Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മടങ്ങുന്ന അംബാസഡര്‍ സിബി ജോര്‍ജിന് ഡബ്ല്യുഎംസി സ്വിസ് പ്രൊവിന്‍സിന്റെ സ്‌നേഹാദരങ്ങള്‍

Published on 01 August, 2020
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മടങ്ങുന്ന അംബാസഡര്‍ സിബി ജോര്‍ജിന് ഡബ്ല്യുഎംസി സ്വിസ് പ്രൊവിന്‍സിന്റെ സ്‌നേഹാദരങ്ങള്‍

സൂറിച്ച്: ഔദ്യോഗിക കലാവധി പൂര്‍ത്തിയാക്കി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന് ഡബ്ല്യുഎംസി ഭാരവാഹികള്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

ഊര്‍ജ്ജസ്വലതയോടെ എപ്പോഴും പ്രവര്‍ത്തിച്ച ഈ പാലാക്കാരന്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും സ്വിസ് ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മലയാളികള്‍ക്ക് അഭിമാനത്തോടെ തങ്ങളുടെ എല്ലാ പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുപ്പിക്കുവാനും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും സ്‌നേഹ സാന്നിധ്യം അനുഭവിച്ചറിയാനും സാധിച്ചു.

വിപ്ലവകരമായ മാറ്റങ്ങളാണ് ചെറിയ കാലയളവില്‍ ഇന്ത്യന്‍ എംബസി വഴി അദ്ദേഹം നടപ്പില്‍ വരുത്തിയത്. സൂറിച്ചില്‍ ആരംഭിച്ച കോണ്‍സുലാര്‍ സര്‍വീസ് എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയുടെ മാത്രം പൈതൃകമായ ആയുര്‍വേദവും യോഗയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രചരിപ്പിക്കുന്നതിനായി നടത്തിയ വിവിധ പരിപാടികള്‍ സ്വിസ് സമൂഹത്തില്‍ ഏറെ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും സഹൃദകരാര്‍ ഒപ്പുവച്ചതിന്റെ 70 വര്‍ഷ ആഘോഷങ്ങള്‍ കഥകളി ഉള്‍പ്പെടെ വൈവിധ്യങ്ങളായ കലാസാംസ്‌കാരിക പരിപാടികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു ഒരു നവ്യാനുഭവമായി മാറി. സ്വിസ് സാമ്പത്തിക വ്യവസായ സംരംഭകര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ മുതല്‍മുടക്കിയതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. സാമ്പത്തികരംഗം ഏറ്റവും മോശമായ ഈ കൊറോണ കാലയളവില്‍ ക്രെഡിറ്റ് സ്വിസ് ബാങ്ക് 5 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ഈയടുത്ത ദിവസം ഇന്ത്യയില്‍ നിക്ഷേപിക്കുവാന്‍ തീരുമാനമെടുത്തത് എടുത്തു പറയത്തക്ക നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷവും ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനവും ഏറ്റവും ഗംഭീരമാക്കിയപ്പോള്‍ സ്വിസ് സമൂഹത്തിനുമുന്നില്‍ ഇന്ത്യ എന്ന മഹാരാജ്യത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറ്റി എഴുതപെടുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ എംബസിയുടെ ഏതെങ്കിലും ഒരു പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

മലയാളികളുടെ പ്രഥമ പൗരനായ കെ.ആര്‍. നാരായണനെ പോലെ ഇനിയും ഉയരങ്ങള്‍ കീഴടക്കി സിബി ജോര്‍ജ്, ഇന്ത്യക്കാര്‍ക്ക് ഏവര്‍ക്കും അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് അംഗങ്ങള്‍ക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക