Image

നിയമവിരുദ്ധമായി ഭാരവാഹികൾ അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് ആർക്കു വേണ്ടി: ഫൊക്കാന ഫ്ലോറിഡ ആർ.വി.പി. ജോൺ കല്ലോലിക്കൽ

Published on 18 July, 2020
നിയമവിരുദ്ധമായി  ഭാരവാഹികൾ അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് ആർക്കു  വേണ്ടി: ഫൊക്കാന  ഫ്ലോറിഡ ആർ.വി.പി. ജോൺ കല്ലോലിക്കൽ
ഫ്ലോറിഡ: കോവിഡ് 19 ന്റെ പേരിൽ അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കാനുള്ള ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി.നായരുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷൽ കമ്മിറ്റിയുടെ  തീരുമാനം ലജ്‌ജാകരമാണെന്ന് സ്ഥാനമൊഴിയുന്ന ഫൊക്കാന ഫ്ലോറിഡ ആർ.വി.പി. ജോൺ കല്ലോലിക്കൽ. ഭരണഘടന പ്രകാരം  ലഭിച്ച  രണ്ടു വർഷത്തെ പ്രവർത്തന സമയം തമ്മിലടിച്ചും പരസ്പരം ചെളിവാരിയെറിഞ്ഞും പാഴാക്കിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ കാലാവധി തീർന്നപ്പോൾ  കോവിഡിന്റെ പേരുപറഞ്ഞു അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമം വിലപ്പോവില്ലെന്നും ജോൺ കല്ലോലിക്കൽ കൂട്ടിച്ചേർത്തു.

  ഫൊക്കാനയുടെ ഭരണഘടനാനുസൃതമായി 2018 ജൂലൈയിൽ രണ്ടുവര്ഷത്തേക്ക് അധികാരത്തിൽ കയറിയ മാധവൻ.ബി. നായർ നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റിയുടെ കാലാവധി 2020 ജൂലൈ 4 നു കഴിഞ്ഞതാണ്. ഇപ്പോഴത്തെ കമ്മിറ്റിയ്ക്ക് ഭരണഘടനാപരമായ അധികാരമില്ല. അടുത്ത കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുവരെ താൽക്കാലികമായ അധികാരം മാത്രമേയുള്ളുവെന്നിരിക്കെ, ഭരണഘടനപരമായി തെരെഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ബോർഡിനെ ധിക്കരിച്ചുകൊണ്ട് സ്വയം അധികാരത്തിൽ തുടരാനുള്ള നാഷണൽ കമ്മിറ്റിയുടെ തീരുമാനം നിലനിൽക്കുന്നതല്ല. പ്രസിഡണ്ട് മാധവൻ ബി. നായരുടേയും കമ്മിറ്റി അംഗങ്ങളുടെയും കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഫൊക്കാനയുടെ പേരിൽ അവർ നടത്തികൊണ്ടിരിക്കുന്ന യോഗങ്ങൾക്കോ പരസ്യ പ്രസ്താവനകൾക്കോ നിയമപരമായുള്ള  സാധുതകൾ  നിലനിൽക്കുന്നവയല്ല. പിന്നെ ആർക്കുവേണ്ടിയാണ് അവർ  സ്ഥാനമൊഴിയാതെ  അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് -  കല്ലോലിക്കൽ ചോദിക്കുന്നു.

കാലാവധി കഴിഞ്ഞാൽ പ്രസിഡണ്ടിനും  മറ്റു ഭാരവാഹികൾക്കും കേവലം കാവൽ(shadow) ഭരണാധികാരം മാത്രമാണുള്ളത്. അടുത്ത തെരഞ്ഞെടുപ്പ് വരെ  ഫൊക്കാനയുടെ ഭരണഘടന പരമായ എല്ലാ അധികാരങ്ങളും ട്രസ്റ്റി ബോർഡിൽ നിഷിപ്തമാണെന്നും ജോൺ കല്ലോലിക്കൽ ചൂണ്ടിക്കാട്ടി.

അടുത്ത കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ബോർഡ് ഓഫ് ട്രസ്റ്റിയുടെ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് അധികാരത്തിൽ തുടരാനായി നാഷണൽ കമ്മിറ്റി കൂടി സ്വയം തീരുമാനമെടുത്തത് ആർക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണം. ഫൊക്കാനയുടെ ഭൂരിപക്ഷം അംഗ സംഘടനകളും 2020 സ്പെറ്റംബർ 9നു നടക്കുന്ന തെരെഞ്ഞെടുപ്പിനു തയാറായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരങ്ങൾ ആരംഭിച്ചു. അംഗ സംഘടനകൾ ഭൂരിഭാഗവും അംഗത്വം പുതുക്കി. ഫ്ലോറിഡ റീജിയണിലെ ഫൊക്കാനയുടെ അംഗസംഘടനകളായ മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ (മാറ്റ്), മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എം.എ.സി.എഫ്.),ഒർലാണ്ടോ മലയാളി അസോസിയേഷൻ (ഓർമ്മ), ടാമ്പാ മലയാളി അസോസിയേഷൻ (ടി.എം.എ), ഒരുമ  (ഒലാൻഡോ), കൈരളി (മയാമി) എന്നീ ആറ് അംഗ സംഘടനകൾ അംഗത്വം പുതുക്കി കഴിഞ്ഞു.  ഫ്ലോറിഡ റീജിയണു പുറമെ മറ്റു റീജിയണുകളിലെ അംഗ സംഘടനകളും അംഗത്വം പുതുക്കിയിട്ടുണ്ട്.

 ഒരു ഭരണമാറ്റം ആവശ്യമാണെന്നാണ്  ഫ്ലോറിഡയിലെ എല്ലാ അസ്സോസിയേഷനുകളിലെയും നേതാക്കന്മാരുടെയും  അംഗങ്ങളുടെയും പൊതുവായ ആവശ്യം. മറ്റു റീജിയണുകളിലും ഇതേ ആവശ്യങ്ങൾ ഉയരുന്നുണ്ട്. പൊതു ജനവികാരം തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടെടുക്കുന്ന സാഹചര്യത്തിൽ നിങ്ങൾ ആർക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് അവശ്യപ്പെടുന്നത്? രണ്ടു വര്‍ഷം തമ്മിലടിച്ച് നിങ്ങൾക്ക്  ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടിയാൽ  വീണ്ടും പരസ്പരം  ചെളിവാരിയെറിയുന്നതു കാണുന്നത് അംഗസംഘടനകൾക്കു താങ്ങാവുന്നതിലേറെയാണ് . - അദ്ദേഹം പറഞ്ഞു,

ഫൊക്കാനയെപ്പോലെയുള്ള സമാന സംഘടനകളിലെ പ്രസിഡണ്ടുമാർ കാലാവധി കഴിഞ്ഞതിനാൽ അവർ നടത്തുന്ന പ്രസ്താവനകളിൽ 'സ്ഥാനമൊഴിയുന്ന പ്രസിഡണ്ട്', 'സ്ഥാനമൊഴിയുന്ന  സെക്രട്ടറി' എന്ന്   സ്ഥാനപ്പേരിനോപ്പം ചേർക്കാനുള്ള  മാന്യത കാട്ടാറുണ്ട്. അധികാരത്തിന് വേണ്ടി കടിച്ചുതൂങ്ങാനായി പൊതുജനമധ്യേ സ്വയം അപഹാസ്യരാകുന്ന പ്രസിഡണ്ടും മറ്റു നാഷണൽ കമ്മിറ്റി  ഭാരവാഹികളും പരസ്യപ്രസ്താവനകൾ നടത്തുന്നതിൽ നിന്നും പിൻമാറണം. ഫൊക്കാന എന്ന മഹത്തായ സംഘടനയുടെ വിശ്വാസ്യത നിലനിർത്തുന്നതിനായി, മറ്റു സമാന്തര സംഘടനകളിലെ ഭാരവാഹികൾ മാതൃകാപരമായ ചെയ്തതുപോലെ മാന്യമായ വിരമിക്കലിനു  ഇനിയും സമയം അതിക്രമിച്ചിട്ടില്ലെന്ന്  ഓർമ്മപെടുത്തുകയാണെന്നും ജോൺ കല്ലോലിക്കൽ കൂട്ടിച്ചേർത്തു. 
Join WhatsApp News
Grace Joseph 2020-07-19 12:37:37
Registered organizations should follow its bylaws and be operational regardless of the situation like any other official entities. It is good, If it deviates from the bylaws without a general body decision. We need move forward according to the situation and incorporate new possibilities of technology. There is no harm in reformation, infact, it will boost the growth and will impress the young successors and attract them to this great Indian organization. Mr. John Kallolickal presented true and valued points in his statement.
Abraham Kalathil 2020-07-19 18:52:12
The FOKANA Election will held on 2021 July at New Jersey as per majority of the national Committe and executive. Any other election and process not related to FOKANA. Anybody can conduct election as of a fans association any time. Will see the real things very soon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക