Image

മന്ദാരം പൂക്കും മറുതീരത്താണോ ..? - ജോയിഷ് ജോസ്

Published on 23 September, 2020
മന്ദാരം പൂക്കും മറുതീരത്താണോ ..? - ജോയിഷ് ജോസ്
“പുഴയോരത്തിൽ പൂത്തോണിയെത്തീലാ...
മന്ദാരം പൂക്കും..മറുതീരത്താണോ..
പുന്നാഗം പൂക്കും പുഴയോരത്താണോ..
ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...“

എന്റെ കൗമാര സ്വപനങ്ങള്‍ക്ക്  വെള്ളിത്തിരയില്‍ കൂട്ടായിരുന്നവളെ, സമൂഹത്തിന്റെ കപട സദാചാരത്തിനും ഒളിപ്പിച്ചു വച്ച കാമവികാരങ്ങള്‍ക്കും ഇടയിലൂടെ നീ മാഞ്ഞ് പോയിട്ടിന്നേക്ക് ഇരുപത്തിനാല് വര്‍ഷം. ആത്മനിന്ദയുടെ അക്ഷരങ്ങളാല്‍  ഞാന്‍ ഇന്ന് നിന്നെ എഴുതുകയും വരക്കുകയും ചെയ്യുന്നു...

സിൽക്ക് സ്മിത എന്നു കേൾക്കുമ്പോൾ  മലയാളികളുടെ ഉള്ളിൽ ഓടിഎത്തുന്നത് 'ഏഴിമല പൂഞ്ചോല'  എന്ന സ്ഫടികത്തിലെ പാട്ടാണ്. ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം  സ്കൂൾ പഠനം നിര്‍ത്തി. വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവരുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ  താമസിയാതെ അവർ ഭർതൃഗൃഹത്തിൽനിന്ന് ഇറങ്ങിപ്പോരികയും ചെയ്തു.

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറി. 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ ആ എന്ന പേര് ഉറച്ചു

ഒരു  സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി.

17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.
തെന്നിന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത മാദകസുന്ദരി എന്ന വിശേഷണം കത്തിനില്‍ക്കെ എല്ലാ മാദകത്വങ്ങളോടും ശുഭം ചൊല്ലി ചെന്നൈയിലെ തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ 1996 സെപ്റ്റംബർ 23ന് സ്മിത  ആത്മഹത്യചെയ്തു.

ക്രൂരമായ ലൈംഗിക രാഷ്ട്രീയത്തിന്റേയും കച്ചവട താല്‍പര്യങ്ങളുടേയും ഇരയാണ് സില്‍ക്ക് സിമിതയെന്ന ചര്‍ച്ചയാണ് സില്‍ക്കിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്നത്. ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാ ജിവിതത്തില്‍ സില്‍ക്കിന്റെ ശരീരത്തെ മാത്രമേ സിനിമ ആഘോഷിച്ചിട്ടിള്ളു. അവരുടെ മനസ്സ് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയി. ഒരു കാലത്ത് സില്‍ക്കിന്റെ സാന്നിധ്യം പോലും ചിത്രത്തിന്റെ ഹിറ്റ് നിര്‍ണ്ണയിച്ച കാലത്തു നിന്നും, സില്‍ക്ക് കടിച്ചു വലിച്ചെറിഞ്ഞ ആപ്പിള്‍ പോലും ലേലത്തിന് വാങ്ങാന്‍ യുവാക്കള്‍ തിരക്കു കൂട്ടിയ കാലത്തിനുമിപ്പുറം അവരുടെ മാദകത്വത്തെയും ശരീരത്തെയും കൊണ്ടാടിയ കാലത്തെയോര്‍ത്ത് ഒരു പക്ഷെ തെന്നിന്ത്യ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും, മരണത്തില്‍ പോലും സില്‍ക്കിന് നിഷേധിക്കപ്പെട്ട നീതിയെ ഓര്‍ത്ത്.
മന്ദാരം പൂക്കും മറുതീരത്താണോ ..? - ജോയിഷ് ജോസ്
Join WhatsApp News
Meera 2020-09-23 07:50:05
ദാരിദ്ര്യം ചൂഷണം ചെയ്തു കൊണ്ട്, എങ്ങിനെ ഒരു കലാകാരിയെ ആൺ നോട്ടങ്ങളുടെ കുത്തിക്കീറലുകൾക്കായി ഉപയോഗിക്കാം എന്നുള്ളതിന്റെ ഒരുത്തമ ഉദാഹരണം. സ്വകാര്യമായി പുരുഷന് കണ്ണുകൊണ്ടു വിഴുങ്ങാനും പരസ്യമായി ആക്ഷേപിച്ചു മാന്യനെന്നു കാട്ടിക്കൂട്ടാനും എളുപ്പത്തിൽ വീണു കിട്ടിയ ഒരു സ്ത്രീ സൗകര്യം! പാവം, സ്മിതയെന്ന മറ്റൊരു ഇര !!
Sana 2020-09-23 11:05:34
നല്ല നടിയായിരുന്നു. സിനിമാലോകം ആർക്കും പിടി തരാത്ത വെള്ളിവെളിച്ചം ആണല്ലോ
Padma 2020-09-23 14:31:06
ജോയിഷിന്റെ SILK SMITHA യെക്കുറിച്ചുള്ള Writeup ഹൃദയഹാരിയാണ്. എന്റെ കൗമാരസ്വപ്നങ്ങളുടെ വെള്ളിത്തിരയിെ കൂട്ടുകാരിയെന്ന പ്രയോഗം തന്നെ ആലങ്കാരികവും touching ഉം ആണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക