Image

നിസ്വാര്‍ഥത, നിശബ്ദ സേവനം: സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

Published on 21 September, 2020
നിസ്വാര്‍ഥത, നിശബ്ദ സേവനം: സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
പത്രാധിപർ  മുതല്‍ പ്രമുഖ സംഘടനകളുടെ നേത്രുരംഗത്തുള്ള പ്രവര്‍ത്തനം വരെ സുദീര്‍ഘമായ പാരമ്പര്യം കൈമുതലായുണ്ടെങ്കിലും നിശബ്ദമായ, അച്ചടക്കമുള്ള ശൈലിയാണു ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുന്ന സിജില്‍ പാലക്കലോടിയുടെ പ്രത്യേകത. തന്റെ പ്രാധാന്യം കൊട്ടി ഘോഷിക്കാനോ നേട്ടങ്ങള്‍ പെരുപ്പിച്ചു കാണിക്കാനോ സിജില്‍ ഉണ്ടാവില്ല. കാര്യപ്രാപ്തിയും വ്യക്തമായ ധാരണകളും എല്ലാവരുമായുള്ള സൗഹ്രുദവുമാണു സിജിലിന്റെ ശക്തി. പാനലില്‍ അംഗമല്ലെന്നു മാത്രമല്ല പാനലിനോടു താല്പര്യവുമില്ല. വെസ്റ്റേണ്‍ റീജിയനില്‍ ചുരുക്കം ചില പഴമക്കാര്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും തന്നെ പിന്തുണക്കുന്നതായി സിജില്‍ പറഞ്ഞു.

മല്‍സര രഗത്ത് ഏറെ ശ്രദ്ധേയനായ സിജില്‍ ഇ-മലയാളിയുമായി സംസാരിക്കുന്നു.

ലോകമാകെ കോവിഡ് ഭീതിയുടെ പിടിയിലാണല്ലോ. അതിനാല്‍ ആദ്യം കോവിഡില്‍നിന്നും തന്നെ തുടങ്ങാം.
ഞാന്‍ താമസിക്കുന്ന സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. എങ്കിലും ഞങ്ങള്‍ താമസിക്കുന്ന സിറ്റിയില്‍ കോവിഡ് രോഗികളുടെ എണ്ണം പൊതുവേ കുറവാണ്. ദൈവാനുഗ്രഹത്താല്‍ കുടുംബത്തില്‍ ആര്‍ക്കും ഇതുവരെ കുഴപ്പങ്ങളൊന്നുമില്ല. കാലിഫോര്‍ണിയ സ്റ്റേറ്റില്‍ ഫൈനാന്‍സ് ഓഫീസറായാണ് ജോലി ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആഴ്ചയില്‍ നാല് ദിവസം വര്‍ക്ക് ഫ്രം ഹോം ആണ്. അതും വലിയൊരു അനുഗ്രഹമായി മാറിയിട്ടുണ്ട്. പക്ഷേ ഭാര്യ സോണിയ ഐസിയു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്നതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയതുകൊണ്ടും ഇപ്പോള്‍ കുഴപ്പമില്ല. സ്‌കൂള്‍ ബോര്‍ഡ് തീരുമാനം അനുസരിച്ച് ഓണ്‍ സൈറ്റ് സ്‌കൂള്‍ തുടങ്ങാന്‍ പോവുകയാണ്. ഇത് എത്രമാത്രം ജീവിതരീതിയെ മാറ്റി മറിക്കുമെന്ന് ഇപ്പോള്‍ അറിയില്ല. പക്ഷേ, ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു എന്നുള്ള അടിയുറച്ച വിശ്വാസമാണ് ഞങ്ങളുടെ കുടുംബത്തിന്റെ മുതല്‍ക്കൂട്ട്.

ഇലക്ഷന്‍ പ്രചാരണം എങ്ങനെ നടക്കുന്നു?

ഇനി തെരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കു വരാം. തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജസ്വലമായി നടക്കുന്നു. സ്ഥാനാര്‍ഥികളുടെ പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും സുഹൃത്തുക്കളാണ്. അവരുമായി വര്‍ഷങ്ങളായി സുഹൃദ്ബന്ധം കാത്തുപോരുകയും ചെയ്യുന്നു.
ഈ സുഹൃദ്ബന്ധം പ്രചരണത്തില്‍ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമായും പറയേണ്ടത് ഡെലിഗേറ്റുകള്‍ എന്നെ ഇങ്ങോട്ട് വിളിച്ച് പിന്തുണ നല്‍കുമ്പോള്‍ വളരെയധികം പോസിറ്റീവ് എനര്‍ജി ലഭിക്കുന്നു എന്നതാണ്‍്. പരിചയമില്ലാത്ത പുതിയ ഡെലിഗേറ്റുകള്‍ ആണെങ്കില്‍പോലും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. വൈസ് പ്രസിഡന്റായി ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി ഞാനാണ് എന്ന് ഡെലിഗേറ്റുകള്‍ക്ക് മനസിലായിട്ടുണ്ട് എന്നത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിജയം സുനിശ്ചിതമായി കരുതുന്നു. ഓരോ പ്രചാരണഘട്ടത്തിനുശേഷവും വീണ്ടും എല്ലാവരേയും ഒരിക്കല്‍കൂടി ബന്ധപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞു. വളരെയധികം സുഹൃത്തുക്കള്‍ എനിക്ക് വേണ്ടി ഡെലിഗേറ്റുകളെ വിളിക്കുന്നു. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരുന്നതില്‍ വിമുഖതയുള്ള രണ്ടോ മൂന്നോപേര്‍ ഒഴികെ വെസ്റ്റേണ്‍ റീജിയന്‍ ഒറ്റക്കെട്ടായി കൂടെയുള്ളത് പ്രചരണത്തിന് ശക്തികൂട്ടുന്നു.

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ കാരണമെന്ത്?

കടന്നുവന്ന വഴികളില്‍ മാത്രമല്ല എന്നും എപ്പോഴും കര്‍മനിരതനാവാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാനെന്ന വിശ്വാസമാണ് എന്റെ കരുത്ത്.
പൊതുപ്രവര്‍ത്തനം ഒരു പാഷനായി കൈമുതലായി കൊണ്ടുനടക്കുന്ന ഒരു വ്യക്തികൂടിയാണ് ഞാന്‍. വിവിധ മത-സാംസ്‌കാരിക, രാഷ്ട്രീയ, കലാ, കായിക സംഘടനകളില്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഫോമ വൈസ് പ്രസിഡന്റ് എന്നത് വളരെയധികം ഉത്തവാദിത്വമുള്ള ഒരു എക്‌സിക്യുട്ടീവ് പൊസിഷനാണ് എന്നറിയാം. ഫോമയുടെ ഭാവിയ്ക്കും വളര്‍ച്ചയ്ക്കും എന്റെ കഴിവുകളും പരിചയ സമ്പത്തും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ വ്യക്തിബന്ധങ്ങളും ആരുമായും കൂടി ചേര്‍ന്ന് പോകുവാനുള്ള കഴിവും വൈസ് പ്രസിഡന്റായുള്ള പ്രവര്‍ത്തനത്തില്‍ മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഫോമയെന്ന ബൃഹത്തായ നമ്മുടെ സ്വന്തം സംഘടന കൂടുതല്‍ അമേരിക്കന്‍ മലയാളികളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഫോമക്ക് ചുരുങ്ങിയകാലംകൊണ്ട് അമേരിക്കന്‍ മലയാളി മനസിലും ആഗോള മലയാളി മനസുകളിലും സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്. സംഘടനയിലെ ഭാരവാഹികളെ ഒരുമിച്ച് നിര്‍ത്തി ഒറ്റക്കെട്ടായി അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കുമെന്നതാണ് എന്റെ ഈ സ്ഥാനാര്‍ഥിത്വത്തിന്റെ മുതല്‍ക്കൂട്ട്. ഫോമയുടെ നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയവും ഈ സ്ഥാനത്തിനു മത്സരിക്കുന്നതില്‍ പ്രചോദനമായി എന്നതില്‍ തര്‍ക്കമില്ല.

ഇതുവരെ അലങ്കരിച്ച ഓരോ സ്ഥാനങ്ങളിലും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ കുടുംബത്തിന്റെ പിന്തുണ തന്നെയാണ് പ്രധാനം. അപ്പച്ചനായ ജോര്‍ജ് കാളിയന്തറ എന്ന ജോര്‍ജ് പാലക്കലോടിയുടെ പേര് എടുത്തു പറയാതിരിക്കാനാവില്ല.

ഓരോ സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും എന്റെ പ്രചോദനവും എന്റെ ബലവും അപ്പച്ചനായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന്റെയും കേരളാ സ്റ്റേറ്റിന്റെയും അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. കൂടാതെ സിനിമ, നാടക മേളകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം കേരള സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറുമായിരുന്നു. അപ്പച്ചന്റെ കറയില്ലാത്ത ജീവിത ശൈലിതന്നെയാണ് എന്റെയും ബലം. എന്നും ഫോമയെന്ന പ്രസ്ഥാനത്തിന്റെ വിജയത്തിനും പ്രവര്‍ത്തനത്തിനും ഇവരുടെ മികവാര്‍ന്ന ജീവിതം പ്രചോദനം നല്‍കുമെന്നതില്‍ സംശയമില്ല.

ഏതെങ്കിലും പാനലില്‍ അംഗമാണോ? പാനല്‍ നല്ലതാണോ?

തെരഞ്ഞെടുപ്പിലെ പാനല്‍ ആശയത്തോട് എതിരാണ്. പാനല്‍ അഥവാ ഒരേ ആശയം ഉള്ളവരുടെ കൂട്ടായ പ്രവര്‍ത്തനമെന്നത് കഴിവുള്ള മറ്റ് സ്ഥാനാര്‍ഥികളെ ഒറ്റപ്പെടുത്തുന്നതിലേക്ക് വഴിവെക്കും. കൂടാതെ അവരെ സ്‌നേഹിക്കുന്ന ഫോമാ പ്രവര്‍ത്തകരുടെയും ആവേശം കെടുത്തുമെന്നതിലും സംശയമില്ല. കഴിവുള്ളവരും ഫോമയുടെ വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യരായവരും വിജയിച്ച് വരണമെന്ന ആശയക്കാരനാണ് ഞാന്‍.
കുറച്ചുപേര്‍ ചേര്‍ന്ന് കൂട്ടായി ഇലക്ഷനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചില സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ്. ഇത് ഫോമയുടെ കൂട്ടായ്മയ്ക്ക് കളങ്കം വരുത്തുമെന്നതിനു കാരണമാകും. ഒരേ ആശയമുള്ള രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ എക്‌സിക്യുട്ടീവിലെ ആറുപേരും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് പാനലായി മാറുന്നു. അതിലൊരു അജണ്ട ഒളിച്ചുകിടക്കുന്നു. പാനലായി പ്രവര്‍ത്തിക്കുന്നത്, സ്വയം വിജയിക്കാന്‍ കഴിയാത്തതുകൊണ്ട് പാനലിലുള്ള മറ്റ് സ്ഥാനാര്‍ഥികളുടെ ബലത്തില്‍ എങ്ങിനെയും വിജയിച്ചുകയറാനുള്ള ഒരു ശ്രമമായിട്ടേ കാണാന്‍ കഴിയൂ. പാനല്‍ പ്രവര്‍ത്തനം വളരെയധികം സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. നമ്മളുടെ അുത്ത സുഹൃത്തുക്കള്‍ പാനലായി നിന്ന് നമ്മള്‍ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തി വോട്ട് ചോദിക്കുന്നുവെന്നറിയുമ്പോള്‍ വളരെ സങ്കടം തോന്നാറുണ്ട്. ഈ സംസ്‌കാരം മാറട്ടെ എന്നതാണ് പ്രാര്‍ഥന.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ?

ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതോ പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയോ രൂപപ്പെട്ടതല്ല എന്നിലെ സംഘടനാ പ്രവര്‍ത്തനം.
അത് എന്റെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നുപോയ ഒരു ജീവിത ശൈലിയാണ്. ചെറുപ്പത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം ബാംഗ്ലൂരില്‍ പഠനത്തിനായി ചെന്നപ്പോള്‍ സാന്തോം യൂത്ത് എന്ന സംഘടനയുടെ സെക്രട്ടറി സ്ഥാനത്തിലേക്കാണ് എത്തിച്ചത്. പഠനശേഷം ഗള്‍ഫ് ജീവിതം നയിച്ചു. പിന്നീട് 1999 ല്‍ അമേരിക്കന്‍ വിസയുമായി ഫ്‌ളോറിഡയിലേക്ക്. അവിടെ വന്നകാലം മുതല്‍ സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗത്ത് ഫ്‌ളോറിഡയില്‍ നവകേരള ആര്‍ട്‌സ് ക്ലബിന്റെ കമ്മിറ്റിയിലും ജോ. സെക്രട്ടറിയായും പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. ജോലിയോടൊപ്പം മലയാളിമനസ്സ് എന്ന പത്രം തുടങ്ങാനും അതിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുവാനും സാധിച്ചു. ഇന്ത്യ പ്രസ് ക്ലബ് എന്ന അമേരിക്കയിലെ ശക്തമായ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ അതിന്റെ ജോയിന്റെ ട്രഷറര്‍, ഫ്‌ളോറിഡ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചുവെന്നത് വലിയ നേട്ടമായി. കൂടാതെ സൗത്ത് ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്, കോറല്‍ സ്പ്രിംഗ് സ്‌പൈക്കേര്‍സ്, വോളിബോള്‍ ടീം ക്യാപ്റ്റന്‍ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു.

2009 ല്‍ ജോലി സംബന്ധമായി കാലിഫോര്‍ണിയായിലെ സാക്രമെന്റോയില്‍ പ്രവാസ ജീവിതം തുടരുകയും ചെയ്തു. സാക്രമെന്റോ റീജിണ്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) എന്ന പ്രസ്ഥാനത്തില്‍ ആക്ടീവായി പ്രവര്‍ത്തനം തുടങ്ങി.

സര്‍ഗം എന്ന വലിയ സംഘടനയുടെ ജോയിന്റ് ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുവാനും സര്‍ഗത്തിന്റെ വളര്‍ച്ചയില്‍ വ്യക്തമായ സംഭാവനകള്‍ നല്‍കുവാനും സാധിച്ചു. കൂടാതെ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ട്രസ്റ്റിയായും സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത് അനുഗ്രഹമായും കരുതുന്നു.

നാട്ടിലും ഇവിടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ

കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോയുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ബോര്‍ഡ് മെമ്പര്‍ , ഇലക്ടഡ് ട്രഷറര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യന്‍, പസഫിക് ഐലന്റര്‍ ആന്‍ഡ് പബ്ലിക് അഫയേര്‍സ് (അജഅജഅ) എന്ന പൊളിറ്റിക്കല്‍ ബലമുള്ള സംഘടനയുടെ ചാപ്്റ്റര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നുണ്ട്. സാക്രമെന്റോ സ്‌പോര്‍ട്‌സ് ക്ലബ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേര്‍സ് എന്ന സംഘടനയുടെയും ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിച്ച പരിചയം ആത്മവിശ്വാസം തരുന്നു. മത,സാംസ്‌കാരിക, രാഷ്ട്രീയ, കലാ-കായിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവ സമ്പത്ത് ഫോമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. ഇതുകൊണ്ടെല്ലാംതന്നെ സംഘടനാപാടവം അനുഭവസമ്പത്തായുള്ള എന്നെ ഫോമയുടെ നന്മയ്ക്കായി വോട്ടുതന്ന് വിജയിപ്പിക്കണമെന്നാണ് ഓരോ വോട്ടര്‍മാരോടും വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ

സംഘടനാപ്രവര്‍ത്തനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് പുണ്യമായി കരുതുന്നു.
വിവിധ സംഘടനകളുടെ ഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തിച്ചതാണ് വളരെയധികം ചാരിറ്റി കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് എത്തിച്ചത്. നാട്ടിലും ഇവിടെയുമായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഫോമയുടെ ഭവന പദ്ധതിയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും എളിയ രീതിയില്‍ സഹായിക്കാന്‍ സാധിച്ചു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ടങ്ങഇഇ യുടെ നേതൃത്വത്തില്‍ രണ്ട് വീടും വെള്ളപൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതിക്കും നേതൃത്വം കൊടുക്കാന്‍ സാധിച്ചു. സര്‍ഗം, ഇന്ത്യന്‍ അസോസിയേഷന്‍, ടങ്ങഇഇ തുടങ്ങിയ സംഘടനകളിലൂടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കലാകായിക മത്സരങ്ങള്‍ , കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടനവധി കാര്യങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുവാനും കഴിഞ്ഞിട്ടുണ്ട്.

ഫോമായില്‍ എന്തെല്ലാം മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്?

ഫോമ എന്ന സംഘടനയുടെ പെരുമയും വളര്‍ച്ചയും തന്ന ആത്മവിശ്വാസവും കരുത്തും പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ടുതന്നെ ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ എന്നിലെ ആശയങ്ങളും വാഗ്ദാനങ്ങളും ഞാന്‍ അഭിമാനത്തോടെ പങ്കുവെക്കുകയാണ്.
ഫോമയുടെ തുടക്കം മുതല്‍ ഇന്നുവരെ അനവധി ആളുകളുടെ പരിശ്രമഫലംകൊണ്ടാണ് ഫോമ ഇത്രമാത്രം വളര്‍ന്നതെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതുകൊണ്ടുതന്നെ ആദ്യമായി എല്ലാ ഫോമാ കമ്മിറ്റി അംഗങ്ങളേയും നേതാക്കന്‍മാരേയും അഭിവാദ്യം ചെയ്യുന്നു. ഫോമയെന്ന സംഘടന അമേരിക്കന്‍ മലയാളികളുടെ അഭിമാനമാണ്. ഫോമ ഇനിയും കൂടുതല്‍ അമേരിക്കന്‍ മലയാളികളിലേക്ക് ഇറങ്ങിചെല്ലണമെന്നാണ് എന്റെ ആഗ്രഹം. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. യുവജനങ്ങള്‍ക്കും വളര്‍ന്നുവരുന്ന തലമുറയേയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതാണ്. ആദ്യകാലങ്ങളില്‍ അമേരിക്കന്‍ പ്രവാസികളായി വരികയും വളരെയധികം കഷ്ടപ്പെട്ട് മലയാളികള്‍ക്ക് ഒരു വ്യക്തിത്വം നേടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രിയപ്പെട്ട തലമുതിര്‍ന്നവര്‍ക്കായി ആക്ടീവായ സീനിയര്‍ ഫോറവും ആക്ടിവിറ്റീസും കൊണ്ടുവരുന്നതാണ്. അംഗസംഘടനകളുടെ പ്രാതിനിധ്യവും സഹകരണവും ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനവും കാഴ്ചവെക്കും. അമേരിക്കയിലെ നഴ്‌സസ് , ഐടി പ്രൊഫഷണല്‍സുകളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്ന് ഉറപ്പുതരുന്നു. ഫോമയില്‍ ഐക്യം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഫോമയെന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന പ്രവര്‍ത്തനമായിരിക്കും ഞാന്‍ കാഴ്ചവെക്കുക എന്നകാര്യവും ഉറപ്പുനല്‍കുന്നു.
നിസ്വാര്‍ഥത, നിശബ്ദ സേവനം: സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക