Image

കരിയിലക്കാറ്റുപോലെ ഒരാൾ (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 17 July, 2020
കരിയിലക്കാറ്റുപോലെ ഒരാൾ (അനിൽ പെണ്ണുക്കര)

വായന ഒരു സപര്യയായി കൂടിയ ഒരു കാലം നമുക്കെല്ലാവർക്കും ഉണ്ട്. അന്ന് നമ്മൾ വായിച്ചിരുന്ന പുസ്തകങ്ങൾ ആരുടെതായിരുന്നു എന്ന് ചോദിച്ചാൽ മുട്ടത്തു വർക്കി മുതൽ ബാറ്റൺ ബോസ് വരെയുള്ളവരുടെ പേരുകൾ പറയും. നമ്മുടെ വായനകളെ പുഷ്ക്കലമാക്കിയിരുന്ന കാലം. ജീവിതവുമായി അടുത്തു നിൽക്കുന്ന, ഒട്ടും കാല്പനിക ഭാവങ്ങൾ ഇല്ലാത്ത പച്ചയായ കഥകൾ .ഓരോ വരിയിലും ആകാംക്ഷ നില നിർത്തിയിരുന്ന കഥകൾ. 

കോട്ടയത്തുനിന്നും ഇറങ്ങുന്ന "മ" പ്രസിദ്ധികരണങ്ങൾ എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവർ പോലും മണ്ണണ്ണ വെളിച്ചത്തിൻ്റെ വെട്ടത്തിൽ ഈ പ്രസിദ്ധീകരണങ്ങളുടെ ആരാധകരായത് ചരിത്രം. പൈങ്കിളി എന്ന് മുദ്രയടിച്ച് മാറ്റി നിർത്തിയ എഴുത്തുകാരാണ് അന്നത്തെ കാലത്ത് തൊഴിലാളികളേയും, വീട്ടമ്മമാരേയും വായനക്കാരാക്കിയത് എന്നത് സത്യം .ഇവരുടെ രചനാശൈലി അന്നത്തെ ആബാലവൃദ്ധം ജനങ്ങളേയും ആകർഷിക്കുകയും ചെറിയ ചെറിയ കവലകളും ,അടുക്കളമുറികളുമൊക്കെ ഈ നോവലുകളിലെ കഥാപാത്ര ചർച്ചാ സദസുകളായി മാറി.എൺപതുകളിലെ സാക്ഷരതാ പ്രസ്ഥാനം ഒരു പരിധി വരെ വിജയിച്ചതും ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ആവശ്യക്കാർ സാധാരണക്കാർ ആയിരുന്നതുകൊണ്ടാണ്.

അക്കാലത്തെയും എക്കാലത്തേയും മികച്ച നോവലിസ്റ്റുകളുടെ ഗണത്തിലാണ് സുധാകർമംഗളോദയത്തിൻ്റെ സ്ഥാനം.

എത്രയെത്ര കഥകളിലൂടെ പച്ചയായ ജീവിതത്തിൻ്റെ ചെറുതും വലുതുമായ തുരുത്തുകളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ട് പോയി. ഒരാഴ്ച്ചയുടെ ഇടവേളകളിൽ മനസിൽ നമ്മൾ മെനഞ്ഞെടുത്ത നോവലുകളുടെ അടുത്ത അദ്ധ്യായങ്ങൾ. ക്ലാസ് മുറികളിലെ ഇടനാഴിയിലെ കൊച്ചു പ്രേമ ങ്ങളുടെ തുടക്കവും ഇത്തരം ചർച്ചകളിൽ കൂടെ ക്കയിരുന്നില്ലേ. നോവലിലെ കഥാപാത്രങ്ങളായി സങ്കല്പ്പിച്ചിരുന്ന കളിക്കൂട്ടുകാർ.. ഇവിടെയെല്ലാം സുധാകർ മംഗളോദയം നമുക്കെല്ലാം വേണ്ടപ്പെട്ട ഒരാളായിരുന്നു ..

പക്ഷെ അദ്ദേഹത്തിൻ്റെ കഥയിൽ പിറന്ന ,പത്മരാജൻ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്. "കരിയിലക്കാറ്റുപോലെ "..സുധാകർ മംഗളോദയത്തിൻ്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. ഈ സിനിമ കാണുമ്പോഴാണ് അദ്ദേഹത്തിൻ്റെ ഉള്ളിലുള്ള എഴുത്തുകാരൻ്റെ വ്യാപ്തി  മനസിലാകുന്നത്.പിന്നീട് നിരവധി സിനിമകൾ അദ്ദേഹത്തിൻ്റേതായി വന്നു എങ്കിലും നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് കരിയിലക്കാറ്റുപോലയിലെ ഹരികൃഷ്ണനും, ഇൻസ്പെക്ടർ അച്ചുതൻ കുട്ടിയും ,അനിൽ കുമാറും ,ശില്പയുമൊക്കെ....

ചെറുപ്പകാലത്ത് വിജയൻ്റെ ബാർബർ ഷോപ്പിൽ നിന്നും,ചിറ്റപ്പൻ്റെ തലയണക്കടിയിൽ നിന്നുമൊക്കെയെടുത്ത് വായിച്ച സുധാകർ മംഗളോദയത്തിൻ്റെ നോവലുകൾ എഴുത്തിൻ്റെ ലോകത്തേക്ക് വരുവാൻ, നാട്ടിൻ പുറത്തെ തെക്കേലച്ഛനേയും, രാജീവിനേയും ,വിജയലക്ഷ്മിയേയുമൊക്കെ കഥാപാത്രങ്ങളാക്കി കഥകളെഴുതുവാനുമൊക്കെ ഊർജ്ജം നൽകിയത് സുധാകർ മംഗളോദയം കൂടിയാണ് എന്ന് പറയുന്നതിൽ തെല്ലൊന്നുമല്ല അഭിമാനം ഉള്ളത് .
നോട്ടുബുക്കിൻ്റെ അവസാന താളുകളിൽ കഥയും നോവലും കുത്തിക്കുറിക്കുവാൻ ആശയവും, കെൽപ്പും നൽകിയ ...

എഴുത്തിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പ്രിയ സാഹിത്യകാരന്
പ്രണാമം
കരിയിലക്കാറ്റുപോലെ ഒരാൾ (അനിൽ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക