Image

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്‍: നവയുഗം.

Published on 07 July, 2020
സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്‍: നവയുഗം.
ദമ്മാം: ചലച്ചിത്ര ഗാനരചയിതാവും, എഴുത്തുകാരനും, ഇപ്റ്റ മുന്‍ ദേശീയ വൈസ്പ്രസിഡന്റും, സി.പി.ഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം, പോസ്റ്റ് ഗ്രാജുവേഷന്‍ പാസ്സായി, ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ ജോലിക്ക് കയറിയ ശേഷം  ജോയിന്റ് കൗണ്‍സിലിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍വീസ് മാസികയായ 'കേരള സര്‍വ്വീസ്'ന്റെ ആദ്യപത്രാധിപരായിരുന്നു അദ്ദേഹം. സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്ത അദ്ദേഹം, അവിടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും .പ്രവര്‍ത്തിച്ചു.  ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, യുവകലാസാഹിതി പ്രസിഡന്റ്,  'ഇസ്‌ക്കഫ്' അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളിലൂടെ കേരളത്തിലെ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍  അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഉയരുന്ന മാറ്റൊലികള്‍, ഞാറപ്പഴങ്ങള്‍, മുത്തുകള്‍, തുടി, വൃശ്ചികക്കാറ്റ്  എന്നീ കവിതാസമാഹാരങ്ങളും, റോസാപ്പൂക്കളുടെ നാട്ടില്‍ എന്ന യാത്രാവിവരണഗ്രന്ഥവും, പ്രതിരൂപങ്ങളുടെ സംഗീതം എന്ന ചലച്ചിത്രപഠനഗ്രന്ഥവും,  ജി.ദേവരാജന്‍: സംഗീതത്തിന്റെ രാജശില്പി എന്ന ജീവചരിത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. സംഗീതത്തിലും നല്ല അഭിരുചി ഉണ്ടായിരുന്ന അദ്ദേഹം,  ആറു സിനിമകളിലായി പതിനഞ്ചോളം സിനിമഗാനങ്ങളും രചിച്ചിട്ടുണ്ട്. ദേവരാജന്‍, എം.ബി ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ലെ അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക മേഖലയ്ക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായി നവയുഗം  വായനവേദി അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണന്‍: നവയുഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക