Image

പുസ്തകച്ചുമരുകൾക്കുള്ളിലെ അത്ഭുതലോകം (ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)

Published on 18 July, 2020
 പുസ്തകച്ചുമരുകൾക്കുള്ളിലെ അത്ഭുതലോകം (ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)
" Libraries store the energy that fuels the imagination. They openup windows to the world and inspire us to explore and achieve ,and contribute to improving our quality of life -
Sidney Sheldon.

 ഭൂതകാലത്തിലേക്ക് കൺതുറന്നാൽ രഹസ്യങ്ങളുടെ വലിയൊരു നിധിപേടകം ഒളിപ്പിച്ചു വെച്ച ഒരിടത്തേക്ക് കണ്ണുകൾ ചെന്നെത്താതിരിക്കില്ല. കൗമാരത്തിലും യൗവനത്തിന്റെ ആരംഭത്തിലുമെല്ലാം നമ്മൾ ഏറ്റവും ഇഷ്ടത്തോടെ പോയിരുന്ന നമ്മുടെ സ്വന്തം വായനശാല യല്ലാതെ മറ്റെന്താണത്. അക്ഷരങ്ങളുടെ മാന്ത്രികവലയത്തിലേക്ക് നമ്മെ തളച്ചിട്ട പുണ്യസ്ഥലം. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ ഗ്രന്ഥശാല എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടവയിൽ തെരഞ്ഞെടുക്കപ്പെട്ട  ലേഖനങ്ങളുടെ   സമാഹാരമാണ് എന്റെ ഗ്രന്ഥശാല എന്ന പേരിൽ  എസ്.ആർ ലാൽ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 ഇതുവരെ വായനശാലകൾ സന്ദർശിക്കാത്തവരും വായന ജീവിതത്തിന്റെ ഭാഗം പോലുമല്ലാത്തവർക്കും രസിച്ചു വായിക്കാവുന്ന ലേഖനങ്ങളാണിതിന്റെ പ്രത്യേകത . വായനശാലകൾ കേവലം പുസ്തകശേഖരങ്ങൾ  സംരക്ഷിക്കപ്പെടുന്ന കെട്ടിടങ്ങളല്ല. അവ തുറന്നു നൽകുന്ന വിശാലമായ ഒരു ലോകത്തെ, അവ മൂർച്ച കൂട്ടിയ  ആശയങ്ങളെ ,അവ മെനഞ്ഞെടുത്ത  ഭാവനകളെ, അവ ഭദ്രമാക്കിയ  ലക്ഷ്യങ്ങളെ ,അവ ചേർത്തു പിടിച്ച  ഏകാന്തതകളെയൊക്കെ  നമ്മളെത്രയെത്ര അനുഭവിച്ചിരിക്കുന്നു. സമാനമായ അവസ്ഥകളിലൂടെയൊക്കെയാണ് വലിയ വലിയ എഴുത്തുകാരും കടന്നു പോയതെന്ന് അത്ഭുതത്തോടു  കൂടി തിരിച്ചറിയാനാവും .

ഒരു വായനശാല അത് നിലനിൽക്കുന്ന ദേശത്തിന്റെ അടയാളമായി മാറുന്ന കാഴ്ചകളാണ് ഓരോ ലേഖനവും. ദേശചരിത്രവും, കാലത്തിന്റെ ഉൾത്തുടിപ്പുകളും, സാംസ്കാരികവും സാമൂഹികവുമായ ഇഴയടുപ്പങ്ങളും അവ  ചേർത്തുവെക്കുന്നു. മയ്യഴിയിലെ അക്ഷരപ്പുരകൾ എന്ന എം .മുകുന്ദന്റെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു നാടിനെ അറിയണമെങ്കിൽ അവിടുത്തെ വായനശാലകളെ അറിഞ്ഞാൽ മതിയെന്നാണ് ബ്ലിബ്ലിയോത്തേക്ക് പ്യുബ്ലിക്, മാഹി സ്പോട്സ് ക്ലബ് വായനശാല എന്നിവയുടെ ചരിത്രം പ്രതിപാദിക്കുന്ന ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നത്. കർഷകസംഘം വായനശാലയിൽ നിന്ന് വായന തുടങ്ങിയ സി. രാധാകൃഷ്ണൻ ഇന്നും കേരളത്തിൽ വായനശാലയില്ലാത്ത ഒരേയൊരു പഞ്ചായത്ത് തന്റേതാണെന്ന നിരാശ പങ്കു വെക്കുന്നു. ഞങ്ങളുടെ സാംസ്കാരിക ജീവിതം അന്ന് ഞങ്ങളുടെ ഗ്രന്ഥശാലയെ കേന്ദ്രീകരിച്ചായിരുന്നു എന്നവകാശപ്പെടുകയാണ്  പെരുമ്പടവം.

പുസ്തകങ്ങളേക്കൾ വലിയ പ്രതിഷ്ഠയില്ലെന്ന് തിരിച്ചറിഞ്ഞ ജോർജ് ഓണക്കൂർ, വൈകുന്നേരങ്ങളിൽ വായനശാലയിൽ നടന്നിരുന്ന സജീവ ചർച്ചകൾ ഓർത്തെടുക്കുന്ന ഏഴാച്ചേരി രാമചന്ദ്രൻ , യുവജനസമാജം വായനശാലയെ തന്റെ ആദ്യ സർവകലാശാലയായി കരുതുന്ന ഡോ. കെ. ജയകുമാർ. മാണിയാട്ടും ,കിനാത്തിലും ലൈബ്രറി മെമ്പർഷിപ്പെടുത്ത രണ്ടു രാജൻമാരെക്കുറിച്ച് പറയുന്ന ഇ.പി.രാജഗോപാൽ, ഭാഷയെ ഒരു വനമായി കരുതുന്ന എൻ.ശശിധരൻ തുടങ്ങി എൻ.പി. ഫാഫിസ് മുഹമ്മദും പി.എഫ് മാത്യൂസും അശോകൻ ചെരുവിലും , യു.കെ കുമാരനും,ഉണ്ണി ആറും സന്തോഷ് ഏച്ചിക്കാനവുമെല്ലാമടങ്ങുന്ന മുപ്പത്തിയേഴോളം എഴുത്തുകാരുടെ വായനാശാലാനുഭവങ്ങൾ ചേർത്തു വെച്ചിരിക്കുന്നു.  ഇതിലൊന്നും ഒരു സ്ത്രീയനുഭവം പോലുമില്ലല്ലോ എന്ന് വിഷമിച്ചപ്പോഴാണ് വീണ്ടും നമ്മുടെ ഗ്രന്ഥശാല എന്ന ആമുഖം ഒന്നുകൂടി വായിച്ചത്.ഗ്രന്ഥാലോകത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണിത് എന്ന് എഡിറ്റർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ലേഖനങ്ങൾ  ഇനിയെങ്കിലും പ്രസിദ്ധീകരിക്കപ്പെടുമായിരിക്കും'  ഗ്രന്ഥാലോകം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കിട്ടാറില്ലെന്നിരിക്കെ , ഇത്തരമൊരു സമാഹാരത്തിന് ജീവൻ നൽകിയ എസ്.ആർ ലാലിന് അഭിനന്ദനങ്ങൾ .വായനശാലകൾ വിജ്ഞാന ശാലകളായി നെഞ്ചേറ്റിയിരുന്ന ഒരു തലമുറയുടെ ജീവശ്വാസമാണ് ഓരോ ലേഖനങ്ങളും .വലിയ വലിയ അക്കാദമിക, ഗവേഷണ വായനശാലകൾ  കണ്ട് വളർന്ന ഇന്നത്തെ തലമുറക്ക്  ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം  തുറന്നിരുന്ന മൂന്നുറോ നാനൂറോ പുസ്തകങ്ങൾ മാത്രമുണ്ടായിരുന്ന ചെറിയ കുടുസുമുറി വായനശാലകളെയും പത്രം വായിച്ചു രാഷ്ട്രീയ വിശകലനം നടത്തിയിരുന്ന മുതിർന്നവരെയും ഒരു പഴയ ബ്ലാക് ഏൻഡ് വൈറ്റ് ചലച്ചിത്രം പോലെ കണ്ടാസ്വദിക്കാൻ പറ്റുന്ന കൃതി. , ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള ഓർമകളിലേക്ക് തിരിച്ചു നടത്തിയ മനോഹരമായ പുസ്തകം. ഇഷ്ടപ്പെട്ട പുസ്തകങ്ങൾക്ക് വേണ്ടി ദിവസങ്ങളോളം കാത്തിരുന്ന ആ കാലത്തെ കൈവിരൽത്തുമ്പിൽ പുസ്തകങ്ങൾ കിട്ടുന്ന ഇന്നത്തെ തലമുറക്ക് ഏറ്റവും ഹൃദ്യമായി മനസ്സിലാക്കാനാവും ഒപ്പം I found the most valuable thing in my vallet is my library card എന്ന ലോറാ ബുഷിന്റെ വാചകത്തിന്റെ പ്രസക്തിയും.   
 പുസ്തകച്ചുമരുകൾക്കുള്ളിലെ അത്ഭുതലോകം (ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്) പുസ്തകച്ചുമരുകൾക്കുള്ളിലെ അത്ഭുതലോകം (ദിനസരി-14: ഡോ സ്വപ്ന.സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക