Image

ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത വിധം ഇന്ത്യ മറ്റൊന്നായി (ഡോ.മനോജ് കുറൂർ)

Published on 05 August, 2020
ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത വിധം ഇന്ത്യ മറ്റൊന്നായി (ഡോ.മനോജ് കുറൂർ)
ഞാൻ വാല്മീകിരാമായണം വായിച്ചിട്ടുണ്ട്. ഒരു എപ്പിക് കാവ്യമാണത്. എപ്പിക്കുകളുടെ ഒരു പ്രത്യേകത, അവയിൽ നായകനും നായികയും പ്രതിനായകനുമൊക്കെ ഉണ്ടാവാമെങ്കിലും ഒരു കഥാപാത്രവും പൂർണമായും അത്തരം കള്ളികളിൽ ഒതുങ്ങില്ല എന്നതാണ്. ഓരോ കാലത്തെ ധർമ്മചിന്തയെ അടിസ്ഥാനമാക്കിയുള്ള ശരിതെറ്റുകളെ നായകനിലും പ്രതിനായകനിലും നായികയിലും ഒക്കെ കാണാനാവും. ആരും പൂർണമായും നായകനും പ്രതിനായകനുമൊന്നും ആവുന്നില്ല എന്നർത്ഥം. വാല്മീകി താൻ എഴുതിത്തീർത്ത രാമായണം ആദ്യം പഠിപ്പിക്കുന്നത്, കഥാനായകനായ രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയുടെ പുത്രന്മാരായ കുശലവന്മാരെത്തന്നെയാണ്. അവര്‍ തങ്ങള്‍ തിരിച്ചറിയാത്ത, തങ്ങളെ തിരിച്ചറിയാത്ത പിതാവിനെയും ബന്ധുക്കളെയും/ കഥയിലെ നായകനെയും മറ്റു കഥാപാത്രങ്ങളെയും അതു പാടിക്കേള്‍പ്പിക്കുന്നതായാണ് വാല്മീകി രാമായണത്തിന്റെ ഘടന. അതിൽത്തന്നെ ഒരു നാടകീയതയും കവികൗശലവുമുണ്ട് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമൻ ചെയ്തതെല്ലാം ശരിയാണെന്നു കരുതിയതുകൊണ്ടല്ല, ജനങ്ങൾക്കിടയിൽ രാമായണത്തിന് ഇത്ര പ്രചാരം ലഭിച്ചത്. സ്വന്തം ഇച്ഛയ്ക്കും ബോധ്യത്തിനും വിരുദ്ധമായ കർമ്മങ്ങൾ ഒരു വ്യവസ്ഥയുടെ ഭാഗമോ കാവലാളോ ആയിനിന്നു ചെയ്യേണ്ടിവരുന്നതിൽ രാമൻ അനുഭവിക്കുന്ന ഒരു സംഘർഷമുണ്ട്. അച്ഛന്റെ വാക്കു പാലിക്കാൻ നാടുപേക്ഷിക്കുന്നതു മുതൽ നാട്ടുകാരുടെ വാക്കു കേട്ടു സീതയെ ഉപേക്ഷിക്കുന്നതിൽവരെ അതുണ്ട്. വാല്മീകിരാമായണത്തിൽ അതു വ്യക്തവുമാണ്. അതു തിരിച്ചറിയുന്നതുകൊണ്ടാണ് ഒരു പില്ക്കാലകവിയായ ഭവഭൂതി ഉത്തരരാമായണത്തിലെ വിമർശനാത്മകമായ ഒരു സന്ദർഭത്തെ വൈകാരികമായി അവതരിപ്പിക്കുന്നത്. ശംബൂകനെ വധിക്കാൻ മടിച്ചുനില്ക്കുന്ന തന്റെ വലതുകൈയോട് രാമൻ പറയുന്നു:
"രേ! രേ! ദക്ഷിണഹസ്ത! വിപ്രതനയൻ ജീവിക്കുവാൻ വേണ്ടി നീ
ക്രൂരം ഖഡ്ഗമയയ്ക്ക ശൂദ്രമുനിതൻ നേരേ മടിക്കേണ്ടെടോ!
പാരം ഗർഭഭരാർത്തയാം ക്ഷിതിജയെക്കൈവിട്ട കെങ്കേമനാ-
മീ രാമന്റെയൊരംഗമാകിന നിനക്കെങ്ങുന്നു വന്നൂ കൃപാ?"
(ഉത്തരരാമചരിതം നാടകം. വിവർത്തനം: ചാത്തുക്കുട്ടി മന്നാടിയാർ)
ആത്മനിന്ദകൊണ്ട് സ്വയം വ്യസനിക്കുന്ന രാമനാണിവിടെ. പില്ക്കാലത്ത് ത്യാഗരാജകീർത്തനങ്ങളിൽ പല രാമായണസന്ദർഭങ്ങളെടുത്ത് ആരാധിച്ചുകൊണ്ടുതന്നെ രാമനെ വിമർശിക്കുന്നതു കാണാം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ഇതിന്റെയൊക്കെ തുടർച്ചയാണ്. പല വ്യവസ്ഥകൾക്കു കീഴ്പ്പെട്ടു ജീവിക്കേണ്ടി വരുന്ന സാധാരണക്കാർ തങ്ങളുടെ ജീവിതത്തോടടുത്തുനില്ക്കുന്ന ഒരാളെയാണ് രാമനിൽ കണ്ടത്. രാമായണം നടന്നത് അവരുടെ മനസ്സിലാണ്.
രാമൻ ജനിച്ചത് അയോധ്യയിലാണെന്നു രാമായണത്തിലുണ്ട്. ഈ അയോധ്യ എവിടെയാണ്? ഉത്തരേന്ത്യയുടെ ഭൂപടം എടുത്തുനോക്കിയല്ല, രാമായണം വായിച്ചവർ രാമന്റെ ജനനസ്ഥാനം കണ്ടുപിടിച്ചത്. ഓരോ ഭാഷയും ഓരോ പ്രദേശവും അവരവരുടെ രാമനെ കണ്ടെടുക്കുകയാണു ചെയ്തത്. ശ്രീകൃഷ്ണന്റെ ബാലലീലകൾ വിസ്തരിക്കുന്ന മുത്തശ്ശിമാരോട് അമ്പാടി എവിടെയാണെന്നു ചോദിച്ചാലും ഭൂപടം നോക്കാൻ പറയാനിടയില്ല; അവർ അങ്ങനെ നോക്കിയിട്ടുമുണ്ടാവില്ല. അതു ചെയ്യാനുള്ള അരസികത അവർക്കില്ല. ഇനി അങ്ങനെ നോക്കുകയാണെന്നുതന്നെയിരിക്കട്ടെ. രാമായണത്തിൽ പറയുന്ന സ്ഥലങ്ങളും ഇക്കാലത്തെ സ്ഥലങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഡോ. എച്ച് ഡി സങ്കാലിയയെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതൊന്നുമില്ലെങ്കിലും രാമായണവും രാമനും ഇന്ത്യയ്ക്കത്തും പുറത്തും എണ്ണമറ്റ ജീവിതങ്ങൾ ജീവിക്കുന്നുണ്ട്.
ഞാൻ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ എം. ഏ. യ്ക്കു പഠിക്കുമ്പോഴാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. അന്നാണ് ചങ്ങനാശ്ശേരി പ്രദേശത്തു നടന്ന ചില പ്രകടനങ്ങൾ കണ്ടത്. അതുവരെയുള്ള എന്റെ ജീവിതത്തിൽ അങ്ങനെ ചിലത് ആദ്യമായി കാണുകയായിരുന്നു. വല്ലാത്തൊരു ഭയവും അരക്ഷിതത്വവുമാണ് അന്നു തോന്നിയത്. പിന്നെ അക്രമത്തിന്റെയും അശാന്തിയുടെയും വാർത്തകളുടെ പ്രവാഹമായി. പിന്നീടിങ്ങോട്ട് അതിന്റെ തുടർച്ചകൾ ധാരാളമുണ്ടായി. ഇന്ത്യതന്നെ ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത വിധം മറ്റൊന്നായി. ഇന്ന് ഇതൊക്കെയാണ് ഓർമ്മ വന്നത്. അതുകൊണ്ട് ഞാൻ ടെലിവിഷൻ കണ്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക