Image

ശ്രീമദ് വാല്മീകി രാമായണം സംഗ്രഹം (ദുർഗ മനോജ്)

ദുർഗ മനോജ് Published on 05 August, 2020
ശ്രീമദ് വാല്മീകി രാമായണം  സംഗ്രഹം (ദുർഗ മനോജ്)
സുന്ദരകാണ്ഡം മുപ്പത്തി ഒന്നു മുതൽ അറുപത്തിയെട്ടുവരെ സർഗം

രാമനെ പിരിഞ്ഞ സീതയുടെ മുന്നിലേക്കു പെട്ടന്നു മാരുതി പ്രത്യക്ഷപ്പെട്ടാൽ അതും രാക്ഷസനാണെന്നു കരുതി ഭയന്നാലോ എന്നു നിനച്ച്, ഹനുമാൻ, ആ ശിംശപാമരത്തിലിരുന്നു രാമൻ്റെ അപദാനങ്ങൾ പാടിത്തുടങ്ങി.ഇതാരാണ് രാമനാമം ജപിക്കുന്നതെന്നോർത്തു സീത ശബ്ദം കേട്ട ദിക്കിലേക്കു നോക്കി. അവിടെ വിനയത്തോടെ രാമനാമം ജപിക്കുന്ന വാനരനെക്കണ്ടു. അവൾ പേടിച്ചു കരഞ്ഞു. അപ്പോഴേക്കും ,മാരുതി അവളുടെ അടുത്തെത്തി. മെല്ലെ, നടന്ന കഥകളേതും പറഞ്ഞു സീതയുടെ ഭയം മാറ്റി. എന്നിട്ടും സംശയം അവസാനിച്ചിട്ടില്ല എന്ന തോന്നലിൽ  രാമൻ കൊടുത്തു വിട്ട മോതിരം  സീതയെ കാണിച്ചു.അതു കണ്ടു ആ ശോഭന മുഖം അത്യന്തം ഹർഷം കൊണ്ടു. പിന്നെ രാമവൃത്താന്തമേതും പറഞ്ഞു കൊടുത്തു. ഒപ്പം, ദേവിയെ ഞാൻ ചുമലിൽ വഹിച്ചുരാമസവിധത്തിൽ എത്തിക്കാമെന്നും ഹനുമാൻ പറഞ്ഞു. എന്നാൽ അതു ദേവി നിരാകരിച്ചു. എന്നിട്ടു പറഞ്ഞു,രാവണൻ തൻ്റെ എതിർപ്പിനെ വകവയ്ക്കാതെ തന്നെ കടത്തിക്കൊണ്ടു വരികയാണുണ്ടായത്. താൻ രാമനെ അല്ലാതെ മറ്റൊരു പുരുഷനേയും മനസറിവില്ലാതെ തൊടുകയില്ല. ആയതിനാൽ രാമൻ വന്നു രാവണനെ വധിച്ച് എന്നെ രക്ഷിക്കട്ടെ. 

അങ്ങനെയെങ്കിൽ ഭവതിയെ കണ്ടെത്തിയ വിവരം എത്രയും വേഗം അദ്ദേഹത്തെ അറിയിക്കട്ടെ എന്നു പറഞ്ഞു പുറപ്പെടാൻ ഒരുങ്ങിയ ഹനുമാൻ്റെ കൈവശം ദിവ്യവും ശുഭവുമായ ചൂഡാമണി അഴിച്ച്, അതു രാമനു നൽകുക എന്നു പറഞ്ഞു നൽകി. അതു സശ്രദ്ധം വാങ്ങി ഹനുമാൻ മടക്കയാത്രയെക്കാരുരുങ്ങി.

മടക്കയാത്ര തുടങ്ങും മുമ്പ് മാരുതിയ്ക്ക്, രാവണനെക്കണ്ട് അവൻ്റെ ബലവും അന്തർഗതവും കൂടി അറിഞ്ഞു വയ്ക്കുക എന്നു തീരുമാനമെടുത്തു. പിന്നെ നിമിഷ നേരം കൊണ്ടു അശോകവനിക അടിച്ചു തകർത്തു ഹനുമാൻ. അവൻ്റെ വിളയാട്ടം കണ്ടു ഭയന്ന രാക്ഷസികൾ രാവണ സവിധത്തിലേക്കോടി. ഈ സമയം കൊണ്ടു ചൈത്യപ്രസാദവും തകർത്തു, തടയാൻ വന്ന ജംബുമാലി എന്ന രാക്ഷസനേയും വധിച്ചു ലങ്കയിലാകെ പരിഭ്രാന്തി പടർത്തി. പിടിച്ചുകെട്ടാൻ ചെന്ന മന്ത്രി പുത്രന്മാരും എന്തിനു വിരൂപാക്ഷൻ, യൂപാക്ഷൻ,ദുർധര രാക്ഷസൻ, പ്രഘസൻ ,ഭാസ കർണ്ണൻ എന്ന നയവിശാദരരും ബലവാന്മാരായ മറ്റു ദാനവരും കൊല്ലപ്പെട്ടു.ഇത്രയും ആയതോടെ രാവണപുത്രൻ അക്ഷകുമാരൻ പോരിനിറങ്ങി. പിന്നെ, ആന തേർ കുതിരകളുടെ നാദത്താൽ മണ്ണും വിണ്ണും മലയും മുഴക്കി പടയെത്തി. എന്നാൽ വാനര വീരൻ്റെ വീര്യത്തിനൊത്ത് പൊരുതാനാകാതെ പടമുടിഞ്ഞു. അക്ഷ കുമാരനും കൊല്ലപ്പെട്ടു..

ഇത്രയുമായപ്പോൾ ഇന്ദ്രജിത് പോർക്കളത്തിലിറങ്ങി. പിന്നെ നടന്ന ഉഗ്രമായ യുദ്ധത്തിൽ രണ്ടു പേരും സമാസമം നിന്നു. ഒടുവിൽ ഇന്ദ്രജിത് ഹനുമാനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.. ബ്രഹ്മാവിൽ നിന്നും ബ്രഹ്മാസ്ത്രത്താൽ പോലും ഹാനി സംഭവിക്കില്ലെന്നു ഹനുമാന് വരം ലഭിച്ച വസ്തുത ഇന്ദ്രജിത്തിന് അറിയില്ലായിരുന്നുവെങ്കിലും ബ്രഹ്മാമാസ്ത്ര പ്രഭാവം മാനിച്ച് ഹനുമാൻ സ്വയം കീഴടങ്ങി.. അങ്ങനെ ആ കപീന്ദ്രനെ വരിഞ്ഞു കെട്ടി രാവണ സദസിലെത്തിച്ചു.

നേർക്കുനേർ രാവണനും ഹനുമാനും കണ്ടു.താൻ സുഗ്രീവാജ്ഞയാൽ വന്നതാണെന്നും. അയോധ്യയിലെ രാമപത്നി സീതയെ അപഹരിച്ചതന്വേഷിച്ചു വന്നതാണെന്നും. രാമൻ തൻ്റെ പത്നിയെ അപഹരിച്ചവനെ വധിച്ചു സീതയെ വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും ഹനുമാൻ അറിയിച്ചു. ഇതു കേട്ടു ക്രുദ്ധനായ രാവണൻ ഹനുമാനെ വധിക്കുവാൻ ഉത്തരവിട്ടു. എന്നാൽ രാവണ സോദരൻ വിഭീഷണൻ ദൂതരെ വധിക്കുന്നതു ധർമ്മമല്ലെന്നും അതിനാൽ വിട്ടയക്കണമെന്നും അപേക്ഷിച്ചു.

എന്നാൽ വെറുതേ വിട്ടയക്കാൻ രാവണൻ തയ്യാറല്ലായിരുന്നു. അതിനാൽ ഹനുമാൻ്റെ വാലിൽ തുണി ചുറ്റി പന്തമാക്കി തീ കൊടുത്തു. കാത്തിരുന്നതു പോലെ കത്തുന്ന വാലു നീട്ടി ചാടി നടന്നു ലങ്ക മുഴുവൻ അഗ്നികുണ്ഡമാക്കി ഹനുമാൻ. പിന്നെ, ഒട്ടൊന്നടങ്ങി, അശോകവനികയിലെത്തി, സീതയെക്കണ്ട്, ഇനി സങ്കടം വേണ്ട. രാമനിതാ വന്നെത്തിപ്പോയി എന്നു പറഞ്ഞു തിരികെ മടങ്ങി.

സീതയെ കണ്ടുവെന്ന വൃത്താന്തം വാനരന്മാരിൽ ആനന്ദം തിരതല്ലിച്ചു.ഈ സന്തോഷ വാർത്ത എത്രയും വേഗം സുഗ്രീവ സവിധത്തിലെത്തിക്കുവാൻ തിടുക്കമായി. അങ്ങനെ തെക്കു ദിക്കിലേക്കു സീതയെത്തേടി ഇറങ്ങിയവർ ഏവരും സുഗ്രീവനും രാമലക്ഷ്മണന്മാർക്കു മടുത്തേക്കു യാത്രയായി. അവിടെ എത്തി വിവരങ്ങൾ ഏതും വിശദമായി ധരിപ്പിച്ച്, സീത നൽകിയ ചൂഢാമണി രാമനു മുന്നിൽ സമർപ്പിച്ച്, ആ സാധ്വി അനുഭവിച്ച എല്ലാ സങ്കടങ്ങളും അറിയിച്ചു.

 സീതയെ കണ്ടെത്തിയ സന്തോഷവും എന്നാൽ ആ സാധ്വിയെ പിരിഞ്ഞ സങ്കടത്തിലും രാമൻ ചിന്താധീനനായി.

പ്രത്യാശയുടെ ദിനങ്ങളാരംഭിക്കുന്നു. രാക്ഷസ പതനത്തിൻ്റേയും. നന്മയുടെ പാതയിൽ കഷ്ടതകൾ അനുഭവിക്കുമ്പോഴും അന്തിമ വിജയം അവിടെയുണ്ടാവും.
രാക്ഷസീയ ചിന്തകൾ ഒരിക്കൽ നിലം തൊടും. സീതാ ദുഃഖം അവസാനിച്ചുകൊണ്ട്
സുന്ദരകാണ്ഡം സമാപിക്കുന്നു

ഇരുപത്തി ഒന്നാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക