Image

ഗള്‍ഫില്‍ വര്‍ധിച്ചുവരുന്ന മരണനിരക്കില്‍ പ്രവാസികള്‍ ഭയഭീതിയില്‍

Published on 08 July, 2020
 ഗള്‍ഫില്‍ വര്‍ധിച്ചുവരുന്ന മരണനിരക്കില്‍ പ്രവാസികള്‍ ഭയഭീതിയില്‍

കുവൈറ്റ് സിറ്റി: ഗള്‍ഫില്‍ കോവിഡ് മൂലവും അല്ലാതെയും മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി സാമ്പത്തികസഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് എബി വരിക്കാടും ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ളയും ആവശ്യപ്പെട്ടു .

ആയിരക്കണക്കിന് പ്രവാസികള്‍ കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയും ഉണ്ടാകണം. ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കോവിഡ് മൂലവും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും ഇല്ലാതെ കുടുംബത്തെകുറിച്ചുള്ള ആധിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലവും നിരവധിപേര്‍ മരണമടഞ്ഞിട്ടുണ്ട്. ഇവരില്‍ പലരും നിര്‍ധനരായ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. ഇവരുടെ ആകസ്മികമായ വേര്‍പാടുമൂലം, പല കുടുംബങ്ങളും ഇന്ന് തകര്‍ന്ന അവസ്ഥയിലാണ്.

ഇന്നു നാട്ടിലെത്തുന്ന പ്രവാസികളെ നമ്മുടെ നാട്ടിലുള്ളവര്‍ ഏതാണ്ട് ഭീകരജീവികളെപോലെയാണ് കാണുന്നത്. പതിന്നാലു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു വരുന്നവരെപ്പോലും കല്ലെറിയുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. ഇതിനു പ്രധാനകാരണം സര്‍ക്കാര്‍ ദിവസവും നല്‍കുന്ന കണക്കുകളാണ്. വിദേശത്തുനിനിന്നും വന്നവര്‍ ഇത്ര, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഇത്ര, സംസ്ഥാനുത്തുള്ളവര്‍ ഇത്ര എന്ന തോതില്‍ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ്. എന്തിനാണ് വേര്‍തിരിച്ചുള്ള കണക്കുകള്‍ പറഞ്ഞു ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നത്? പ്രവാസികളാണ് കൊറോണ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ തന്നെ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഗള്‍ഫ് നാടുകളിലും വിവിധ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതര്‍ ഉണ്ട്. ഇവിടങ്ങളിലൊക്കെ എല്ലാ ദിവസവും അന്നത്തെ കോവിഡ് ബാധിതരുടെ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും വേര്‍തിരിച്ചു കണക്കുകള്‍ പറയാറില്ല. ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത്. ഞങ്ങള്‍ക്കും ഞങ്ങള്‍ ജനിച്ച നാട്ടില്‍ ജീവിക്കണം. ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ക്കും കിടന്നുറങ്ങണം. ഇതു ഞങ്ങളുടെ അവകാശമാണ് എന്നും അവര്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക