Image

കാശ്മീരിന് കൈവിട്ട ആർട്ടിക്കിൾ 370 (സുരേന്ദ്രൻ നായർ)

Published on 07 August, 2020
കാശ്മീരിന് കൈവിട്ട ആർട്ടിക്കിൾ 370 (സുരേന്ദ്രൻ നായർ)

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ ആ തീരുമാനമുണ്ടായിട്ടു ഇന്ന് ഒരു വർഷം തികയുകയാണ്. അന്നുവരെ ഇന്ത്യൻ യൂണിയനിൽ ഒരു സംസ്ഥാനമായിരുന്ന ജമ്മുകാശ്മീരിന് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുനൽകിയിരുന്നു ഭരണഘടനയുടെ 370-ആം വകുപ്പ് ഭാരതസർക്കാർ റദ്ദുചെയ്തു ഉത്തരവ് പുറപ്പെടുവിച്ച ദിനമായിരുന്നു 2019 ആഗസ്റ്റു 5.

ഇന്ത്യയിലെ രാഷ്ട്രീയ സാമുദായിക മേഖലകളിൽ വളരെയധികം കോളിളക്കങ്ങളും അക്രമങ്ങളും അരങ്ങേറുകയും അന്തർദേശിയ രംഗത്ത് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യക്കെതിരെ അഭിപ്രായങ്ങൾ ഉയർത്തുകയും ചെയ്ത ആ നടപടിയിൽ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലോ വൈകാരികത മാറ്റിവച്ചുകൊണ്ടുള്ള ഒരു മാധ്യമ വിചാരണയോ ഉണ്ടായിട്ടില്ലായെന്നത് ഒരു വസ്തുതയാണ്. പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും പാകിസ്ഥാൻ പരിലാളനങ്ങളോടെയും ഉയർന്നുവന്ന പ്രക്ഷോഭങ്ങളും ഏകദേശം കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.
ഇന്ത്യ സ്വതന്ത്രമായി ഏഴു വര്ഷം കഴിഞ്ഞു 1954 ൽ നിലവിൽവന്ന 370 ന്റെ മൂലരൂപത്തിൽ തന്നെ പറഞ്ഞിരുന്നത് Temporary Transitional and Special provisions എന്നാണ്. അതിനുള്ള കാരണങ്ങളാകട്ടെ ആ പ്രദേശങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് പിന്തുണയോടെ പാകിസ്ഥാനും ചൈനയും ഉന്നയിച്ച ചില മുടന്തൻ അവകാശവാദങ്ങളുമായിരുന്നു. താത്കാലികമായി രൂപപ്പെട്ട ആ വകുപ്പിന്റെ പ്രയോജന പ്രത്യാഘാതങ്ങൾ 55 വർഷക്കാലം യാതൊരുവിധ നിരീക്ഷണത്തിനും പുനഃപരിശോധനക്കും വിധേയമാകാതെ തുടരുകയായിരുന്നു.

നാട്ടുരാജ്യങ്ങളുടെ സംയോജനവും വിശാല ഇന്ത്യയുടെ രൂപീകരണവും നടക്കുന്ന ഘട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധത്തെ സംബന്ധിച്ച് അതിനിർണായകമായ വടക്കുപടിഞ്ഞാറൻ താഴ്‌വരയിലെ അന്നത്തെ രാജാവ് ഇന്ത്യയോടൊ പാകിസ്താനോടോ ചേരാൻ വിസമ്മതിച്ചു ഒരു സ്വതന്ത്രമായ നിലപാടാണ് ആദ്യം സ്വീകരിച്ചത്. അത് മുതലാക്കിയ പാകിസ്ഥാൻ ഗോത്ര സായുധ സേനയുടെ പിൻബലത്തോടെ കാശ്മീർ ആക്രമിക്കുകയും രാജാവ് ഹരി സിങ് സംരക്ഷണാര്ഥം ഇന്ത്യയോട്ചേരാനുള്ള ഉടമ്പടി ഒപ്പു വയ്ക്കുകയുമാണുണ്ടായത്. അതേത്തുടർന്ന് പാകിസ്താനുമായി ഇന്ത്യ ആദ്യത്തെ യുദ്ധത്തിന് നിര്ബന്ധിതമാകുകയും ചെയ്തു. കശ്മീരിന്റെ 45 ശതമാനത്തോളം ഭൂപ്രദേശങ്ങൾ പാകിസ്ഥാനും ചൈനയും ചേർന്ന് കയ്യേറി കൈവശപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് UN ഇടപെടലിലൂടെ ഒരു വെടിനിർത്തലിന് ഇന്ത്യ തയ്യാറാകേണ്ടിവന്നത്.

കാര്യമായ ചെറുത്തുനിൽപ്പുകൾ ഇല്ലാതെ പാകിസ്ഥാൻ കൈവശപ്പെടുത്തിയ കശ്മീരിന്റെ 30 ശതമാനത്തോളം ഭൂപ്രദേശമാണ് ഇന്നും അധിനിവേശ മേഖലയായി നിലനിൽക്കുന്നതും തുടർന്നുണ്ടായ മൂന്നു ഇന്ത്യ പാക് യുദ്ധങ്ങളുടെയും 99 ലെ കാർഗിൽ യുദ്ധത്തിന്റെയും 2019 ലെ പുൽവാമ ആക്രമണത്തിന്റെയും എല്ലാം ഗൂഢാലോചന കേന്ദ്രമായി വർത്തിച്ചതും. ഉപഭൂഖണ്ഡത്തിന്റെ സ്വൈരതയെയും സുരക്ഷയെയും അലോസരപ്പെടുത്തുന്ന പാകിസ്താന്റെ നടപടികൾക്ക് കശ്മീരിന്റെ സ്വയം ഭരണാധികാരങ്ങൾ എത്രത്തോളം കാരണമാകുന്നു എന്ന ഒരന്വേഷണവും നടത്താൻ ഇന്ത്യൻ സർക്കാരുകൾ നാളിതുവരെ തയ്യാറായിരുന്നില്ല.

ബ്രിട്ടീഷുകാരുടെ കാർമ്മികത്വത്തിൽ സഹോദര തുല്യരായ ജവഹർലാൽ നെഹ്രുവും ഷേക് അബ്ദുള്ളയും കൂടിച്ചേർന്നു രൂപം കൊടുക്കുകയും കാശ്മീർ രാജകുടുംബത്തിൽ നിന്നും പിന്നീട് കോൺഗ്രെസ്സിലെത്തിയ കരൺസിങ് ഉൾപ്പെടെയുള്ളവർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതുമായ ആ വകുപ്പിലെ വ്യവസ്ഥകളെ സംബന്ധിച്ചു ഒരു തുറന്ന ചർച്ചക്കുപോലും കോൺഗ്രസ് ശ്രമിച്ചിരുന്നില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 35 ന്റെ ചുവടുപറ്റി രൂപംകൊടുത്ത 370 ഇന്ത്യൻ പാര്ലമെന്റിന്റെയോ സുപ്രിംകോടതിയുടെയോ ഇടപെടലുകളെ പരിമിതപ്പെടുത്തി സ്വതന്ത്രമായ നിയമനിർമ്മാണവും സ്വന്തം നീതിന്യായ വ്യവസ്ഥയും
പൗരത്വ നിര്ണയാവകാശങ്ങളും ജമ്മുകാശ്മീരിനു ഉറപ്പുനൽകുന്നു. നെഹ്രുവിന്റെ സ്ഥാനത്തിന് തുല്യമായി കാശ്മീർ പ്രധാനമന്ത്രി എന്നാണ് ഷേഖ് അബ്ദുള്ളയെ 1965 വരെ വിളിച്ചിരുന്നത്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ പൗരന്മാർക്ക് അവിടെ ഭൂമി വാങ്ങാനോ സ്വത്തുക്കളിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാനോ നിയമം അനുവദിക്കുന്നില്ല. നിയമത്തെ കൂടുതൽ കർക്കശമാക്കിയും ഇതര സംസ്ഥാനക്കാരെ അകറ്റിനിർത്തിയും 2004 ൽ കോൺഗ്രസിന്റെ എതിർപ്പിനെ അവഗണിച്ചു നാഷണൽ കോണ്ഫറന്സും, പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടിയും ചേർന്ന് പാസ്സാക്കിയ Permanent Residents Disqualified Bill (Daughters Bill) പൗരാവകാശത്തിന്റെ നഗ്നമായ ലംഘനവും സ്ത്രീ വിരുദ്ധവുമായിരുന്നു. കാശ്മീരിലെ പെൺകുട്ടികൾ അന്യസംസ്ഥാനക്കാരെ വിവാഹം ചെയ്താൽ അവരുടെ പൗരത്വം അതോടെ നഷ്ടമാകുകയും കാശ്മീരിൽ നിന്നും പുറത്താക്കുകയും ചെയ്യുന്ന വ്യവസ്ഥ. ഇവിടത്തെ സർക്കാരിൽ നിക്ഷിപ്തമായ PRC അഥവാ Permanent Residance Certificate നൽകുന്നതും സമ്പ്രദായം നോക്കുക പുരുഷന്മാർക്ക് അത് ആജീവനാന്തത്തേക്കു നൽകുമ്പോൾ പെൺകുട്ടികൾക്ക് അവരുടെ വിവാഹം വരെ മാത്രമേ നൽകുകയുള്ളൂ, തുടർന്ന് അത് പുതുക്കണമെങ്കിൽ പ്രത്യേക നിബന്ധനകൾക്ക് അവർ വിധേയരാകണം, ഈ വിവേചനം വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും സ്വത്തു സമ്പാദനത്തിലും വരെ നീളുന്നു.

ശത്രു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കാശ്മീർ സർക്കാർ നൽകുന്ന PRC യും അതിന്റെ പുതുക്കലും ദുരുപയോഗം ചെയ്തു അനേകം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരും തീവ്രവാദ ഗ്രുപ്പുകളും അവിടം താവളമാക്കി ഇന്ത്യക്കെതിരെ ആക്രമണപദ്ധതികൾ ആസൂത്രണം ചെയ്യുന്നതും, അവിടങ്ങളിലെ യുവാക്കളെ ഇന്ത്യാവിരുദ്ധ ഗ്രുപ്പുകളിലേക്കു റിക്രൂട്ട് ചെയ്തു ഇന്ത്യൻ പട്ടാളത്തിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെ ആക്രമണങ്ങൾ നടത്തുന്നതും നിത്യ സംഭവങ്ങളായിരുന്നു.

നെഹ്രുവിനു പിഴച്ചത് പുനഃപരിശോധിക്കാൻ കോൺഗ്രസ് അറച്ചുനിന്നപ്പോൾ 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ. പി. പ്രകടനപത്രികയിലുടെ വിഷയം പൊതുജനങ്ങളിലെത്തിച്ചു. തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചുവെങ്കിലും കാശ്മീർ വിഷയം എടുക്കാൻ അവർക്കു കഴിയാതെ വരുകയും അതെ വിഷയം 2019 ലെ പ്രകടനപത്രികയിൽ ആവർത്തിച്ചുവീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു

2019 ൽ 54.3% വോട്ടുകൾ നേടി തുടർ ഭരണം ഉറപ്പാക്കിയ ബി.ജെ. പി. രാജ്യരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന സന്ദേശവുമായാണ് ഇത്തരമൊരു ധീരമായ നടപടിക്ക് തയ്യാറായത്. രാഷ്ട്രതന്ത്രഞതയുടെ ചാണക്യ സൂത്രം അക്ഷരംപ്രതി അനുസരിച്ചുകൊണ്ടു, ജമ്മുകാശ്മീരിനു നൽകിയിരുന്ന പ്രത്യേക പദവി റദ്ദു ചെയ്തുകൊണ്ടും അതിന്റെ തുടർച്ചയായി ആ സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന Jammu Kashmir Reorganization Act 2019 രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ടുമാണ് ആഭ്യന്തരമന്ത്രി ചരിത്രം കുറിച്ചത്. രാജ്യസഭയിൽ 125 അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിച്ച ബിൽ ലോക്സഭയിലെത്തിയപ്പോൾ 370 അംഗങ്ങളുടെ പിന്തുണയോടെയാണ് നേടിയത്.

പഴുതടച്ചുള്ള ഈ പരിഷ്കരണത്തിൽ പാർലമെന്റ് പാസ്സാക്കുന്നതൊപ്പം കാശ്മീർ നിയമസഭയുടെ അംഗീകാരവും അനിവാര്യമായിരുന്നു. ആ അംഗീകാരം അവിടെ നേടാൻ കഴിയില്ലായെന്നു ഉറപ്പുണ്ടായിരുന്നു കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിയമസഭാ നിർവീര്യമാക്കി ഗവർണർ ഭരണം നടപ്പിലായിരുന്ന സംസ്ഥാനത്തു നിയമസഭ നിലവിലില്ലാത്ത സാഹചര്യത്തിൽ സഭയുടെ അധികാരങ്ങൾ ഗവർന്നരിൽ നിക്ഷിപ്തമാക്കുന്ന മറ്റൊരു നിയമനിർമ്മാണവുംകുടി നടത്തുകയാണുണ്ടായത്. വളരെ അവധാനതയോടും വേണ്ട തയ്യാറെടുപ്പുകളോടും നടത്തിയ നീക്കങ്ങൾ ആകയാലാണ് മറ്റു നിയമ നടപടികൾക്കുള്ള സാധ്യതകൾ ഒഴിവായികിട്ടിയത്.

ഒരു രാഷ്ട്രം കണ്ടു ശീലിച്ച രീതികൾക്കെതിരെ ദീർഘവീക്ഷണമുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകുമ്പോൾ സമൂഹം അത് മനസ്സിലാക്കാൻ താത്കാലിക വികാരങ്ങൾ ശമിച്ചു വിവേകം ഉദിക്കാനുള്ള സമയം എടുത്തേക്കും.
അതുതന്നെയാണ് കാശ്മീർ പ്രശ്നത്തിലും ഉണ്ടയായിട്ടുള്ളത്. ക്രമേണ രാഷ്ട്രീയം മാറി രാഷ്ട്രം ശക്തമാകുന്നു.

Join WhatsApp News
NinanMathulla 2020-08-07 20:39:45
It is too early to judge the long term consequence of this decision. Historians when they write or rewrite history, they will record it eventually. Special status in constitution is not something new. Several countries have special provisions in their constitution. Lasting peace is that is important. We have to wait and see if this will bring lasting peace or more bloodshed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക