെന്നില്ലേ ? അവൾ സോഫയിലിരുന്ന് ടി.വി. കണ്ടു.
അയാൾ അപ്പോഴും ടി.വി.യിലെ ന്യൂസ് കണ്ടു കൊണ്ട് ഒഴിഞ്ഞ കാർഡ് ബോർഡു പെട്ടികൾ നിരപ്പാക്കി അടുക്കി വെച്ചു കൊണ്ടിരുന്നു. കിടക്കുമ്പോൾ ഏറെ വൈകിയിരുന്നിട്ടും ക്ഷീണം നന്നായിട്ടുണ്ടായിരുന്നിട്ടും ജോയി സാലിയെ ചേർത്തു കെട്ടിപ്പിടിച്ചു. സാലി സ്നേഹത്തോടെ ചേർന്നു... ചേർന്നു ചേർന്ന്
- ഇതെന്റേതാണ്... എനിക്കു മാത്രമായിട്ടൊന്ന്. ഒടുക്കം എനിക്കും !
 അവൾക്കു രതിശൈലം കയറിയിറങ്ങണമെന്നു നിർബന്ധമില്ല. കരുതാനൊരാളുണ്ടായാൽ മതി. ഒപ്പം ഒരാളുണ്ടായാൽ മതി. എഡ്മൻഡൻ എന്നാൽ നോവിപ്പിക്കുന്ന തണുപ്പൻ  ഓർമ്മകളാണ്. ഇവിടെ അതൊന്നും ഇല്ലാതിരിക്കട്ടെ. ഉറക്കത്തിലേക്കാഴുമ്പോൾ സാലി തൃപ്തിയുടെ പ്രതീക്ഷയുടെ, വിശ്വാസത്തിന്റെ ,സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ പുതച്ചിരുന്നു.
കെ - മാർട്ടിലെ ജോലിക്കൊപ്പം അതിനടുത്തുള്ള ഗ്യാസ് സ്റ്റേഷനിൽ ജോയി പാർട്ട് ടൈം ജോലി കണ്ടുപിടിച്ചു. രാത്രിയിൽ അവിടെ ആളെ കിട്ടാനില്ല. സാലിക്ക് അതു തീരെ ഇഷ്ടമായില്ല. പന്ത്രണ്ട് മണിക്ക് ഗ്യാസ് സ്റ്റേഷൻ അടച്ചിട്ടേ ജോയി വരികയുള്ളു. അവൾ ഉണ്ണാതെ ഉറങ്ങാതെ ഒരു നല്ല ഭാര്യയായി കാത്തിരിക്കാൻ ശ്രമിച്ചു. വിശപ്പുകൊണ്ട് അവൾ തളർന്നു പോയി. ഉറക്കം അവളെ ക്ഷീണിപ്പിച്ചു.
ജോയി വീട്ടിലുണ്ടായിരുന്നത് ദിവസത്തിൽ ആറോ ഏഴോ മണിക്കൂറാണ് വന്നാലുടനെ കുളിക്കും, ഭക്ഷണം കഴിക്കും, പിന്നെ കൂർക്കം വലിച്ചുറങ്ങും.
സാലി ടൊറന്റോയിൽ വന്ന് ജോലി തുടങ്ങിയിട്ടാണ് ആ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന തെയ്യാമ്മയെ പരിചയപ്പെട്ടത്. തെയ്യാമ്മ സാലിയെ ലഞ്ചു സമയത്ത് അടുത്തുള്ള കടകളിൽ ഷോപ്പിങ്ങിനു കൊണ്ടുപോയി. സിയേഴ്സിലെ നിരത്തിയിട്ടിരിക്കുന്ന വേഷങ്ങളിൽ ചിലതെടുത്ത് തെയ്യാമ്മ ഇട്ടു നോക്കി. പൊക്കം കുറഞ്ഞ് തടിയുള്ള തെയ്യാമ്മ പലതരം പാവാടകളും ഉടുപ്പുകളും ഇട്ടു പരീക്ഷിച്ചു. കൈയില്ലാത്ത ഉടുപ്പുകൾ, ഇറക്കം കുറഞ്ഞ പാവാട, വില കൂടിയ ഹൈഹീൽ ചെരുപ്പ്. ടോപ്പുകൾക്കിടയിലൂടെ തെയ്യാമ്മയുടെ കൈ കവിഞ്ഞൊഴുകി. സാലി അൽഭുതംകൊണ്ടു വിടർന്ന കണ്ണോടെ നോക്കിയിരുന്നു. ഒടുക്കം അവൾ ചോദിച്ചു:
- തെയ്യാമ്മ ഇതൊക്കെ ഇടുമോ ?
- ഓ... ഇട്ടോണ്ടു നടക്കാനൊന്നുമല്ല കൊച്ചേ, ഒന്നു കണ്ടു നോക്കാം എങ്ങനിരിക്കുന്നെന്ന്. ഫിറ്റിങ്റൂമിൽ കയറി ഇട്ടുനോക്കുന്നതിനു പൈസയൊന്നും കൊടുക്കണ്ടല്ലൊ.
സാലിക്ക് ചിരി വന്നു.
- എടയ്ക്കൊക്കെ നമ്മളു മദാമ്മയാണെന്നങ്ങു വിചാരിക്കണം!
സാലി അൽഭുതത്തോടെ കേട്ടു നിന്നു.
തെയ്യാമ്മയ്ക്ക് ഒരു അനിയത്തിയുണ്ട്. ഷൈല. അടുക്കാൻ കഴിയാത്ത എന്തോ ഒന്ന് ഷൈലയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് സാലിക്കു തോന്നി. അക്കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജോയി സ്വന്തമായിട്ടൊരു കട തുടങ്ങണമെന്നു പറയാൻ തുടങ്ങിയത് !
- ഓ സ്വന്തമായിട്ടൊണ്ടായിട്ടേ കാര്യമുള്ളു. വെറുതെ വല്ലോനും വേണ്ടി കഷ്ടപ്പെട്ടാ അവരു കാശൊണ്ടാക്കും.. ശരിയാ , കുഞ്ഞച്ചാ നമ്മക്കൊരു കട തൊടങ്ങിയാലോ?
ഫോണിൽ സംസാരം കേട്ട് സാലിക്കു ശ്വാസം മുട്ടി. കട, കടം?
ഫോൺ വെച്ചതും സാലി ചോദിച്ചു:
- കട തൊടങ്ങാൻ പോവ്വാന്നോ ?
- ങാ, നോക്കണം.
- അതിനു പൈസ എവിടുന്നാ ?
-അതിനല്ലെ ബാങ്കൊ ള്ളത്. ലോണെടുക്കണം.
സാലി സ്തംഭിച്ചു പോയി. കടമെടുക്കാനോ ! ദൈവമേ, എങ്ങനെ വീട്ടിത്തീർക്കും.
- കടയിലെ ലാഭം കൊണ്ട്.
ജോയിക്ക് എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്നെങ്കിലും അതൊന്നും സാലിയോടു പറയേണ്ട ആവശ്യം ഇല്ലാത്തവയായതു കൊണ്ട് ജോയി ടി.വി. കാണാനിരുന്നു.
എന്തെടുത്തുവെച്ചിട്ടാണ് ? ഉള്ള പണിയും കൊണ്ട് അത്യാഗ്രഹമില്ലാതെ കഴിഞ്ഞാൽ പോരെ ? ചോദ്യങ്ങളൊക്കെ അവളുടെ ഉള്ളിൽ കിടന്നു പിടഞ്ഞു.
ഒരു കടയിൽ നിറയ്ക്കാൻ മാത്രം ചോദ്യങ്ങളും സംശയങ്ങളും സങ്കടങ്ങളുമായി സാലി ഉറങ്ങാൻ കിടന്നു. ജോയിയുടെ കൂർക്കംവലിയുടെ താളം കേട്ട് .
പിറ്റേദിവസം അവൾ സ്നേഹത്തോടെ വളരെ സംശയിച്ച് ജോയിയോടു പറഞ്ഞു:
- ജോയിച്ചായാ നമ്മടെ രണ്ടു പേരടേം ജോലി പോരേ, സുഖമായിട്ടു ജീവിക്കാൻ .ഞാൻ ഹോസ്പിറ്റലിൽ ജോലി നോക്കുന്നുണ്ട്, ജോയിച്ചായനു വേണ്ടി. കിട്ടുമാരിക്കും. അവിടുത്തെ ലിൻഡേടെ ഹസ്ബന്റ് പർച്ചേസിങ്ങിൽ കേറി. ജോയിച്ചായനു പർച്ചേസിങ്ങിൽ കിട്ടിയാൽ നല്ലതാരിക്കും.
- എന്നും എണ്ണിപ്പെറുക്കി ജീവിക്കേണ്ടിവരും.
- നല്ല ബെനിഫിറ്റ്സൊക്കെ ഉണ്ട്. ഹോസ്പിറ്റലിലാണെങ്കി , ഷൈലേം തെയ്യാമ്മേം ഒക്കെ നല്ല വീടു മേടിച്ച കണ്ടില്ലേ ?
ജോയി ഉത്തരം പറയാൻ മിനക്കെട്ടില്ല.
- ഇവിടുത്തെ മലയാളികളെല്ലാം ജോലി ചെയ്തല്ലേ സുഖമായി ജീവിക്കുന്നത് ?
അവൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് അയാൾ ബെഡ് റൂമിലേക്കു പോയി. എന്തെടുക്കാനാവും അയാൾ പോയതെന്നു നോക്കി തിരികെ വരുന്നതും കാത്ത് സാലി അടുക്കളയിൽ തന്നെ നിന്നു.
- പിന്നെ നമ്മക്കും പിള്ളാരൊക്കെ വേണ്ടേ? അപ്പം ഒരു സ്‌റ്റെഡി ഇൻകം ഉള്ളതല്ലേ നല്ലത്?
അടുത്ത വാദം എങ്ങനെ പറയുമെന്നോർത്തു നാണിച്ച് .
ജോയി പക്ഷേ, കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞു വന്ന ജോയി ടി.വി കാണാനിരുന്നപ്പോൾ സാലിക്കു പറയാനൊന്നും ഇല്ലാതായിപ്പോയി.
പിന്നെ സാലിയില്ലാത്ത നേരത്ത് ജോയി കൂട്ടുകാരെ വിളിച്ചു ചോദ്യങ്ങളുടെയും അഭിപ്രായങ്ങളുടെയും ശല്യമില്ലാതെ സംസാരിച്ചു. ജോയിക്ക് വലിയ വലിയ ലക്ഷ്യങ്ങളാണുള്ളത്. സാലിയുടെ സമ്മതത്തേക്കാളും സന്തോഷത്തേക്കാളും വലിയ വലിയ ലക്ഷ്യങ്ങൾ.
ഛർദ്ദിച്ചു ഛർദ്ദിച്ച് കുഞ്ഞ് വായിലൂടെ പോന്നാലോ എന്നു ഭയപ്പെട്ടു സാലി. വിശപ്പു കൊണ്ട് അവൾക്കു സഹികെട്ടു. കെ - മാർട്ടിലെയും ഗ്യാസ് സ്റ്റേഷനിലെയും ജോലി കഴിഞ്ഞിട്ട് ജോയിയുടെ ദിവസങ്ങൾക്ക് ഉറക്കം തികയ്ക്കാൻതന്നെ സമയം പോര. ജോയിക്കു പോകുന്നതിനു മുമ്പേ കഴിക്കാൻ വേണം. വരുമ്പോഴേക്കും കഴിക്കാനും വേണം..സാലിക്ക് ഉറങ്ങാൻ കൊതിയായി. രുചിയുള്ള സാധനങ്ങൾ തിന്നാൻ കൊതിയായി. സാലിയെന്നാൽ കൊതിമാത്രമായി.
അങ്ങനെ പലതും മായാതെ സാലിയുടെ മനസ്സിൽ കിടപ്പുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ആ സമയം എങ്ങോട്ടാണു പോയതെന്ന് സാലിക്ക് അതേ വ്യക്തതയോടെ ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.
                                    തുടരും..
പാമ്പും കോണിയും - നിർമ്മല - നോവൽ 15
Join WhatsApp News
സിന്ധു തോമസ് 2020-10-11 12:04:13
വായിച്ചു തീരുന്നത് അറിയുന്നില്ല. നല്ല ഒഴുക്കുള്ള ഭാഷ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!!!
Renu Sreevatsan 2020-10-13 09:00:12
ഭംഗിയും ഒഴുക്കുമുള്ള ഭാഷ വായിക്കാൻ പ്രേരണയാവന്നു. വായിച്ചു തീർന്നതറിഞ്ഞില്ല. Superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക