Image

ഫൊക്കാന കണ്‍വന്‍ഷന്‍ 2021-ല്‍ മതി, തീരുമാനത്തിന് കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ പിന്തുണ

Published on 04 July, 2020
ഫൊക്കാന കണ്‍വന്‍ഷന്‍ 2021-ല്‍ മതി,  തീരുമാനത്തിന് കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ പിന്തുണ
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സ് 1983-ല്‍ ഔദ്യോഗികമായി രൂപംകൊണ്ടു. നോര്‍ത്ത് ജേഴ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടന ജാതി മത ദേശ വ്യത്യാസമില്ലാതെ  പ്രവര്‍ത്തിച്ചുവരുന്നു.

കേരളത്തിന്റെ സംസ്കാരവും ഭാഷയും കായിക കലകളും വരുംതലമുറയ്ക്ക് കൈമാറുകയും, മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. അതില്‍കൂടി മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു സംഘടനയായി മാറിക്കഴിഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയെ മേയര്‍ പദവിയിലേക്ക് എത്തിക്കുവാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ഉയര്‍ന്ന പദവിയില്‍ മലയാളികളെ നിയമിക്കാനും, അമേരിക്കന്‍ മലയാളികള്‍ക്ക് നാട്ടില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും, ഒ.സി.ഐ കാര്‍ഡിനുവേണ്ടി പോരാടാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു.

ജന്മനാട്ടിലെ കലാ-സാംസ്കാരിക -രാഷ്ട്രീയ നേതാക്കന്മാരെ അമേരിക്കയില്‍ എത്തിക്കുന്നതിനും സുനാമി പോലെയുള്ള വന്‍ വിപത്തുകളും ദുരന്തങ്ങളും ഉണ്ടായപ്പോള്‍ കഴിവിന്റെ പരമാവധി തുക പിരിച്ച് നാട്ടിലുള്ള പാവപ്പെട്ട അമ്പതില്‍പ്പരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുവാന്‍ ചാരിറ്റി മുഖേന കഴിഞ്ഞു.

ഫൊക്കാനയുടെ ആരംഭം മുതല്‍ കേരളാ കള്‍ച്ചറല്‍ ഫോറം അംഗസംഘടന ആകുകയും സംഘടനയുടെ നേതാക്കന്മാര്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഫൊക്കാന എന്നാല്‍ സംഘടനകളുടെ സംഘടനയാണ്. അമേരിക്കയിലേയും കാനഡയിലേയും മലയാളികളുടെ കൂട്ടായ്മയാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ പരസ്പരം നേരിട്ടു കാണുന്നതിനും, സൗഹാര്‍ദ്ദം പുതുക്കുന്നതിനുമുള്ള വേദിയാണ്. കലാ-സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ ഒട്ടനവധി നേതാക്കന്മാര്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി മാറുന്നു. തുടര്‍ന്നുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും ഈ കണ്‍വന്‍ഷനില്‍ വച്ചാണ്.

സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ടത് ഈ തെരഞ്ഞെടുത്ത നാഷണല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണ്. ഈ പ്രക്രിയ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നു. 

ജനറല്‍ബോഡി കൂടി തീരുമാനിക്കുന്ന ഒരു തീയതിയില്‍ ഇലക്ഷന്‍ നടത്തിക്കൊണ്ടുപോകേണ്ട ചുമതല ട്രസ്റ്റി ബോര്‍ഡിനുള്ളതാണ്. കണ്‍വന്‍ഷന്‍ കഴിഞ്ഞ് 150 ദിവസത്തിനുള്ളില്‍ കണക്കുകള്‍ പരിശോധിച്ച് സംഘടനകള്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്വം ട്രസ്റ്റി ബോര്‍ഡിനെ അധികാരപ്പെടുത്തിയിട്ടുണ്ട്.

സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ, ഭരണസമിതിയുടെ അധികാരങ്ങള്‍ പിടിച്ചെടുക്കാനോ ട്രസ്റ്റി ബോര്‍ഡിന് ഭരണഘടനയില്‍ അധികാരങ്ങള്‍ നല്‍കുന്നില്ല. ഇവിടെ ട്രസ്റ്റി ബോര്‍ഡും ഭരണസമിതിയും തമ്മില്‍ അധികാരത്തെ ചൊല്ലി വഴക്കിടുന്നതും, തെറ്റായ പ്രസ്താവനകള്‍ ഇറക്കുന്നതും ഫൊക്കനയുടെ സല്‍പേരിനും വളര്‍ച്ചയ്ക്കും കളങ്കംചാര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ വെളിച്ചത്തില്‍ കേരള കള്‍ച്ചറല്‍ ഫോറം ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

ആയതിനാല്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഭാരവാഹികളുടെ ഒരു യോഗം ജൂണ്‍ 28-ന് വൈകിട്ട് 8 മണിക്ക് കൂടി താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

2020 ജൂലൈ മാസത്തില്‍ ന്യൂജഴ്‌സിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ കൊറോണ എന്ന മാരക രോഗം മൂലം നിരവധി പേര്‍ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുകയും മുഖം മറച്ച് അകലം പാലിക്കണമെന്നും, ആരാധനാലയങ്ങള്‍, വിവാഹം, മരണം എന്നിവയ്ക്ക് കൃത്യമായ ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായതുകൊണ്ടും ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയും, കണ്‍വന്‍ഷന്‍ ചെയര്‍മാനും, അഡൈ്വസറി ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി എന്നിവരടങ്ങിയ യോഗത്തില്‍ ഭൂരിപക്ഷം ആളുകളുടേയും അഭിപ്രായത്തെ മാനിച്ച് ഒരേ സമയത്ത് രണ്ട് ഭരണസമിതികള്‍ നിലവില്‍ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ കണക്കിലെടുത്ത് ഇലക്ഷനും കണ്‍വന്‍ഷനും 2021 ജൂലൈ മാസത്തിലേക്ക് മാറ്റിവയ്ക്കാനും, ഈ ഭരണസമിതി തന്നെ തുടരാനുമുള്ള ബോര്‍ഡിന്റെ തീരുമാനം അതേപടി കേരള കള്‍ച്ചറല്‍ ഫോറം അംഗീകരിക്കുന്നു.

അധികാര ദുര്‍വിനിയോഗം, സ്വാര്‍ത്ഥതാത്പര്യം, ഏകാധിപത്യ മനോഭാവം എന്നിവ ഒഴിവാക്കി എല്ലാവരും സൗഹാര്‍ദ്ദത്തിന്റെ പാതയില്‍ ഒരുമിച്ച് നല്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വോട്ടിംഗ് താത്പര്യം പരിഗണിച്ച് ഒരു ഗ്രൂപ്പിന് അനുകൂലമായ സംഘടനകള്‍ക്ക് അംഗത്വം നല്‍കുയും അവരെ വോട്ടുകള്‍ ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്യുന്ന പ്രാകൃതമായ പ്രവൃത്തി കേരളാ കള്‍ച്ചറല്‍ ഫോറം അംഗീകരിക്കുന്നില്ല.

ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടി പുതിയ സംഘടനകളെ സ്വാഗതം ചെയ്യുന്നത് വളരെ അഭിനന്ദനാര്‍ഹമാണ്.
എന്നാല്‍ ഒരു പാനലിന്റെ വിജയത്തിനാവശ്യമായ വോട്ട് മാത്രം ലക്ഷ്യമാക്കി അതിനുവേണ്ടിയുള്ള സംഘടനകളെ തിരുകികയറ്റുകയും മറ്റ് അര്‍ഹരായ സംഘടനകളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണം. ഇതിനു പരിഹാരമായി പുതുതായി അംഗീകരിച്ച സംഘടനകള്‍ക്ക്  തൊട്ടടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കരുതെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എക്‌സിക്യൂട്ടീവ്, നാഷണല്‍ കമ്മിറ്റി, അഡൈ്വസറി ബോര്‍ഡ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട മീറ്റിംഗില്‍ എടുത്ത എല്ലാ തീരുമാനങ്ങളും അതേപടി സ്വീകരിച്ചുകൊണ്ട് കേരള കള്‍ച്ചറല്‍ ഫോറം പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി.

കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിക്കുവേണ്ടി
പ്രസിഡന്റ് - കോശി കുരുവിള,
സെക്രട്ടറി- ഫ്രാന്‍സീസ് കാരേക്കാട്ട്
പേട്രന്‍ - ടി.എസ് ചാക്കോ
വൈസ് പ്രസിഡന്റ് - ചിന്നമ്മ പാലാട്ടി
ട്രഷറര്‍ - ആന്റണി കുര്യന്‍
ജോയിന്റ് സെക്രട്ടറി- ഏബ്രഹാം മാത്യു
എല്ലാ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പേഴ്‌സും.



Join WhatsApp News
ജനാതിപത്യം 2020-07-04 23:05:52
ഈ ജനതിപത്യയുഗത്തിൽ പെട്രോൻ -patron - എന്ന സ്വച്ഛാധികാരം എടുത്തുകളയണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക