Image

യൂറോസോണ്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച

Published on 04 August, 2020
 യൂറോസോണ്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച


ബ്രസല്‍സ്: കൊറോണ വൈറസ് വ്യാപനം കാരണം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട് യൂറോസോണ്‍. 19 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പൊതു കറന്‍സി യൂണിയനില്‍ സമ്പദ് വ്യവസ്ഥ 12.1 ശതമാനം ചുരുക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ സ്‌പെയിനിലാണ് ആഘാതം ഏറ്റവും രൂക്ഷമായത്. ഇവിടെ ജിഡിപി 18.5 ശതമാനം ഇടിഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വെള്ളിയാഴ്ച വിവിധ കക്ഷിനേതാക്കളുമായി സമ്പദ് വ്യവസ്ഥയുടെ പുനര്‍നിര്‍മാണത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയന്‍ റിക്കവറി ഫണ്ടുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.2 ശതമാനം ചുരുക്കമാണ് സ്പാനിഷ് സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായി.

പോര്‍ച്ചുഗലിന്റെ ജിഡിപി 14.1 ശതമാനമാണ് ഇടിഞ്ഞത്. ഫ്രാന്‍സില്‍ ഇത് 13.8 ശതമാനവും ഇറ്റലിയില്‍ 12.4 ശതമാനവുമാണ്.

ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ മഹാമാരി കാരണമുള്ള ആഘാതം യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കയിലേതിനെക്കാള്‍ മോശമാണ്. അവിടെ 9.5 ശതമാനം മാത്രമാണ് ഇടിവ്.

1970 ല്‍ മൂന്നുമാസ റിക്കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനുശേഷം ജര്‍മനി ജിഡിപിയുടെ ഏറ്റവും വലിയ ഇടിവ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. 10.1 ശതമാനമാണ് ഇടിവ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക